Pages

Saturday, August 28, 2021

ജാമിയ മില്ലിയ ഇസ്ലാമിയ

 ദൂരം കൂടുതലാണെങ്കിലും വീണ്ടും വീണ്ടും നമ്മെ മാടി വിളിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഡെൽഹി. സ്കൂളിൽ പഠിച്ച ചരിത്രം വെറും കഥകളല്ല എന്ന് ബോധ്യമാകുന്നതിന് ഒരു തവണ മാത്രം ഡെൽഹി സന്ദർശിച്ചാൽ മതി എന്നാണ് എന്റെ അഭിപ്രായം. എന്റെ മക്കളെ എല്ലാം ഡൽഹി കാണിക്കണം എന്ന് എനിക്ക് തോന്നിയതും ഇക്കാരണത്താലാണ്. വായനയിൽ നിന്ന് ലഭിക്കുന്ന അറിവുകളെ മനസ്സിൽ കൊത്തി വയ്ക്കാൻ ഇത്തരം സന്ദർശനങ്ങൾക്ക് സാധിക്കും.

എന്റെ ഓർമ്മയിലെ ഏഴാം ഡെൽഹി സന്ദർശനം ആയിരുന്നു ആഗസ്ത് 10 ന് നടന്നത്. മൂത്ത മോൾ ലുലുവിന് ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ ഗണിതത്തിൽ ബിരുദാനന്തര ബിരുദത്തിന് ചേരണമെന്നൊരാഗ്രഹം. അവൾക്ക് പരീക്ഷ എഴുതാനും ഒപ്പം ഒന്നര വർഷത്തിലധികമായി  കൊറോണ തളച്ചിട്ട നാല് ചുവരുകൾക്കുള്ളിൽ നിന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒരു സ്വാതന്ത്യവും ആണ് കുടുംബ സമേതം ഡൽഹിയിൽ പോകാനുള്ള തീരുമാനത്തിൽ എന്നെ എത്തിച്ചത്. 1992 ൽ ഡിഗ്രി കഴിഞ്ഞ ഉടനെയുള്ള അലീഗഡ് മുസ്ലിം സർവ്വകലാശാല പ്രവേശന മോഹമായിരുന്നു എന്നെ ആദ്യമായി ഡൽഹി കാണാൻ സഹായിച്ചത്.

ഓരോ ഡൽഹി സന്ദർശനത്തിലും ആദ്യ സന്ദർശനത്തിന്റെ മനോഞ്ജസ്മരണകൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ അത് പതിവിലും കൂടുതലായിരുന്നു. കാരണം എന്റെ ആദ്യ  സന്ദർശനത്തിൽ ഡൽഹി കാണാൻ ഞങ്ങൾ ഉപയാഗിച്ചത് മാന്യനായ ഒരു സർദ്ദാർജിയുടെ ഓട്ടോ ആയിരുന്നു. ഇത്തവണ ഞങ്ങൾ താമസിച്ച മലയാളി ഹോട്ടൽ ന്യൂഡൽഹി സ്റ്റാർ വില്ലയിൽ നിന്ന് ലഭിച്ചതും ദീപ് സിങ്ങ് എന്ന വളരെ മാന്യനായ ഒരു സർദാർജിയുടെ ടാക്സി ആയിരുന്നു. 

ഡൽഹിയിലെ അഭൂതപൂർവമായ തിരക്കിനെ അതിജീവിച്ച് ന്യൂഡൽഹി റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും 15 കി.മീ അകലെയുള്ള ജാമിയ കാമ്പസിൽ ഒരു മണിക്കൂർ കൊണ്ട്  ( കൃത്യം ഒമ്പതരക്ക് ) ഞങ്ങളെ എത്തിച്ച ആ ഡ്രൈവിംഗ് മികവിന് ഒരു ബിഗ് സല്യൂട്ട് നൽകാതെ വയ്യ. ട്രാഫിക് ബ്ലോക്ക് അടക്കമുള്ള പ്രശ്നങ്ങൾ  ആരെയും വെറുപ്പിക്കാതെ രമ്യമായി ഒത്ത് തീർപ്പാക്കി സർദാർജി ഡ്രൈവ് ചെയ്യുന്ന രീതി നാം എല്ലാവരും മാതൃകയാക്കണം. 

കിലോമീറ്ററുകളോളം നീളുന്നതാണ് ജാമിയ കാമ്പസ്. അതിന്റെ ഓരോരോ ഗേറ്റ് നമ്പറാണ് അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പടുത്തിയിരിക്കുന്നത്. ഇടതും വലതും കാണുന്ന ഗേറ്റുകൾക്ക് മുമ്പിൽ ഉരുണ്ട് കൂടി വരുന്ന വിദ്യാർത്ഥികളുടെ കൂട്ടം ക്രമേണ കൂടുന്നുണ്ട്. ഇരുപതാം നമ്പർ ഗേറ്റിലൂടെ ആയിരുന്നു ലുലുവിന്റെ എക്സാം സെന്ററായ 20 ലേക്കുള്ള പ്രവേശനം. അത് മെയിൻ കാമ്പസ് റോഡിൽ നിന്നും അൽപം കൂടി അകത്തേക്ക് പോകണമായിരുന്നു. അവസാന നിമിഷം ഒന്ന് വഴി തെറ്റിയെങ്കിലും സർദാർജിക്ക് പെട്ടെന്ന് മനസ്സിലായതിനാൽ വണ്ടി തിരിച്ചു. പ്രവേശന സമയമായ കൃത്യം ഒന്പതരക്ക് ലുലു എക്സാം ഹാളിന് മുന്നിലെത്തി.

ഐഡി ചെക്കിംഗും ടെമ്പറേച്ചർ ചെക്കിംഗും കഴിഞ്ഞ് ലുലു ഹാളിൽ കയറി. ഞങ്ങൾ കാമ്പസിൽ തന്നെയുള്ള പാർക്കിലേക്കും നീങ്ങി. ഹരിത ഭംഗി കൊണ്ട് ആരുടെയും മനം കവരുന്നതായിരുന്നു ആ പരിസരം. ശുദ്ധ വായു ശ്വസിച്ച്  , കുട്ടികളുടെ നേരമ്പോക്കുകൾ ആസ്വദിച്ചു കൊണ്ട് ഞങ്ങൾ തണലിലെ പുല്ലിൽ  ഇരുന്നു. എക്സാം കഴിഞ്ഞ് ലുലു തിരിച്ചെത്തിയതോടെ ഞങ്ങൾ ഡൽഹിയിലെ സ്ഥിരം കാഴ്ചകൾ കാണാനായി കറക്കം തുടങ്ങി.


Part 2 - ദീപ് സിംഗിന്റെ കോംബോ ഓഫർ


3 comments:

Areekkodan | അരീക്കോടന്‍ said...

ഏഴാം ഡൽഹി സന്ദർശനം

Muralee Mukundan , ബിലാത്തിപട്ടണം said...

അങ്ങനെ ദില്ലി ദർശനം ഏഴാമ്മൂഴം ...

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... Yes

Post a Comment

നന്ദി....വീണ്ടും വരിക