Pages

Sunday, August 27, 2023

ഓ(യ്യ)യോ റൂംസ് ... (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 1)

(ആദ്യം ഇത് വായിക്കുക)

സെറായി റോഹില്ല സ്റ്റേഷനിൽ ഞങ്ങൾ എത്തുമ്പോൾ രാത്രി ഒമ്പത് മണിയായിരുന്നു. രാത്രി പത്തരക്കായിരുന്നു ഞങ്ങളുടെ ട്രെയിൻ.മറ്റേതോ സ്ഥലത്ത് നിന്ന് വന്ന് സെറായി റോഹില്ല വഴി രാജസ്ഥാനിലെ തന്നെ ജോധ്പൂരിലേക്കുള്ള ട്രെയിൻ ആണ് ഇതെന്നായിരുന്നു എന്റെ ധാരണ.ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ തന്നെയാണ് ട്രെയിൻ വരുന്നത് എന്ന് എൻക്വയറി കൗണ്ടറിൽ നിന്നും ഞാൻ മനസ്സിലാക്കി.ഞങ്ങളെത്തുമ്പോൾ തന്നെ അവിടെ ഒരു ട്രെയിൻ കിടന്നിരുന്നതിനാൽ അത് പോയിട്ടേ ഞങ്ങളുടെ ട്രെയിൻ വരൂ എന്നും സമാധാനിച്ചു.

ഭക്ഷണം കഴിക്കാനിരുന്നാൽ സമയം വൈകും എന്നതിനാൽ ന്യൂ ഡൽഹിയിൽ നിന്ന് അത് പാർസലാക്കിയായിരുന്നു ഞങ്ങളുടെ വരവ്. ട്രെയിൻ വരാൻ ഇനിയും ധാരാളം സമയം ബാക്കിയുള്ളതിനാൽ ഞങ്ങൾ ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു.പക്ഷെ എല്ലാവർക്കും ഇരിക്കാൻ പറ്റിയ ഒരു സ്ഥലം ആ ചെറിയ സ്റ്റേഷനിൽ കണ്ടില്ല.ഇരിക്കാനുള്ള ഒഴിഞ്ഞ സ്ഥലങ്ങളിൽ ആകട്ടെ , അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടികൾ  സ്ഥാനം പിടിച്ചിരുന്നു.അവസാനം, ഉള്ള സ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നു.വിശക്കുന്ന പട്ടികളും  അതിലേറെ കുട്ടികളും ഞങ്ങളെത്തന്നെ നോക്കി നിന്നതിനാൽ അത് വേഗം പൂർത്തിയാക്കി. ഒരു ഭക്ഷണ പൊതി നോക്കി നിന്ന കുട്ടികൾക്ക് നല്കാതിരിക്കാനായില്ല.

സമയം പത്ത് മണിയോടടുത്തിട്ടും ഒന്നാം നമ്പർ പ്ലാറ്റുഫോമിലെ വണ്ടിക്ക് അനക്കം സംഭവിച്ചിട്ടില്ലായിരുന്നു. ജയ്‌പൂരിൽ ഞങ്ങളെത്തുന്നത് പുലർച്ചെ മൂന്ന് മണിക്കായതിനാൽ വണ്ടിയിൽ കയറിയ ശേഷം ഉറങ്ങുക എന്നത് റിസ്കായിരുന്നു.നേരത്തെ ബുക്ക് ചെയ്ത ഹോട്ടലിൽ വിളിച്ചപ്പോൾ അവർ സദാ ഉണർന്നിരിക്കും എന്നും ട്രെയിൻ ഇറങ്ങിയ ശേഷം വിളിച്ചാൽ ഉടനെ പിക്ക് അപ്പ് ചെയ്യാൻ ആളെത്തും എന്നും അറിയിപ്പ് കിട്ടി. അപ്പോഴും നിലവിൽ പ്ലാറ്റ്‌ഫോമിൽ കിടക്കുന്ന വണ്ടി അനങ്ങാത്തത്തിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയില്ല.

സമയം പത്തേ കാൽ ആയി.സ്റ്റേഷനിൽ എത്തുന്ന പലരും ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ വണ്ടിയെ പറ്റി അന്വേഷിക്കുന്നതും അതിൽ കയറുന്നതും കണ്ടപ്പോഴാണ് ഞാനും അതിന്റെ റൂട്ടും നമ്പറും ഒന്ന് കൂടി സൂക്ഷിച്ച് നോക്കിയത്.

'യാ കുദാ!!' ഞാൻ ഒന്ന് ഞെട്ടിപ്പോയി.ട്രെയിൻ ബോഗിയുടെ പുറത്ത് മധ്യത്തിലായി ട്രെയിൻ നമ്പറും റൂട്ടും സൂചിപ്പിക്കുന്ന സ്ഥലത്ത് സാധാരണ രണ്ട് നമ്പർ ആണ് കാണാറ്. അപ്പ് ആൻഡ് ഡൌൺ ആയി ഓടുന്ന ട്രെയിനുകൾക്കാണ് പെട്ടെന്ന് മനസ്സിലാവുന്ന ഈ നമ്പർ സിസ്റ്റം ഉണ്ടാകാറുള്ളത്.എന്നാൽ ഈ ട്രെയിനിന് രണ്ടിന് പകരം ആറ് നമ്പറുകൾ ഉണ്ടായിരുന്നു.അതിലൊന്ന് ഞാൻ ബുക്ക് ചെയ്ത അതേ ട്രെയിൻ നമ്പർ!!ഞാൻ വേഗം കുടുംബത്തിന്റെ അടുത്തേക്ക് ഓടി.

"എന്ത് പറ്റി? പ്ലാറ്റുഫോം മാറിയോ?"ഭാര്യ ചോദിച്ചു.

"ഇല്ല...."

"പിന്നെ?"

"വണ്ടി ഈ നിൽക്കുന്നത് തന്നെയാ...." 

സാധനങ്ങൾ നിറച്ച പെട്ടികളെയും ഉറങ്ങിത്തൂങ്ങിയ കുട്ടികളെയും വാരി എടുത്ത് പിന്നെ എസ് 5 കമ്പാർട്ട്മെന്റിന്റെ നേരെ ഒരു ഓട്ടമായിരുന്നു. അകത്ത് കയറിയ ശേഷമാണ് ശ്വാസം പോലും നേരെ മൂക്കിലൂടെ തന്നെ വിട്ടത്.കാരണം ട്രെയിൻ സ്റ്റാർട്ട് ചെയ്യാനുള്ള കൂകിവിളി അപ്പോഴേക്കും മുഴങ്ങിക്കഴിഞ്ഞിരുന്നു.

ഡൽഹിയിൽ നിന്നും 303 കിലോമീറ്റർ അകലെയാണ് ജയ്‌പൂർ.രാത്രി മൂന്ന് മണിക്കാണ് ഈ ട്രെയിൻ ജയ്‌പൂരിലെത്തുന്നത്.അസമയത്തായതിനാലും അവസാന സ്റ്റേഷൻ അല്ലാത്തതിനാലും ആരെങ്കിലും ഒരാൾ ഉറക്കമിളച്ചിരിക്കൽ നിർബന്ധമായിരുന്നു. പക്ഷെ, കുറെ നേരത്തേക്ക് ആർക്കും ഉറക്കം വന്നില്ല.രാത്രി ആയതിനാൽ പുറം കാഴ്ചകൾ കാണാൻ സാധിച്ചതുമില്ല.

ജയ്‌പൂരിൽ കാണാനുള്ളത് എന്തൊക്കെ എന്നതിനെപ്പറ്റിയും എനിക്ക് വലിയ ധാരണ ഉണ്ടായിരുന്നില്ല. എൻറെ വീടിന്റെ മാർബിൾ പണിക്ക് വന്നിരുന്ന അബ്ദുറഹ്‌മാന്റെ കസിൻ ആയ അബ്ദുൾജബ്ബാർ ജയ്‌പൂരിലെ ടാക്സി ഡ്രൈവറാണെന്നും എല്ലാ സ്ഥലവും അദ്ദേഹം കാണിച്ച് തരും എന്ന അബ്ദുറഹ്‌മാന്റെ വാക്കിലായിരുന്നു എന്റെ വിശ്വാസം.ഉറങ്ങിയും ഉറങ്ങാതെയും ഒരു വിധം പിടിച്ച് നിന്ന് ഞങ്ങൾ ജയ്‌പൂരിലെത്തി. 

ജയ്‌പൂർ, പിങ്ക് സിറ്റി എന്ന അപരനാമത്തിൽ  അറിയപ്പെടുന്നത് എന്തുകൊണ്ട് എന്ന് ഇത്രയും കാലം ഞാൻ മനസ്സിലാക്കിയിരുന്നില്ല.എന്നാൽ റെയിൽവേ സ്റ്റേഷന്റെ നിറം കണ്ടതും എനിക്ക് ഒരു ചെറിയ സൂചന കിട്ടി. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയപ്പോൾ എല്ലാ ബിൽഡിംഗിന്റെയും നിറം ഞങ്ങളെ ആശ്ചര്യപ്പെടുത്തി.എല്ലാം പിങ്ക് നിറത്തിലായിരുന്നു.

ഹോട്ടൽ അമാൻ കെ പാലസ് ആയിരുന്നു ഓയോ റൂംസ് വഴി ഞാൻ ബുക്ക് ചെയ്തിരുന്ന ഹോട്ടൽ.ട്രെയിൻ ഇറങ്ങി, വിളിച്ച ഉടൻ തന്നെ ഞങ്ങളെ കൊണ്ടുപോകാൻ ആളും എത്തി.സ്റ്റേഷനിൽ നിന്നും നടക്കാനുള്ള ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ  'അമാൻ കെ പാലസിലേക്ക്'.

ചെക്ക് ഇൻ പെട്ടെന്ന് തന്നെ തീർത്ത് ഞങ്ങളെ റൂമിലേക്ക് കൊണ്ടുപോയി. ഹോട്ടലിന്റെ നാലാമത്തെ നിലയിൽ ആയിരുന്നു റൂം.കയറാനുള്ള ഗോവണിയാകട്ടെ കഷ്ടിച്ച് ഒരാൾക്ക് കടന്നു പോകാനുള്ളതും.പെട്ടി തൂക്കി ഗോവണി കയറുക എന്നത് നല്ല പ്രയാസം തന്നെയായിരുന്നു.എങ്കിലും റൂമിൽ എത്തിയാൽ പെട്ടെന്ന് ഉറങ്ങാമല്ലോ എന്ന ആശ കാരണം എല്ലാവരും വേഗം കയറി.

റൂം കണ്ടതും ഞാൻ വീണ്ടും ഞെട്ടി.അഞ്ച് ബെഡ് ഉണ്ടായിരുന്നെങ്കിലും എല്ലാം വൃത്തിഹീനമായിരുന്നു. തലയിണയിൽ കറുത്ത പായലുകൾ പോലെ എന്തോ പറ്റിപ്പിടിച്ചിരുന്നു.അത് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ പകരം ഇല്ല എന്ന മറുപടിയും.ബാത്ത്റൂമിൽ കയറിയപ്പോൾ റാംജിറാവ് സ്പീക്കിങ്ങിലെ ഡയലോഗാണ് ഓർമ്മ വന്നത്.കുറ്റിയും കൊളുത്തും ഇല്ലാത്തതിനാൽ കയറിയിരിക്കുന്നവൻ പാട്ടുപാടണം എന്ന അവസ്ഥ.റൂം ബോയിയെ വിളിക്കാൻ ബെല്ലടിച്ചാൽ തിരിഞ്ഞു നോക്കാൻ ഒരാള് പോലും ഇല്ലായിരുന്നു.അത്രയും മുകളിൽ ആയിരുന്നതിനാൽ താഴെ ഇറങ്ങി പരാതി പറയാനും നിർവ്വാഹമില്ലായിരുന്നു.

പകൽ പിറക്കാൻ ഏതാനും മണിക്കൂറുകൾ മാത്രമേ ഉള്ളൂ എന്നതിനാൽ, രാവിലെത്തന്നെ റൂം മാറാം എന്ന തീരുമാനത്തിൽ ഞങ്ങൾ കിടന്നു.ക്ഷീണം കാരണം പെട്ടെന്ന് തന്നെ ഉറങ്ങുകയും ചെയ്തു. 


Next - ബൈ ബൈ അമാൻ കെ പാലസ് 

1 comments:

Areekkodan | അരീക്കോടന്‍ said...

യാത്രയിലെ അനുഭവങ്ങളാണ് ഗുരു...

Post a Comment

നന്ദി....വീണ്ടും വരിക