Pages

Monday, September 26, 2016

കാഞ്ചനമാല ചേച്ചിയും ഞാനും

സിനിമ കാണല്‍ എന്തുകൊണ്ടോ മുമ്പേ എന്റെ ജീവിതാജണ്ടയില്‍ കയറാത്ത ഒരു സാധനമായിരുന്നു.സി.ഡിയും ഡി.വി.ഡിയും ആയി എല്ലാ മുറുക്കാന്‍ കടകളിലും സിനിമ കിട്ടുന്ന ഇന്നത്തെ കാലത്തിന് മുമ്പ് രണ്ടര-മൂന്ന് മണിക്കൂര്‍ സിനിമാ കൊട്ടകയിലെ ചൂടും സഹിച്ച് കുറെ വിരുതന്മാര്‍ ഊതിവിടുന്ന പുകയും ശ്വസിച്ച് അത് കണ്ടിരിക്കുക എന്ന വിരസതയായിരിക്കാം ഒരു പക്ഷെ അതിന് കാരണം. ഭൂമിയില്‍ പിറന്നിട്ട് 45 വര്‍ഷം തികഞ്ഞെങ്കിലും 25ല്‍ അധികം സിനിമകള്‍ കണ്ടതായി എന്‍റ്റെ ഓര്‍മ്മയിലില്ല.

ഉസ്താദ് ഹോട്ടലിന്റെ ഗംഭീര വിജയത്തില്‍ അതിന്റെ പിന്നണി പ്രവര്‍ത്തകര്‍, കിടപ്പിലായ രോഗികള്‍ക്ക് വേണ്ടി ഒരു സംഗമവും സൌജന്യ സിനിമാപ്രദര്‍ശനവും കോഴിക്കോട് പ്രോവിഡന്‍സ് വിമന്‍സ് കോളേജില്‍ വച്ച് നടത്തിയിരുന്നു.പ്രസ്തുത സിനിമയുടെ തിരക്കഥാകൃത്തായ അഞ്ജലി മേനോന്റെ സുഹൃത്തും എന്റെ ക്ലാസ് മേറ്റുമായ സിനിമാ നിരൂപക ഷാഹിനയെ അവിടെ വച്ച് കണ്ടുമുട്ടി.സിനിമ എന്ന മാധ്യമം ജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കി നല്ല സിനിമകള്‍ കാണണം എന്ന് ഷാഹിന എന്നെ ധരിപ്പിച്ചു. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളില്‍ ഹ്രസ്വസിനിമകള്‍ ചെയ്യാന്‍ അതിന് മുമ്പും പിമ്പും ഞാന്‍ എന്റെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാറുണ്ട്.

സിനിമയുമായി ബന്ധമില്ലെങ്കിലും പലപ്പോഴും സിനിമാ പ്രവര്‍ത്തകരുമായി ഇടപഴകാന്‍ എനിക്കവസരം ലഭിച്ചിട്ടുണ്ട്. തത്സ്മയം തോന്നിയ ഒരു ചിന്തയില്‍ സമൂഹ്യപ്രവര്‍ത്തകയായ കാഞ്ചനമാല ചേച്ചിയെ ഒരു എന്‍.എസ്.എസ് ക്യാമ്പില്‍ എത്തിച്ച കാര്യവും എനിക്കവരെ കാണാന്‍ പറ്റാത്തതും ഞാന്‍ ഇവിടെ പങ്ക് വച്ചിരുന്നു. ഇക്കഴിഞ്ഞ ആഗസ്ത് 31ന് മാനന്തവാടി വച്ച് നടന്ന കിടപ്പുരോഗികളുടെ സ്നേഹസംഗമത്തില്‍ തികച്ചും യാദൃശ്ചികമായി അതും സംഭവിച്ചു.

സ്നേഹസംഗമത്തിലെ രോഗികളെ പരിചരിക്കാനും സന്നദ്ധസേവനത്തിനും കലാപരിപാടികള്‍ അവതരിപ്പിക്കാനും എന്റെ കോളേജിലെ ഇരുപതോളം എന്‍.എസ്.എസ് വളണ്ടിയര്‍മാരെ ഞാന്‍ നിയോഗിച്ചിരുന്നു. അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനായി ഞാനും കൃത്യസമയത്ത് എത്തി. പരിപാടിയിലെ മുഖ്യാതിഥിയായി കാഞ്ചനച്ചേച്ചി എത്തിയപ്പോള്‍ ഡോക്യുമെന്റേഷന് വേണ്ടി ഞാനും ദൂരെ നിന്ന് ഒരു ഫോട്ടോ എടുത്തു. ശേഷം ചേച്ചി സ്റ്റേജിലേക്കും ഞാന്‍ ആള്‍ക്കൂട്ടത്തിലേക്കും ചേക്കേറി.

ചടങ്ങില്‍ പങ്കെടുക്കാനും ആശംസകള്‍ നേരാനും എത്തിയ മിക്കവരും കാഞ്ചനച്ചേച്ചിയെ പരിചയപ്പെടാനും സെല്‍ഫി എടുക്കാനും തിക്കിത്തിരക്കി.’ എന്ന് നിന്റെ മൊയ്ദീന്‍’ ഇന്നും കണ്ടിട്ടില്ലാത്ത എനിക്ക് അതിന്റെ ത്രില്ല് അനുഭവപ്പെട്ടില്ല.ഇടക്ക് ഏതോ ഒരു വളണ്ടിയറെ അന്വേഷിച്ച് ഞാന്‍ സ്റ്റേജിനടുത്തുള്ള വാതിലില്‍ എത്തി.അപ്പോള്‍, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബസ്സില്‍ വച്ച് പരിചയപ്പെട്ട നിലമ്പൂര്‍ സ്വദേശിയും ഡി.എം.ഒ ഓഫീസിലെ ജീവനക്കാരനുമായ കൃഷ്ണേട്ടന്‍(പച്ചക്കുപ്പായക്കാരന്‍) എന്നെ സ്റ്റേജിലേക്ക് മാടിവിളിച്ചു.അതുവരെ കസേരയില്‍ ഇരിക്കുകയായിരുന്ന കാഞ്ചനച്ചേച്ചി പെട്ടെന്ന് എഴുന്നേറ്റ് നിന്നു! ഞാന്‍ ചെന്ന് ഹസ്തദാനം ചെയ്ത് സ്വയം പരിചയപ്പെടുത്തി. അരീക്കോട്ടുകാരനാണ് എന്ന് പറഞ്ഞപ്പോള്‍ ചേച്ചിയുടെ മുഖത്ത് ഒരു പൂനിലാവുദിച്ചു.
എന്റെ വളണ്ടിയര്‍മാര്‍ എന്നോട് ആവശ്യപ്പെട്ട ഒരു കാര്യം ഞാന്‍ ചേച്ചിയെ അറിയിച്ചു - ചേച്ചിയുടെ കൂടെ ഒരു ഗ്രൂപ് ഫോട്ടോ. ഗ്രൂപ് ഫോട്ടോയും ആവശ്യമുള്ളത്രയും സെല്‍ഫിയും ഒക്കെ എടുത്ത് എന്റെ പ്രിയപ്പെട്ട മക്കളും ആ ദിനം അവിസ്മരണീയമാക്കി.

12 comments:

Areekkodan | അരീക്കോടന്‍ said...

അരീക്കോട്ടുകാരനാണ് എന്ന് പറഞ്ഞപ്പോള്‍ ചേച്ചിയുടെ മുഖത്ത് ഒരു പൂനിലാവുദിച്ചു.

Shahid Ibrahim said...

എന്തായാലും കാഞ്ചനമാലയെ കാണാൻ പറ്റിയില്ല എന്ന വിഷമം മാറിയല്ലോ.

Areekkodan | അരീക്കോടന്‍ said...

ഷാഹിദ്...അതെ മാറി.

ജഗദീശ് said...

നല്ല സിനിമ - https://mljagadees.wordpress.com/2015/09/15/good-movie/

Areekkodan | അരീക്കോടന്‍ said...

ജഗദീശ്...താങ്കള്‍ ഉദ്ദേശിച്ചെതെന്തെന്ന് എനിക്ക് മനസ്സിലായില്ല.

ജഗദീശ് said...

ക്ഷമിക്കണം,
നല്ല സിനിമ എന്നത് ഒരു മരീചികയാണ്. സത്യത്തില്‍ അങ്ങനെയൊന്നില്ല. അതാണ് ആ ലിങ്കിലെ ലേഖനത്തില്‍ ഉദ്ദേശിച്ചത്

Muhammed Raees PC said...

കൊച്ചു കൊച്ചു സന്തോഷങ്ങൾ

Areekkodan | അരീക്കോടന്‍ said...

ജഗദീശ്...വിശദീകരണത്തിന് നന്ദി

റയീസ്...അതെന്നെ.

സുധി അറയ്ക്കൽ said...

ഞാനും ആ സിനിമ കണ്ടിട്ടില്ല.

Areekkodan | അരീക്കോടന്‍ said...

സുധീ...അപ്പോ പിന്നെ നാം ഒരേ തൂവൽ പക്ഷികൾ.

Cv Thankappan said...

ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക