എൻ്റെ ഹൈസ്‌കൂൾ കാലഘട്ടത്തിൽ 'ചരിത്രവും പൗരധർമ്മവും' എന്ന പേരിൽ ചരിത്രം പഠിക്കാനുള്ള ഒരു പുസ്തകം ഉണ്ടായിരുന്നു.എൻ്റെ പിതാവ് ഒരു ചരിത്രാദ്ധ്യാപകൻ ആയിരുന്നെങ്കിലും എനിക്ക് അതത്ര ഇഷ്ടമുള്ള വിഷയമായിരുന്നില്ല.പാനിപ്പത്ത് യുദ്ധങ്ങൾ നടന്ന വർഷവും ലോകമഹായുദ്ധ കാരണങ്ങൾ പഠിക്കലും ചന്ദ്രഗുപ്ത മൗര്യന്റെ ഭരണപരിഷ്കാരങ്ങൾ മന:പാഠമാക്കുന്നതും അതേ പോലെയുള്ള നിരവധി കാര്യങ്ങൾ ഹൃദിസ്ഥമാക്കുന്നതും ആ പ്രായത്തിൽ അത്ര എളുപ്പമായിരുന്നില്ല.
എൻ്റെ മക്കളും ഇതേ പ്രയാസം നേരിടാൻ സാദ്ധ്യതയുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് ചരിത്രപ്രാധാന്യമുള്ള പല സ്ഥലത്തേക്കും പിന്നീട് ഞാൻ അവരെയും കൊണ്ട് യാത്ര പോകാൻ തുടങ്ങിയത്.ആഗ്രയിലും ഡൽഹിയിലും ജയ്പൂരും ഹൈദരാബാദും എല്ലാം ഈ ഉദ്ദേശത്തിൽ ഞാൻ കുടുംബ സമേതം പോയി.നാട്ടു ചരിത്രം പഠിക്കാനായി കൊച്ചു കൊച്ചു ഹെറിറ്റേജ് ടൂറുകളും ഇതോടൊപ്പം പ്ലാൻ ചെയ്തിരുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തിയ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഇതേപ്രകാരം ഞങ്ങൾ എത്തി.
പിന്നീടെപ്പോഴോ ആണ് പ്രാദേശിക ചരിത്രാറിവ് കൂടി കുട്ടികൾക്ക് പകർന്ന് നൽകണം എന്ന് തോന്നിയത്.സ്‌കൂൾ ക്‌ളാസ്സുകളിൽ പഠിക്കാൻ ഇല്ല എങ്കിലും ചരിത്രം പലതും വളച്ചൊടിക്കുകയും തമസ്കരിക്കുകയും ചെയ്യുന്ന കാലത്ത് ഇവിടെ ഇങ്ങനെയും ചിലർ ജീവിച്ചിരുന്നു എന്ന് അടുത്ത തലമുറയെ അറിയിക്കൽ ഒരു ഉത്തരവാദിത്വമായി ഏറ്റെടുത്തതിനാലാണ് ഈ ചിന്ത വന്നത്.
മലപ്പുറം ജില്ലയിലെ മിക്ക പ്രദേശങ്ങളും മലബാർ കലാപത്തിന്റെ ചൂരും ചോരയും അനുഭവിച്ച സ്ഥലങ്ങളായതിനാൽ ആദ്യം അതിനെപ്പറ്റിയുള്ള അറിവുകൾ നേടാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ 1921ലെ മാപ്പിള ലഹള എന്നറിയപ്പെടുന്ന മലബാർ കലാപത്തിനെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകങ്ങൾ പലതും ഞാൻ വാങ്ങി. അവ വായിച്ചതിൽ നിന്നും പത്രത്താളുകളിൽ നിന്നും വാമൊഴികളിൽ നിന്നും എൻ്റെ ഉമ്മയടക്കമുള്ളവരുടെ കിസ്സ പറച്ചിലുകളിൽ നിന്നും നിരവധി സംഭവങ്ങളെപ്പറ്റിയും അവ നടന്ന സ്ഥലങ്ങളെപ്പറ്റിയും എനിക്ക് വിവരങ്ങൾ ലഭിച്ചു.
തിരൂരങ്ങാടി,തിരൂർ,പൂക്കോട്ടൂർ,പാണ്ടിക്കാട്,പന്തലൂർ തുടങ്ങിയവയ്‌ക്കൊപ്പം എൻ്റെ നാടായ അരീക്കോടും അന്നത്തെ മലബാർ കലാപ രണഭൂമികളിൽ ഉൾപ്പെട്ടിരുന്നു. കൊണ്ടോട്ടി നേരിട്ട് ഈ ചരിത്രത്തിൽ വരുന്നില്ലെങ്കിലും അന്ന് ബ്രിട്ടീഷുകാർക്ക് സഹായം ചെയ്തുകൊടുത്ത കൊണ്ടോട്ടി തങ്ങൾ മുഹമ്മദ് ഷായുടെ ആസ്ഥാനം എന്ന നിലയിൽ ചരിത്ര കുതുകികൾക്ക് വേണ്ടപ്പെട്ട സ്ഥലമാണ്. ഇത് കൂടാതെ കോഴിക്കോട് രാജാവ് സാമൂതിരിയുടെ പ്രശസ്തമായ മാമാങ്കം നടന്ന തിരുന്നാവായ, സൈനുദ്ദീനുൽ മഖ്‌ദൂമിന്റെ പൊന്നാനി തുടങ്ങിയവയും മലപ്പുറം ജില്ലയിലെ ചരിത്രമുറങ്ങുന്ന ഇടങ്ങളാണ്.
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും മറ്റനേകം വീരശൂര പരാക്രമികളും നിറഞ്ഞാടിയ സ്ഥലങ്ങളും സംഭവങ്ങളും ഏകദേശം മനസ്സിലാക്കിയതോടെ ഞാൻ എൻ്റെ യാത്രയ്ക്ക് ആരംഭം കുറിച്ചു. യഥാർത്‌ഥത്തിൽ യാത്ര നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും മേൽ സൂചിപ്പിച്ച ഉദ്ദേശ്യപൂർവ്വമുള്ള യാത്ര ആരംഭിച്ചത് പുതുവർഷത്തിലാണ്. ഈ യാത്രകളുടെ വിശേഷങ്ങൾ താമസിയാതെ ഇവിടെ വായിക്കാം.
(തുടരും...)
0 comments:
Post a Comment
നന്ദി....വീണ്ടും വരിക