Pages

Thursday, April 29, 2021

അടുവാട് ലോവർ പ്രൈമറി സ്‌കൂൾ - 1

ഇത്തവണത്തെ നിയമസഭാ ഇലക്ഷൻ ഡ്യൂട്ടി കിട്ടുമ്പോൾ സാധാരണ ഉണ്ടാകാറുള്ള ഒരു ടെൻഷൻ ഉണ്ടായിരുന്നില്ല. മാസങ്ങൾക്ക് മുമ്പ് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡ്യൂട്ടി റിസർവ്വ് ആയി അവസാനിച്ചതിനാലും 2019 ൽ നടന്ന ലോക്‌സഭാ ഇലക്ഷനിൽ ഡ്യൂട്ടി ഇല്ലാതിരുന്നതിനാലും ഒരു ഗ്യാപ് വന്ന സ്ഥിതിക്ക് ടെൻഷൻ ഉണ്ടാകേണ്ടതായിരുന്നു.എന്നാൽ സംഭവിച്ചത് നേരെ മറിച്ചായിരുന്നു.കാരണം ഇപ്പോളും അനന്തം അജ്ഞാതം.

പരിശീലന ക്ലാസ് എന്ന പേരിൽ ഒരേ വിഷയത്തിൽ രണ്ട് ദിവസങ്ങളിലായി രണ്ട് ക്ളാസുകൾ കേൾക്കേണ്ടി വന്നു എന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത.ക്ലാസ് കഴിഞ്ഞ്,തെരഞ്ഞെടുപ്പ് സംബന്ധമായി ആദ്യമായി ഒരു ഓൺലൈൻ പരീക്ഷയും (ഇത് കോഴിക്കോട് ജില്ലയിൽ ഡ്യൂട്ടി ഉള്ളവർക്ക് മാത്രമായിരുന്നു എന്നും കേൾക്കുന്നു) അറ്റന്റ് ചെയ്തു.കളക്ടർ ക്ലാസിൽ വന്ന് ചോദ്യങ്ങൾ ചോദിച്ചിരുന്നു എന്നും കേട്ടു, സത്യമാണോ എന്നറിയില്ല. പ്രിസൈഡിംഗ് മുതൽ തേഡ് പോളിങ് ഓഫീസർ വരെയുള്ള ഫുൾ ടീമും രണ്ടാമത്തെ ക്ലാസ്സിൽ ഉണ്ടായിരുന്നതിനാൽ പോളിങ് ടീമിനെ നേരത്തെ പരിചയപ്പെടാൻ അത് ഉപകാരപ്പെട്ടു. 

ടീം നേരത്തെ സെറ്റ് ആയാലും അപ്രതീക്ഷിത കാരണങ്ങൾ അതിനെ പൊളിക്കും എന്നത് വീണ്ടും തെളിഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ അടുവാട് ലോവർ പ്രൈമറി സ്‌കൂൾ ആയിരുന്നു ഞങ്ങൾക്ക് കിട്ടിയ ബൂത്ത് നമ്പർ 108 .പോൾ മാനേജർ ആപ് വഴി ഷെഡ്യൂൾ ചെയ്ത സമയം അനുസരിച്ച് 11 മണിക്കായിരുന്നു കളക്ഷൻ സെന്ററായ ഗവ. ലോ കോളേജിൽ എത്തേണ്ടത്.അങ്ങനെ ഒത്തുകൂടിയപ്പോളാണ് സെക്കന്റ് പോളിങ് ഓഫീസർ, ഭർത്താവിന്റെ പെട്ടെന്നുള്ള അസുഖം കാരണം ആബ്സന്റായത്. പുതിയ ആളെ നിയമിച്ചു കിട്ടാൻ റിട്ടേണിംഗ് ഓഫീസർക്ക് വെള്ളക്കടലാസിൽ അപേക്ഷ എഴുതി നൽകി അവരത് വെരിഫൈ ചെയ്ത് റിസർവ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന ഡെസ്കിൽ എത്തിയപ്പോഴേക്കും സമയം ഏറെ കഴിഞ്ഞിരുന്നു.

ഞാനും വേളം ഹൈസ്‌കൂളിലെ കണക്കധ്യാപിക ജ്യോതി ടീച്ചർ, ചെറുവണ്ണൂർ ഇ .എസ് .ഐ ആശുപത്രിയിലെ സീനിയർ ക്ലർക്ക് ജിഷി,മലാപ്പറമ്പ് വനിതാ പോളിടെക്നിക്കിലെ ട്രേഡ്‌സ്മാന് ശ്രീജിത്ത് എന്നിവരും അടങ്ങിയതായിരുന്നു പോളിങ് ടീം. ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് തുടങ്ങീ യഥാർത്ഥ തെരഞ്ഞെടുപ്പ് സാമഗ്രികൾക്ക് പുറമെ വിവി പാറ്റ് എന്ന ഗമണ്ടൻ സാധനവും പത്തോളം സാനിറ്റൈസർ ബോട്ടിലുകളും കോവിഡിൽ നിന്നും രക്ഷപ്പെടാനുള്ള സർവ്വ സാമഗ്രികളും അടങ്ങിയ ഒരു ഭാണ്ഡക്കെട്ടും ആയിരുന്നു വിതരണ കേന്ദ്രത്തിൽ നിന്ന് തന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ ഞങ്ങൾ പോളിങ് ബൂത്തിലെത്തി. 

മറ്റു ബൂത്തുകൾ കണ്ട ശേഷം ഈ സ്‌കൂൾ കണ്ടപ്പോൾ നിരാശ തോന്നി. ആകെയുള്ള നാല് ക്ലാസ്‌റൂമുകളും നാല് ബൂത്തായി മാറ്റിയിരുന്നു. എല്ലാം അടുത്തടുത്തായതിനാൽ വോട്ടർമാർക്ക് കൺഫ്യുഷന് വേറെ എവിടെയും പോകേണ്ടി വരില്ല എന്നുറപ്പായി.ബൂത്തിൽ പ്രദർശിപ്പിക്കാൻ  തന്ന പോസ്റ്ററുകൾ എല്ലാ ബൂത്തുകാരും കൂടി മത്സരിച്ച് ഒട്ടിച്ചതോടെ സ്‌കൂൾ ചുമര് നിമിഷനേരം കൊണ്ട്  പാളയം ബസ് സ്റ്റാന്റിന്റെ ചുമര് പോലെയായി.

അതിനിടക്ക് നാട്ടുകാരും കുശലാന്വേഷണത്തിന് വരാൻ തുടങ്ങി.വന്നവരിൽ ചിലർ ഭക്ഷണം അവർ എത്തിക്കും എന്നറിയിച്ചതോടെ ആദ്യം ഉണ്ടായ നിരാശ ചാലിയാർ കടന്ന് അക്കരെയെത്തി. അഞ്ചു മണിയായതോടെ ഏജന്റുമാർ ചിലരും എത്തി. അവരോട് അല്പം കഴിഞ്ഞ് വരാൻ പറഞ്ഞ് മടക്കി വിട്ടു. അപ്പോഴാണ് അത്യാവശ്യം പ്രായമായൊരാൾ ഒരു കടലാസുമായി വന്നത്.

"സാർ ... ഒരു ഏജന്റ് " കൂടെയുണ്ടായിരുന്ന പോളിങ് ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞു.

"രാവിലെ പുറപ്പെട്ടാൽ അഞ്ച് മണിക്ക് എത്താൻ പറ്റില്ല.... അതോണ്ട് ഞാൻ ഇന്ന് തന്നെ പോന്നു ... ഇവിടെ ബൂത്തിനകത്ത് കടക്കാൻ പറ്റില്ലേ?"  

(തുടരും...)

1 comments:

Areekkodan | അരീക്കോടന്‍ said...

ഇലക്ഷൻ അനുഭവങ്ങൾ

Post a Comment

നന്ദി....വീണ്ടും വരിക