പാലക്കാട് ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനീയറിംഗ് കോളേജിൽ ജോയിൻ ചെയ്ത് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കരിമ്പുഴ എന്ന സ്ഥലത്തെപ്പറ്റി ഞാൻ കേട്ടറിഞ്ഞിരുന്നു.കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും മൂന്നോ നാലോ കിലോമീറ്റർ കൂടി മുന്നോട്ട് പോയാൽ കരിമ്പുഴ എത്തുമെന്നും നിരവധി കൈത്തറി ഷോപ്പുകൾ അവിടെ ഉണ്ടെന്നും കേട്ടപ്പോൾ വിശ്വസിക്കാനായില്ല.കാരണം കോളേജ് സ്ഥിതി ചെയ്യുന്നത് തന്നെ ഒരു ഓണം കേറാ മൂലയിൽ,പിന്നെ അവിടന്ന് വീണ്ടും ഉള്ളോട്ട് പോയിട്ട് എത്തുന്നിടത്ത് ഏറിയാൽ എട്ടു പത്ത് കട കാണുമായിരിക്കും.അതിൽ കൈത്തറിക്കട മാക്സിമം മൂന്ന് എന്നായിരുന്നു എന്റെ മനസ്സ് മന്ത്രിച്ചത്. കൈത്തറിയിൽ വലിയ താല്പര്യം ഇല്ലെങ്കിലും സമയം കിട്ടുമ്പോൾ ഒന്ന് പോയി നോക്കാം എന്ന ഒരു തോന്നലും അന്നേരം മനസ്സിലുണ്ടായി.
അങ്ങനെയിരിക്കെയാണ് ഗവൺമെൻറ് ജീവനക്കാർ ആഴ്ചയിൽ ഒരു ദിവസം കൈത്തറി ധരിക്കണം എന്ന ഒരു സർക്കാർ നിർദ്ദേശം വന്നത്.അത് പ്രകാരം ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനീയറിംഗ് കോളേജിൽ ബുധനാഴ്ച്ചകളിൽ കൈത്തറി ധരിക്കാൻ തീരുമാനമായി.ഞാനും അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ഷൈൻ സാറും എന്റെ ഡിപ്പാർട്മെന്റിലെ തന്നെ ട്രേഡ് ഇൻസ്ട്രക്ടർമാരായ റഹീമും ജയപാലനും അടങ്ങിയ ഹോസ്റ്റൽ ടീം കൈത്തറിയിൽ ഒരു യൂണിഫോം ആക്കാം എന്ന ഒരാശയം പങ്കുവച്ചു.എല്ലാവർക്കും പെട്ടെന്ന് കിട്ടാൻ എളുപ്പം കരിമ്പുഴയിൽ നിന്നാണെന്ന് കൂടി പറഞ്ഞതോടെ കരിമ്പുഴ കാണാനുള്ള അവസരവും എനിക്ക് ഒത്തു വന്നു.
അങ്ങനെ ഒരു ദിവസം വൈകിട്ട് കോളേജിൽ നിന്നും ഞങ്ങൾ കരിമ്പുഴയിലേക്ക് തിരിച്ചു.പത്ത് മിനിറ്റിനകം തന്നെ ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തി.ഞാൻ ഉദ്ദേശിച്ച പോലെയായിരുന്നില്ല സംഗതിയുടെ കിടപ്പ്.ചെറുതും അല്പം വലുതുമായി നിരവധി കൈത്തറി വില്പന കടകൾ ആ ഉൾഗ്രാമത്തിൽ ഉണ്ടായിരുന്നു.മറ്റു കടകൾ ഇല്ല എന്ന് തന്നെ പറയാം. പക്ഷെ കടകൾ എല്ലാം അന്ന് അടഞ്ഞു കിടന്നിരുന്നു.അതിന്റെ കാരണം എന്തെന്ന് അറിയാത്തതിനാൽ ഞങ്ങൾ അല്പം കൂടി മുന്നോട്ട് നടന്നു നോക്കി.
ശ്രീ സൗഡേശ്വരി അമ്മൻ നെയ്ത്തുഗ്രാമം എന്ന ഒരു ചൂണ്ടു പലകയാണ് ഞങ്ങളെ സ്വാഗതം ചെയ്തത്.ഞങ്ങൾ ആ വഴിയേ നടന്നു.വേറെ ഏതോ ഒരു നാട്ടിൽ എത്തിയ പ്രതീതിയാണ് നെയ്ത്ത് ഗ്രാമത്തിൽ പ്രവേശിച്ചതോടെ ഞങ്ങൾക്ക് അനുഭവപ്പെട്ടത്.എവിടെയോ വായിച്ചു മറന്ന അഗ്രഹാരങ്ങളെ ഓർമ്മിപ്പിക്കുന്ന ചെറുതും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതുമായ വീടുകൾ. എല്ലാ വീടിനു മുന്നിലും അരിമാവ് കൊണ്ട് വരച്ച കോലങ്ങൾ.വീട്ടിൽ നിന്നും നേരിയ ഈണത്തിൽ പാട്ടുകൾ കേൾക്കുന്നുണ്ട്. ആകാശവാണിയോ അതല്ല എഫ്.എം ആണോ എന്ന് വ്യക്തമല്ല. എല്ലാ വീട്ടിലും സ്വീകരണ മുറിയിൽ തന്നെ കൈത്തറിയുടെ താളവും.
അറുനൂറ് വർഷങ്ങൾക്ക് മുമ്പുള്ള ഒരു ചരിത്രത്തിലേക്കാണ് ഞങ്ങൾ പാദമൂന്നുന്നത് എന്ന് തിരിച്ചറിഞ്ഞത് പ്രദേശവാസിയായ രാജവേലുവിനെ കണ്ടുമുട്ടിയപ്പോഴാണ്. ജീവിതത്തിന്റെ സായാഹ്നത്തിൽ നിൽക്കുന്ന അദ്ദേഹം പറഞ്ഞതനുസരിച്ച് കോഴിക്കോട് സാമൂതിരി രാജാവാണ് ഈ കന്നടത്തെരുവിന്റെ സൂത്രധാരകൻ.
അന്ന് സാമൂതിരി വള്ളുവനാടിന്റെ ചില ഭാഗങ്ങൾ കീഴ്‌പ്പെടുത്തി കരിമ്പുഴ ആസ്ഥാനമാക്കി ഒരു കോവിലകം പണി കഴിപ്പിച്ചു.രാജ നഗരിയുടെ ആവശ്യങ്ങൾക്കായി പല ദേശങ്ങളിൽ നിന്നും പല തൊഴിൽ ചെയ്യുന്നവരെ കരിമ്പുഴയിൽ പാർപ്പിച്ചു.അക്കൂട്ടത്തിൽ കൈത്തറി നെയ്ത്തിനായി കർണ്ണാടകയിലെ ഹംപിയിൽ നിന്നും ദേവാംഗ ചെട്ടിയാർ വിഭാഗത്തെയായിരുന്നു കൊണ്ട് വന്നത്. തുണി നെയ്ത്തിന് വെള്ളത്തിന്റെ ലഭ്യത പ്രധാനമായതിനാൽ കരിമ്പുഴ ഏറ്റവും അനുയോജ്യമായ സ്ഥലം കൂടിയായിരുന്നു.കുലദൈവമായ ശ്രീ സൗഡേശ്വരി അമ്മയുടെ ക്ഷേത്രവും രാജാവ് പണി കഴിപ്പിച്ച് നൽകിയതാണ് എന്നദ്ദേഹം പറഞ്ഞു.
നൂറിലധികം കുടുംബങ്ങൾ ഗ്രാമത്തിലുണ്ട് എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി.പക്ഷെ ഇരുപതോളം കുടുംബങ്ങളേ ഇപ്പോൾ തറിയിൽ നെയ്യുന്നുള്ളൂ. രാവിലെ ആറ് മണിക്ക് അവരുടെ നെയ്ത്ത് ജീവിതം തുടങ്ങും.കൂട്ടിന് ഒരു റേഡിയോ കൂടി ഉണ്ടാകും.സാരി,വേഷ്ടി,മുണ്ട്,കസവ് മുണ്ട് എന്നിങ്ങനെ എല്ലാതരം കൈത്തറി വസ്ത്രങ്ങളും ഇവിടെ നെയ്യുന്നുണ്ട്.അവയിൽ അധികവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിപ്പോകുന്നു എന്ന വിവരം മൂക്കത്ത് വിരൽ വെച്ചാണ് ഞങ്ങൾ കേട്ടത്.
സൗഡേശ്വരി ക്ഷേത്രത്തിലെ ഉത്സവം നടക്കുന്ന ദിവസങ്ങളിൽ കടകൾക്ക് അവധി ആയതിനാലാണ് അന്ന് അവിടെ ഒരു കടയും തുറക്കാത്തത് എന്നും അദ്ദേഹം പറഞ്ഞു.മൂന്ന് ദിവസമാണ് ഉത്സവം നടക്കാറ്.കേരളത്തിലെ ക്ഷേത്രാചാരങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഉത്സവച്ചടങ്ങുകൾ. ഉത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ പായസം തന്ന് ഗ്രാമവാസികൾ അവരുടെ ആദിത്യ മര്യാദയും പ്രകടമാക്കി.
സന്ധ്യാസമയം ആയതിനാൽ,കൂടുതൽ കാര്യങ്ങൾ അറിയാൻ മറ്റൊരിക്കൽ പോകാം എന്ന് തീരുമാനിച്ച് ഞങ്ങൾ അന്ന് മടങ്ങി.ഇടയ്ക്ക് ഒരു ദിവസം പോയി ഞാൻ രണ്ടു ജുബ്ബയും മുണ്ടും വാങ്ങി.താമസിയാതെ ഷൈൻ സാർ തൃശൂരിലേക്കും ഞാൻ കോഴിക്കോട്ടേക്കും ട്രാൻസ്ഫറായി.ജയപാലൻ സർവീസിൽ നിന്നും വിരമിക്കുകയും ചെയ്തു.റഹീം മാത്രം കോളേജിൽ തുടർന്നു.അതോടെ ആ ചരിത്രാന്വേഷണം അവസാനിച്ചു.
1 comments:
കേരളത്തിനകത്തെ കന്നട ഗ്രാമത്തിൽ
Post a Comment
നന്ദി....വീണ്ടും വരിക