പിറ്റേ ദിവസം രാവിലെ തന്നെ ഞാൻ റൂം വെക്കേറ്റ് ചെയ്ത് ലഗേജുമായി മകളുടെ ഫ്ലാറ്റിലേക്ക് പോയി.എൻ്റെ കൂടെയുണ്ടായിരുന്നവരെല്ലാം പുലർച്ചെ മൂന്ന് മണിക്ക് തന്നെ റൂം കാലിയാക്കിയിരുന്നു. എൻ്റെ ഫ്ലൈറ്റ് രാത്രി എട്ട് മണിക്ക് ആയിരുന്നു. ഞാനും മോളും അന്ന് വ്രതത്തിലായിരുന്നു. തിങ്കളാഴ്ച ആയതിനാൽ ഡൽഹിയിലെ പല സ്മാരകങ്ങളും അവധിയിലായിരുന്നു. ഞാൻ ഇതുവരെ കാണാത്ത ലോധി ഗാർഡനും ഹുമയൂൺ ടോമ്പും തിങ്കളാഴ്ചയിലും തുറക്കും എന്ന് മോൾ പറഞ്ഞ പ്രകാരം അന്ന് അവ രണ്ടും കാണാൻ പോകാം എന്ന് തീരുമാനിച്ചു.
പതിനൊന്നര മണിയോടെ ഞങ്ങൾ ലോധി ഗാർഡനിലെത്തി. തൊണ്ണൂറ് ഏക്കറിൽ പരന്നു കിടക്കുന്ന ഡൽഹിയിലെ ഏറ്റവും വലിയ ഉദ്യാനങ്ങളിൽ ഒന്നാണ് ലോധി ഗാർഡൻസ്. രാവിലെയും വൈകിട്ടും വ്യായാമം ചെയ്യുന്നവരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കൂടിയാണിത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിലും പതിനാറാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലും ഡൽഹി ഭരിച്ച ലോധി സുൽത്താൻമാരുടെ പേരിലാണ് ഈ ഉദ്യാനം അറിയപ്പെടുന്നത്. ബ്രിട്ടിഷുകാരാണ് ഈ ഉദ്യാനം ഇന്നത്തെ നിലയിൽ സുന്ദരമാക്കിയത്. ലേഡി വില്ലിങ്ഡൺ പാർക്ക് എന്നായിരുന്നു അവർ നൽകിയിരുന്ന പേര്.
ലോധി ഗാർഡനിലേക്ക് പ്രവേശിച്ച ഉടനെ കാണുന്ന സ്മാരകം ഒറ്റ നോട്ടത്തിൽ രണ്ട് നിലയാണെന്ന് തോന്നും.ബഡാ ഗുംബഡ് (Bara Gumbad) എന്നാണ് ഇതിൻ്റെ പേര്. ഇത് ഒരു ശവകുടീരമാണെന്നും അതല്ല സിക്കന്തർ ലോധിയുടെ പള്ളിയിലേക്കുള്ള കവാടമാണ് എന്നും പറയപ്പെടുന്നു. കൊത്തു പണികളാൽ അലംകൃതമായ ഇതിനകത്ത് ശവകുടീരം ഒന്നും ഇല്ല. എന്നാൽ പുറത്ത് പള്ളിക്ക് മുമ്പിലായി നശിച്ച് കൊണ്ടിരിക്കുന്ന ചില കല്ലറകൾ കാണാം.
സിക്കന്തർ ലോധി നിർമ്മിച്ച പള്ളി ബഡാ ഗുംബഡ് ൻ്റെ ഇടത് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. മൂന്ന് കുംഭങ്ങളോട് കൂടിയ ഈ പള്ളിയുടെ ചുവരിലും അറബി ലിപിയിലുള്ള ധാരാളം കൊത്തുപണികളും ചിത്രങ്ങളും കാണാം. ഖുർആനിലെ സൂക്തങ്ങളാണ് അവ എന്ന് പറയപ്പടുന്നുവെങ്കിലും വായിച്ചിട്ട് എനിക്ക് അങ്ങനെ തോന്നിയില്ല. പള്ളിയുടെ നേരെ എതിർ ഭാഗത്ത് കാണുന്ന ഹാൾ മഹ്മാൻ ഘാന എന്ന അന്നത്തെ അതിഥി മന്ദിരമാണ്.
ബഡാ ഗുംബഡിൽ നിന്നും നേരെ പുറത്തേക്ക് നോക്കിയാൽ അതേ പോലെ തന്നെയുള്ള മറ്റൊരു നിർമ്മിതി കാണാം. ശീഷ് ഗുംബഡ് എന്നാണ് ഇതിൻ്റെ പേര്. അതിനകത്ത് കയറിയപ്പോഴാണ് നിരവധി കല്ലറകൾ കണ്ടത്. ഓരോന്നും ആരുടെതാണ് എന്ന് കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല. സിക്കന്തർ ലോധിയുടെ പിതാവ് ബഹ്ലുൽ ലോധിയുടെ മഖ്ബറയും അതിൽ ഉണ്ട് എന്ന് ചിലർ വാദിക്കുന്നു.ലോധി വംശത്തിൽ പെട്ടതും സിക്കന്തർ ലോധിയുടെ സഭയിൽ അംഗങ്ങളുമായ ഏതോ ഒരു കുടുംബത്തിൻ്റെ മഖ്ബറകളാണ് അവ എന്നും പറയപ്പെടുന്നു.
ബഹ്ലുൾ ലോധി, സിക്കന്ദർ ലോധി, ഇബ്രാഹിം ലോധി എന്നിങ്ങനെ മൂന്ന് സുൽത്താൻമാരായിരുന്നു ലോധി രാജവംശത്തിൽ ഉണ്ടായിരുന്നത്. ലോധി ഗാർഡൻ എന്നാണു പേരെങ്കിലും സിക്കന്തർ ലോധിയുടെ ശവകുടീരം മാത്രമേ ഈ ഉദ്യാനത്തിലുള്ളൂ. ലോധികൾക്ക് തൊട്ടുമുൻപു ഡൽഹി ഭരിച്ചിരുന്ന സയ്യിദ് സുൽത്താൻമാരിലെ മുഹമ്മദ് ഷായുടെ ശവകുടീരവും ലോധി ഗാർഡനിൽ ഉണ്ട്.ഇവ രണ്ടും ഞങ്ങൾ സന്ദർശിച്ചില്ല.
മനോഹരമായി പരിപാലിച്ച് വരുന്ന പൂന്തോട്ടങ്ങളും ഈ നിർമ്മിതികളുടെ വിവിധ ഭാഗങ്ങളിലായിട്ട് കാണാൻ സാധിക്കും. ഏതാനും സമയം ഞങ്ങൾ അവിടെയും ചെലവഴിച്ചു. ജോർബാഗ് ആണ് ലോധി ഗാർഡൻ്റെ ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ.ലോധി ഗാർഡനിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ രാവിലെ 5 മുതൽ രാത്രി 8 വരെയും ഒക്ടോബർ മുതൽ മാർച്ച് വരെ രാവിലെ 6 മുതൽ വൈകിട്ട് 8 വരെയുമാണ് സന്ദർശന സമയം. ഒരു മണിക്കൂറിലേറെ ചെലവഴിച്ച ശേഷം ഞങ്ങൾ അടുത്ത കേന്ദ്രമായ ഹുമയൂൺ ടോമ്പിലേക്ക് ഓട്ടോ പിടിച്ചു.
(തുടരും...)
1 comments:
തൊണ്ണൂറ് ഏക്കറിൽ പരന്നു കിടക്കുന്ന ഡൽഹിയിലെ ഏറ്റവും വലിയ ഉദ്യാനങ്ങളിൽ ഒന്നാണ് ലോധി ഗാർഡൻസ്
Post a Comment
നന്ദി....വീണ്ടും വരിക