ഐവി എന്ന് കേൾക്കുമ്പോഴേക്കും ശശി എന്ന് കൂടി എൻ്റെ മനസ്സിൽ വരും. ഐ.വി ശശി എന്ന സുപ്രസിദ്ധ സംവിധായകൻ്റെ പേരാണ് ആ ഓർമ്മ വരുന്നതെങ്കിലും ഞാൻ "ശശി"യായ ഒരു കഥ കൂടി അതിൻ്റെ പിന്നിലുണ്ട്.
2004 ലാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി ഞാൻ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ജോലിക്ക് ചേർന്നത്. തൊട്ടടുത്ത വർഷം തന്നെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഇൻഡസ്ട്രിയൽ വിസിറ്റിന് കുട്ടികളെ അനുഗമിക്കാൻ അവർ എന്നെ ക്ഷണിച്ചു. കുടുംബത്തെയും കൊണ്ടു പോകാൻ സമ്മതമെങ്കിൽ ഞാനും റെഡിയാണെന്ന് അറിയിച്ചതോടെ ആളില്ലാതെ വലഞ്ഞിരുന്ന അവർ ഡബിൾ ഹാപ്പിയായി. കാരണം ഒരു ലേഡിയെ കൂടി അവർക്ക് ആവശ്യമുണ്ടായിരുന്നു. ബട്ട്, വിഷയം പ്രിൻസിപ്പാളിൻ്റെ അടുത്തെത്തിയപ്പോൾ എൻ്റെ ഔദ്യോഗിക പദവിയുടെ പേരിൽ എനിക്ക് വിലക്ക് വീണു.
അങ്ങനെ ഞാൻ "ശശി"യായതോടെ പ്രതീക്ഷിച്ച് കാത്തിരുന്ന യാത്ര കുടുംബത്തിനും നഷ്ടമായി. അന്ന് പ്രതിഷേധിച്ചതിനാലാണോ എന്നറിയില്ല പിന്നീടുള്ള വർഷങ്ങളിൽ ഏത് സ്ഥിരം ജീവനക്കാരനും ഇൻഡസ്ട്രിയൽ വിസിറ്റിനെ അനുഗമിക്കാം എന്ന സ്ഥിതി വന്നു.എനിക്ക് പിന്നീട് ഇൻഡസ്ട്രിയൽ വിസിറ്റിന് ഒരവസരം ലഭിച്ചില്ല. പക്ഷെ, കുടുംബത്തോടൊപ്പം എല്ലാ വർഷവും ഞാൻ ഒരു വിനോദയാത്ര പതിവാക്കി.
അങ്ങനെയിരിക്കെയാണ് കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ AE & I ഡിപ്പാർട്ട്മെൻറിൻ്റെ ഇൻഡസ്ട്രിയൽ വിസിറ്റിംഗ് ടീമിൻ്റെ കൂടെ പോകേണ്ട സണ്ണി സാറിന് പെട്ടെന്ന് എന്തോ അസൗകര്യം നേരിട്ടത്. അനുഗമിക്കുന്ന മറ്റ് രണ്ട് സ്റ്റാഫുകളും അതിഥി അദ്ധ്യാപകരായതിനാൽ സ്ഥിരം സ്റ്റാഫില്ലെങ്കിൽ യാത്ര മുടങ്ങും എന്ന അവസ്ഥയായി. ഉത്തരേന്ത്യൻ യാത്രകൾ നടത്തി പരിചയമുള്ള ആൾ ഞാനാണെന്ന് ആരോ സണ്ണി സാറിനെ ധരിപ്പിച്ചു. അങ്ങനെ ആ റിക്വസ്റ്റ് എൻ്റെ അടുത്തെത്തി.
തൊട്ടടുത്ത ദിവസം പുറപ്പെടേണ്ടതിനാലും പഞ്ചിംഗ് ഏർപ്പെടുത്തുന്നതിൻ്റെ തിരക്കായതിനാലും വീട്ടിൽ തുടങ്ങി വച്ച ചില മരാമത്ത് പണികൾ പൂർത്തിയാക്കേണ്ടതിനാലും സർവ്വോപരി ടൂർ അവസാനിക്കുന്നതിൻ്റെ മുമ്പ് റംസാൻ വ്രതം ആരംഭിക്കുന്നതിനാലും എൻ്റെ മനസ്സ് പെട്ടെന്ന് വഴങ്ങിയില്ല. വീട്ടിലെ കാര്യം ഒഴികെ ബാക്കി എല്ലാറ്റിനും പരിഹാരം ഉണ്ടാക്കിത്തരാം എന്ന് സഹപ്രവർത്തകർ അറിയിച്ചതോടെ ഞാൻ പാതി മനസ്സിൽ ആയി. കാണാൻ പോകുന്ന സ്ഥലങ്ങൾ കേട്ടതോടെ എനിക്ക് പൂർണ്ണ സമ്മതം മൂളേണ്ടി വന്നു . നിമിഷങ്ങൾക്കകം തന്നെ ഡെൽഹിയിൽ നിന്നുള്ള എൻ്റെ റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ് അടക്കം എല്ലാ പേപ്പറുകളും റെഡിയായി.
എഫ് ബി യിൽ ആരോ സബർമതി ആശ്രമം സന്ദർശിച്ച ഒരു കുറിപ്പ് ഞാൻ വായിച്ചിരുന്നു. ഗാന്ധിജിയുടെ നാടും വാസ സ്ഥലങ്ങളും സമര ഭൂമികളും ഫാമിലി സഹിതം ഒന്ന് കാണണമെന്ന് അന്ന് തോന്നി. രണ്ട് മാസം മുമ്പ് ഒരു ബന്ധു ജയ്സാൽമീറിലെ മരുഭൂമി സന്ദർശനവും ക്യാമ്പനുഭവങ്ങളും കുടുംബ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോൾ അതും മനസ്സിലിട്ടു. ജയ്പൂരിൽ നേരത്തെ സന്ദർശനം നടത്തിയിരുന്നതിനാൽ ഈ അടുത്തൊന്നും നടക്കാൻ സാധ്യതയില്ലാത്ത മറ്റൊരു രാജസ്ഥാൻ പര്യടനത്തിൽ ആവാം അതെന്നും മനസ്സിൽ കരുതി. അതേ പോലെ രണ്ട് കാശ്മീർ യാത്രകൾ നടത്തിയതിനാൽ പഴയ പല സുഹൃത്തുക്കൾക്കും ഈ വർഷം അവിടെ പോകണം എന്ന ആഗ്രഹവും പങ്ക് വച്ചിരുന്നു. ബട്ട്, മനുഷ്യൻ ആസൂത്രണം ചെയ്യുന്നു ദൈവം നിശ്ചയിക്കുന്നു എന്ന വാക്യം അക്ഷരാർത്ഥത്തിൽ ശരിവച്ച് അഹമ്മദാബാദും ജയ്സാൽമീറും കാശ്മീറും ആണ് ഈ ഇൻഡസ്ട്രിയൽ വിസിറ്റിലെ പ്രധാന ഡെസ്റ്റിനേഷനുകളായി തീരുമാനിച്ചിരുന്നത്. ഒപ്പം ഞാൻ എത്രയോ തവണ സന്ദർശിച്ച ഡെൽഹിയും ആഗ്രയും.
അങ്ങനെ പതിനാല് ദിവസം നീണ്ട് നിൽക്കുന്ന യാത്രക്കായി ഞാനും രണ്ട് സഹപ്രവർത്തകരും നാൽപത്തിമൂന്ന് കുട്ടികളും ഫെബ്രുവരി 20 പുലർച്ചെ പന്ത്രണ്ടരയ്ക്ക് കോഴിക്കോട് നിന്നും ട്രെയിൻ കയറി.ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തായതിനാൽ ഞാൻ സണ്ണിയും കൂടെയുള്ള വിനോദൻ മാഷ് ബിജീഷും ആയിട്ടായിരുന്നു യാത്ര ! രാത്രി ആയതിനാൽ ടിക്കറ്റ് പരിശോധനയിൽ ഐഡി കാർഡ് ഒന്നും നോക്കാതെ സണ്ണിയും ബിജീഷുമായി ടി.ടി.ആർ ഞങ്ങളെ രേഖപ്പെടുത്തി. എ.സി കോച്ചിലെ യാത്ര അത്ര രസകരമല്ല എന്ന് ഒരിക്കൽ കൂടി മനസ്സിലായി. രണ്ടാം ദിവസം, റെയിൽവെ തന്ന ബ്ലാങ്കറ്റ് മാറ്റുന്നതിൽ നേരിട്ട പ്രയാസം ഞാൻ "സണ്ണി" ആയതിനാൽ രേഖാമൂലം പരാതിപ്പെടാൻ സാധിച്ചില്ല.ഫെബ്രുവരി 22 ന് രാവിലെ ഏഴ് മണിക്ക് ഞങ്ങൾ അഹമ്മദാബാദ് സ്റ്റേഷനിൽ വണ്ടി ഇറങ്ങി.
(Next : അമുലിൻ്റെ തണലിൽ ...)
6 comments:
❤
😍😍
ഐവി എന്ന് കേൾക്കുമ്പോഴേക്കും ശശി എന്ന് കൂടി എൻ്റെ മനസ്സിൽ വരും. ഐ.വി ശശി എന്ന സുപ്രസിദ്ധ സംവിധായകൻ്റെ പേരാണ് ആ ഓർമ്മ വരുന്നതെങ്കിലും ഞാൻ "ശശി"യായ ഒരു കഥ കൂടി അതിൻ്റെ പിന്നിലുണ്ട്.
😍😍
Waiting for next
💐
Post a Comment
നന്ദി....വീണ്ടും വരിക