Pages

Monday, April 12, 2021

പ്രിസൈഡിംഗ് ഓഫീസറുടെ തുറന്ന ഡയറി

ഒരു തെരഞ്ഞെടുപ്പ് മാമാങ്കം കൂടി കഴിഞ്ഞു പോയി.കോവിഡ് മഹാമാരിക്കിടയിലും ചിലർ ജാഗ്രതയോട് കൂടിയും ഭൂരിപക്ഷം പേരും ജാഗ്രതക്കുറവോടെയും തെരഞ്ഞെടുപ്പിനെ നേരിട്ടു.പരിണിതഫലം നാം പിന്നീടുള്ള ദിവസങ്ങളിലെ പത്ര റിപ്പോർട്ടുകളിലൂടെ അറിഞ്ഞ് കൊണ്ടിരിക്കുന്നു. 

ലോകം സാങ്കേതിക വിദ്യയിലൂടെ മുന്നോട്ട് കുതിക്കുന്ന വേളയിൽ ഏത് ടെക്നൊളജിയുടെയും തലപ്പത്തുള്ളത് ഒരു ഇന്ത്യക്കാരനാണെന്ന് അറിയുമ്പോൾ ഒരഭിമാനമുണ്ടായിരുന്നു.ആ ഇന്ത്യയിലെ ഏറ്റവും സാക്ഷരരും സംസ്കാര സമ്പന്നരും ആയവർ മലയാളികളാണ് എന്ന് കേൾക്കുമ്പോൾ രക്തത്തിന്റെ ചൂട് സിരകളിൽ നിന്ന് തൊലിപ്പുറത്ത് അറിയാറുണ്ട്. എന്നിട്ടും നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയ ഇന്നും എന്തു കൊണ്ട് ജാമ്പവ യുഗത്തിൽ തന്നെ കഴിയുന്നു എന്ന് മനസ്സിലാവുന്നില്ല.

ബാലറ്റ് പേപ്പറും പെട്ടിയും മാറിയെങ്കിലും അതിനേക്കാളും വലിയ കുറെ മെഷീനുകൾ ബൂത്തിലേക്ക് താങ്ങിപ്പിടിക്കേണ്ട അവസ്ഥയിലാണ് ഇത്തവണത്തെ പോളിങ് നടന്നത്.പുറമെ കോവിഡ് പ്രതിരോധ സാമഗ്രികളുടെ മൂന്നാല് കെട്ടുകളും. 

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കൂട്ടം കൂട്ടുന്നത് ഒഴിവാക്കാൻ പോളിങ് ടീമിനോട് കൗണ്ടറിൽ ഒപ്പിട്ട് ഇത്രാം നമ്പർ ബസ്സിൽ കയറി ഇരിക്കാൻ പറഞ്ഞ് എല്ലാ സാമഗ്രികളും ബൂത്തിൽ നേരിട്ട് എത്തിക്കേണ്ടതായിരുന്നു. എല്ലാ ബൂത്തിലും തെരഞ്ഞെടുപ്പിന്റെ തലേദിവസം സെക്ടർ ഓഫീസർ അടക്കമുള്ള വിവിധ പോളിങ് ഉദ്യോഗസ്ഥർ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും സന്ദർശിക്കുന്ന സ്ഥിതിക്ക് ഇത് നടപ്പിൽ വരുത്താൻ വളരെ എളുപ്പവുമായിരുന്നു.പോളിങ് കഴിഞ്ഞ ശേഷവും കൺട്രോൾ യുണിറ്റ് ഒഴികെയുള്ള സാധനങ്ങൾ എല്ലാം സെക്ടർ ഓഫീസർമാർ ബൂത്തിൽ വച്ച് തിരിച്ചെടുക്കുന്ന സംവിധാനം ഉണ്ടായാൽ സ്വീകരണ കേന്ദ്രത്തിലെ അനാവശ്യ തിരക്കും സമയം പാഴാക്കലും ഒഴിവാക്കാവുന്നതായിരുന്നു. പ്രിസൈഡിംഗ് ഓഫീസർ മാത്രം കൗണ്ടറിൽ പോയാൽ മതിയാവുമായിരുന്നു.

ഏതോ കാലത്ത് തുടങ്ങി വച്ച കുറെ കാര്യങ്ങൾ ഇപ്പോഴും നാം വെറുതെ കൊണ്ട് നടക്കുന്നതിന്റെ ഫലമായാണ് ഇലക്ഷൻ പ്രക്രിയ ഇത്രയും സങ്കീർണ്ണമാകുന്നത്.ഇത്രയധികം എഴുത്തുകളും കവറുകളും എന്തിനാണെന്ന് ഇന്നും ഒരു പിടി പാടും ഇല്ല. ഒന്നാം പോളിങ് ഓഫീസർ കുത്തിവരച്ച് കഴിഞ്ഞ മാർക്കഡ് കോപ്പി പിന്നെയും സീൽ ചെയ്ത കവറിലാക്കുന്നത് എന്തിനാണാവോ? അതെ പോലെ കൺട്രോൾ യൂണിറ്റിന്റെയും ബാലറ്റ് യൂണിറ്റിന്റെയും നമ്പറുകൾ പിന്നെയും പിന്നെയും പലയിടത്തും എഴുതേണ്ടതിന്റെ ആവശ്യകത എന്താണെന്ന് മനസ്സിലാകുന്നില്ല. പോൾ മാനേജർ പോലെ ഒരു കിടയറ്റ ആപ്പ് ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കും .ബൂത്തിൽ നല്ലൊരു ഇൻ്റർനെറ്റ് കണക്ഷൻ ഉണ്ടാവണം എന്ന് മാത്രം. 

പല പ്രിസൈഡിങ്ങ് ഓഫീസർമാരും അനുഭവിച്ച ഒരു പ്രശ്നം ഓപണ്‍ വോട്ട് സംബന്ധിച്ചാണ്.എഴുത്തും ചിഹ്നവും കാണിച്ച് കൊടുത്ത് കാഴ്ച പരിശോധിക്കാനേ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് കഴിയൂ.ശേഷം വോട്ടർ പറയുന്നത് വിശ്വസിക്കുകയേ നിര്‍വ്വാഹമുള്ളൂ.മിക്കവർക്കും "കണ്ണ് കാണുന്നില്ല' എന്നതാണ് "പ്രശ്നം''. ഇത് നേരത്തെ അറിയാവുന്നതായതിനാൽ ഇത്തരം വോട്ടര്‍മാര്‍ ഒരു മാസത്തിനിടക്ക് ഒരു സിവില്‍ സര്‍ജ്ജനില്‍ നിന്നും വാങ്ങിയ കാഴ്ച/അവശത സംബന്ധമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിഷ്കര്‍ഷിക്കാവുന്നതാണ്.അല്ലെങ്കില്‍ എൺപത് വയസ്സ് കഴിഞ്ഞവർക്ക് ഇത്തവണ ഏർപ്പെടുത്തിയ പോലെ വീട്ടിൽ വച്ച് വോട്ട് ചെയ്യാനുള്ള സൗകര്യം ഇവർക്കും ഏർപ്പെടുത്തുകയും നിർബന്ധമായും അവിടെ വച്ച് തന്നെ വോട്ട് ചെയ്യുകയും വേണം. അതുമല്ലെങ്കിൽ ഇത്തരം വോട്ടര്‍മാര്‍ക്ക് പ്രത്യേകം  ബാലറ്റില്‍ വോട്ട് രേഖപ്പെടുത്താന്‍ സൌകര്യം നല്‍കാവുന്നതാണ്.ഓപണ്‍ വോട്ടുകള്‍ക്ക് യഥാര്‍ത്ഥ വോട്ടിന്റെ മൂല്യം നല്‍കുന്നതും ഒഴിവാക്കാവുന്നതാണ്(ടെന്‍‌ണ്ടേഡ് വോട്ടിനെപ്പോലെ).അവരവരുടെ ശക്തികേന്ദ്രങ്ങളില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഓപണ്‍ വോട്ട് തന്ത്രം പയറ്റും എന്നതിനാല്‍ സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ് ജോലി നിര്‍വ്വഹിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടത് എത്രയും അനിവാര്യമാണ്.

             സ്റ്റേഷനറി സാമഗ്രികൾക്കും ശീതീകരിച്ച വണ്ടികളിൽ നാട് ചുറ്റുന്ന നിരീക്ഷകർക്കും വേണ്ടി പൊടി പൊടിക്കുന്ന കോടികള്‍ ഇനിയെങ്കിലും ഓഡിറ്റിന്ന് വിധേയമാക്കണം.  വോട്ടർമാരുമായി യഥാർത്ഥത്തിൽ ഇടപെടാനായി ബൂത്തിലേക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ഹോണറേറിയം വളരെ തുച്ഛമാണ്. 8 മണിക്കൂര്‍ ജോലിക്ക് അതിഥി തൊഴിലാളികള്‍ക്ക് പോലും 800 രൂപ വരെ ലഭിക്കുമ്പോള്‍ ഗസറ്റഡ് ഉദ്യോഗസ്ഥരായ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് 48 മണിക്കൂര്‍ ടെന്‍ഷന്‍ നിറഞ്ഞ ജോലിക്കും രണ്ട് ദിവസത്തെ ഇലക്ഷൻ ക്ലാസിനും കൂടി ഇത്തവണ ലഭിച്ചത് വെറും 2350 രൂപയും മറ്റ് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് 2000 രൂപയുമാണ് എന്നത് പുറത്ത് പറയാന്‍ മടിയുണ്ട്.തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യവും അടിയന്തിരമായി പുന:പരിശോധിക്കേണ്ടതുണ്ട്. 

3 comments:

Areekkodan | അരീക്കോടന്‍ said...

വെറുതെയെങ്കിലും ...

Muralee Mukundan , ബിലാത്തിപട്ടണം said...

സ്റ്റേഷനറി സാമഗ്രികൾക്കും ശീതീകരിച്ച വണ്ടികളിൽ നാട് ചുറ്റുന്ന നിരീക്ഷകർക്കും വേണ്ടി പൊടി പൊടിക്കുന്ന കോടികള്‍ ഇനിയെങ്കിലും ഓഡിറ്റിന്ന് വിധേയമാക്കണം.

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ ... നന്ദി

Post a Comment

നന്ദി....വീണ്ടും വരിക