ഗുൽമാർഗ്ഗിലെ പാർക്കിംഗ് പോയിന്റിൽ നിന്ന് തന്നെ കുതിരക്കാർ നമ്മുടെ പിന്നാലെ കൂടും. ഗണ്ടോല സ്റ്റേഷൻ വരെ രണ്ട് രണ്ടര കിലോമീറ്റർ ദൂരമുണ്ടെന്നും കുതിരക്ക് 300 രൂപ നൽകിയാൽ മതി എന്നുമൊക്കെ പറയും. 100 രൂപ മതി എന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ നടന്ന ഞങ്ങൾ ഇരുപത് മിനുട്ട് കൊണ്ട് ലക്ഷ്യത്തിലെത്തി. അതായത് അവർ പറയുന്ന അത്രയും കിലോമീറ്റർ ഒന്നും ഇല്ല എന്നർത്ഥം. കുതിരപ്പുറത്തിരുന്നുള്ള ഫോട്ടോ എടുക്കാനും കുറഞ്ഞ ദൂരം സഞ്ചരിക്കാനും ആഗ്രഹമുള്ളവർക്ക് കുതിരപ്പുറത്ത് കയറാം.
പശ്ചിമ ഹിമാലയൻ മലനിരയിലെ പീർ പഞ്ചൽ റേഞ്ചിലെ ഒരു കൊച്ചു പട്ടണമാണ് ഗുൽമാർഗ്ഗ് .കാശ്മീരി ഭാഷയിൽ ഗുൽമാർഗ്ഗ് എന്നതിന്റെ അർത്ഥം Meadow of Flowers അഥവാ പൂമേട് എന്നാണ്. മനഷ്യകരങ്ങളുടെ സഹായം ഇല്ലാതെ, പ്രകൃതി ഒരുക്കുന്ന പുൽ പരവതാനിയെ പുൽമേട് എന്ന് പറയുന്ന പോലെ പ്രകൃതി ഒരുക്കുന്ന കാട്ടുപൂക്കളുടെ ഉത്സവമാണ് പൂമേട്. ഗുൽമാർഗ്ഗിൽ കാട്ടുപൂക്കൾ ഒരുക്കുന്ന വർണ്ണവൈവിധ്യം തന്നെയായിരിക്കാം അമീർ ഖുസ്രുവിന്റെ വരികളിലൂടെ പണ്ട് ജഹാംഗീർ ചക്രവർത്തി പാടിയത്.
गर फ़िरदौस बर्-रूए- ज़मीन अस्त!
हमीं अस्त! हमीं अस्तो -हमीं अस्त!
ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ
അതിവിടെയാണ് , അതിവിടെയാണ് , അതിവിടെയാണ്.
ഗുൽമാർഗ്ഗിലെ കേബിൾ കാർ രണ്ട് ഫേസുകളായിട്ടാണ് ഉള്ളത്. ഏഷ്യയിലെ നീളം കൂടിയതും ഉയരം കൂടിയതുമായ റോപ് വേകളിൽ ഒന്നാണ് ഇത്.1988 ൽ കമ്മീഷൻ ചെയ്തതെങ്കിലും 1998 മുതലാണ് മുഴുവനായും പ്രവർത്തന സജ്ജമായത്. ഗുൽമാർഗ് മുതൽ കൊങ്ങ്ദോരി വരെയാണ് കേബിൾ കാറിന്റെ ആദ്യ ഘട്ടം. 3080മീറ്റർ ഉയരത്തിലാണ് ആദ്യ സ്റ്റേജ് അവസാനിക്കുന്നത്. ഒരാൾക്ക് 740 രൂപയാണ് ചാർജ്ജ്.കൊങ്ങ്ദോരി മുതൽ എക്കാലത്തും മഞ്ഞ് മൂടിയ അഫാർവദ് വരെയുള്ള രണ്ടാം ഘട്ടം ദുർഘടവും സാഹസികത നിറഞ്ഞതുമാണ്.4200 മീറ്റർ ഉയരത്തിലേക്കാണ് അതെത്തിച്ചേരുന്നത്. 900 രൂപയുടെ അഡീഷണൽ ടിക്കറ്റ് ഫസ്റ്റ് ബോർഡിംഗ് സമയത്ത് തന്നെ എടുക്കണം. ടിക്കറ്റുകൾ ഓൺലൈൻ ആയും ലഭ്യമാണ്. ഓൺലൈൻ ആയി എടുത്താലും ബോർഡിംഗിന് നിൽക്കേണ്ടത് ടിക്കറ്റ് എടുക്കാൻ നിൽക്കുന്നവരുടെ ക്യൂവിൽ തന്നെയാണ് എന്നതിനാൽ പ്രത്യേകിച്ച് ഒരു നേട്ടവും ഇല്ല .
ഞായറാഴ്ച ആയിട്ടും കേബിൾ കാർ ബോർഡിംഗ് സ്റ്റേഷന് മുന്നിൽ വലിയ തിരക്ക് ഉണ്ടായിരുന്നില്ല. പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ വേണ്ടി മാത്രം അല്പനേരം ഞങ്ങൾ ക്യൂവിൽ നിന്നു. ചാറൽ മഴയിൽ ഗുൽമാർഗ് കൂടുതൽ സുന്ദരിയായി. ഇഷ്ഫാഖ് ഏർപ്പാടാക്കിയ ഗൈഡ് (എന്തിനാണാവോ?) കൊങ്ദൂരിയിൽ കാണാം എന്ന് പറഞ്ഞ് സ്ഥലം വിടുകയും ചെയ്തു.
ഒഴിഞ്ഞ് വരുന്ന കേബിൾ കാറുകൾ സാവധാനം ചലിച്ചു കൊണ്ടേ ഇരിക്കും. നമ്മുടെ മുമ്പിൽ എത്തുമ്പോൾ അതിലേക്ക് കയറണം. ആറ് പേരാണ് ഒരു കാറിലെ അംഗസംഖ്യ . ഫാമിലികളെ അതേ പോലെ തന്നെ കയറ്റാൻ ഓപ്പറേറ്റേഴ്സ് ശ്രദ്ധിക്കുന്നുണ്ട്. അങ്ങനെ ഞങ്ങളും ബുദ്ധിമുട്ട് ഇല്ലാതെ ഒരു കേബിൾ കാറിൽ കയറി.
കാറിന്റെ ഡോർ സാവധാനം അടഞ്ഞു. പെട്ടെന്ന് ഒരു കുലുക്കത്തോടെ കാർ അടുത്ത ടവറിലേക്ക് പായാൻ തുടങ്ങി. ടവറിൽ എത്തുമ്പോൾ അല്പം കുലുക്കവും ശബ്ദവും ഉണ്ടെന്നതൊഴിച്ചാൽ മറ്റ് പ്രശ്നങ്ങളൊന്നും തോന്നിയില്ല. താഴെ ആളുകളും ആടുകളും പൊട്ട് പോലെ ചെറുതാകാൻ തുടങ്ങിയപ്പോഴാണ് കയറിലൂടെ തൂങ്ങി പോകുന്ന ഉയരത്തെപ്പറ്റി ബോധം വന്നത്. വർഷങ്ങൾക്ക് മുമ്പ് ഇതേ ഗുൽമാർഗ്ഗിലെ കേബിൾ കാറപകടത്തിൽ ആറ് പേർ താഴേക്ക് പതിച്ചത് ഓർമ്മ വന്നെങ്കിലും തൽക്കാലം ആരോടും പറഞ്ഞില്ല. ഏകദേശം പത്ത് മിനുട്ട് സഞ്ചരിച്ച ശേഷം ഞങ്ങൾ കൊങ്ങ്ദൂരിയിൽ ഇറങ്ങി.
(തുടരും...)
1 comments:
गर फ़िरदौस बर्-रूए- ज़मीन अस्त!
हमीं अस्त! हमीं अस्तो -हमीं अस्त!
Post a Comment
നന്ദി....വീണ്ടും വരിക