Pages

Tuesday, April 30, 2019

പുസ്തകലോകത്തേക്ക്... (അവധിക്കാലം-6)

              ഒരു വർഷത്തെ പാഠ്യപുസ്തക ലോകത്തിൽ നിന്നും കര കയറുന്ന സമയമാണ് പലർക്കും വേനലവധിക്കാലം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം വായനയുടെ പുതിയൊരു ലോകത്തിലേക്കുള്ള കാൽ‌വയ്പ്പായിരുന്നു വേനലവധിക്കാലങ്ങൾ. വീട്ടിൽ ബാപ്പ ഒരുക്കിയ പുസ്തകങ്ങളുടെ ലോകത്തേക്ക് സ്വസ്ഥമായി ഇറങ്ങിത്തിരിക്കാൻ പറ്റുന്ന കാലം. മതവും ശാസ്ത്രവും കഥയും കുഞ്ഞ് കുഞ്ഞ് നോവലുകളും അടങ്ങിയ വായനയുടെ ഈ വസന്തത്തിലേക്ക് ചേക്കേറാൻ ഞങ്ങൾക്ക് ഏറെ ഇഷ്ടമായിരുന്നു. കാരണം, വായിച്ച കാര്യങ്ങളിൽ നിന്ന് ചോദ്യമില്ല , മുഷിപ്പ് തോന്നുമ്പോൾ നിർത്താം , ആ ഭാഗം ഉപേക്ഷിച്ച് മറ്റു ഭാഗത്തേക്ക് നീങ്ങാം തുടങ്ങീ നിരവധി ആനുകൂല്യങ്ങൾ ഉള്ള വായനയായിരുന്നു അത്.

             വീട്ടിലെ ലൈബ്രറി ഞങ്ങളുടെ വായനക്ക് തികയില്ല എന്നതു കൊണ്ടോ അതല്ല ഞങ്ങളുടെ പ്രായത്തിനും ഇഷ്ടത്തിനും അനുസരിച്ചുള്ള പുസ്തകങ്ങൾ കുറവായതിനാ‍ലാണോ എന്നറിയില്ല അവധിക്കാലം തുടങ്ങി രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം തന്നെ ബാപ്പ ഞങ്ങളെ അദ്ദേഹം പഠിപ്പിച്ചിരുന്ന അരീക്കോട് ഗവ. ഹൈസ്കൂളിലേക്ക് പറഞ്ഞയക്കും. അവിടെ ലൈബ്രറിയിൽ നിന്നും ആവശ്യമായ പുസ്തകങ്ങൾ എടുക്കാനാണ് രണ്ട് രണ്ടര കിലോമീറ്റർ നടന്നുള്ള പൊരിവെയിലത്തെ ഈ യാത്ര. അങ്ങനെയുള്ള ഒരു യാത്രയിലെ കശുവണ്ടിക്കാലത്താണ് ബാര്‍ട്ടര്‍ സമ്പ്രദായം നടപ്പിലാക്കുന്നത് ഞാന്‍ ആദ്യമായി  കണ്ടത്.

          ഒരിക്കല്‍ വെയിലേറ്റ് തളര്‍ന്ന് ഒരു മരത്തിന്റെ തണലില്‍ ഞാനും അനിയനും അല്പനേരം ഇരുന്നു. മണ്ണില്‍ ചമ്രം പടിഞ്ഞ് മരത്തില്‍ ചാരി ഇരിക്കാന്‍ വല്ലാത്തൊരു സുഖം തന്നെയായിരുന്നു. ഏറ്റവും പുതിയ കുപ്പായമായിരുന്നു അന്ന് ധരിച്ചിരുന്നത്. തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍ കുപ്പായത്തിന്റെ പുറത്ത് ഒത്ത നടുവിലായി നല്ലൊരു വട്ടത്തില്‍ കറ പിടിച്ചിരുന്നു. അന്ന് ഞാന്‍ ചാരിയിരുന്നത് ഒരു റബ്ബര്‍ മരത്തിലായിരുന്നു. വളരെക്കാലം കറ പിടിച്ച ആ കുപ്പായം ധരിച്ച് തന്നെ ഞാന്‍ സ്കൂളില്‍ പോയി.

               വേനലവധിക്കാലം കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചക്കും വികാസത്തിനും ഉപകരിക്കുന്ന വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ എന്റെ പ്രിയ പിതാവ് എന്തൊക്കെ ചെയ്തിരുന്നോ അതൊക്കെ എന്റെ മക്കള്‍ക്കും നല്‍കാന്‍ ഞാന്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. അന്നത്തെപ്പോലെ മറ്റു സ്കൂള്‍ ലൈബ്രറി ഉപയോഗിക്കാന്‍ സാധിക്കില്ല എന്നതിനാലും കുട്ടികള്‍ റിസ്ക് എടുക്കാന്‍ തയ്യാറാകാത്തതിനാലും ഞാന്‍ ഒരു ഹോം ലൈബ്രറി തന്നെ സ്ഥാപിച്ചു. ഈ വേനലവധിയുടെ തുടക്കത്തില്‍ തന്നെ കുടുംബ സമേതം ഡി.സി.ബുക്സില്‍ പോയി കുട്ടികളുടെ ഇഷ്ടപ്രകാരമുള്ള കുറെ പുസ്തകങ്ങളും വാങ്ങി. അതും മുമ്പ് വാങ്ങിയ പുസ്തകങ്ങളും വായിച്ച് മൂത്തവര്‍ രണ്ടു പേരും അവധി ഉപയോഗപ്പെടുത്തുമ്പോള്‍ ഇളയവര്‍ രണ്ട് പേരും അത് കണ്ട് വളര്‍ന്ന് വരുന്നു. സന്ദര്‍ശകരായി വരുന്ന പലര്‍ക്കും വീട്ടിലെ ഈ ലൈബ്രറി ഒരു പ്രചോദനവും ആയിക്കൊണ്ടിരിക്കുന്നു.

(തുടരും...)

7 comments:

Areekkodan | അരീക്കോടന്‍ said...

സന്ദര്‍ശകരായി വരുന്ന പലര്‍ക്കും വീട്ടിലെ ഈ ലൈബ്രറി ഒരു പ്രചോദനവും ആയിക്കൊണ്ടിരിക്കുന്നു.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വായിച..വായനയില്ലാതെ വളർച്ചയില്ല..

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ്ക്ക... സത്യം

© Mubi said...

വീട്ടിലെ കുട്ടികൾക്കായി കഴിഞ്ഞ ക്രിസ്മസ് അവധിക്ക് ഞാനൊരു റീഡിങ് ചാലഞ്ച് നടത്തിയിരുന്നു. വായന മാത്രമല്ല, വായിച്ച പുസ്തകം ഇഷ്ടായോ ഇല്ലയോ എന്ന് രണ്ടുവരിയിൽ എഴുതാനും ആവശ്യപ്പെട്ടിരുന്നു. അഞ്ച് പുസ്തകങ്ങൾ വായിച്ചു അനിയന്റെ ഒൻപത് വയസ്സുകാരി സമ്മാനം നേടി. വേനലവധിക്ക് അവരുടെ വീടുമാറ്റം നടക്കുന്നതിനാൽ മത്സരമൊന്നും നടന്നില്ല..

Areekkodan | അരീക്കോടന്‍ said...

മുബീ.. അത് നല്ല മത്സരം തന്നെ. മോളെ സ്കൂളിൽ ഒരു 10 ബുക്ക് ചലഞ്ച് നടക്കുന്നു 2500 കുട്ടികളും 10 പുസ്തകം വായിക്കുന്നതിലുടെ 25000 പുസ്കതങ്ങൾ !!

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരിക്കല്‍ വെയിലേറ്റ് തളര്‍ന്ന് ഒരു മരത്തിന്റെ തണലില്‍ ഞാനും അനിയനും അല്പനേരം ഇരുന്നു. മണ്ണില്‍ ചമ്രം പടിഞ്ഞ് മരത്തില്‍ ചാരി ഇരിക്കാന്‍ വല്ലാത്തൊരു സുഖം തന്നെയായിരുന്നു. ഏറ്റവും പുതിയ കുപ്പായമായിരുന്നു അന്ന് ധരിച്ചിരുന്നത്. തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍ കുപ്പായത്തിന്റെ പുറത്ത് ഒത്ത നടുവിലായി നല്ലൊരു വട്ടത്തില്‍ കറ പിടിച്ചിരുന്നു. അന്ന് ഞാന്‍ ചാരിയിരുന്നത് ഒരു റബ്ബര്‍ മരത്തിലായിരുന്നു. വളരെക്കാലം കറ പിടിച്ച ആ കുപ്പായം ധരിച്ച് തന്നെ ഞാന്‍ സ്കൂളില്‍ പോയി...!

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...??

Post a Comment

നന്ദി....വീണ്ടും വരിക