Pages

Tuesday, June 04, 2019

അവസാനത്തെ മാങ്ങ വീഴുമ്പോള്‍...

             Bill Myers എഴുതിയ ഒരു പുസ്തകമാണ് "When the last leaf falls".  മകള്‍ കാന്‍സര്‍ രോഗത്തിനടിമപ്പെടുമ്പോള്‍ ഒരു പിതാവിന്റെ മനോഗതികള്‍ ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം എന്നാണ് ഞാന്‍ മനസ്സിലാക്കിയത് (പുസ്തകം ഞാന്‍ വായിച്ചിട്ടില്ല). മുറ്റത്തെ മൂവാണ്ടന്‍ മാവ് ആണ് ആ പുസ്തകത്തെ പെട്ടെന്ന് എന്റെ മനസ്സിലേക്ക് വീണ്ടും എത്തിച്ചത്.
               ഈ വര്‍ഷത്തെ മാങ്ങാക്കാലത്തിന് തിരശ്ശീലയിട്ടുകൊണ്ട് മുറ്റത്തെ മൂവാണ്ടന്‍ മാവിലെ അവസാനത്തെ മാങ്ങയും ഭൂമിയെ ചുംബിച്ചു. 2016ല്‍ അവസാനത്തെ മാങ്ങ വീണപ്പോഴും ഞാന്‍ ഒരു പോസ്റ്റ് ഇവിടെ ഇട്ടിരുന്നു. നിപ പനിയുടെ പേടി കാരണം മാങ്ങ ഒരു ഭീകര പഴമായി മാറിയ കഴിഞ്ഞ വര്‍ഷം അവസാനം വീണ മാങ്ങക്ക് അവിടെത്തന്നെ കുഴിമാടം ഒരുക്കിയതിനാല്‍ അത് ബൂലോകം അറിയാതെ പോയി!

                 പ്രളയത്തിന് ശേഷം കാലാവസ്ഥയില്‍ വന്ന മാറ്റങ്ങള്‍ കാരണമായിരുന്നോ എന്നറിയില്ല വൃശ്ചികത്തില്‍ പൂക്കേണ്ട മാവുകള്‍ ഒന്നും തന്നെ കാര്യമായി പൂത്തില്ല. ഇക്കൊല്ലത്തെ നോമ്പിന് മുറ്റത്ത് നിന്ന് മാങ്ങ പറിക്കാന്‍ അവസരം ഇല്ലാതാകുമോ എന്ന് ആശങ്ക പരക്കുന്നതിനിടയിലാണ് ഫെബ്രുവരി മാസത്തില്‍ മാവ് പൂത്തുലഞ്ഞത്. 90 ശതമാനം പൂക്കളും കണ്ണിമാങ്ങയായതോടെ റംസാനില്‍ നോമ്പ് തുറക്കുന്ന സമയത്ത് മറ്റൊരു പഴവും വേണ്ടി വരില്ല എന്ന് തീരുമാനിച്ചു. പക്ഷേ മാങ്ങ വലുതാകും തോറും വീഴാനും തുടങ്ങിയത് വീണ്ടും ആശങ്ക പരത്തി.
               മാവിന് നനച്ചു കൊടുത്താല്‍ കണ്ണിമാങ്ങ വീഴ്ചക്ക് ശമനം ഉണ്ടാകും എന്ന് കേട്ടോ വായിച്ചോ അതോ മനനം ചെയ്തോ കിട്ടിയ അറിവില്‍ നിന്ന് എന്നും വൈകിട്ട് മാവിന്  വെള്ളം നല്‍കി.രാവിലത്തെ നടത്തത്തിനിടയില്‍, വീണുകിടക്കുന്ന കണ്ണിമാങ്ങ മുഴുവന്‍ പെറുക്കി ഭരണിയിലാക്കി ഉപ്പിലും ഇട്ടു.അടുത്ത ഒരു വര്‍ഷത്തേക്ക് അച്ചാറിനുള്ളത് ദേ ഇപ്പോള്‍ റെഡി.
             എന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിയില്ല. വൈകാതെ മാങ്ങ വീഴ്ച നിന്നു. ഏപ്രില്‍ മാസം അവസാന ദിനത്തില്‍ ആദ്യത്തെ പഴുത്ത മാങ്ങ വീണു.മെയ് ആറിന് റംസാന്‍ തുടങ്ങിയ ദിവസം രാവിലെ മാവിന്‍ ചുവട്ടില്‍ നിന്നും കിട്ടിയത് മൂന്ന് പഴുത്ത മാങ്ങ - അന്ന് നോമ്പ് തുറക്ക് ദൈവം തന്ന സമ്മാനം. പിന്നെ എല്ലാ ദിവസവും മാങ്ങ കിട്ടിക്കൊണ്ടിരുന്നു. ആദ്യത്തെ ഒരാഴ്ച അണ്ണാനോ വവ്വാലോ മാങ്ങ കടിക്കാന്‍ എത്താത്തത് എന്നില്‍ ചെറിയ ഒരു ആശങ്ക ഉണ്ടാക്കി.

            എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും മാങ്ങയുടെ മറ്റവകാശികള്‍ക്ക് കൂടി അത് എത്തിക്കണം എന്നതിനാല്‍ മെയ് 14ന് ആദ്യത്തെ മാങ്ങാ പറിക്കല്‍ കര്‍മ്മം നടത്തി.
            പറിച്ച മാങ്ങ ഏകദേശം മുഴുവന്‍ തന്നെ മറ്റു വീടുകളില്‍ എത്തി അവരുടെ നോമ്പുതുറയില്‍ ചേര്‍ന്നു.
             കൂടുതല്‍ വീടുകളിലേക്ക് നല്‍കാനായും ഞങ്ങളുടെ ആവശ്യത്തിനായും മെയ് 18ന് അടുത്ത പറിക്കലും നടത്തി. വവ്വാലിനും അണ്ണാനും തിന്നാന്‍ അപ്പോഴും നിരവധി മാങ്ങകള്‍ ബാക്കി ഉണ്ടായിരുന്നു.
              മെയ് 23ന് ഒരു ഉത്സവം തന്നെയായിരുന്നു നടത്തിയത്. അയല്പക്കത്തും ബന്ധുക്കളിലും ഇനിയും ഈ വര്‍ഷം മൂവാണ്ടന്‍ മാങ്ങ തിന്നാത്തവര്‍ ഉണ്ടാകരുത് എന്ന വാശി അന്ന് ലൂനമോളുടെ പഴക്കൂട നിറഞ്ഞു കവിയാന്‍ കാരണമായി.
             അണ്ണാനും കാക്കയും മാങ്ങ വെറും ടേസ്റ്റ് നോക്കി ഉപേക്ഷിക്കാന്‍ തുടങ്ങിയതോടെ ഒരു തവണ കൂടി മാങ്ങ പറിച്ചു വയ്ക്കാന്‍ തീരുമാനിച്ചു.
അങ്ങനെ മെയ് 28ന് അവസാനത്തെ മാങ്ങ പറിക്കലും നടത്തി.
            നാല് തവണയും കൂടി 125 മാങ്ങ ഞാന്‍ പറിച്ചു. എകദേശം അത്ര തന്നെ അണ്ണാന്‍ തിന്നും വവ്വാല്‍ കടിച്ചും കാറ്റില്‍ ഞെട്ടറ്റും നിലം പൊത്തി. മാനത്ത് ശവ്വാലമ്പിളി ദൃശ്യമാകുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് അവസാന മാങ്ങയും വീണതോടെ ഈ റംസാന്‍ നോമ്പ് മുഴുവന്‍ എന്റെ മൂവാണ്ടന്‍ മാവു തന്നെ ഞങ്ങള്‍ക്കുള്ള മാമ്പഴം തന്നു - അല്‍ഹംദുലില്ല , ദൈവത്തിന് സ്തുതി.
മുറ്റത്തൊരു മാവ് നട്ടാല്‍ നോമ്പ് കാലത്ത് നിങ്ങള്‍ക്കും അതില്‍ നിന്ന് ഭക്ഷിക്കാം.

6 comments:

Areekkodan | അരീക്കോടന്‍ said...

ഈ വര്‍ഷത്തെ മാങ്ങാക്കാലത്തിന് തിരശ്ശീലയിട്ടുകൊണ്ട് മുറ്റത്തെ മൂവാണ്ടന്‍ മാവിലെ അവസാനത്തെ മാങ്ങയും ഭൂമിയെ ചുംബിച്ചു.

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും മാങ്ങയുടെ മറ്റവകാശികള്‍ക്ക് കൂടി അത് എത്തിക്കണം എന്നതിനാല്‍ മെയ് 14ന് ആദ്യത്തെ മാങ്ങാ പറിക്കല്‍ കര്‍മ്മം നടത്തി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

രസകരം..മാങ്ങയുടെ മാധുര്യവും..

Areekkodan | അരീക്കോടന്‍ said...

Muraliji...നമിച്ചു

മുഹമ്മെദ്ക്കാ...നന്ദി

© Mubi said...

ഞാനിവിടെ മാങ്ങ തിന്നാതെ കൊതി പിടിച്ചിരിക്കുമ്പോ ഇങ്ങള് മാങ്ങാ പോസ്റ്റിട്ടാൽ സഹിക്കൂല മാഷേ :( :( എന്തായാലും എല്ലാവർക്കും മാങ്ങ കിട്ടിയതിൽ സന്തോഷവുമുണ്ട് ട്ടോ...

Areekkodan | അരീക്കോടന്‍ said...

മുബീ...അടുത്ത മാങ്ങ ശ്രദ്ധയിൽ പെടുന്നത് വരെ ഇനി മാങ്ങാ പോസ്റ്റ് ഉണ്ടായിരിക്കുന്നതല്ല!!

Post a Comment

നന്ദി....വീണ്ടും വരിക