Pages

Friday, April 30, 2021

മുറിഞ്ഞമാട് (എന്റെ അരീക്കോട് )

അരീക്കോട് നിന്നും എടവണ്ണപ്പാറ വഴി കോഴിക്കോട്ടേക്ക്  പോകുമ്പോൾ വെട്ടുപാറ എന്ന ഒരു ചെറിയ സ്റ്റോപ്പുണ്ട്. അവിടെ ചാലിയാർ  പുഴയുടെ മറുകരയിൽ കാലങ്ങളായി ഞാൻ കാണുന്ന വിശാലമായ ഒരു പുൽപ്പരപ്പുണ്ട്. 2018 ലെ പ്രളയത്തിന് തൊട്ടുമുമ്പാണെന്ന് തോന്നുന്നു, ഈ പുൽപ്പരപ്പ് വാർത്തകളിൽ സ്ഥാനം പിടിച്ചു. മുറിഞ്ഞമാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആ സ്ഥലം കൂടുതൽ ആളുകളുടെ നാവിൽ തത്തിക്കളിക്കാൻ തുടങ്ങിയതും അന്ന് മുതലാണെന്ന് തോന്നുന്നു. വൈകിട്ടാണ് ഈ റൂട്ടിൽ യാത്ര ചെയ്യുന്നതെങ്കിൽ ജനനിബിഡമായ ഒരു മൈതാനമായി അത് മാറുന്നത് പിന്നീട് ഞാൻ ശ്രദ്ധിച്ചു. ഒരു ദിവസം കുടുംബ സമേതം എനിക്കും ആ പുൽപ്പരപ്പിൽ കാറ്റു കൊണ്ടിരിക്കണം എന്ന ഒരാഗ്രഹം വെറുതെ മനസ്സിലിട്ടു. 

കാർ മുതലാളി ആയതോടെ ആഗ്രഹത്തിന് ചക്രം വയ്ക്കാൻ പിന്നെ അധികം താമസിച്ചില്ല. ഒരു ദിവസം വൈകിട്ട് ഭാര്യയേയും മക്കളെയും കൂട്ടി അങ്ങ് പുറപ്പെട്ടു. എന്റെ തൊട്ടടുത്ത പഞ്ചായത്തായ കിഴുപറമ്പിനെ, കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ രേഖപ്പെടുത്താൻ സാധ്യതയുള്ള സ്ഥലം എന്ന് പലരും പറഞ്ഞറിഞ്ഞ സ്ഥലത്ത് അങ്ങനെ ഞങ്ങൾ നേരിട്ടെത്തി. 

 എന്റെ നാട്ടിൽ നിന്നും വെറും പത്ത് കിലോമീറ്റർ ദൂരത്തിലുള്ള പ്രകൃതി രമണീയമായ ഒരു സ്ഥലമാണ് മുറിഞ്ഞമാട്. ചാലിയാറിന്റെ തീരത്ത് സ്വമേധയാ രൂപം കൊണ്ട വിശാലമായ ഒരു പുൽപ്പരപ്പ് ആണ് ഇതിന്റെ ആകർഷണീയത. വാഹനം പുഴ വരെ എത്തിയാൽ പാർക്ക് ചെയ്ത് നടത്തം തുടങ്ങാം. ചെറിയ കയറ്റവും ഇറക്കവും ആയി നീണ്ടു നിവർന്നു കിടക്കുന്ന ഒരു പച്ചപ്പരവതാനി വിരിച്ച പോലെ തോന്നും ആ പുൽപ്പരപ്പ്.അതവസാനിക്കുന്നിടത്ത് പുഴ അതിര് കാക്കുന്നു.

പുഴയിൽ സഞ്ചരിക്കണമെങ്കിൽ വള്ളം ഉണ്ട് .ഒരാൾക്ക് അമ്പത് രൂപ നൽകിയാൽ പത്തിരുപത് മിനുട്ട് ചാലിയാറിലൂടെ യാത്ര ചെയ്യാം (ഗ്രൂപ്പായി കയറുന്നവർ പലപ്പോഴും 100 രൂപയെ നൽകാറുള്ളൂ ). ഇത് അനൗദ്യോഗിക യാത്ര ആയതിനാലും വള്ളം തുഴയുന്നത് സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾ ആയതിനാലും യാതൊരു സുരക്ഷാ മുൻകരുതലുകളും ഇല്ലാത്തതിനാലും ഉൾഭയമുള്ളവർ യാത്ര ചെയ്യാതിരിക്കലാണ് നല്ലത്.

ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആൾക്കാർ വരെയുള്ളവർക്ക് വെള്ളത്തിൽ ഇറങ്ങി ആർമാദിക്കാൻ പറ്റിയ സ്ഥലങ്ങളും ഉണ്ട്. എല്ലാവരും ഇറങ്ങുന്നിടത്തേ ഇറങ്ങാവൂ. കാരണം മണലെടുത്ത കുഴികൾ പല സ്ഥലത്തും ഉണ്ടാകും.അധികം ആഴമില്ലാത്ത സ്ഥലം ആയതിനാൽ അഞ്ചു വയസ്സായ എന്റെ മോൻ വരെ വെള്ളത്തിൽ ഇറങ്ങി. അല്ലെങ്കിലും വെള്ളം കണ്ടാൽ അവനെ അടക്കി നിർത്താൻ വലിയ പാടാണ്.

സൂര്യൻ അസ്തമിച്ചിട്ടും ആ പുൽപ്പരപ്പിൽ നിന്നും ആൾക്കാർ വിട്ടു പോകാൻ മടിച്ച് നിന്നു. കാരണം ചാലിയാറിൽ നിന്നുള്ള കുളിർക്കാറ്റും ഈ പുൽമേടും അവരുടെ ഹൃദയത്തെ അപ്പോഴും തഴുകുന്നുണ്ടാകണം.

റൂട്ട് : 

1.മഞ്ചേരി-നിലമ്പുർ ഭാഗത്ത് നിന്ന് : അരീക്കോട് - പൂങ്കുടി - ഇടശ്ശേരിക്കടവ് പാലം വഴി കിഴുപറമ്പ

2. കൊണ്ടോട്ടി ഭാഗത്ത് നിന്ന് : എടവണ്ണപ്പാറ  - ഇടശ്ശേരിക്കടവ് പാലം വഴി കിഴുപറമ്പ

3. മുക്കം ഭാഗത്ത് നിന്ന് : നെല്ലിക്കാപ്പറമ്പ് - പന്നിക്കോട് വഴി കിഴുപറമ്പ

4 . കോഴിക്കോട് നിന്ന് : മാവൂർ - ചെറുവാടി വഴി കിഴുപറമ്പ അല്ലെങ്കിൽ ഊർക്കടവ് - എടവണ്ണപ്പാറ  - ഇടശ്ശേരിക്കടവ് പാലം വഴി കിഴുപറമ്പ 

4 comments:

Areekkodan | അരീക്കോടന്‍ said...

എന്റെ നാടിന്റെ തൊട്ടടുത്ത ഒരു പ്രദേശം ...

Areekkodan | അരീക്കോടന്‍ said...

സൂര്യൻ അസ്തമിച്ചിട്ടും ആ പുൽപ്പരപ്പിൽ നിന്നും ആൾക്കാർ വിട്ടു പോകാൻ മടിച്ച് നിന്നു. കാരണം ചാലിയാറിൽ നിന്നുള്ള കുളിർക്കാറ്റും ഈ പുൽമേടും അവരുടെ ഹൃദയത്തെ അപ്പോഴും തഴുകുന്നുണ്ടാകണം.

Muralee Mukundan , ബിലാത്തിപട്ടണം said...

സ്വന്തം നാടിന്റെ മനോഹാരിതകൾ

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ ... Yes

Post a Comment

നന്ദി....വീണ്ടും വരിക