Pages

Thursday, July 17, 2025

ഡൽഹി ദിൻസ് - 1

വേനലവധിക്കാലത്ത് കുടുംബ സമേതമുള്ള ഒരു വിനോദയാത്ര വളരെക്കാലമായി എൻ്റെ പതിവുകളിൽ ഒന്നാണ്. റംസാൻ വ്രതത്തിൻ്റെ ഒരു ഭാഗം വേനലവധിക്കാലത്തായതും ലൂന മോളെയും ലിദു മോനേയും നീന്തൽ പരിശീലനത്തിന് ചേർത്തതും  സർവ്വോപരി എൻ്റെ അവധിക്കാലം മെയ് - ജൂൺ ആയതും കാരണം 2024 ൽ ഒരു ദീർഘദൂര വിനോദയാത്ര സാധിച്ചിരുന്നില്ല. എങ്കിലും പുതിയ മരുമകനെയും കൂട്ടി രണ്ട് ദിവസത്തെ ഒരു ഊട്ടി യാത്ര നടത്തി.

മൂന്ന് വർഷത്തിനിടയിൽ മൂന്നാം തവണയും കാശ്മീരിൽ പോയി വന്നപ്പോൾ കുടുംബ സമേതം ഒരു യാത്ര നിർബന്ധമാണെന്ന് എൻ്റെ മനസ്സിൽ തോന്നി. പക്ഷേ,  ഈ വർഷവും എൻ്റെ അവധിക്കാലവും കുട്ടികളുടെ അവധിക്കാലവും വ്യത്യസ്തമായിരുന്നു. കൂടാതെ ഡൽഹിയിൽ പഠിക്കുന്ന മകൾക്ക് മെയ് 28 വരെ പരീക്ഷയും. എങ്ങനെയെങ്കിലും ഒരു യാത്ര വേണം എന്നതിനാൽ, മെയ് അവസാനത്തിൽ ഡൽഹിയിൽ എത്തുന്ന വിധത്തിൽ ജൂണിലെ ഏതാനും അധ്യയന ദിവസങ്ങൾ കൂടി കടമെടുത്ത് ഒരു പദ്ധതി ഞാൻ തയ്യാറാക്കി. പത്താം ക്ലാസ്കാരിയായി മാറിയ ലൂന മോളുടെ ആദ്യ അധ്യയന ദിനങ്ങൾ തന്നെ നഷ്ടപ്പെടും എന്നത് യാത്രകളുടെ ഹരം കാരണം എനിക്കും അവൾക്കും ഒരു പ്രശ്നമായി തോന്നിയില്ല.

ഇതുവരെ നടത്തിയ സർവ്വ യാത്രകളിൽ നിന്നും വ്യത്യസ്തമായി വളരെയധികം ഹോം വർക്ക് നടത്തിയാണ് ഈ യാത്ര ഞാൻ ആസൂത്രണം ചെയ്തത്. ഡൽഹിയിൽ ഇതുവരെ ഞങ്ങൾ ആരും കാണാത്ത കാഴ്ചകൾ കാണുക, വിവിധ  മാർക്കറ്റുകൾ സന്ദർശിക്കുക, മോളുടെ കൂടെ താമസിക്കുക, ഡൽഹിയിലെ ചരിത്ര പ്രസിദ്ധമായ ചില പ്രത്യേക സ്ഥലങ്ങൾ ലിദു മോനെയും ലൂന മോളെയും കാണിക്കുക,തിഹാർ ജയിൽ സന്ദർശിക്കുക, മണാലിയിൽ പോവുക തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികൾ. ഓരോ സ്ഥലത്തും പോകേണ്ട ദിവസവും സമയവും, സുഹൃത്തും ഡൽഹിയിൽ താമസക്കാരനുമായ ശ്രീജിത്തിൻ്റെയും മോളുടെയും സഹായത്തോടെ ഞാൻ ചാർട്ട് ചെയ്തു.

ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ എത്താൻ ടാക്സി വിളിക്കേണ്ട എന്നായിരുന്നു എൻ്റെ തീരുമാനം. ഓരോ സ്ഥലത്തും നമുക്ക് വേണ്ടത്ര സമയം ചെലവഴിക്കാൻ അത് തടസ്സമാകും എന്നത് തന്നെ കാരണം. പോകേണ്ട സ്ഥലത്തേക്ക് മെട്രോ ട്രെയിനും ബസ്സും ഓട്ടോയും ഉപയോഗപ്പെടുത്താം എന്നായിരുന്നു പ്ലാൻ. അതിനായി ഡൽഹി മെട്രോ റൂട്ടും ഞാൻ നന്നായി മനസ്സിലാക്കി. എങ്കിലും മുൻ കാശ്മീർ യാത്രയിൽ പരിചയപ്പെട്ട ഡൽഹി ടൂറിസം ഇൻഫർമേഷൻ ഓഫീസർ മൃദുല ടാക്കൂറിനോട് ഒരു ഉപദേശം ഞാൻ തേടി. ഒരു ടാക്സി ഡ്രൈവറുടെ നമ്പർ തന്ന് അവർ തടിതപ്പി. ഞങ്ങൾ നാല് ദിവസം കൊണ്ട് കാണണം എന്ന് കരുതിയ സ്ഥലങ്ങളും മറ്റ് ചില സ്ഥലങ്ങളും കൂടി ഒറ്റ ദിവസം കൊണ്ട് നാലായിരം രൂപക്ക് കാണിച്ച് തരാം എന്ന് അദ്ദേഹം പറഞ്ഞു. അതോട് കൂടി തന്നെ അതിൻ്റെ പരിമിതികളും എനിക്ക് ബോധ്യമായതിനാൽ അത് ഞാൻ വേണ്ടെന്ന് വച്ചു.

മണാലി പോകുന്നതും ഡൽഹിയിലെ ഒരു ടൂർ പാക്കേജ് മാനേജറുമായി സംസാരിച്ചു. ആളൊന്നിന് അദ്ദേഹം പറഞ്ഞതിനെക്കാളും ചുരുങ്ങിയത് രണ്ടായിരം രൂപ കുറവിൽ സ്വന്തം പ്ലാൻ ചെയ്തു പോകാം എന്ന് കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ എനിക്ക് ബോധ്യമായി. അങ്ങനെ മണാലിയിലേക്കുള്ള യാത്രയും സന്ദർശന സ്ഥലങ്ങളും എല്ലാം ഞാൻ തന്നെ സ്വയം ചാർട്ട് ചെയ്തു.

അങ്ങനെ മുഴുവൻ പ്ലാനും ഒരു കുഞ്ഞു പുസ്തകത്തിൽ കുറിച്ച് വച്ച് , മെയ് 25 ന് വൈകിട്ട് 5.45 ന് ഞങ്ങൾ കോഴിക്കോട് നിന്നും മംഗളാ ലക്ഷദ്വീപ് ട്രെയിനിൽ യാത്ര ആരംഭിച്ചു.

(തുടരും)

1 comments:

Areekkodan | അരീക്കോടന്‍ said...

പുതിയ യാതാ വിവരണം ആരംഭിക്കുന്നു.

Post a Comment

നന്ദി....വീണ്ടും വരിക