Pages

Thursday, August 26, 2021

ചമ്പൽ കാടുകൾ

കൊങ്കൺ പാതയിലെ വിസ്മയങ്ങൾ കഴിഞ്ഞാൽ ഡൽഹി യാത്രയിലെ പ്രധാന കാഴ്ചയാണ് ചമ്പൽ കാടുകൾ. പേരിൽ കാട് ഉണ്ടെങ്കിലും നാം കണ്ട കാടുകളും ചമ്പൽ കാടുകളും തമ്മിൽ അജഗജാന്തരം തന്നെയുണ്ട്. മദ്ധ്യപ്രദേശിലെ പ്രധാന നദികളിലൊന്നായ ചമ്പലിന്റെ തീരത്ത് കാണപ്പെടുന്ന നോക്കെത്താദൂരത്തോളം പരന്ന് കിടക്കുന്ന മണൽകൂനകളാണ് ചമ്പൽ കാടുകൾ.ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ മൂന്ന് സംസ്ഥാനങ്ങൾ കൂടിച്ചേരുന്നിടത്താണ് ഇത് നിലകൊള്ളുന്നത്.

ചമ്പലിന്റെ പ്രധാന സവിശേഷത കടുത്ത മണ്ണൊലിപ്പ് മൂലമുണ്ടാകുന്ന ആഴത്തിലുള്ളതും, വളഞ്ഞുപുളഞ്ഞതുമായ മലയിടുക്കുകളാണ്. ചമ്പൽ എന്ന പേര് കേൾക്കുമ്പോഴേ മനസ്സിൽ ഒരു മിന്നൽപ്പിണർ പായുന്ന കാലം ഉണ്ടായിരുന്നു.ഫൂലൻ ദേവിയും ഗബ്ബർ സിംഗും തോക്കുകൾ കൊണ്ട് ഭരണ സംവിധാനത്തെ വെല്ലുവിളിച്ച രക്തംപുരണ്ട കഥകളുടെ ഒരു കാലം. ചമ്പലിലെ കൊള്ളക്കാരിൽ പ്രധാനികളായ ഇവരുടെ തോക്കിന് ഇരയായവരിൽ, ഇതുവഴി കടന്നുപോകുന്ന ട്രെയിൻ യാത്രക്കാരും ഉണ്ടായിരുന്നു.പരന്നുകിടക്കുന്ന മലയിടുക്കുകൾ കൊള്ളക്കാർക്ക് ഒളിക്കാൻ സൗകര്യമുള്ള ഇടമായതിനാൽ നിയമപാലകർക്കടക്കം ചമ്പൽ ഒരു പേടിസ്വപ്നമായിരുന്നു.1983 ൽ ഫൂലൻ ദേവി കീഴടങ്ങിയതോടെ ചമ്പലിന്റെ പോരാട്ടങ്ങളും അവസാനിച്ചു.

തീവണ്ടി യാത്രയിൽ കാണുന്ന മണൽക്കൂനകൾ ഇന്ന് നിരവധി ജന്തുക്കളുടെ ആവാസ കേന്ദ്രം കൂടിയാണ്.വന്യജീവികളാൽ സമ്പന്നമായ തണ്ണീർത്തടങ്ങളാണ് ചമ്പലിലേത്. കാടുകളിൽ സ്വൈര്യ വിഹാരം നടത്തുന്ന സ്വർണ്ണ കുറുക്കന്മാർ, ഇന്ത്യൻ ചെന്നായ്ക്കൾ, കടലാമകൾ. ഇതിനൊക്കെ പുറമെ ചുറ്റും പറന്ന് ഉല്ലസിക്കുന്ന വിവിധയിനം പക്ഷികളും ഇവിടെയുണ്ടെന്ന് പറയപ്പെടുന്നു.പഴയ കൊള്ളക്കാരെ പുനരധിവസിപ്പിക്കാൻ അവരെ ടൂറിസ്റ്റു ഗൈഡുകൾ ആക്കിക്കൊണ്ടുള്ള ചമ്പൽ ടൂറിസം പദ്ധതിയും ഉടൻ ആരംഭിക്കും എന്നറിയുന്നു. 

ട്രെയിനിൽ അതിക്രമിച്ച് കയറി, ഈ പ്രദേശത്ത് എത്തുമ്പോൾ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി യാത്രക്കാരെ കൊള്ളയടിക്കുന്ന പതിവ് ഉണ്ടായിരുന്നു എന്ന് ഇതുവഴിയുള്ള ആദ്യയാത്രയിൽ തന്നെ ഞാൻ കേട്ടിരുന്നു. അതിനാൽ ചമ്പൽ പരിസരത്ത് എന്തിനെങ്കിലും ട്രെയിൻ നിർത്തിയാൽ മനസ്സിൽ ഇപ്പോഴും ഒരു ഭയം പടരും. ആ മൺകൂനകൾക്കിടയിൽ നിന്നും ആരെങ്കിലും ട്രെയിനിനടുത്തേക്ക് വരുന്നുണ്ടോ എന്ന് നോക്കും. ആരും വരുന്നില്ല എന്നുറപ്പാകുമ്പോഴേക്കും ട്രെയിൻ മെല്ലെ നീങ്ങിത്തുടങ്ങിയിരിക്കും.

3 comments:

Areekkodan | അരീക്കോടന്‍ said...

പരന്നുകിടക്കുന്ന മലയിടുക്കുകൾ കൊള്ളക്കാർക്ക് ഒളിക്കാൻ സൗകര്യമുള്ള ഇടമായതിനാൽ നിയമപാലകർക്കടക്കം ചമ്പൽ ഒരു പേടിസ്വപ്നമായിരുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

പഴയ കൊള്ളക്കാരെ പുനരധിവസിപ്പിക്കാൻ അവരെ ടൂറിസ്റ്റു ഗൈഡുകൾ ആക്കിക്കൊണ്ടുള്ള ചമ്പൽ ടൂറിസം പദ്ധതിയും ഉടൻ ആരംഭിക്കും എന്നറിയുന്നു.
നല്ല കാര്യങ്ങൾ ..!

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... അതെ. മിക്ക സമയത്തും ഗവണ്മെന്റ് മുട്ട് മടക്കുന്നത് ഇത്തരം പുനരധിവാസ പദ്ധതികൾ ഇല്ലാത്തതുകൊണ്ടാണ്.

Post a Comment

നന്ദി....വീണ്ടും വരിക