Pages

Thursday, April 08, 2021

ഒരു തെരഞ്ഞെടുപ്പ് അമളി

ഇലക്ഷൻ അനുബന്ധ സാമഗ്രികൾ എല്ലാം ഏറ്റ് വാങ്ങിയ ശേഷം  ആ വിവരം സ്വന്തം വീട്ടിലേക്ക് വിളിച്ചു പറയുന്നത് സ്നേഹമുള്ള ഏതൊരു ഭർത്താവിൻ്റെയും ഭാര്യയുടെയും ലക്ഷണമാണ്. കാരണം ഇനി ഒരു ഫോൺ വിളി സാധ്യമാവോ ഇല്ലേ എന്ന് തീർച്ചയില്ല എന്നത് തന്നെ.

പതിവ് തെറ്റിക്കാതെ ഇത്തവണയും ഞാൻ വീട്ടിലേക്ക് വിളിച്ചു. 

"ഹലോ.. ."

"ഹലോ.. ങാ... പുറപ്പാട് തുടങ്ങിയോ..?"

"അതെ... കഷ്ടപ്പാട് തുടങ്ങി...ടീമിലെ ഒരു ലേഡി പോളിംഗ് ഓഫീസർ എത്തിയിട്ടില്ല "

"എന്നിട്ടോ ?"

" പകരം ഒന്നിനെ അപേക്ഷ കൊടുത്ത് വാങ്ങി "

" അതും ലേഡി തന്നെയല്ലേ..?"

"അതെന്താ ...? ആണിനെ പറ്റില്ലേ?"

"അതല്ല .. നിങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകേണ്ടത് ഫസ്റ്റ് പോളിംഗ് ഓഫീസറായ ലേഡി അല്ലേ ... അപ്പോൾ പിന്തുണ കൂടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ നല്ലതും ഒരു ലേഡി തന്നെയാ..."

"ഓ ... ഓ കെ ..."

"നിങ്ങളുടെ ടീമിൻ്റെ ഒരു ഫോട്ടോ അയക്കണേ.."

ഭാര്യ ആവശ്യപ്പെട്ട പ്രകാരം പോളിംഗ് സാമഗ്രികളുമായി നിൽക്കുന്ന ടീമിൻ്റെ ഫോട്ടോ ഞാൻ വാട്സാപ്പിൽ അയച്ചുകൊടുത്തു..

'മോഹൻലാലും രണ്ട് മഞ്ഞക്കിളികളും ' ഫോട്ടോ കണ്ട അവളുടെ പ്രതികരണം ഉടനെ എത്തി.

'ഞാനും അതിലുണ്ട്....' ഞാൻ അവളെ ഓർമ്മിപ്പിച്ചു.

'ങാ...കണ്ടു...കോവിഡ് കാലമാണ്... സോഷ്യൽ ഡിസ്റ്റൻസിങ് ഇപ്പഴേ നല്ലോണം പാലിച്ചോളൂ ...'  അവൾ മറുപടി മെസേജ് അയച്ചു.

*************

സമാധാനപരമായ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് സാമഗ്രികൾ എല്ലാം തിരിച്ചേൽപിച്ച് പിറ്റേന്ന് പുലർച്ചയോടെ ഞാൻ വീട്ടിലെത്തി. കുളിച്ച് ഫ്രഷായി വീടിനകത്ത് കയറി. അലക്കാനുള്ളതെല്ലാം ബാഗിൽ കുത്തിത്തിരുകി വച്ചിട്ടുണ്ട് എന്ന് ഭാര്യയെ ഓർമ്മിപ്പിച്ച് വിരിച്ചിട്ട കിടക്കയിലേക്ക് മറിഞ്ഞ് വീണു.

ഏകദേശം മൂന്ന് മണിക്കൂർ കഴിഞ്ഞ് ഭാര്യയുടെ വിളി കേട്ട് ഞാൻ ഞെട്ടിയുണർന്നു. 

"ഇതെല്ലാം നിങ്ങൾത് തന്നെയാണോ മനുഷ്യാ ? "

"പിന്നെ.. നാട്ടുകാരുടേത് വാങ്ങി ഞാൻ എന്റെ ബാഗിലിടോ...?" നല്ല ഉറക്കം നഷ്ടപ്പെടുത്തിയ ദ്വേഷ്യത്തിൽ ഞാൻ പറഞ്ഞു.

"ഈ അണ്ടർ വെയറോ ?"

"അതും എൻ്റേതാ.."

"നിങ്ങളെന്നാ ഇത് ഉപയോഗിക്കാൻ തുടങ്ങിയത് ?"

"അത് ... ഇന്നലെ ഡ്യൂട്ടിക്ക് പോകുമ്പോൾ വാങ്ങിയതാ....അതോണ്ടാ നിനക്ക് മനസ്സിലാകാത്തത്... " 

"ങേ !!  ഇതോ ?? ..."

ഞാൻ കണ്ണ് തിരുമ്മി ഭാര്യയുടെ നേരെ സൂക്ഷിച്ച് നോക്കി. അവളുടെ കയ്യിൽ, ബാഗിൽ നിന്ന് വലിച്ചെടുത്ത ഒരു ലേഡീസ് അണ്ടർവെയർ !! 

****************  

ഗുണപാഠം 1 : പോളിങ് ടീമിന്റെ ഫോട്ടോ ഒരിക്കലും വീട്ടിലേക്ക് അയച്ചു കൊടുക്കരുത്.

ഗുണപാഠം 2 : പോളിങ് ടീം അംഗങ്ങളുടെ ബാഗുകൾ ഒരു കാരണവശാലും അടുത്തടുത്ത് വയ്ക്കരുത് 

3 comments:

Areekkodan | അരീക്കോടന്‍ said...

ഇനി ആർക്കും പറ്റാതിരിക്കാൻ എല്ലാ ഉദ്യോഗസ്ഥരും വായിക്കുക...

Muralee Mukundan , ബിലാത്തിപട്ടണം said...

രണ്ട് ഗുണപാഠം പഠിച്ചു
മിടുക്കൻ

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ ... അതെ

Post a Comment

നന്ദി....വീണ്ടും വരിക