Pages

Wednesday, July 23, 2025

ഹസ്രത്ത് നിസാമുദ്ദീൻ ദർഗ്ഗ (ഡൽഹി ദിൻസ് - 2)

ഡൽഹി ദിൻസ് - 1

ഈ യാത്രയുടെ മറ്റൊരു ലക്ഷ്യം, കഴിയുന്നത്ര പ്രാദേശിക ഭക്ഷണ രുചികൾ അറിയുക എന്നതായിരുന്നു.ഭാവി യാത്രകളിൽ മക്കൾക്കും അത് ഉപകരിക്കും എന്നാണ് ഞാൻ കരുതുന്നത്. ട്രെയിനിൽ വച്ച് തന്നെ ഈ അറിവിന് ഞാൻ തുടക്കമിട്ടു. കേരളവും കർണ്ണാടകയും ഗോവയും പിന്നിട്ട് മഹാരാഷ്ട്രയിൽ എത്തിയപ്പോഴും മഴ തോർന്നിരുന്നില്ല. 

ഏതോ ഒരു സ്റ്റേഷനിൽ എത്തിയതോടെ ചായ വിൽപനക്കാരുടെ ബഹളം കേട്ടു. 

"ബഡാ പാവ്..ബഡാ പാവ്.. "

മഹാരാഷ്ട്രക്കാരുടെ ഇഷ്ടപ്പെട്ട ഒരു ലഘു ഭക്ഷണമാണ് ബഡാ പാവ്. ഒരു കുഞ്ഞു റൊട്ടി നെടുകെ പൊളിച്ച് മസാല ബോണ്ട അകത്തു വച്ച് മുളക് ചമ്മന്തിയും കൂട്ടി തിന്നുന്നതാണ് ബഡാ പാവ്. ഉത്തരേന്ത്യക്കാർ ഇത് തിന്നുന്നതു കണ്ട് നമ്മൾ വാങ്ങിയാൽ പെട്ടു പോകും. കാരണം ബോണ്ടയുടെയും ചമ്മന്തിയുടെയും എരിവ് ദക്ഷിണേന്ത്യക്കാർക്ക് അത്ര പിടിക്കില്ല. മുൻ യാത്രകളിൽ ഇത് കഴിച്ച് പരിചയമുള്ളതിനാലും മക്കൾ ആവശ്യപ്പെട്ടതിനാലും രണ്ടെണ്ണം അടങ്ങുന്ന ഒരു പ്ലേറ്റ് മുപ്പത് രൂപ കൊടുത്ത് ഞാൻ വാങ്ങി. ലിദു മോനും ലൂന മോളും അത് പെട്ടെന്ന് തന്നെ ഫിനിഷാക്കുകയും ചെയ്തു. അങ്ങനെ മഹാരാഷ്ട്രയുടെ തനത് രുചിഭേദങ്ങളിൽ ഞങ്ങളുടെ രുചി തേടിയുള്ള യാത്രക്കും തുടക്കമായി.

മൂന്നാം ദിവസം ഉച്ചയോടെ ഞങ്ങൾ ഡൽഹിയിൽ എത്തി. ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവെ സ്റ്റേഷനിൽ ആണ് ഇതിന് മുമ്പും പല തവണ ട്രെയിൻ ഇറങ്ങിയത്. പക്ഷെ, ഒരിക്കൽ പോലും ആ പേരിൻ്റെ കാരണമായ നിസാമുദ്ദീൻ ദർഗ്ഗയിൽ ഞങ്ങൾ പോയിരുന്നില്ല. ദർഗ്ഗാ സന്ദർശനത്തിൽ വിശ്വാസമില്ലാത്തത് ആയിരുന്നു അതിൻ്റെ പ്രധാന കാരണം. 2002 ൽ ഭാര്യാ സമേതമുള്ള ആദ്യ ഡൽഹി സന്ദർശനത്തിൽ ഡൽഹി ദർശൻ പാക്കേജിൻ്റെ ഭാഗമായി ഒരു ടൂർ ഓപ്പറേറ്റിംഗ് ടീം ഞങ്ങളെ ഈ ദർഗ്ഗയിലും എത്തിച്ചിരുന്നു. അന്ന് കണ്ട വൃത്തിഹീനമായ സ്ഥലങ്ങളും നടവഴികളും ഭിക്ഷാടകരും ആയിരുന്നു പിന്നീടുള്ള ദർഗ്ഗ സന്ദർശനം തടഞ്ഞ രണ്ടാമത്തെ കാരണം.

ഇപ്രാവശ്യത്തെ യാത്ര വേറിട്ട കാഴ്ചകൾ തേടിയുള്ളതായതിനാൽ നിസാമുദ്ദീൻ ദർഗ്ഗ കാണണം എന്ന് മൂത്ത മോൾ ആഗ്രഹം പ്രകടിപ്പിച്ചു. ഈയിടെ വൈറലായി മാറിയ "കുൻ ഫ യകൂൻ" എന്ന ഹിന്ദി സിനിമാ ഗാനം ചിത്രീകരിച്ച സ്ഥലം ആയത് കൊണ്ടായിരിക്കാം ഈ താൽപര്യം തോന്നിയത്.ആദ്യ ദിവസം ഞങ്ങൾക്ക് മറ്റൊരു പരിപാടിയും ഇല്ലാത്തതിനാൽ ഞാനതിന് സമ്മതം മൂളി. ലഗേജുകൾ മുഴുവൻ റെയിൽവെ സ്റ്റേഷനിലെ ക്ലോക്ക് റൂമിൽ വെച്ച്, ടാക്സി പിടിച്ച് ഞങ്ങൾ ദർഗ്ഗയിലേക്ക് തിരിച്ചു. മൂന്ന് കിലോമീറ്റർ മാത്രം ദൂരമുള്ള ദർഗ്ഗയിലേക്ക് ടാക്സി കൂലി 200 രൂപയാണ്. ബസ്സിന് വെറും അഞ്ച് രൂപയും.

മെയിൻ റോഡിൽ നിന്നും ഉള്ളോട്ടുള്ള വഴിയിലൂടെ ഞങ്ങൾ നടന്നു. ആദ്യ സന്ദർശന വേളയിലെ ഇടുങ്ങിയതായിരുന്നില്ല ആ വഴികൾ. വഴി നീളെയുള്ള യാചകരെയും ഇത്തവണ കണ്ടില്ല. ദർഗ്ഗയിലെ ഖബർ മൂടാനുള്ള പച്ച വിരിപ്പും അർപ്പിക്കാനുള്ള റോസാപ്പൂ ഇതളുകളും വിൽക്കുന്ന കടകളായിരുന്നു റോഡിൻ്റെ ഇരു വശവും. ദർഗ്ഗയോട് അടുക്കുന്തോറും വഴി ഇടുങ്ങിക്കൊണ്ടിരുന്നു. പ്രവേശന കവാടത്തിന് പുറത്ത് ചെരുപ്പുകൾ അഴിച്ചു വച്ച് ഞങ്ങൾ അകത്ത് പ്രവേശിച്ചു.

ദർഗ്ഗാ സമുച്ചയത്തിലേക്ക് പ്രവേശിച്ച ഉടനെ നിരവധി ഖബറുകളാണ് കാണുന്നത്. ആരുടെതാണെന്ന് പ്രത്യേകിച്ച് അടയാളപ്പെടുത്തലുകൾ ഒന്നും തന്നെ ഇല്ല.

"പഹ് ലെ ഇധർ" ചെറിയ ഒരു കെട്ടിടത്തിനടുത്ത് നിന്ന്, നോട്ട് പുസ്തകവും കയ്യിലേന്തി നിൽക്കുന്ന ഒരു തൊപ്പിക്കാരൻ പറഞ്ഞു. ഞങ്ങൾ അങ്ങോട്ട് നീങ്ങി. ഡൽഹി ദർബാറിലെ കവിയായിരുന്ന അമീർ ഖുസ്രുവിൻ്റെ മഖ്ബറയായിരുന്നു ആ കെട്ടിടത്തിനകത്ത്. സന്ദർശകർ അകത്ത് കയറി പൂക്കളും മറ്റും അർപ്പിക്കുന്നത് കണ്ടു. ഞങ്ങൾ പുറത്ത് നിന്ന് നോക്കിക്കണ്ടു. നോട്ടുപുസ്തകം നീട്ടി എന്തെങ്കിലും സംഭാവന എഴുതാൻ തൊപ്പിക്കാരൻ പറഞ്ഞെങ്കിലും സംഭാവന നൽകാൻ എനിക്ക് തോന്നിയില്ല. ഷാജഹാൻ ചക്രവർത്തിയുടെ മകൾ ജഹനാരയുടെയും മുഗൾ ചക്രവർത്തി മുഹമ്മദ് ഷായുടെയും ഖബറുകളും ഇവിടെ ഉണ്ട്. ഞങ്ങളത് തെരഞ്ഞ് പോകാൻ നിന്നില്ല.

ശേഷം, ഹസ്രത്ത് നിസാമുദ്ദീൻ ഔലിയായുടെ മഖ്ബറയിലേക്ക് ഞങ്ങൾ നീങ്ങി.ചുട്ടു പൊള്ളുന്ന വെയിലിൽ തുണി വിരിച്ച് ഭക്തജനങ്ങൾ അവിടെ ധ്യാനിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. നേരത്തെ കണ്ട പോലെ ഒരു തൊപ്പിക്കാരൻ ഇവിടെയും ഉണ്ടായിരുന്നു. കേരളത്തിൽ നിന്നുള്ളവരാണ് എന്നറിഞ്ഞപ്പോൾ ഞങ്ങളെ പ്രത്യേകം നോട്ടമിട്ട് നോട്ടുപുസ്തകം നീട്ടി. ഞാനതിലേക്ക് നോക്കി "നോ" എന്നാംഗ്യം കാണിച്ചു. തൊട്ടുമുമ്പ് വരെ തന്ന ആദരം ശകാര വാക്കുകളായി ഒഴുകാൻ തുടങ്ങി. എൻ്റെ തൊട്ടുമുമ്പിൽ വന്ന ഒരു ഹൈദരാബാദുകാരനും ശകാരങ്ങൾ ഏറ്റുവാങ്ങി. ഞങ്ങൾ മെല്ലെ അവിടെ നിന്ന് പുറത്തേക്ക് നീങ്ങി.

ഡൽഹി സുൽത്താനായിരുന്ന മുഹമ്മദ് ബിൻ തുഗ്ലക്ക് ആണ് 1325 ൽ നിസാമുദ്ദീൻ ദർഗ്ഗ പണിതത്. പിന്നിട് ഫിറോസ് ഷാ തുഗ്ലക്ക് അതിൽ ചില മാറ്റങ്ങൾ വരുത്തി. ദർഗ്ഗയോട് ചേർന്നുള്ള പള്ളി ഖിൽജി മോസ്ക് എന്നറിയപ്പെടുന്നു. വൈകുന്നേരങ്ങളിൽ വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന ഖവാലി സംഗീതമാണ് നിസാമുദ്ദീൻ ദർഗ്ഗയുടെ പ്രധാന സവിശേഷത.

നിസാമുദ്ദീൻ ദർഗ്ഗക്ക് സമീപം ഒരു സ്റ്റെപ്പ് വെൽ ഉണ്ട് എന്ന് പിന്നീടാണറിഞ്ഞത്. ദർഗ്ഗയിലേക്ക് പോകുന്ന വഴിയിൽ കോട്ടകവാടം പോലെ പുരാതനമായ ഒരു കവാടം ഞങ്ങൾ കണ്ടു. അകത്ത് കയറിയപ്പോൾ ഇഷ്ടിക പതിച്ച വിശാലമായ ഒരു നടുമുറ്റം. ധാരാളം കുട്ടികൾ അവിടെ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഏതോ സാമ്രാജ്യ ചരിത്രത്തിൻ്റെ ഭാഗമായ ആ നിർമ്മിതി എന്താണെന്ന് അവിടെ എങ്ങും ഒരു സൂചനയും കണ്ടില്ല.


या निज़ामुद्दीन औलिया

या निज़ामुद्दीन सलक़ा

कदम बढ़ा ले

हदों को मिटा ले

आजा ख़ालीपन में पी का घर तेरा

तेरे बिन ख़ाली, आजा, ख़ालीपन में

तेरे बिन ख़ाली, आजा, ख़ालीपन में

उ उ उ उ उ उ

ഏ ആർ റഹ്മാൻ്റെ ആ ഗാനം, നേർത്ത ശബ്ദത്തിൽ എൻ്റെ കർണ്ണപുടങ്ങളിൽ പതിക്കാൻ തുടങ്ങി.


1 comments:

Areekkodan | അരീക്കോടന്‍ said...

സൂഫി സംഗീതം അലയടിക്കുന്ന നിസാമുദ്ദീൻ ദർഗ്ഗയിൽ

Post a Comment

നന്ദി....വീണ്ടും വരിക