Pages

Wednesday, July 13, 2022

അപ്രതീക്ഷിത താഴ്വരയിൽ.... (കാശ്മീർ ഫയൽസ് - 12)

കാശ്മീർ ഫയൽസ് - 11  (Click & Read)

ഞങ്ങളുടെ പിന്നാലെ വണ്ടികളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു തുടങ്ങി. സോനാമാർഗ്ഗിലെ സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന് ഏജൻറ് പറഞ്ഞ പോലെ അതിൽ ആരും മടങ്ങിപ്പോകുന്നത് ഞാൻ കണ്ടില്ല.മുന്നോട്ട് പോകാൻ കഴിയും എന്ന പ്രതീക്ഷയിൽ എല്ലാവരും കാത്തിരിക്കുകയാണ്.അൽപ സമയം കഴിഞ്ഞപ്പോൾ ഒന്ന് പുറത്തിറങ്ങി നോക്കാം എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.ഡ്രൈവർ മുസ്സമ്മിലും ആ അഭിപ്രായത്തെ പിന്താങ്ങി.

അമർനാഥ് തീർത്ഥാടന യാത്രയുടെ ബേസ് ക്യാമ്പായ ബാൽതാലിലേക്കുള്ള വഴി തിരിയുന്ന സ്ഥലത്തായിരുന്നു ഞങ്ങൾ കുടുങ്ങിപ്പോയത്.ദൂരെ മലമുകളിൽ നിര നിരയായി വാഹനങ്ങൾ കിടക്കുന്നത് താഴെ നിന്ന് കാണാം.ഞങ്ങൾക്കും അവർക്കും ഇടയിലുള്ള ഒരു സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ പോലെ കാണാനുണ്ട്. അതുകൊണ്ട് തന്നെ, മലയാളികൾ ഉരുൾപൊട്ടൽ എന്ന് പറയുന്ന സംഭവമാണ് അവിടെ നടന്നത് എന്ന് മനസ്സിലായി.പക്ഷെ ഒരു വണ്ടിക്കാരനും അതൊരു ദു:സൂചനയായി തോന്നി മടങ്ങിപ്പോകാൻ മനസ്സ് വന്നില്ല.

ഏറ്റവും മുമ്പിൽ സൈന്യമാണ് വാഹനങ്ങൾ തടഞ്ഞു വച്ചത് എന്ന് അല്പം മുന്നോട്ട് നടന്നപ്പോൾ മനസ്സിലായി.ലഡാക് ലക്ഷ്യമാക്കി പോകുന്ന നിരവധി ബൈക്ക് റൈഡേഴ്‌സും തടഞ്ഞു വയ്ക്കപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു.ഇടക്കിടക്ക് വരുന്ന സൈനിക വാഹനങ്ങളല്ലാതെ മറ്റൊരു വാഹനവും അങ്ങോട്ടും ഇങ്ങോട്ടും കടത്തിവിട്ടിരുന്നില്ല.

പതിനൊന്ന് മണിക്കാണ് ഞങ്ങൾ ആ ബ്ലോക്കിൽ കുടുങ്ങുന്നത്.പത്തേമുക്കാൽ വരെ വാഹനങ്ങൾ കടന്നു പോയിട്ടുണ്ട് എന്നറിഞ്ഞപ്പോൾ നേരത്തെ യാത്ര പുറപ്പെടാത്തതിൽ നിരാശ തോന്നി.പുറത്തിറങ്ങി റോഡിന്റെ താഴ്വാരത്തിലേക്ക് നോക്കിയ ഞങ്ങൾക്ക് കാണാനായത് സുന്ദരമായ ഒരു താഴ്വരയായിരുന്നു.സോജിലാ തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ട ട്രക്കുകളും ലോറികളും ഉറുമ്പ് വലിപ്പത്തിൽ അതിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.മലഞ്ചെരുവിൽ ധാരാളം ചെമ്മരിയാടുകൾ മേഞ്ഞു നടക്കുന്നുമുണ്ട്.

അകലെ കാണുന്ന മഞ്ഞ് മൂടിയ മലകളുടെ ഫോട്ടോകളും താഴ്വരയുടെ ഫോട്ടോകളും ഞങ്ങൾ എല്ലാവരും ക്യാമറയിൽ പകർത്തി.താഴ്വരയിലേക്ക് ഇറങ്ങിപ്പോകാനും അതിലൂടെ ഒഴുകുന്ന അരുവിയിൽ ഒന്നിറങ്ങാനും എല്ലാവർക്കും ആഗ്രഹമുണ്ട്.പക്ഷെ കാണുന്നപോലെ അത്ര അടുത്തല്ല അത്; രണ്ട് മൂന്ന് കിലോമീറ്റർ താഴേക്ക് ഇറങ്ങിപ്പോകണം. അതിനിടക്കെങ്ങാനും ബ്ലോക്ക് നീങ്ങിയാൽ വണ്ടി നീങ്ങിത്തുടങ്ങും എന്നതിനാൽ ആഗ്രഹം കുറെ നേരം മനസ്സിലൊതുക്കി.പക്ഷെ മനം മയക്കുന്ന പ്രകൃതി ഞങ്ങളെ പിന്നെയും പിന്നെയും മാടി വിളിച്ചപ്പോൾ ഞാൻ മുസ്സമ്മിലിനെ സമീപിച്ചു.

"അരെ  ഭായ്... യഹാം കിത്ന സമയ്‌ ഹം രുകേഗ ?"

"ടേഡ് ഖണ്ടെ ഷായദ്‌ " 

ഒന്നര മണിക്കൂർ സമയം ഉണ്ടെങ്കിൽ താഴ്വരയിൽ ഒന്നിറങ്ങാം എന്ന് ഞങ്ങൾ തീരുമാനിച്ചു. ലുലു കയ്യിൽ കരുതിയിരുന്ന അവളുടെ ഉക്കുലേല എന്ന സംഗീത ഉപകരണവുമായും മറ്റുള്ളവർ മൊബൈലുകളുമായും മലഞ്ചെരിവിലൂടെ താഴേക്കിറങ്ങി.അവിടെയും ഇവിടെയും ഒറ്റപ്പെട്ട് നിന്നിരുന്ന ഉരുളൻ കല്ലുകളിൽ കയറി ഇരുന്ന് മഞ്ഞുമലകളുടെ പശ്ചാത്തലത്തിൽ ഒന്ന് രണ്ട് ഫോട്ടോ എടുത്തപ്പോഴാണ് അതിന്റെ ഭംഗി തിരിച്ചറിഞ്ഞത്. പിന്നെ പല വിധത്തിലുള്ള ഫോട്ടോകളുടെയും പ്രവാഹമായിരുന്നു.

ലുലു ഉക്കുലേലയിൽ താളം പിടിച്ച് ഒരു പാട്ടും അവിടെ നിന്ന് ചിത്രീകരിച്ചു.കാറ്റിന്റെ ചൂളം വിളിയിൽ പാട്ട് പുറത്തേക്ക് കേട്ടില്ലെങ്കിലും വീണുകിട്ടിയ മനോഹരമായ ആ ഫ്രയിമിൽ അത് അത്യാകർഷകമായി തോന്നി.ഞങ്ങളെക്കണ്ട് അവിടേക്കിറങ്ങി വന്ന മറ്റു സഞ്ചാരികളും ഉക്കുലേലയിൽ ഒന്ന് താളം പിടിച്ച് നോക്കി. ലൂന  മോളും ലിദു മോനും കാറ്റിൽ തെന്നി വീഴുമോ എന്ന് ഞാൻ ഭയന്നു.ലുഅ മറ്റൊരാളുടെ കൈ പിടിച്ച് നടന്ന്  പാറിപ്പോകാനുള്ള സാധ്യത ഇല്ലാതാക്കി.ബ്ലോക്ക് ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് നഷ്ടപ്പെടുമായിരുന്ന ഈ പ്രകൃതിയുടെ ഭംഗി വാക്കുകൾക്കതീതമാണ്.


താഴ്വരയിലൂടെ തെളിനീരായി ഒഴുകുന്ന അരുവിയിലും ഞങ്ങൾ ഒന്ന് കയ്യിട്ടു നോക്കി. കഠിനമായ തണുപ്പ് കാരണം അധികനേരം കൈ മുക്കി വയ്ക്കാൻ സാധിച്ചില്ല.പാറകളിലൂടെ കുത്തിയൊഴുകി താഴേക്ക് വരുന്ന സ്ഥലമായതിനാൽ ചാടിക്കടക്കാവുന്ന വീതി മാത്രമേ അരുവിക്ക് ഉണ്ടായിരുന്നുള്ളൂ.കണങ്കാൽ മുങ്ങുന്ന വെള്ളമേ എല്ലാ സ്ഥലത്തും ഉണ്ടായിരുന്നുള്ളു.അതിനാൽ തന്നെ കുട്ടികൾക്കടക്കം, ഹിമാലയ സാനുക്കളിൽ നിന്നുത്ഭവിക്കുന്ന ആ ജലപ്രവാഹത്തിന്റെ തണുപ്പ് അറിയാനായി. 

അവസരം കിട്ടുകയാണെങ്കിൽ നമസ്കരിക്കാനായി ഞാൻ അംഗശുദ്ധി വരുത്തി.കാറ്റും തണുപ്പും കാരണം കുട്ടികൾ പലരും വിറക്കാൻ തുടങ്ങി.അതോടെ എല്ലാവരും താഴ്വരയിൽ നിന്ന് മുകളിലോട്ട് കയറി.ഞങ്ങളുടെ വാഹനത്തിന് അല്പം മുന്നിലായി മറ്റൊരു ടാറ്റ സുമോയിൽ നിന്ന് പുറത്തേക്ക് നീണ്ട തല എനിക്ക് എവിടെയോ പരിചയമുള്ള പോലെ തോന്നി.തലേ ദിവസം ഗുൽമാർഗ്ഗിൽ വച്ച് പരിചയപ്പെട്ട മുംബൈക്കാരായിരുന്നു അവർ. കുട്ടികളടക്കമുള്ള ആറു പേർക്ക് 7500 രൂപ നിരക്കിലാണ് അവർക്ക് വണ്ടി കിട്ടിയത് എന്നറിഞ്ഞപ്പോൾ കാശ്മീരിലെത്തുന്ന ഓരോ സഞ്ചാരിയും എത്രത്തോളം ചൂഷണം ചെയ്യപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞു.

മുസ്സമ്മിലിന്റെ കണക്ക് വളരെ കൃത്യമായിരുന്നു.പതിനൊന്ന് മണിക്ക് തുടങ്ങിയ ബ്ലോക്ക് അയാൾ പറഞ്ഞ പോലെ പന്ത്രണ്ടരക്ക് അവസാനിച്ചു.വാഹനം മുന്നോട്ട് നീങ്ങാൻ തുടങ്ങിയതോടെ മുസമ്മിൽ പറഞ്ഞു.

"സാബ്...മസ ഹേ ന ... യഹാം സെ സോജിലാ പാസ് ശുരു കർത്ത ഹെ ..."

"ങേ!!" ഞാൻ ഒന്ന് ഞെട്ടി. ലോകത്തിലെ തന്നെ ഏറ്റവും ദുഷ്കരമായ ചുരങ്ങളിൽ ഒന്നായ സോജിലാ ചുരം (Zojila Pass) കടന്നു വേണം സീറോ പോയിന്റിൽ എത്താൻ എന്നുള്ളത് ഞങ്ങൾക്ക് പുതിയ അറിവായിരുന്നു.ഒരു ഭാഗത്ത് അടർന്നു വീഴാൻ നിൽക്കുന്ന ഭീമൻ പാറകളും മറുഭാഗത്ത് അഗാധമായ താഴ്വരയും.ഇതിനിടയിലൂടെ റോഡെന്ന് പറയുന്ന വഴിയിലൂടെ മുസമ്മിൽ വണ്ടി ഓടിക്കാൻ തുടങ്ങി.ഞങ്ങളിൽ പലർക്കും അപ്പോൾ ദൈവത്തിനോട് വല്ലാത്ത സ്നേഹം തോന്നി.


(തുടരും..) 

കാശ്മീർ ഫയൽസ് - 13

1 comments:

Areekkodan | അരീക്കോടന്‍ said...

"ങേ!!" ഞാൻ ഒന്ന് ഞെട്ടി. ലോകത്തിലെ തന്നെ ഏറ്റവും ദുഷ്കരമായ ചുരങ്ങളിൽ ഒന്നായ സോജിലാ ചുരം (Zojila Pass) കടന്നു വേണം സീറോ പോയിന്റിൽ എത്താൻ എന്നുള്ളത് ഞങ്ങൾക്ക് പുതിയ അറിവായിരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക