Pages

Tuesday, April 13, 2021

ചിഹ്നം

 രാമേട്ടന്റെ മക്കാനിയിൽ ആവി പറക്കുന്ന ചായക്കൊപ്പം ചൂടേറിയ പോസ്റ്റ് ഇലക്ഷൻ ചർച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് അയമുക്ക അങ്ങോട്ട് കയറി വന്നത്. 

"അല്ല... ഇതെന്താ കഥ ... റഹീമും ദിനേശനും ഒപ്പം ?"

"തെരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ...ഇനി ഒപ്പം ഇരിക്കാലോ ..." 

"ആ ....ന്നാ ഇനിക്ക് ഇമ്മിണി ബല്ല്യ ഒരു സംശ്യം ണ്ടായിനി... ഇങ്ങള് രണ്ടാളും അതൊന്ന് തീർത്ത് തരി ..."

"ആയിക്കോട്ടെ , ചോദിച്ചോളിൻ അയമുക്കാ.."

"റഹീമേ...അന്റെ ചിഹ്നം എന്തേയ്‌നി?"

"ഫുട്ബാൾ"

"ആ ... പന്ത് ... അയ്‌നെപ്പറ്റി ഞമ്മള് കൊറേ കേട്ട്ക്ക്ണ്..."

"ആ...എന്നിട്ട് ?"

"പക്ഷേങ്കില്....ഇതിക്കൂടെ ഇങ്ങനെ വിളിച്ച് പറഞ്ഞ് പോയിനി....ശാന്തിയുടെ സമാധാനത്തിന്റെ ഐക്യത്തിന്റെ പുരോഗതിയുടെ ചിഹ്നമായ ഫുട്ബോൾ അടയാളത്തിൽ..."

"ഈ ഫുട്ബാൾ എങ്ങന്യാ ശാന്തി -സമാധാനം ഒക്കെ ഉണ്ടാക്കണെ..."

"അയ്‌മുക്കാ... നിങ്ങള് കേട്ടിട്ടില്ലേ..സൗഹൃദ ഫുട്ബാൾ മത്സരം ന്ന് ...വേറെ ഏതെങ്കിലും മത്സരം ഇങ്ങനെ നടക്കുന്നുണ്ടോ? അപ്പം ഫുട്ബാൾ അല്ലേ ശാന്തി -സമാധാനം-ഐക്യം  ഒക്കെ ഉണ്ടാക്കണെ ...."

"ഓ...അങ്ങന്യാ ല്ലേ...അപ്പം പുരോഗതിയുടെ ചിഹ്നം ന്ന് പറഞ്ഞതോ ?"

"ഹ അതല്ലേ ഫസ്റ്റ് പറയേണ്ടത്...  ഇന്ത്യൻ സോക്കർ ലീഗ് വന്നപ്പളല്ലേ നമ്മളെ ഈ കൂരാട്ടിലും കൂരാട് സോക്കർ ലീഗ് ഉണ്ടായത്. അതല്ലേ ഫുട്ബാളിലൂടെയുള്ള പുരോഗതി... "

"ങാ ....മനസ്സിലായി ...അപ്പം....മോനേ ദിനേശാ ... അന്റെ ചിഹ്നം എന്തേയ്‌നി?"

"ഗ്ളാസ്"

"അന്റെ പാർട്ടിം വിളിച്ച് പറഞ്ഞ് പോയിന്യല്ലോ ....ശാന്തിയുടെ സമാധാനത്തിന്റെ ഐക്യത്തിന്റെ പുരോഗതിയുടെ ചിഹ്നമായ ഗ്ളാസ് അടയാളത്തിൽ..."

"ഗ്ളാസ് എങ്ങന്യാ ശാന്തി -സമാധാനം ഒക്കെ ഉണ്ടാക്കണെ..."

"എന്താ അയമാക്കാ... മനസ്സിന് ശാന്തി-സമാധാനം ഒക്കെ കിട്ടണെങ്കി എല്ലാരും പറയാറില്ലേ..രണ്ട്... "

"പുഗ്ഗ്  അടിക്കണം .."

"പുഗ്ഗ് അല്ല , പെഗ്ഗ് ....അത് ഗ്ളാസ്സില്ലാതെ നടക്കോ ?"

"ഓ ...അങ്ങനെ ....അപ്പം പുരോഗതിയും ക്ലാസും തമ്മിൽ എന്താ ബന്ധം ?"

"നാട് പുരോഗമിക്കണമെങ്കിൽ വികസനം ഉണ്ടാവണം ...അതിന് നികുതിപ്പണം ഉണ്ടാവണം....ഏറ്റവും കൂടുതൽ വരുമാനം നമ്മുടെ നാട്ടിനുണ്ടാവുന്നത് ബീവറേജസിലൂടെയാ... അവിടെയും ഗ്ളാസ് ഒരു പ്രധാന പങ്ക് വഹിക്കുന്നു..."

"ഓ..കെ.... ഇഞ്ഞി ഇനിക്ക് ഒരു സംശ്യം ഇല്ല... രണ്ടും അയിന്റെ ഒക്കെ ചിഹ്നം തന്നെ..."

"അപ്പോൾ നിങ്ങൾ ഏതിനാ അയമുക്കാ വോട്ട് ചെയ്തത് ?" റഹീമും ദിനേശനും ഒരുമിച്ച് ചോദിച്ചു.

"സംശ്യം ന്താ... ശാന്തിയുടെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും പുരോഗതിയുടെയും ചിഹ്നത്തിന് തന്നെ ..."

3 comments:

Areekkodan | അരീക്കോടന്‍ said...

ശാന്തിയുടെ സമാധാനത്തിന്റെ ഐക്യത്തിന്റെ പുരോഗതിയുടെ ചിഹ്നമായ...

Muralee Mukundan , ബിലാത്തിപട്ടണം said...

ശാന്തിയുടെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും പുരോഗതിയുടെയും ചിഹ്നത്തിന് ചാർത്തിയ വോട്ട്

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ ... നന്ദി

Post a Comment

നന്ദി....വീണ്ടും വരിക