എൻ്റെ മൂന്നാമത്തെ പുസ്തകമായ "പാഠം ഒന്ന് ഉപ്പാങ്ങ" പ്രകാശനം ചെയ്യാൻ മലയാളത്തിലെ പ്രശസ്തരായ ഏതെങ്കിലും എഴുത്തുകാർ തന്നെ വേണമെന്ന് എനിക്കാഗ്രഹം ഉണ്ടായിരുന്നു. ആദ്യത്തെ പുസ്തകം "അമ്മാവൻ്റെ കൂളിംഗ് എഫക്ട് " ആരുമറിയാതെ ഷാർജയിലും രണ്ടാമത്തെ പുസ്തകം "ഓത്തുപള്ളി" കൊട്ടും കുരവയും ഇല്ലാതെ നാട്ടിലും പ്രകാശനം ചെയ്തതായിരുന്നു ഈ ആഗ്രഹത്തിന് പിന്നിലെ ഒരു കാരണം. ഈ പുസ്തകത്തിൽ നിന്നുള്ള വരുമാനം പൂർണ്ണമായും അരീക്കോട്, കിഴുപറമ്പ്,ഊർങ്ങാട്ടിരി, കാവനൂർ, എടവണ്ണ എന്നീ അഞ്ച് പഞ്ചായത്തുകളിലെ പാലിയേറ്റീവ് കെയർ യൂണിറ്റുകൾക്ക് വിവിധ ഉപകരണങ്ങൾ വാങ്ങിക്കാനായതിനാൽ ഒരു വാർത്താ പ്രാധാന്യം കിട്ടണം എന്നതായിരുന്നു മറ്റൊരു കാരണം.
നിലവിൽ മലയാള സാഹിത്യ ലോകത്തിൻ്റെ മുൻ നിരയിൽ എനിക്ക് പരിചയമുള്ള ഒരേ ഒരു വ്യക്തിത്വം എൻ്റെ കോളേജിലെ അദ്ധ്യാപകൻ കൂടിയായിരുന്ന ശ്രീ. എൻ.പി. ഹാഫിസ് മുഹമ്മദ് സാറായിരുന്നു. ഓത്തുപള്ളി എന്ന എൻ്റെ നോവലിന് അവതാരിക എഴുതി തന്നത് സാറായിരുന്നു. അതിനാൽ ഈ പുസ്തകത്തിൻ്റെ പ്രകാശന കർമ്മം സാറിനെക്കൊണ്ട് ചെയ്യിപ്പിക്കാം എന്ന് ഞാൻ മനസ്സിൽ കരുതി. നിർഭാഗ്യവശാൽ, പ്രകാശനം ഷെഡ്യൂൾ ചെയ്ത ദിവസത്തിൽ സാറിന് മറ്റൊരു പ്രോഗ്രാം ഉണ്ടായിരുന്നു.
അങ്ങനെയാണ് പുസ്തക പ്രസാധകരായ പേജ് ഇന്ത്യയുടെ അമരക്കാരൻ അമ്മാർ കീഴുപറമ്പ് വഴി ഞാൻ പി.കെ പാറക്കടവിൽ എത്തുന്നത്.ഒറ്റ ഫോൺ വിളിയിൽ തന്നെ കുറുങ്കഥകളുടെ കുലപതിയായ ആ മനുഷ്യനുമായി ഞാൻ ഒരു ആത്മബന്ധം സൃഷ്ടിച്ചു. പുസ്തകത്തിൻ്റെ ഒരു കോപ്പി നേരത്തെ ലഭിച്ചാൽ നന്നായിരുന്നു എന്ന് അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാൻ, വെള്ളിയാഴ്ച കോഴിക്കോട് വചനം ബുക്സിൽ ഏൽപിക്കാം എന്നും ഏറ്റു.
അൽപ സമയം കഴിഞ്ഞ് അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹത്തിൻ്റെ ഒരു മെസേജ് വന്നത്. വെള്ളിയാഴ്ച വൈകിട്ട് നാലര മുതൽ അഞ്ചര വരെ ഹോട്ടൽ അളകാപുരിയിൽ ഉണ്ടാകും എന്നായിരുന്നു ആ സന്ദേശം. ഫോണിലൂടെ മൊട്ടിട്ട ബന്ധം നേരിൽ കണ്ട് ദൃഢമാക്കാനും, എൻ്റെ ആദ്യ രണ്ട് പുസ്തകങ്ങൾ കൈമാറാനും കിട്ടിയ അവസരം ഉപയോഗപ്പെടുത്താൻ ഞാൻ തീരുമാനിച്ചു.
അന്ന് കോളേജിൽ നിന്നും തിരിച്ച് കോഴിക്കോട് ടൗണിൽ ഇറങ്ങിയ ഉടനെ ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. ഹോട്ടൽ അളകാപുരിയിൽ ഉണ്ടെന്നും നേരെ അങ്ങോട്ട് എത്താനും അദ്ദേഹം നിർദ്ദേശിച്ചു. പന്ത്രണ്ട് മിനുട്ട് കൊണ്ട് ഞാൻ അളകാപുരിയിൽ നടന്നെത്തി. റെസ്റ്റാറൻ്റിൽ മറ്റൊരാളുമായി സംസാരിച്ച് ഇരിക്കുന്ന പി.കെ.പാറക്കടവിനെ എനിക്ക് പെട്ടെന്ന് മനസ്സിലായി. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു.
"അല്ലാ... ഇത് നമ്മുടെ തറവട്ടത്തല്ലേ?" എന്നെ കണ്ടയുടൻ ഹാഫിസ് മുഹമ്മദ് സാർ ചിരിച്ചുകൊണ്ട് ചോദിച്ചു. രണ്ടു തവണ മാത്രം നേരിൽ സംസാരിച്ച (അതും രണ്ട് വർഷം മുമ്പ്) എന്നെ ഇപ്പോഴും അദ്ദേഹം ഓർക്കുന്നു എന്നതിൽ എനിക്ക് വളരെയധികം അഭിമാനം തോന്നി. അദ്ദേഹത്തെ കിട്ടണം എന്നാഗ്രഹിച്ച പരിപാടിയിലേക്ക് ആണ് പി.കെ. പാറക്കടവിനെ ലഭിച്ചത് എന്ന് ഞാൻ പറയുകയും ചെയ്തു.
അൽപ നേരം കുശല സംഭാഷണങ്ങൾ നടത്തി 'പാഠം ഒന്ന് ഉപ്പാങ്ങയും' എൻ്റെ മറ്റ് രണ്ട് പുസ്തകങ്ങളും ഞാൻ പി.കെ ക്ക് നൽകി. ഈ പുസ്തകത്തിൻ്റെ അവതാരിക എഴുതിയത് ഹാഫിസ് സാർ ആണെന്ന് ഞാൻ പറഞ്ഞതും 'ഓത്തുപള്ളി'യല്ലേ എന്ന് ഹാഫിസ് സാർ തിരിച്ച് ചോദിച്ചതും വീണ്ടും എന്നെ അത്ഭുതപ്പെടുത്തി. രണ്ട് വർഷം മുമ്പ് പ്രകാശനം ചെയ്തതും അത്രയധികം പ്രശസ്തി നേടാത്തതുമായ എൻ്റെ പുസ്തകത്തിൻ്റെ പേര് വരെ അദ്ദേഹം ഓർത്ത് വയ്ക്കുന്നു എന്നതായിരുന്നു അതിന് കാരണം.
മലയാള സാഹിത്യത്തിലെ രണ്ട് ഗമണ്ടൻമാർക്കൊപ്പം എൻ്റെ മണ്ട കൂടി ഒരല്പനേരം ചേർത്തു വച്ച ശേഷം ഞാൻ, രണ്ട് പേരോടും യാത്ര പറഞ്ഞു.
1 comments:
മലയാള സാഹിത്യത്തിലെ രണ്ട് ഗമണ്ടൻമാർക്കൊപ്പം എൻ്റെ മണ്ട കൂടി ഒരല്പനേരം ചേർത്തു വച്ച ശേഷം ഞാൻ, രണ്ട് പേരോടും യാത്ര പറഞ്ഞു.
Post a Comment
നന്ദി....വീണ്ടും വരിക