Pages

Tuesday, June 19, 2012

വായനാദിനവും എന്റെ കുട്ടിക്കാലവും.

ഇന്ന് വായനാദിനം.വായനക്ക് വേണ്ടി അനുഭവിച്ച ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചില ചിന്തകള്‍ മനസ്സിലൂടെ കടന്നു പോകുന്നു.

യു.പി സ്കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ സ്കൂളീല്‍ ലൈബ്രറി എന്നൊരു സാധനം ഇല്ലായിരുന്നു.എന്നാല്‍ ബാപ്പ ജോലി ചെയ്തിരുന്ന അരീക്കോട് ഗവ. ഹൈസ്കൂളീല്‍ നല്ല്ലൊരു ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നു.അതിന്റെ കസ്റ്റോഡിയന്‍ ബാപ്പയുടെ ഉറ്റ സുഹൃത്തും എനിക്കും ജ്യേഷ്ഠത്തിക്കും അനിയനും ഒക്കെ ഏഴാം ക്ലാസ് വരെ മാത്‌സ് ട്യൂഷന്‍ എടുത്തിരുന്ന നാരായണന്‍ മാസ്റ്ററും ആയിരുന്നു.

സ്കൂള്‍ മധ്യവേനലവധിക്ക് അടച്ചാല്‍ മറ്റെല്ലാ കുട്ടികള്‍ക്കും കുശാലായി കളിക്കാനുള്ള സമയം ആരംഭിക്കുകയായി.ഞങ്ങള്‍ക്ക് കളിയോടൊപ്പം തന്നെ കാര്യവും ലഭിക്കണമെന്ന് ഞങ്ങളുടെ പിതാവ് ആഗ്രഹിച്ചിരുന്നു.അതിനാല്‍ അവധിക്കാലം തുടങ്ങി രണ്ടാം ദിവസം തന്നെ എന്നെയും അനിയനേയും ബാപ്പ , ബാപ്പയുടെ സ്കൂളിലേക്ക് പറഞ്ഞു വിടും.

ഇന്നത്തെ പോലെ ബസ്സ് സര്‍വീസ് ഇല്ലാത്ത അന്ന് രണ്ട് കിലോമീറ്റര്‍ ദൂരം നടന്ന് വേണം സ്കൂളില്‍ എത്താന്‍.അതിനാല്‍ തന്നെ ഞങ്ങളെ ഒറ്റക്ക് വിടാന്‍ ബാപ്പക്ക് പേടിയുമായിരുന്നു.മാത്രമല്ല സ്കൂള്‍ സ്ഥിതി ചെയ്യുന്നത് വിജനമായ ഒരു സ്ഥലത്തുമാ‍യിരുന്നു.ഇക്കാരണങ്ങളാല്‍ , അതേ സ്കൂളില്‍ പഠിക്കുന്ന ഞങ്ങളുടെ അയല്‍‌വാസി ഹരിദാസന്‍ ആയിരുന്നു ഞങ്ങളുടെ വഴികാട്ടി.

സ്കൂളിലെത്തി നാരായണന്‍ മാസ്റ്ററെ കാണുന്നത് തന്നെ ലൈബ്രറിക്കകത്താണ്.എന്താണ് ലൈബ്രറി എന്നത് ആദ്യമായി അറിഞ്ഞതും അവിടെ വച്ചാണ്.ബാപ്പ നേരത്തെ പറഞ്ഞതു കൊണ്ടോ അതല്ല മാഷ് ഞങ്ങളുടെ ടേസ്റ്റ് അറിഞ്ഞതുകൊണ്ടോ എന്നറിയില്ല കുറേ പുസ്തകങ്ങള്‍ ഞങ്ങള്‍ക്കായി റെഡിയായിരിക്കും.അവ ഞങ്ങള്‍ക്ക് കൈമാറും.അതും കൊണ്ട് ഞങ്ങള്‍ തിരിച്ചുള്ള യാത്രയും തുടങ്ങും.

അങ്ങനെ തിരിച്ചു പോരുന്ന ഒരു ദിവസം വഴിയിലുള്ള ഏക കടയായ ഫസലുണ്ണിയമാക്കയുടെ കടയുടെ മുമ്പിലെത്തിയപ്പോള്‍ ഹരിദാസന് ഒരു പൂതി (ആഗ്രഹം) - മോരും വെള്ളം കുടിക്കാം.ഞങ്ങളുടെ കയ്യില്‍ ആകെ ഉണ്ടായിരുന്നത് പത്ത് പൈസ!ഹരിദാസന്റെ കയ്യില്‍ പതിനഞ്ച് പൈസയും വഴിയില്‍ നിന്ന് കിട്ടിയ രണ്ട് കശുവണ്ടിയും!കടയിലെത്തി മൂന്ന് മോരും വെള്ളത്തിന് വില ചോദിച്ചപ്പോള്‍ മുപ്പത് പൈസ. ഹരിദാസന്‍ ധൈര്യസമേതം മൂന്ന് മോരും വെള്ളത്തിന് ഓര്‍ഡര്‍ ചെയ്തു.ഞങ്ങളുടെ പത്ത് പൈസയും അവന്റെ പതിനഞ്ച് പൈസയും ഒപ്പം ആ രണ്ട് കശുവണ്ടിയും ഫസലുണ്ണിയമാക്കയുടെ നേരെ നീട്ടി. ഫസലുണ്ണിയമാക്ക അതെല്ലാം വാങ്ങി വച്ചു.മോരും വെള്ളം കുശാലായി കുടിച്ച് ഞങ്ങള്‍ വീണ്ടും നടന്നു.നാട്ടിന്‍ പുറത്തെ കടകളില്‍ കാശിന് പകരം സാധനങ്ങളും എടുക്കും എന്ന് അന്ന് ഞങ്ങള്‍ക്ക് മനസ്സിലായി (ബാര്‍ട്ടര്‍ സമ്പ്രദായം എന്ന പ്രാചീന രീതി പിന്നീട് പഠിച്ചപ്പോള്‍ ഹരിദാസന്റെ ഈ പ്രാക്ടീസ് എന്നും ഞങ്ങളുടെ മനസ്സില്‍ പച്ചപിടിച്ച് നിന്നു.)

അന്ന് വായിച്ച പുസ്തകങ്ങളില്‍ “ഗ്രിമ്മിന്റെ കഥകള്‍” എന്ന പുസ്തകം ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.ഗ്രിം എന്ന ഗ്രാമീണ ബാലന്റെ വിവിധ കഥകള്‍ പത്ത് ചെറിയ പുസ്തകങ്ങളിലായി ഈസോപ്പ് കഥകളെപ്പോലെ അവതരിപ്പിച്ച അവയുടെ ചെറുകുറിപ്പുകളും തയ്യാറാക്കി വച്ചിരുന്നു.ഇന്ന് വായനാദിനത്തില്‍, വായനക്ക് വേണ്ടി അന്ന് ഇത്രയും ദൂരം സഞ്ചരിച്ചതും മറ്റും ഇന്നത്തെ തലമുറയോട്‌ പറഞ്ഞാല്‍ ഒരു പരിഹാസച്ചിരിയായിരിക്കും മുഖത്ത് വരുന്നത്.

6 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെ തിരിച്ചു പോരുന്ന ഒരു ദിവസം വഴിയിലുള്ള ഏക കടയായ ഫസലുണ്ണിയമാക്കയുടെ കടയുടെ മുമ്പിലെത്തിയപ്പോള്‍ ഹരിദാസന് ഒരു പൂതി (ആഗ്രഹം) - മോരും വെള്ളം കുടിക്കാം.ഞങ്ങളുടെ കയ്യില്‍ ആകെ ഉണ്ടായിരുന്നത് പത്ത് പൈസ!ഹരിദാസന്റെ കയ്യില്‍ പതിനഞ്ച് പൈസയും വഴിയില്‍ നിന്ന് കിട്ടിയ രണ്ട് കശുവണ്ടിയും!

ajith said...

വായിച്ചാല്‍ വളരും...

എഡിറ്റർ said...

നല്ല അനുഭവം...ഒരു കഥ വായിച്ച സുഖം

ഏറനാടന്‍ // Eranadan said...

വായിക്കാന്‍ പെട്ട പാട് രസകരമായി പറഞ്ഞു. ഭാവുകങ്ങള്‍ നേരുന്നു.

c.v.thankappan said...

ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

അജിത് ജീ...വായിച്ചില്ലേല്‍ വിളരും

എഡിറ്റര്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അഭിപ്രായത്തിന് നന്ദി.

ഏറനാടാ...കുറേകാലായല്ലോ കണ്ടിട്ട്...

തങ്കപ്പന്‍‌ജീ...താങ്കള്‍ക്കും അജിത്ത്ജിക്കും എല്ലാം ഇതിലും കൂടുതല്‍ അനുഭവങ്ങള്‍ ഉണ്ടാകും എന്ന് കരുതുന്നു.

Post a Comment

നന്ദി....വീണ്ടും വരിക