മലബാർകലാപ ചരിത്ര ഭൂമികളിലൂടെ -1
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ എന്റെ നാടായ അരീക്കോട് ഒരു പൊതുജന ശ്രദ്ധാകേന്ദ്രമായിരുന്നു.സ്വാതന്ത്ര്യം കിട്ടുന്നത് വരെ ബ്രിട്ടീഷ് പട്ടാളത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്ന അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നായിരുന്നു അരീക്കോട്.
മദ്രസയിൽ പഠിക്കുന്ന കാലത്ത്, വെള്ളപ്പട്ടാളം എന്നറിയപ്പെടുന്ന ബ്രിട്ടീഷ് പട്ടാളത്തെ നേരിൽ കണ്ടത് എൻ്റെ മൂത്തുമ്മയിൽ നിന്ന് ഞാൻ നിരവധി തവണ കേട്ടിട്ടുണ്ട്. വെള്ളപ്പട്ടാളം നാട്ടിൽ നടത്തിയ ചില ക്രൂര സംഭവങ്ങൾ പല സ്ഥലങ്ങളിലും ഞാൻ വായിച്ചിട്ടുമുണ്ട്.അനീതിക്ക് എതിരെ നിർഭയം പ്രതികരിക്കുന്ന ഒരു ജനതയായിരുന്നു അരീക്കോട്ടുകാർ എന്നും അതിനാൽ പട്ടാള സാന്നിദ്ധ്യം എപ്പോഴും അനിവാര്യമായിരുന്നു എന്നാണ് വാമൊഴികളിലൂടെ കേട്ടത്.ഇതിന്റെ ബാക്കിപത്രം എന്നോണമാണ് മലബാർ സ്‌പെഷ്യൽ പോലീസിന്റെ (എം.എസ്.പി) ഒരു ക്യാമ്പ് അരീക്കോട്ട് സ്ഥാപിതമായത് എന്നാണറിവ്. തൊട്ടടുത്ത് തന്നെ ഇന്നും പ്രവർത്തിക്കുന്ന ഒരു ടൂറിസ്റ്റു ബംഗ്ളാവും ഉണ്ട്.എം.എസ്.പി ക്യാമ്പ് ഇപ്പോൾ മാവോയിസ്റ്റ് തീവ്രവാദ വിരുദ്ധ സേനയായ തണ്ടർ ബോൾട്ടിന്റെ ക്യാമ്പായി പ്രവർത്തിക്കുന്നു.
മലബാറിലെ മാപ്പിള ചരിത്രത്തിൽ എടുത്തു പറയേണ്ട ഒരു പള്ളി അരീക്കോട്ടുണ്ട് -1719 ൽ (ഹിജ്റ വർഷം 1131) അരീക്കോട് താഴത്തങ്ങാടിയിൽ സ്ഥാപിതമായ ചെറിയ പള്ളി.ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ അതേ രൂപമാതൃകയാണിതിന്.
ഈ പള്ളിയിലെ സ്ഥലപരിമിതി കാരണം, തൊട്ടടുത്ത് തന്നെ 1769ൽ നിർമ്മിക്കപ്പെട്ട വലിയ പള്ളി സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ പല സംഭവങ്ങൾക്കും മൂക സാക്ഷിയാണ്. ചെറിയ പള്ളിയിലെയും വലിയ പള്ളിയിലെയും ആദ്യകാല ഖാളിമാരെ നിശ്ചയിച്ചിരുന്നത് പൊന്നാനിയില്‍ നിന്നായിരുന്നു.
പണ്ഡിതനും സൂഫി വര്യനുമായിരുന്ന അഹമ്മദ് കുരിക്കളാണ് വലിയ പള്ളിയുടെ സ്ഥാപകന്‍. അരീക്കോട് കോവിലകത്തെ തമ്പുരാന് (തമ്പുരാന്റെ മകൾക്ക് എന്നും പറയപ്പെടുന്നുണ്ട്) പിടിപെട്ട ഒരു കണ്ണസുഖം ഭേദമാക്കുന്നതില്‍ നാട്ടു വൈദ്യന്‍മാരെല്ലാം പരാജയപെട്ടപ്പോള്‍ ചികിത്സകന്‍ കൂടിയായിരുന്ന അഹ്‌മദ് കുരിക്കള്‍ അതു സുഖപ്പെടുത്തി. പ്രതിഫലമായി തമ്പുരാന്‍ പല പാരിതോഷികങ്ങളും വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം അതെല്ലാം നിരസിച്ചു കൊണ്ട് ഒരു പള്ളി നിര്‍മ്മിക്കാനുള്ള സ്ഥലം ആവശ്യപ്പെട്ടു. അങ്ങനെ, ഇപ്പോൾ വലിയ പള്ളി നില്‍ക്കുന്ന സ്ഥലം തമ്പുരാൻ വിട്ടു കൊടുത്തു. പള്ളിയുടെ മുന്‍വശത്ത് പള്ളിയോടു ചേര്‍ന്നു അഹമ്മദ് കുരിക്കളുടെ മഖ്‌ബറ ഇന്നും കാണാം.
വലിയ പള്ളിയുടെ അകവശം ഇന്നും ഞാൻ അത്ഭുതത്തോടെയാണ് നോക്കിക്കാണാറുള്ളത്. മരത്തിൽ തീർത്ത വണ്ണമുള്ള തൂണുകളും മിമ്പറും (പ്രസംഗ പീഠം) നല്ല കനമുള്ള മരത്തിന്റെ വാതിൽ പൊളികളും തടി കൊണ്ടു തന്നെയുള്ള മച്ചും എന്തോ ഒരു പ്രത്യേക അനുഭൂതി സൃഷ്ടിക്കും.
അകം പള്ളിയുടെ വാതിലിൽ ബ്രിട്ടീഷ് പട്ടാളം ശൗര്യം തീർത്തതിന്റെ അടയാളങ്ങളും കാണാം. പള്ളിയുടെ ചുമരിൽ കാണുന്ന ചിത്രപ്പണികൾ പുരാതന പേർഷ്യയിൽ കണ്ടിരുന്ന ചിത്രങ്ങളുമായി സാമ്യം ഉള്ളതായി പറയപ്പെടുന്നു.പ്രസ്തുത ചിത്രങ്ങൾ പലതും ഇന്ന് നശിച്ചു കൊണ്ടിരിക്കുന്നു.
വളരെ ഇടുങ്ങിയ ഒരു തെരുവാണ് താഴത്തങ്ങാടി.ഇവിടെ താള്‍തൊടിയില്‍, ശിയാ വിഭാഗത്തിൽ പെട്ട കൊണ്ടോട്ടി തങ്ങന്മാര്‍ക്ക് ആസ്ഥാനം ഉണ്ടായിരുന്നു. കൊടിയേറ്റവും നേര്‍ച്ചയും ചെണ്ടവാദ്യങ്ങളും ഇവിടെ നടത്തിയിരുന്നു.അനിസ്‌ലാമികമായ ഈ ആചാരങ്ങൾക്ക് തടയിടാന്‍ നാട്ടുകാരും പള്ളി ഭാരവാഹികളും തീരുമാനിച്ചു.
വലിയ പള്ളിയുടെ മുമ്പിലൂടെ ചെണ്ട കൊട്ടി ബഹളം വച്ച് കൊണ്ടുള്ള ജാഥ കടന്നുപോവാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു കൊണ്ട് നാട്ടുകാർ ആ വർഷത്തെ നേർച്ച വരവ് തടഞ്ഞു. സർവ്വ സന്നാഹങ്ങളോടെ മറുവിഭാഗവും ഏറ്റുമുട്ടാൻ ഒരുങ്ങിയപ്പോള്‍ പോലീസ് ഇടപെട്ടു.അങ്ങനെ ആ വര്‍ഷം നേര്‍ച്ച ഒഴിവാക്കി. അടുത്ത വര്‍ഷം പോലീസ് സന്നാഹത്തോടെ തങ്ങന്മാരുടെ ആളുകള്‍ വീണ്ടും ഒരു വരവ് നടത്തി. എന്നാല്‍ നാട്ടുകാരുടെ കടുത്ത നിസ്സഹകരണം മൂലം നേർച്ച ആഘോഷം വിജയിച്ചില്ല. തുടര്‍ വര്‍ഷങ്ങളില്‍ കൊടിയേറ്റവും അനുബന്ധ പരിപാടികളും പൂര്‍ണ്ണമായും നിർത്തി.1917 ൽ നടന്ന ഈ സംഭവമാണ് കൊടിയേറ്റം എന്ന പേരിൽ അറിയപ്പെടുന്നത്.
കൊടിയേറ്റത്തെ ആസ്പദമാക്കി അരീക്കോട്ടുകാരനായ മാപ്പിള മഹാകവി മുണ്ടമ്പ്ര ഉണ്ണിമമ്മദ് അറബിമലയാളത്തിലെഴുതിയ "കൊടികേറ്റം" എന്ന മാപ്പിള ഖണ്ഡകാവ്യമാണ് അരീക്കോടിന്റെ എഴുതപ്പെട്ട ആദ്യ ചരിത്രരേഖ. അക്കാലത്തെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക ചരിത്രത്തെ ഈ കൃതി വരച്ചുകാണിക്കുന്നു.
(തുടരും...)
1 comments:
പള്ളിയുടെ ചുമരിൽ കാണുന്ന ചിത്രപ്പണികൾ പുരാതന പേർഷ്യയിൽ കണ്ടിരുന്ന ചിത്രങ്ങളുമായി സാമ്യം ഉള്ളതായി പറയപ്പെടുന്നു.
Post a Comment
നന്ദി....വീണ്ടും വരിക