പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ എന്റെ സഹപ്രവർത്തകരായ ഷൈൻ സാർ, റഹീം മാഷ്,ജയപാലൻ മാഷ് എന്നിവർക്കൊപ്പം പതിവ് പോലെ ഒരു സവാരിക്ക് ഇറങ്ങിയതായിരുന്നു. പാലക്കാട് ജില്ലയിലെ ഗവ.ചിൽഡ്രൻസ് ഹോമിലാണ് അതവസാനിച്ചത്.ആരോരുമില്ലാത്ത വിവിധ പ്രായക്കാരായ കുട്ടികൾക്ക് മധുരം നൽകി അല്പനേരം അവിടെ ചെലവഴിച്ച ശേഷം ഞങ്ങൾ ഹോസ്റ്റലിലേക്ക് തന്നെ മടങ്ങി. ആ യാത്രയിലാണ് ഭക്ഷണ പ്രിയനായ റഹീം മാഷ് ഒരു ദോശയുടെ പേര് പറഞ്ഞത്.
"സാർ അയ്യന്നൂർ ദോശ കഴിച്ചിട്ടുണ്ടോ?" റഹീം മാഷ് എന്നോട് ചോദിച്ചു.
"ഞാൻ രാമശേരി ഇഡലി കഴിച്ചിട്ടുണ്ട്... ഇപ്പറഞ്ഞ ദോശ കേട്ടിട്ടില്ല..."
"ങാ എന്നാ ഒന്ന് കഴിച്ച് നോക്കണം..."
"എവിടെയാ ആ ദോശ കിട്ടുക?"
"ദേ ...നമ്മൾ പോകുന്ന വഴിക്ക് തന്നെയാ..."
"ഏയ്...അങ്ങോട്ടൊന്നും പോകേണ്ട..." ഷൈൻ സാർ ഇടക്ക് കയറി പറഞ്ഞു.
"സാർ , ആ ദോശ കഴിച്ച് നോക്കണം ...എന്നിട്ട് പറ ..." റഹീം മാഷ് ഷൈൻ സാറോട് പറഞ്ഞു.
"ഞാൻ അന്ന് നിങ്ങടെ കൂടെ വന്ന് കഴിച്ചതാ ..."
"ആ അത്...പുതിയ കട...ഇത് ഒറിജിനൽ കട ...."റഹീം മാഷ് വിട്ടില്ല.
"ഭൗമ സൂചികാ പദവി വല്ലതും ലഭിച്ചതാണോ ഈ ദോശക്ക്?" അറിയാനായി ഞാൻ ചോദിച്ചു.
"ഏയ്.. അത്തരം പൊല്ലാപ്പൊന്നും ഉണ്ടാക്കിയിട്ടില്ല ...ഇത് ഒരു സാദാ മനുഷ്യൻ നടത്തുന്ന കടയിലെ ദോശയാ.. "
"പിന്നെ എന്താ ഇത്ര പ്രത്യേകത? ?"
"മമ്മൂട്ടി വന്ന് കഴിച്ച ദോശയാണ് ..." ഒരു ബലം കിട്ടാൻ റഹീം മാഷ് പറഞ്ഞത്, സിനിമയുമായി ബന്ധമില്ലാത്ത എന്നോടായിപ്പോയി.
"ഏതായാലും ഇന്ന് നമുക്ക് ആ ദോശയാക്കാം രാത്രി ഭക്ഷണം ...സാർ വണ്ടി എടുക്ക്..." റഹീം മാഷ് ഷൈൻ സാറോട് പറഞ്ഞു. ഇതിനിടക്ക് ജയപാലൻ മാഷ് ഗൂഗിളിൽ അയ്യന്നൂർ എന്ന് ഒരു സർച്ച് നടത്തി.
"സാറേ ... ഇത് 250 കിലോമീറ്റർ ദൂരം കാണിക്കുന്നുണ്ട്..." ജയപാലൻ മാഷ് പറഞ്ഞു.
"ഏയ്...ഇത് ഇവിടെ അടുത്താ ... 2 .5 കിലോമീറ്റർ ആയിരിക്കും ...ശരിക്കും നോക്ക് ..." റഹീം മാഷ് അൽപം ഈർഷ്യയോടെ പറഞ്ഞു.
"എന്നാ ഇതാ നോക്ക് ...." ജയപാലൻ മാഷ് ഫോൺ റഹീം മാഷക്ക് നേരെ നീട്ടിക്കാണിച്ചു.
"അത് പയ്യന്നൂരാ ആ കാണിക്കുന്നത്...പൊട്ടത്തരം വിളിച്ചു പറയരുത്..." റഹീം മാഷുടെ ശാസന കേട്ട് സർവീസിൽ ജൂനിയറായ ജയപാലൻ മാഷ് സെർച്ചിംഗ് നിർത്തി ഫോൺ പോക്കറ്റിലേക്കിട്ടു.
"ഒരു സ്‌കൂളിനടുത്ത് നിന്ന് വലത്തോട്ട് തിരിയുന്ന വഴി ആണ് ... സാറ് വിട്ടോ ഞാൻ പറയാം..." റഹീം മാഷ് ഷൈൻ സാറോട് പറഞ്ഞു.
"വഴി കഴിഞ്ഞു പോയാൽ പിന്നെ തിരിച്ചു വരില്ല ട്ടോ ..." ഷൈൻ സാർ കട്ടായം നൽകി.
വഴി കണ്ടെത്തണേ എന്ന് ഞാൻ മനസാ പ്രാർത്ഥിച്ചു.കാരണം ഇനി ഈ അരിയന്നൂർ ദോശ കഴിക്കാൻ വേണ്ടി മാത്രം വണ്ടി എടുത്ത് അത് വഴി വരാൻ സാദ്ധ്യത കുറവായിരുന്നു.മാത്രമല്ല ആമാശയം ദോശയെ ആശിച്ച് കഴിഞ്ഞു.
"ദാ ...ഇത് തന്നെ വഴി..." ഒരു ചെറിയ അങ്ങാടിയിൽ നിന്നും വലത്തോട്ട് തിരിയുന്ന ഇരുട്ട് നിറഞ്ഞ റോഡ് ചൂണ്ടിക്കൊണ്ട് റഹീം മാഷ് പറഞ്ഞു.ഞാൻ അവിടെക്കണ്ട ഒരു പീടികയുടെ ബോർഡിലേക്ക് നോക്കി.ജയപാലൻ മാഷും കണ്ണട ശരിയാക്കി എന്തോ നോക്കുന്നുണ്ടായിരുന്നു.
"വെറുതെയല്ല ഗൂഗിളമ്മച്ചിക്ക് പിടി കിട്ടാഞ്ഞത് ... ഇത് അഴിയന്നൂരാ... നോട്ട് സൊ കാൾഡ് അരിയന്നൂർ..." ജയപാലൻ മാഷ് പറഞ്ഞു.
"ആ ... വിശക്കുന്ന സമയത്ത് ഇത്തരം ചില സ്പെല്ലിംഗ് മിസ്റ്റേക്കുകൾ സാധാരണമാണ് .... പോട്ടെ വണ്ടി ദോശക്കടയിലേക്ക് ...." റഹീം മാഷുടെ ഓർഡർ അനുസരിച്ച്, വലത്തോട്ടുള്ള ഇടുങ്ങിയ റോഡിലേക്ക് തിരിഞ്ഞ് ഞങ്ങളുടെ കറുത്ത ഹ്യുണ്ടായി ക്രെറ്റ ഇരുട്ടിലേക്ക് പ്രവേശിച്ചു.
(തുടരും..)
1 comments:
"ആ ... വിശക്കുന്ന സമയത്ത് ഇത്തരം ചില സ്പെല്ലിംഗ് മിസ്റ്റേക്കുകൾ സാധാരണമാണ് .... പോട്ടെ വണ്ടി ദോശക്കടയിലേക്ക് ...."
Post a Comment
നന്ദി....വീണ്ടും വരിക