Pages

Friday, April 16, 2021

മരം നമ്പർ - 25

ഞങ്ങളുടെ ഇപ്രാവശ്യത്തെ വിവാഹ വാർഷിക മരമായ ആയുർജാക്കും ഭാര്യയുടെ ഇക്കഴിഞ്ഞ ജന്മദിന മരമായ മാങ്കോസ്റ്റിനും പിച്ച വച്ച് തുടങ്ങുന്ന മുറ്റത്ത് ഇക്കഴിഞ്ഞ ദിവസം മൂന്ന് തൈകൾ കൂടി സ്ഥാനം പിടിച്ചു. ലിദു മോൻ ഭൂമിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയതിൻറെ ഓർമ്മക്കായി ഒരു നട്ട് ബട്ടർ ഫ്രൂട്ടിന്റെ തൈ അവൻ തന്നെ നട്ടു. ലൂന മോളുടെ രണ്ടാം ജന്മദിനത്തിൽ നടതും ഇപ്പോൾ കായ്ച്ചു നിൽക്കുന്നതുമായ സീതപ്പഴച്ചെടിയുടെ തൊട്ടടുത്ത് തന്നെയാണ് അവന്റെ മരവും നട്ടത്. അതിനാൽ കൂട്ടുകാരോട് അവൻ ആവേശപൂർവ്വം പറയും - അത് ഇത്തയുടെ മരം , ഇത് എന്റെ കൃഷിയും (അവൻ നട്ട തൈക്ക് കൃഷി എന്നാണ് അവൻ പറയുന്നത് ). 
രണ്ടാമത്തെയും മൂന്നാമത്തെയും മക്കളുടെ ജന്മദിനം മാർച്ച് 18 നായിരുന്നു. കഠിനമായ വെയിലായതിനാൽ തൈകൾ പിന്നീട് വയ്ക്കാം എന്നായിരുന്നു ഉദ്ദേശിച്ചത്. അപ്പോഴാണ്  കൃഷിഭവനിൽ നിന്നും പപ്പായ തൈകളും പേരക്ക തൈകളും എത്തിയതായി സന്ദേശം ലഭിച്ചത്. കോളേജിൽ നിന്നും നേരത്തെ എത്തിയ ഒരു ദിവസം വൈകിട്ട് അഞ്ചുമണിയോടെ വെറുതെ ഞാൻ കൃഷിഭവനിൽ ചെന്നു നോക്കി.ഓഫീസ് അടച്ചിട്ടില്ല എന്ന് മാത്രമല്ല , വളരെ സൗമ്യമായി രണ്ട് തൈകൾ വീതം അനുവദിച്ച് തരികയും ചെയ്തു. അവയും ബർത്ത് ഡേ മരങ്ങളായി മുറ്റത്ത് സ്ഥാനം പിടിച്ചതോടെ വീട്ടുവളപ്പിലെ മരങ്ങളുടെ എണ്ണം മരം നമ്പർ 25 ൽ എത്തി എന്നാണ് എൻ്റെ കണക്കു കൂട്ടൽ. 
നമ്മുടെ വീട്ടിലെ വിശേഷ ദിവസങ്ങളിൽ കുറെ പലഹാരം ഉണ്ടാക്കിയും പടക്കവും പൂത്തിരിയും കത്തിച്ചും പണം ദുർവ്യയം ചെയ്യുന്നതിലും എത്രയോ നല്ലതാണ് തലമുറകൾക്ക് ജീവവായുവും പഴങ്ങളും നൽകുന്ന ഒരു തൈ നടൽ എന്നാണ് എൻ്റെ അഭിപ്രായം. നിങ്ങൾ അനുകൂലിക്കുന്നുവെങ്കിൽ മൈ ബർത്ത്ഡേ ആൻ എർത്ത് ഡേ എന്ന ഈ നിശബ്ദ യജ്ഞത്തിൽ പങ്കാളികളാവുക. നാളെക്കായി നമുക്ക് ഇന്ന് കൈകോർക്കാം.

3 comments:

Areekkodan | അരീക്കോടന്‍ said...

നാളെക്കായി നമുക്ക് ഇന്ന് കൈകോർക്കാം.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇങ്ങനെ പോകുകയാണേൽ ഒരു ദശാബ്ദം കഴിഞ്ഞാൽ പുരയിടം കാടായി മാറുമല്ലോ

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ ... നന്ദി ...അങ്ങനെയാവട്ടെ

Post a Comment

നന്ദി....വീണ്ടും വരിക