Pages

Monday, July 11, 2022

താജിവാസ് ഗ്ലേസിയർ (കാശ്മീർ ഫയൽസ് - 11)

കാശ്മീർ ഫയൽസ് - 10  (Click & Read)

ഞങ്ങൾ ഇറങ്ങിയ സ്ഥലത്ത് നിന്ന് നോക്കിയാൽ മഞ്ഞ് മൂടിക്കിടക്കുന്ന മലകളാണ് ചുറ്റും കാണാനുണ്ടായിരുന്നത്. ആ മലകളിൽ ഏതിന്റെയെങ്കിലും താഴ്വരയിൽ പോയി കുന്നിൻ മുകളിലെ മഞ്ഞ് നോക്കി വെള്ളമിറക്കി പോരേണ്ടി വരും എന്നായിരുന്നു എന്റെ ധാരണ.സോനാമാർഗ്ഗിൽ മഞ്ഞ് കാണാം എന്ന് ഇഷ്‌ഫാഖ്‌ പറഞ്ഞതും ഈ ദൂരക്കാഴ്ച ആയിരിക്കും എന്ന് ഞാൻ കരുതി. ഇവിടെ കാണാൻ എന്തൊക്കെയുണ്ട് എന്ന് ഞാൻ പ്രത്യേകിച്ച് മനസ്സിലാക്കി വച്ചതും ഇല്ല. അതിനാൽ തന്നെ മഞ്ഞുമല ബാക്ഗ്രൗണ്ടാക്കി കുറച്ച് ഫാമിലി ഫോട്ടോകൾ എടുത്തു.അപ്പോഴേക്കും ഘോഡവാലകൾ ഞങ്ങളുടെ ചുറ്റും കൂടി.

"സാർ...താജിവാസ്  ഗ്ലേഷ്യർ ജായേഗ ...യഹാം സെ പാഞ്ച് കിലോമീറ്റർ ദൂർ ഹെ ... പന്ദ്രഹ് സൗ ഘോടെ കോ ഹോഗാ " 

'നല്ല കഥ...ഒരു കുതിരക്ക് 1500 രൂപ .... പത്ത് പേർക്ക് 15000 രൂപ !!' ഞാൻ മനസ്സിൽ പറഞ്ഞു.

"ഇവിടെ എന്താ കാണാനുള്ളത്?" ആരോ ചോദിച്ചു.

"ഇതാ ...ഈ കാണുന്ന മഞ്ഞും മലയും പ്രകൃതിയും ഒക്കെ തന്നെ ..." ഞാൻ പറഞ്ഞു.

"അപ്പോ ...ആ കാണുന്ന ബോർഡിലെ താജിവാസ്  ഗ്ലേഷ്യർ എന്താണ്?"

അപ്പോഴാണ് ഞാനും ആ പേര് ഒന്നോർത്തത്.ഞാനും അനിയനും ഇത്താത്തയും സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ബാപ്പ വാങ്ങിത്തന്ന ബാല സാഹിത്യത്തിൽ ഒന്നായിരുന്നു "നിങ്ങൾക്കറിയാമോ?" എന്ന പുസ്തകം.പല പ്രകൃതി കൗതുകങ്ങളെപ്പറ്റിയും കുട്ടികൾക്ക് മനസ്സിലാവുന്ന രൂപത്തിൽ ഒരു പേജിൽ ഒതുങ്ങുന്ന വിവരണങ്ങളായിരുന്നു പുസ്തകത്തിന്റെ ഉള്ളടക്കം.അന്ന്, അതിൽ ഗ്ലേസിയർ എന്ന് കണ്ടത് എന്റെ ഓർമ്മയിലൂടെ ഒന്ന് മിന്നി.

കാലങ്ങളോളം മഞ്ഞ്  വീണ് ഉറച്ചു കട്ടയായ ഐസിനെയാണ് 'ഗ്ലേസിയർ' എന്ന് പറയുന്നത്. ഹിമാലയൻ പർവ്വത നിരകളിൽ ഇത്തരം നിരവധി ഗ്ലേസിയറുകൾ കാണാം. സോനാമാർഗിലെ മലകളിൽ എക്കാലത്തും  കാണുന്ന ഇത്തരം ഐസ് കട്ടകളിൽനിന്നും ഒലിച്ചിറങ്ങുന്ന കുളിർ ജലപ്രവാഹം ഒരു തോടായി താഴേക്ക് വരുന്നുണ്ട്.കുറെ ഐസ് കട്ടകൾ അതിന് മുകളിലൂടെയും ഒഴുകുന്നുണ്ട്.അങ്ങനെയുള്ള ഒന്നാണ് താജിവാസ് ഗ്ലേസിയർ പോലും. സിന്ധു നദിക്ക് നല്ല തണുപ്പും തെളിച്ചവുമുള്ള വെള്ളം നൽകുന്നത് ഇത്തരം ഗ്ലേസിയറുകളാണ് .

സോനാമാർഗ്ഗിലെ  പ്രധാന ആകർഷണം താജിവാസ് ഗ്ലേസിയർ ആണ് പോലും.കുതിരക്കാർ ചുറ്റും കൂടുമെങ്കിലും അവരെ ഒഴിവാക്കി നടന്നു പോയി കാണാവുന്നതേ  ഉള്ളൂ എന്നും പറയപ്പെടുന്നു.തലേ ദിവസം ഗുൽമാർഗ്ഗിൽ ഞങ്ങളത് അനുഭവിച്ചതുമാണ്.പക്ഷേ അഞ്ച് കിലോമീറ്റർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക എന്നാൽ അൽപം കടന്ന കയ്യാണ്. കുതിരക്കാർ റേറ്റ് കുറക്കും എന്ന പ്രതീക്ഷയിൽ നിന്നെങ്കിലും അവർ 1000 ന് താഴോട്ട് പോന്നില്ല.അപ്പോഴാണ് ഒരാഴ്ച മുമ്പ് അവിടെ സന്ദർശിച്ച എന്റെ അനിയനെ വിളിച്ച് ഞാൻ കാര്യം തിരക്കിയത്.സീറോ പോയിന്റ് എന്നൊരു സ്ഥലം ഉണ്ടെന്നും അവിടേക്കാണ് അവർ പോയിരുന്നത് എന്നും അങ്ങോട്ട് സുമോ വിളിച്ച് പോകണമെന്നും അവൻ പറഞ്ഞു.എട്ടു പേർ വീതം കയറിയ ഒരു വണ്ടിക്ക് അവർക്കായത് 5000 രൂപയാണെന്നും ജാക്കറ്റും ബൂട്ടും അവിടെ എത്തിയ ശേഷം ആവശ്യമെങ്കിൽ മാത്രം എടുത്താൽ മതിയെന്നും അവൻ അറിയിച്ചു.

സഞ്ചാരികൾ ശ്രദ്ധിക്കേണ്ട രണ്ട് സംഗതികൾ കൂടി പറയട്ടെ. താജിവാസ് ഗ്ലേസിയറിലേക്ക് ബോർഡിൽ കാണുന്ന അഞ്ച് കിലോമീറ്റർ ദൂരം ഇല്ല.മൂന്ന് കിലോമീറ്റർ ഉണ്ടാകും. അത് കാണേണ്ടവർക്ക് നടന്നു പോയി കാണാം. ഞങ്ങൾ അങ്ങോട്ട് പോയില്ല.സീറോ പോയിന്റിലേക്കുള്ള യാത്ര ഏത് പോയിന്റിൽ വച്ചും മുടങ്ങിയേക്കാം.അതിനാൽ ജാക്കറ്റും ബൂട്ടും ആദ്യമേ വാടകക്ക് എടുക്കരുത്.

സീറോ പോയിന്റിലേക്ക് വണ്ടി പോകും എന്നറിഞ്ഞതോടെ ഞങ്ങളെ വിടാതെ പിടി കൂടിയിരുന്ന ഒരു ഏജന്റിനോട് ഞാൻ അതിനെപ്പറ്റി ചോദിച്ചു.സുമോ പോകും എന്നും വഴിയിൽ ബ്ലോക്കായാൽ തിരിച്ച് പോരും എന്നും കാശ് അപ്പോഴും നൽകേണ്ടി വരുമെന്നും അവൻ പറഞ്ഞു.ഞങ്ങളെ കുതിര കയറ്റാനായിരുന്നു അവന് ഏറെ താത്പര്യം.സുമോക്ക് 6500 രൂപ ആകുമെന്നും അവൻ അറിയിച്ചു.ഞാൻ അയ്യായിരത്തിലും ഉറച്ച് നിന്നു.അവസാനം ബൂട്ടും ജാക്കറ്റും ഇല്ലാതെ 5500 ന് കച്ചവടമുറപ്പിച്ചു.

അൽപ സമയത്തിനകം തന്നെ മെറൂൺ നിറത്തിലുള്ള ഒരു പഴയ സുമോ ഞങ്ങളുടെ മുമ്പിലെത്തി.

"സബ് ആയിയെ സാബ്..." വണ്ടിയിൽ നിന്നും മെലിഞ്ഞുണങ്ങിയ ഒരു വയസ്സൻ ഞങ്ങളെ വിളിച്ചു.പോകാനുള്ള പാതയെ കുറിച്ച് മുൻ ധാരണ ഇല്ലാത്തതിനാൽ വണ്ടിയും ഡ്രൈവറും ഞങ്ങളിൽ അലോസരം സൃഷ്ടിച്ചില്ല.

"കശ്മീർ കൈസാ ഹേ സാർ?" ഡ്രൈവർ മുസമ്മിലിന്റെ ആദ്യത്തെ ചോദ്യം.

"ബഹുത്ത് സുന്ദർ ഹേ .."

"അച്ചാ...കശ്മീർ ജന്നത്ത് ഹേ ... മസാ ഹോഗാ ആപ്കോ ..." ഞങ്ങളെ കൂടുതൽ സന്തോഷിപ്പിക്കും എന്ന അദ്ദേഹത്തിന്റെ വാഗ്ദാനം ഞങ്ങൾക്ക് പ്രതീക്ഷ നൽകി.

"അഗർ ബ്ലോക്ക് ഹുആ തോ ക്യാ കരേഗ ?" ഏജന്റ് സൂചിപ്പിച്ച ഭീഷണിയിലേക്ക് ഞാൻ മുസ്സമ്മിലിന്റെ ശ്രദ്ധ ക്ഷണിച്ചു.

"മുഷ്കിൽ നഹീം ... മേം ആപ്കോ സീറോ പോയിന്റ് ദിക്കായേഗാ.." മുസ്സമ്മിലിന്റെ ആത്മവിശ്വാസം ഞങ്ങൾക്കും ധൈര്യം നൽകി.പോകുന്ന വഴിയിൽ കെട്ടി നിർത്തിയ വലിയൊരു കുളം കണ്ടു. ആരൊക്കെയോ മീൻ പിടിച്ചിരുന്ന കഥയും മുസ്സമ്മിൽ പറഞ്ഞു തന്നു.മുഴുവൻ മനസ്സിലാകാത്തതിനാൽ ഞാൻ വെറുതെ മൂളിക്കേട്ടു. 

"വഹ് ഹേ സർബൽ ..."ദൂരെ താഴ്വാരത്തിൽ കാണുന്ന ഒരു ഗ്രാമത്തിലേക്ക് ചൂണ്ടി മുസമ്മിൽ പറഞ്ഞു.

"ക്യാ സ്പെഷ്യൽ?"

"കാശ്മീർ ക ലാസ്റ്റ് ഹാംലെറ്റ് ..." 

കാശ്മീരിലെ അവസാനത്തെ ഗ്രാമം ആയിരുന്നു അത്.പിന്നീടങ്ങോട്ട് ജനവാസം ഇല്ല എന്നറിഞ്ഞപ്പോൾ ഭൂമിയുടെ ഒരറ്റത്ത് എത്തിയ പോലെ തോന്നി.പ്രതീക്ഷിച്ച പോലെ അല്പം കൂടി മുന്നോട്ട് എത്തിയപ്പോഴേക്കും വാഹനങ്ങളുടെ നീണ്ട നിരയിൽ ഞങ്ങളും ചലന രഹിതരായി.രാജ്യത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ സോജിലാ തുരങ്ക പദ്ധതിയുടെ സ്റ്റാർട്ടിംഗ് പോയന്റ് ആയിരുന്നു അത്.


(തുടരും....)

കാശ്മീർ ഫയൽസ് - 12

1 comments:

Areekkodan | അരീക്കോടന്‍ said...

പ്രതീക്ഷിച്ച പോലെ അല്പം കൂടി മുന്നോട്ട് എത്തിയപ്പോഴേക്കും വാഹനങ്ങളുടെ നീണ്ട നിരയിൽ ഞങ്ങളും ചലന രഹിതരായി.

Post a Comment

നന്ദി....വീണ്ടും വരിക