2014 ൽ ലുധിയാനയിൽ വച്ച് നടന്ന നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ നാഷണൽ സർവ്വീസ് സ്കീം കേരള - ലക്ഷദ്വീപ് കണ്ടിജൻ്റ് ലീഡറായിരുന്നു ഞാൻ. അന്ന് അതിന് പോകുമ്പോൾ, തൊട്ടടുത്തുള്ള കാണാൻ പറ്റുന്ന സ്ഥലങ്ങൾ എല്ലാം കാണുക എന്ന ഉദ്ദേശ്യം കൂടി എൻ്റെ മനസ്സിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാനും എൻ്റെ പതിനൊന്ന് വളണ്ടിയർമാരും സിഖുകാരുടെ പുണ്യക്ഷേത്രമായ സുവർണ്ണ ക്ഷേത്രത്തിൽ എത്തിയത്. സമയക്കുറവും തിരക്കും കാരണം അന്ന് ഞങ്ങൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാനോ ലംഗാർ എന്ന അന്നദാന പരിപാടിയിൽ പങ്കെടുക്കാനോ സാധിച്ചിരുന്നില്ല. കുടുംബത്തിനും ഈ കാര്യങ്ങൾ പരിചയപ്പെടുത്തണമെന്ന് മനസ്സിൽ ആഗ്രഹിച്ചെങ്കിലും പിന്നീട് ഒരു അമൃതസർ യാത്ര ഒത്ത് വന്നില്ല (ബട്ട്, ഞങ്ങൾ പോകും ഇൻഷാ അള്ളാഹ്).
ഡൽഹി യാത്ര പ്ലാൻ ചെയ്തപ്പോഴാണ് ബംഗ്ലാ സാഹിബ് ഗുരുദ്വാര എനിക്ക് ഓർമ്മ വന്നത്. ഞാനും ഈ ഗുരുദ്വാര കണ്ടിട്ടില്ലാത്തതിനാലും ലിദു മോനും ലൂന മോൾക്കും സ്കൂൾ ക്ലാസുകളിൽ പഠിക്കാനുള്ളതിനാലും ഗുരുദ്വാരാ സന്ദർശനം എൻ്റെ ടൂർ പ്ലാനിൽ ഞാൻ ഉൾപ്പെടുത്തി. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിൽ നിന്ന് അധികം ദൂരമില്ല എന്നതും പ്ലാനിംഗിനെ എളുപ്പമാക്കി.അങ്ങനെ അഗ്രസെൻ കി ബാവോളി കണ്ട ശേഷം അവിടെ നിന്ന് ഒരു ഓട്ടോ പിടിച്ച് ഞങ്ങൾ ബംഗ്ലാ സാഹിബിൽ എത്തി.ഓട്ടോ ചാർജായി നൂറ് രൂപയും നൽകി.
സൂര്യൻ അതിൻ്റെ ഉഗ്ര പ്രതാപം കാണിക്കുന്ന സമയത്താണ് ഞങ്ങൾ ബംഗ്ലാ സാഹിബ് ഗുരുദ്വാരയിൽ എത്തിയത്. പാദരക്ഷകൾ അതിനായുള്ള കൗണ്ടറിൽ ഏല്പിച്ച ശേഷം തലയിൽ സ്കാർഫും കെട്ടി ഞങ്ങൾ ഗുരുദ്വാരയിലേക്ക് നടന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ നിലത്ത് വിരിച്ച കല്ലുകളും ചുട്ടു പഴുത്ത് തുടങ്ങിയിരുന്നു. സന്ദർശകർക്ക് കാല് പൊള്ളാതെ നടക്കാനായി കാർപ്പറ്റ് വിരിച്ചിരുന്നു. അത് ഇടക്കിടക്ക് നനയ്ക്കുന്നതും കണ്ടു.
രജപുത്ര രാജാവായിരുന്ന രാജാ ജയ്സിംഗിൻ്റെ ബംഗ്ലാവായിരുന്നു ബംഗ്ലാ സാഹിബ്. ജയ്സിംഗപുര കൊട്ടാരം എന്നായിരുന്നു അന്ന് ഇതറിയപ്പെട്ടത്.എട്ടാമത്തെ സിഖ് ഗുരുവായ ഗുരു ഹർകിഷൻ ഡൽഹിയിലുണ്ടായിരുന്ന സമയത്ത് ഇവിടെ താമസിച്ചതായി ചരിത്രം പറയുന്നു. അതോടെ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇതൊരു പുണ്യഭവനമായി.
ഗുരുദ്വാരയുടെ അകത്ത് ധാരാളം പേർ ധ്യാനമിരിക്കുന്നുണ്ടായിരുന്നു. മുന്നിൽ മൂന്നാളുകൾ ചേർന്ന് ഗാനം പോലെ എന്തോ ഉറക്കെ ചൊല്ലുന്നുണ്ടായിരുന്നു. വെഞ്ചാമരം വീശുന്ന പോലെ ഒരാൾ എന്തോ ചെയ്യുന്നുണ്ട്. ധാരാളം പേർ അവിടെ വന്ന് സാഷ്ടാംഗം ചെയ്ത് കാണിക്ക അർപ്പിക്കുന്നുണ്ടായിരുന്നു. അൽപം കഴിഞ്ഞ് ഗായക സംഘം മാറി. പുതിയ സംഘം പാടാൻ തുടങ്ങി. എല്ലാം വീക്ഷിച്ച് ഞങ്ങളും ഒരു മൂലയിൽ ചെന്നിരുന്നു. അധിക സമയം ഞങ്ങളവിടെ ഇരുന്നില്ല. പുറത്തിറങിയപ്പോൾ എല്ലാവരും ഒരു ഹാളിൻ്റെ മുമ്പിലേക്ക് നീങ്ങുന്നത് കണ്ട് ഞങ്ങളും അങ്ങോട്ട് നീങ്ങി.
ഹാളിൻ്റെ മുൻഭാഗത്ത് സ്ത്രീകളും കുട്ടികളും അടക്കം എല്ലാവരും ഇടകലർന്ന് നിലത്ത് ഇരിക്കുന്നുണ്ടായിരുന്നു. ഇനിയൊരാൾക്കിരിക്കാൻ സ്ഥലമില്ല എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന ആ കൂട്ടത്തിലേക്ക് വളണ്ടിയർമാർ വീണ്ടും വീണ്ടും ആൾക്കാരെ കയറ്റിക്കൊണ്ടിരുന്നു. അങ്ങനെ ഞങ്ങളും അകത്ത് കയറി ചെറിയൊരു ഗ്യാപ്പിൽ ഇരുന്നു.
തൊട്ടുപിന്നാലെ മുമ്പിലെ ഇരുമ്പ് ഗേറ്റ് തുറന്നു. എല്ലാവരും ഹാളിനകത്തേക്ക് ഓടി. ഞങ്ങളും ഓടിച്ചെന്ന് അവിടെ വിരിച്ച പായയിൽ ചെന്നിരുന്നു. മദ്ധ്യത്തിൽ ഒഴിവിട്ട് ഒരു വരിക്ക് അഭിമുഖമായി അടുത്ത വരി എന്ന രൂപത്തിലായിരുന്നു ഇരുത്തത്തിൻ്റെ രൂപകല്പന. നിമിഷങ്ങൾക്കകം തന്നെ ഹാൾ നിറഞ്ഞു.
ഉച്ചത്തിൽ എന്തോ ഒന്ന് വിളിച്ച് പറഞ്ഞ് ഓരോ വരിയിലും വളണ്ടിയർമാർ സ്റ്റീൽ പ്ലേറ്റ് വിതരണം ചെയ്തു. പിന്നാലെ റൊട്ടി എന്ന് ഉത്തരേന്ത്യക്കാർ പറയുന്ന ചപ്പാത്തിയുമായി ഒരാൾ വന്നു. രണ്ട് ചപ്പാത്തി വീതം അയാൾ കയ്യിലേക്കിട്ട് തന്നു. ഇരു കൈകളും ചേർത്ത് പിടിച്ച് താഴ്മയോടെ വേണം ചപ്പാത്തി വാങ്ങാൻ. ശേഷം ഒരാൾ മമ്പയർ കറി ലാവിഷായി പാത്രത്തിലേക്ക് ഒഴിച്ചു. പിന്നാലെ ഒരാൾ പനീർ പട്ടാണിക്കടലക്കറിയും മറ്റൊരാൾ പച്ചക്കറി സാലഡും മൂന്നാമതൊരാൾ ഒരു വെള്ളപ്പായസവും മറ്റൊരാൾ രസഗുളയും കൊണ്ടുവന്നു. വീണ്ടും ഒരു ശബ്ദം പുറപ്പെടുവിച്ചപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി.
വിശപ്പിൻ്റെ വിളി കാരണമാകാം ഞാൻ ചപ്പാത്തി വീണ്ടും വാങ്ങി. പ്ലേറ്റിലെ എല്ലാ ഐറ്റംസും തീർക്കണം എന്നതാണ് അവർക്കുള്ള ഏക ഡിമാൻ്റ്. കഷ്ടപ്പെട്ടാണെങ്കിലും മക്കളും പ്ലേറ്റ് കാലിയാക്കി. ആവശ്യമുള്ളവർക്ക് വേണ്ടത്രയും സാധനങ്ങൾ വീണ്ടും വീണ്ടും നൽകുന്നുണ്ട്. പ്ലേറ്റ് തിരിച്ച് വാങ്ങുന്നയാൾ, ആരും ഭക്ഷണം പാഴാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നു.
ലംഗർ എന്നാണ് ഈ സമൂഹ ഭക്ഷണ പരിപാടിക്ക് പറയുന്ന പേര്. ഞങ്ങൾക്കെല്ലാവർക്കും ഇതൊരു പുതിയ അനുഭവം ആയിരുന്നു.
(തുടരും.... )
1 comments:
ലങ്കാറിൻ്റെ രുചി നുണഞ്ഞ്...
Post a Comment
നന്ദി....വീണ്ടും വരിക