Pages

Monday, April 22, 2019

മുട്ടായി കച്ചോടം(അവധിക്കാലം - 4)

                  പലരും ബിസിനസിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്നത് വേനലവധിക്കാലത്ത്  നടത്തുന്ന ചെറിയ കച്ചവടങ്ങളിലൂടെയാണ്.“മുട്ടായി കച്ചോടം“ ആണ് ഇതില്‍ പ്രധാനം. നാരങ്ങാ മിഠായിയും കടിച്ചാ പറിച്ചിയും തേന്‍ മിഠായിയും ഒക്കെ ആയിരുന്നു അക്കാലത്തെ പ്രധാന മിഠായികള്‍. അഞ്ചോ  പത്തോ പൈസ ആണ് മിഠായിയുടെ വില. സ്വന്തം സമ്പാദിക്കുന്നതിനായതിനാല്‍ ആ പൈസക്ക് നല്ല ‘വില’ ഉണ്ടായിരിക്കും. റോഡ് വയ്ക്കില്‍ പൂര്‍ത്തിയാകാത്ത കുറ്റിപ്പുരയും അതില്‍ ഒരു തക്കാളിപ്പെട്ടിയും വച്ചായിരുന്നു അക്കാലത്തെ ‘പീടിക’ ഉണ്ടാക്കിയിരുന്നത്.

               വേനലവധിയിലെ കച്ചവടത്തിന്റെ പൊരുള്‍ എനിക്ക് ആദ്യം പിടി കിട്ടിയിരുന്നില്ല. ചുമ്മാ സമയം കളയാനുള്ള ഒരു ഏര്‍പ്പാട് എന്നായിരുന്നു എന്റെ ധാരണ. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളായിരുന്നു പലപ്പോഴും ഈ കച്ചവടം നടത്തിയിരുന്നത് എന്ന് പിന്നീട് മനസ്സിലായി. അവര്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തെ പുസ്തകവും നോട്ടുപുസ്തകവും സ്ലേറ്റും മറ്റും വാങ്ങാനുള്ള സമ്പാദ്യമായിരുന്നു അത്. ബാപ്പയും ഉമ്മയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നതിനാല്‍ ഈ ബുദ്ധിമുട്ട് ഞാന്‍ അറിഞ്ഞിരുന്നില്ല.

              അവധിക്കാലത്ത് നിരവധി നാടന്‍ കളികളും അരങ്ങേറും. പ്രത്യേകിച്ച് പണച്ചെലവൊന്നും ഇല്ലാത്തവയായിരുന്നു ആ കളികള്‍ എല്ലാം. എന്നാല്‍ പന്തുകളിക്ക് പന്തും ഷട്ടില്‍ കളിക്ക് ഷട്ടില്‍ കോക്കും കാശ് കൊടുത്ത് വാങ്ങണം. അതിന് കളിക്കാര്‍ക്കിടയില്‍ പണപ്പിരിവ് നടത്തും. എനിക്കും അനിയനും ഇത്തരം ആവശ്യങ്ങള്‍ക്ക് വീട്ടില്‍ നിന്ന് പണം അനുവദിച്ചു തരാത്തതിനാല്‍ കൂട്ടുകാര്‍ക്കിടയില്‍ നാണം കെടാറുണ്ടായിരുന്നു. കളി തുടങ്ങിയാല്‍ പണം കൊടുത്തവര്‍ക്ക് കൂടുതല്‍ നേരം കളിക്കാന്‍ അവസരം കിട്ടുന്നതിനാല്‍ ഞങ്ങള്‍ രണ്ടാം നമ്പറ് ആകും. ഈ നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ ഞങ്ങളും അങ്ങനെ വേനലവധിയില്‍ കച്ചവടം തുടങ്ങി.

              കടല വറുത്ത് വില്‍ക്കലായിരുന്നു ഞങ്ങള്‍ ആരംഭിച്ച കച്ചവടം. പറമ്പില്‍ മൂന്നാല് കല്ല് അടുക്കി വച്ച് കടലാസും ഓലക്കൊടിയും വച്ച് കത്തിച്ച് അതിന് മുകളില്‍ ചട്ടിയില്‍ മണലിട്ട്  ചൂടാക്കി കടല വറുക്കുന്നത് ആര് പഠിപ്പിച്ചതാണെന്നോര്‍മ്മയില്ല. വറുത്ത രണ്ടര കടല വീതം പൊളിക്കാതെ ഒരു കൂട്ടമാക്കി ചാക്കില്‍ നിരത്തി വച്ച് റോഡ് സൈഡില്‍ ഇരിക്കും. ഒരു കൂട്ടത്തിന് അഞ്ചു പൈസ ആയിരുന്നു വില. ചിലര്‍ മൂന്നും നാലും കൂട്ടം ഒന്നിച്ച് വാങ്ങും.

               സ്കൂളിലെയോ മദ്രസയിലെയോ അധ്യാപകരോ സഹപാഠികളോ റോഡ് വയ്ക്കത്തിരുന്നുള്ള ഈ കച്ചവടം കാണുന്നത് ഒരു കുറച്ചിലായാണ് എനിക്ക് തോന്നിയിരുന്നത്. അതിനാല്‍ തന്നെ അവരാരെങ്കിലും വരുന്നത് കണ്ടാല്‍ ഞാന്‍ മെല്ലെ തിരിഞ്ഞിരിന്ന് കച്ചവടം അനിയനെ ഏല്‍പ്പിക്കും ! പരിചയം കടം പറച്ചിലിനും കാരണമായേക്കും എന്നതിനാല്‍ ഇത് ഒരു രക്ഷാ മാര്‍ഗ്ഗം കൂടിയായിരുന്നു.

              ഒരു ദിവസം കച്ചവടം പെട്ടെന്ന് തീര്‍ന്നു. അന്ന് അങ്ങാടിയില്‍ പോയി കൂടുതല്‍ കടല വാങ്ങിക്കൊണ്ട് വന്ന് വേഗം വറുത്തു. വറുത്ത കടല ചൂടായിരുന്നതിനാല്‍ കച്ചവടത്തിന് നിരത്താന്‍ സമയം പിടിക്കും എന്ന് തോന്നി. കടല വെള്ളത്തിലിട്ട് തണുപ്പിക്കുക എന്ന ആശയം എന്റെ തലയിലാണോ അതോ അനിയന്റെ തലയിലാണോ ഉദിച്ചത് എന്നോര്‍മ്മയില്ല. ആ കടല മുഴുവന്‍ ‘വെള്ളത്തിലായി’ കച്ചവടം പൂട്ടി !പക്ഷേ അത് പുതിയൊരു വരുമാന മാര്‍ഗ്ഗം തുറന്ന് തന്നു.

(തുടരും....)

6 comments:

Areekkodan | അരീക്കോടന്‍ said...

കടല വെള്ളത്തിലിട്ട് തണുപ്പിക്കുക എന്ന ആശയം എന്റെ തലയിലാണോ അതോ അനിയന്റെ തലയിലാണോ ഉദിച്ചത് എന്നോര്‍മ്മയില്ല. ആ കടല മുഴുവന്‍ ‘വെള്ളത്തിലായി’ കച്ചവടം പൂട്ടി !

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

രസകരം..ഓർമ്മകൾ പുതുക്കി.കടലക്കച്ചവടം ഓർമ്മ വരുന്നു.എന്റെ കുട്ടിക്കാലത്ത് എവറഡി ബാറ്ററിപ്പെട്ടിയിൽ കടലയുമായി വീടുകൾ കയറി ഇറങ്ങിയാണ് കച്ചവടം

Muralee Mukundan , ബിലാത്തിപട്ടണം said...

രസകരം..

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ്ക്കക്ക... വ്യക്തമല്ലാത്ത ചില ചിത്രങ്ങൾ മനസ്സിൽ വരുന്നു. എവറെഡി കേൾക്കുമ്പോൾ തന്നെ പേടിയാ...

ബിലാത്തി ജീ... നന്ദി

© Mubi said...

ഹഹഹ..

Areekkodan | അരീക്കോടന്‍ said...

മുബീ... ചിരിച്ചോ ചിരിച്ചോ

Post a Comment

നന്ദി....വീണ്ടും വരിക