"അ അ ആ .... ഇതെന്താ ഇങ്ങനെ ഒരു കിടത്തം " സോഫയിൽ കിടന്നുറങ്ങുന്ന ആബു മാസ്റ്ററെ കണ്ട് ഭാര്യ കുഞ്ഞിമ്മു ചോദിച്ചു.
"അത്... ഉറക്കം വന്നപ്പോൾ ഒന്ന് കിടന്നതാ...."
"ഈ നട്ടുച്ച നേരത്ത് ഉറക്കം വരേ ?"
"ഉറക്കത്തിന് സമയം നോക്കാനറിയലുണ്ടാവില്ല..."
"അപ്പോ അതിനാണോ ഈ വാച്ചും കെട്ടി കിടക്കുന്നത്?"
"അത്... അത്... "
"ങും?"
"ഈ വാച്ച് സി.കെ ആണെടീ..'' വാച്ചിലേക്ക് നോക്കിക്കൊണ്ട് ആബു മാസ്റ്റർ പറഞ്ഞു.
"ഫൂ...സീ.കെ യോ? ടൈറ്റാൻ എന്നും സൊണാറ്റ എന്നും ഒക്കെ കേട്ടിട്ടുണ്ട്.. ഇതേതാ ഈ സി.കെ ?"
"ഈ സി കെ അല്ല .... വെറും സി.കെ.... സി.കെ എന്ന് വച്ചാൽ ... " ബാക്കി ആബു മാസ്റ്റർക്ക് പെട്ടെന്ന് കിട്ടിയില്ല.
"സി.കെ എന്ന് വച്ചാൽ ചക്കാല കൂത്തിൽ എന്നാ ഞാൻ കേട്ടത്" കുഞ്ഞിമ്മു പറഞ്ഞു.
"ആ..... അത് നിൻ്റെ ലോക്കൽ സി.കെ ... ഇത് കെൽവിൻ....... സോറി...കാൾവിൻ ക്ലീൻ എന്ന സി.കെ .... "
"അതാരാ ?"
"അത് ഐസക് ന്യൂട്ടൻ്റെ കാക്ക.."
"ങേ.... ഐസക് ന്യൂട്ടൻ്റെ കാക്കാക്ക് വാച്ചുണ്ടാക്കലായിരുന്നോ പണി ?"
"അത് എന്തേലും ആവട്ടെ... ഇതിൻ്റെ വില എത്രയാന്നറിയോ നിനക്ക്?"
"നിങ്ങൾ വാങ്ങിയതായത് കൊണ്ട് ആയിരം രൂപയുടെ താഴെ..."
"ഫൂ... ആയിരം രൂപയ്ക്ക് നിനക്ക് ഇത് കണ്ട് പോരാം.."
"പിന്നെ എത്രയാ വില?"
"പതിനായിരം രൂപ ..."
"പത്തെണ്ണത്തിനായിരിക്കും..."
"നോ... ഒരെണ്ണത്തിന് ..."
"എൻ്റെ റബ്ബേ ..... ആരാ നിങ്ങളെ ഇങ്ങനെ പറ്റിച്ചത്?"
"ആരും പറ്റിച്ചതല്ല... എനിക്ക് സമ്മാനമായി കിട്ടിയതാ.."
"എന്തിന്?"
"അനുസരണ കാട്ടിയതിന്..."
"ങേ??"
"അതേടീ... അനുസരണയോടെ കേട്ടിരുന്നതിന് ..."
"ഒന്ന് തെളിയിച്ച് പറ മന്സാ..''
"അത്.... അത് എനിക്ക് ഒരു ഫോൺ കോൾ വന്നു..... "
"ആണോ പെണ്ണോ?"
"അതിപ്പം .." ആബു മാസ്റ്റർ തല ചൊറിഞ്ഞു.
"ങാ... മനസ്സിലായി ... ബാക്കി പറയ്.."
"അവള് ഇംഗ്ലീഷിൽ ഒരു ചോദ്യം .....എനിക്ക് ഒന്നും മനസ്സിലായില്ല .... പക്ഷേ ആപു എന്നോ മറ്റോ അതിൽ ഉണ്ടായിരുന്നതിനാൽ എൻ്റെ പേര് ചോദിച്ചതായിരിക്കും എന്ന് കരുതി ഞാൻ യെസ് പറഞ്ഞു "
"എന്നിട്ട്..?"
"അപ്പോൾ അടുത്ത ചോദ്യം..."
"എന്ത്?"
"എന്തോ....ബട്ട്, ഞാൻ അതിനും യെസ് പറഞ്ഞു..... "
"ഓ.കെ.."
"ഓ.കെ അല്ല .... യെസ്...വീണ്ടും അവളുടെ ഒരു ചോദ്യം "
"അതിനും നിങ്ങൾ യെസ് പറഞ്ഞു ..."
"യെസ്... പിന്നെ ഓള് എന്തൊക്കെയേ കൊറേ കാര്യങ്ങൾ വിവരിച്ചു... ഞാൻ അതെല്ലാം അനുസരണയോടെ കേട്ടിരുന്നു ... അവസാനം എൻ്റെ അഡ്രസ് പറഞ്ഞു..... അതിനും ഞാൻ യെസ് പറഞ്ഞു.."
"എന്നിട്ട് ?"
"എന്നിട്ടെന്താ... മൂന്നാം ദിവസം എനിക്ക് ഒരു പാർസൽ വന്നു ... തുറന്ന് നോക്കിയപ്പോൾ ഒന്നാം തരം ഒരു വാച്ച്...!!"
"വെറും യെസ് മാത്രം പറഞ്ഞതിന് പതിനായിരം രൂപയുടെ വാച്ചോ?"
"യെസ് ... അതാ പറഞ്ഞത്, ചില സമയങ്ങളിൽ നമ്മള് അനുസരണയോടെ കേട്ട് കൊടുക്കണം... പറയുന്നത് എന്തെങ്കിലും വട്ട് കാര്യങ്ങളായിരിക്കും...ബട്ട്, കേട്ട് ഇരിക്കുക... സമ്മാനം പിന്നാലെ വരും... "
"വന്നില്ലെങ്കിലോ?"
"സമ്മാനം വന്നില്ലെങ്കിൽ സമാധാനം വരും...അതു കൊണ്ടല്ലേ നീ പറയുന്നത് മുഴുവൻ ഞാനിങ്ങനെ കേട്ട് ഇരിക്കുന്നത്..."
"ങാ... സമ്മാനം ഒക്കെ ഓ.കെ ...ഇനി ആ പെണ്ണ് വിളിച്ചാൽ യെസ് പറഞ്ഞാലുണ്ടല്ലോ....?"
"എന്താ?"
"മര്യാദക്ക് ഡിക്ഷണറി നോക്കി അർത്ഥം മനസ്സിലാക്കീട്ട് നോ എന്ന് പറയണം... ഇല്ലെങ്കി വാച്ച് വന്ന അഡ്രസിൽ തന്നെ ഓളും ഇങ്ങോട്ട് വരും.."
"യെസ് "
"യെസ് അല്ല മനുഷ്യാ.. നോ..."
"നോ..."
"നോ എന്നോ...ഇപ്പോൾ യെസ്..."
"യെസ്... അല്ല.... നോ..." ആബു മാസ്റ്റർ സോഫയിൽ നിന്നും എണീറ്റ് ഓടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
1 comments:
അതാ പറഞ്ഞത്, ചില സമയങ്ങളിൽ നമ്മള് അനുസരണയോടെ കേട്ട് കൊടുക്കണം... പറയുന്നത് എന്തെങ്കിലും വട്ട് കാര്യങ്ങളായിരിക്കും
Post a Comment
നന്ദി....വീണ്ടും വരിക