Pages

Tuesday, April 02, 2019

ഐനക് കഹാം ഹെ?

               സ്ഥലത്തെ പ്രധാന ഹിന്ദി അധ്യാപകനാണ് ഗോവിന്ദന്‍ കുട്ടി മാഷ്. അഞ്ചാം ക്ലാസ്സിലെ ഹിന്ദി പുസ്തകത്തില്‍ ‘ഐനക് കഹാം ഹെ?‘ എന്ന പാഠം മാസ്റ്റർ പഠിപ്പിച്ചത് ഞങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. കണ്ണട വച്ച് കൊണ്ട് കണ്ണട തപ്പി നടക്കുന്ന ഒരു കഥാപാത്രത്തെ ആ പാഠം പഠിപ്പിച്ചപ്പോള്‍ മാഷ് നന്നായി അവതരിപ്പിച്ച് തന്നിരുന്നു.ഞങ്ങളത് കണ്ട് പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്ക് ശേഷം അതേ കഥാപാത്രത്തെപ്പോലെ, കണ്ണട മൂക്കിന് മുകളില്‍ ഫിറ്റ് ചെയ്ത മാഷ് ശ്രീദേവി ടീച്ചറോട് ‘എന്റെ കണ്ണട എവിടെയെങ്കിലും കണ്ടോ‘ എന്ന് ചോദിച്ചതിന് ഞങ്ങളില്‍ പലരും ദൃസാക്ഷികളാണ്. സര്‍വീസില്‍  നിന്നും പിരിഞ്ഞ് സ്വസ്ഥമായി ഇരിക്കുമ്പോഴാണ് ‘ഐനക്’ മാഷിന്റെ ജീവിതത്തില്‍ വീണ്ടും ഒരു വില്ലനായത്.

               എന്തോ ആവശ്യാര്‍ത്ഥം ഒരു യാത്ര പോയതായിരുന്നു ഗോവിന്ദന്‍ കുട്ടി മാഷ്. ബസ് സ്റ്റാന്റിലെത്തുന്നത് വരെ ആ കട്ടിക്കണ്ണട മാഷെ മൂക്കിന് മുകളില്‍ തന്നെ ഉണ്ടായിരുന്നു. കണ്ണട വച്ച് ബസ്സില്‍ നിന്നിറങ്ങുന്നത് പ്രയാസമായതിനാല്‍ അതെടുത്ത് കീശയില്‍ നിക്ഷേപിച്ച ശേഷം മാഷ് മുന്‍‌വാതിലിനടുത്തേക്ക് നീങ്ങി.  രണ്ട് സ്ത്രീകളും മാഷെ തൊട്ടു മുമ്പിലായി ബസ്സില്‍ നിന്നിറങ്ങാന്‍ തയ്യാറെടുത്ത് നിന്നിരുന്നു. ബസ് നിന്ന ഉടനെ മാഷെ തൊട്ടു മുമ്പിലെ സ്ത്രീ, തൊട്ടടുത്ത സീറ്റിലിരുന്ന സ്ത്രീയുടെ നേരെ കുനിഞ്ഞ് എന്തോ ചെയ്തുകൊണ്ട് ബസ്സില്‍ നിന്നിറങ്ങി.

             പെട്ടെന്നാണ് ഗോവിന്ദന്‍ കുട്ടി മാസ്റ്റര്‍ക്ക് കണ്ണടയെപ്പറ്റി ഓര്‍മ്മ വന്ന് കീശയിലേക്ക് നോക്കിയത്. കീശയില്‍ കാണാത്തതിനാല്‍ മാഷ് മുഖത്തും ഒന്ന് തപ്പി നോക്കി. അവിടെയും ഇല്ല എന്നറിഞ്ഞപ്പോള്‍ ബസ്സിനുള്ളില്‍ നിന്ന സ്ഥലത്ത് വെറുതെ ഒന്ന് കണ്ണോടിച്ചു.അതുവരെ തന്റെ കൂടെയുണ്ടായിരുന്ന കണ്ണടയുടെ പെട്ടെന്നുള്ള ദുരൂഹമായ തിരോധാനം മനസ്സിലാകാതെ ആ സ്ത്രീയുടെ പിന്നാലെ മാഷും ബസ്സില്‍ നിന്നിറങ്ങി. പെട്ടെന്നാണ് കണ്ണട കണ്മുന്നില്‍ ഒന്ന് മിന്നി മറയുന്നത് പോലെ മാസ്റ്റര്‍ക്ക് അനുഭവപ്പെട്ടത്.

            ഗോവിന്ദന്‍ കുട്ടി മാസ്റ്റര്‍ കണ്ണ് ഒന്നു കൂടി തിരുമ്മി സൂക്ഷിച്ച് നോക്കി. അതാ മുന്നില്‍ ധൃതിയില്‍ നടന്ന് നീങ്ങുന്ന സ്ത്രീയുടെ കാര്‍കൂന്തളില്‍ തന്റെ കണ്ണട ഊഞ്ഞാലാടുന്നു ! അടുത്ത നിമിഷം അത് അപ്രത്യക്ഷമാകുകയും ചെയ്യുന്നു ! കാര്യമറിയാതെ ആ സ്ത്രീ അപ്പോഴും ധൃതി വച്ച് നടന്നു.

“ങേ!!നിൽക്കെടീ അവിടെ...!” ഗോവിന്ദന്‍ കുട്ടി മാസ്റ്ററുടെ അലർച്ച കേട്ട് , അതുവഴി പോവുകയായിരുന്ന മറ്റൊരു സ്ത്രീ പെട്ടെന്ന് നിന്നു.

“എന്താ വിളിച്ചെ ? എടീന്നോ...?” ദ്വേഷ്യത്തോടെ അവർ മാസ്റ്ററുടെ നേരെ തിരിഞ്ഞു.

“സോറി...” ക്ഷമാപണം നടത്തിയ മാസ്റ്റർ, തന്റെ കണ്ണടയുമായി നീങ്ങുന്ന സ്ത്രീയുടെ പിന്നാലെ ഓടി. അടുത്തെത്തിയതും ചാടി മുടിക്ക് ഒരു പിടുത്തം ! ഞെട്ടിത്തിരിഞ്ഞ് നോക്കിയ സ്ത്രീ, കൈകൂപ്പി നിൽക്കുന്ന മാസ്റ്ററെ കണ്ടു.
“നാണമില്ലെടോ നിനക്ക് ?” പ്രായം വക വയ്ക്കാതെ ആ സ്ത്രീ ദ്വേഷ്യപ്പെട്ടു.

“മേര ഐനക് ആപ്കി ബാൽ മേം...” മലയാളത്തിൽ പറഞ്ഞ് ഇനിയും ചീത്ത കേൾക്കേണ്ട എന്ന് കരുതി മാസ്റ്റർ പറഞ്ഞു.

“കടന്ന് പിടിച്ചതും പോര...എനിക്ക് വാലുണ്ടെന്ന് പരിഹസിക്കുകയും ചെയ്യുന്നോ...നിന്നെ ഞാൻ....”
ചെരിപ്പൂരാൻ കുനിഞ്ഞതും അവരുടെ മുടിയിൽ നിന്നും വേർപ്പെട്ട കണ്ണട താഴെ വീണതും ഒരുമിച്ചായിരുന്നു.

“ഹൊ...എന്നാ പിന്നെ അതങ്ങ് പറഞ്ഞാ പോയിരുന്നോ കാർണോരേ...” കണ്ണട കണ്ടപ്പോൾ കാര്യം മനസ്സിലായ സ്ത്രീ പറഞ്ഞു.

“കുതിര പായുമ്പോലെ പാഞ്ഞാൽ ഈ വയസ്സുകാലത്ത് ഞാൻ എന്ത് ചെയ്യാനാ മോളെ?”  ആള് കൂടുന്നതിന് മുമ്പേ കണ്ണട എടുത്ത് വൃത്തിയാക്കി ഗോവിന്ദന്‍ കുട്ടി മാസ്റ്റർ വേഗം സ്ഥലം കാലിയാക്കി.

7 comments:

Areekkodan | അരീക്കോടന്‍ said...

“മേര ഐനക് ആപ്കി ബാൽ മേം...” മലയാളത്തിൽ പറഞ്ഞ് ഇനിയും ചീത്ത കേൾക്കേണ്ട എന്ന് കരുതി മാസ്റ്റർ പറഞ്ഞു

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

സങ്കൽപ്പം ആണോ യഥാർത്ഥ സംഭവമാണോ എന്ന് ഒരു നിശ്ചല്ല്യ.. ട്ടൊ..പക്ഷെ രസിപ്പിച്ചൂന്ന് ഉള്ള സത്യം പറയാലോ..!!

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ് ക്ക... കഥാതന്തു സംഭവിച്ചതാണ്.പിന്നെ കീറ സങ്കല്പങ്ങളും!!

Muralee Mukundan , ബിലാത്തിപട്ടണം said...

കൊള്ളാം ചിരിപ്പിച്ചു ..

Areekkodan | അരീക്കോടന്‍ said...

മുരളി ജി ... നന്ദി

© Mubi said...

പാവം ഗോവിന്ദൻ മാഷ്!

Areekkodan | അരീക്കോടന്‍ said...

മുബീ... സത്യം, പാവം "ഗോവിന്ദൻ മാഷ് "

Post a Comment

നന്ദി....വീണ്ടും വരിക