Pages

Saturday, June 30, 2012

ഇതോ ദൈവത്തിന്റെ സ്വന്തം നാട്? - 1

                     നമ്മുടെ കൊച്ചു സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ഈ നാട്ടില്‍ വസിക്കുന്ന ഏതൊരാളും ചോദിച്ചുപോകുന്ന ഒരു ചോദ്യമാണ് മൂഢനായ എന്ന് വേണമെങ്കില്‍ പറയാം, ഞാനും  ചോദിച്ചത്. പോയി പോയി നമ്മുടെ പാര്‍ട്ടിക്കാരും ജനങ്ങളും എത്തിച്ചേര്‍ന്ന ഒരു ഗതികേട് തന്നെയാണ് എന്റെ പരാമര്‍ശ വിഷയം.

                      ഒരു പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയ ഒരാള്‍ പാര്‍ട്ടിക്കെതിരെ ആഞ്ഞടിക്കും എന്നത് തീര്‍ച്ച തന്നെ.അയാള്‍ പാര്‍ട്ടിക്കകത്തിരുന്ന കാലത്ത് അയാള്‍ക്കും പാര്‍ട്ടിക്കും അഭിമതമായിരുന്ന പല കാര്യങ്ങളും അയാളുടെ പുറത്താക്കലിലൂടെ അല്ലെങ്കില്‍ സ്വയം പുറത്തു പോകലിലൂടെ അനഭിമതവും കുറ്റങ്ങളും ആയി മാറുന്നു.മത-രാഷ്ട്രീയ ഭേദമന്യേ കേരളം ദര്‍ശിച്ചു കൊണ്ടിരിക്കുന്ന ഒരു സംഗതിയാണിത്. അങ്ങനെ പുകയുന്ന അല്ലെങ്കില്‍ പുകഞ്ഞുകൊണ്ടേ ഇരിക്കുന്ന കൊള്ളികളെ വെള്ളം ഒഴിച്ചു കെടുത്തുന്നതിന് പകരം (ഭീഷണിപെടുത്തുന്നതിന് പകരം) സമുദ്രത്തില്‍ തന്നെ കെട്ടിത്താഴ്ത്തുക (നിശ്ശേഷം ഇല്ലാതാക്കുക) എന്ന രീതിയാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഈ അടുത്തകാലത്ത് കേരളജനത ഞെട്ടിപ്പോയ ടി.പി.ചന്ദ്രശേഖരന്‍ വധം നടപ്പിലായത് ഈ അജണ്ട പ്രകാരമായിരുന്നു എന്ന് ഇന്ന് വ്യക്തമായി.

                        കുട്ടിക്കാലത്ത് സഹപാഠിയെ  നോക്കി ‘നിന്നെ ഞാന്‍ കാണിച്ചുതരാം’ എന്ന് പറയാന്‍ പോലും നമുക്ക് ധൈര്യം വരില്ലാ‍യിരുന്നു.കാരണം സ്കൂള്‍ നീതിന്യായ വ്യവസ്ഥയുടെ അധിപനായ ഹെഡ്മാസ്റ്ററുടെ അടുത്ത് പ്രസ്തുത ഭീഷണി എത്തിയാല്‍ കിട്ടുന്ന ചൂരല്‍ പ്രയോഗം മനസ്സില്‍ വരുമായിരുന്നു. എന്നാല്‍ ഇന്ന് അതേ കുട്ടികള്‍ തന്നെ   ‘തല പൂക്കുലപോലെ ചിതറും’ , ‘കയ്യും കാലും വെട്ടി നുറുക്കും’ എന്നൊക്കെ പൊതുയോഗങ്ങളില്‍ വിളിച്ചുപറയാന്‍ വരെ ധൈര്യമുള്ള നേതാക്കളായി ‘വളര്‍ന്നിരിക്കുന്നു‘.കോടതിയും മറ്റു വ്യവസ്ഥകളുംഞങ്ങള്‍ക്ക് പുല്ലാണ് എന്ന തീവ്രവാദി സമീപനമല്ലേ ഇന്ന് കേരളാം ദര്‍ശിച്ചു കൊണ്ടിരിക്കുന്നത്.

                        കൊലപാതകത്തില്‍ പങ്കുണ്ടെന്ന് മുഖ്യപ്രതിയും മറ്റു പ്രതികളും ചൂണ്ടിക്കാണിക്കുന്ന മിക്കവാറും പേര്‍ക്ക് അതില്‍ ഏതെങ്കിലും തരത്തില്‍ പങ്ക് ഉണ്ടാകും എന്നത് തീര്‍ച്ചയാണ്.വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ അത്തരം ഒരവസ്ഥയില്‍ ഇങ്ങനെ വിളിച്ചുപറയും എന്ന് എനിക്ക് തോന്നുന്നില്ല.ആ നിലക്ക് ഇന്നലെ കോഴിക്കോട് നടന്ന അറസ്റ്റ് തെളിവികളുടെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കും.പക്ഷേ , സ്വന്തം പാര്‍ട്ടി അംഗം അറസ്റ്റിലായപ്പോള്‍ ഈ കടുത്ത പ്രതിസന്ധിയെ അതിജീവിക്കുക എന്ന ഒറ്റ അജണ്ട ലക്ഷ്യമാക്കി ജനശ്രദ്ധ മുഴുവന്‍ തിരിച്ചു വിടാന്‍ വേണ്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് പാര്‍ട്ടിക്ക് വീണ്ടും ലക്ഷ്യം തെറ്റി എന്നതിന്റെ തെളിവാണ്.ഇതിലും വലിയ നേതാക്കളെ അറസ്റ്റ് ചെയ്യുകയും തുറുങ്കില്‍ അടക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. പക്ഷേ അന്നൊന്നും ഇത്തരം വഴി വിട്ട സമീപനങ്ങള്‍ ഒരു പാര്‍ട്ടിയും നടത്തിയിട്ടില്ല.

                     ഈ ഒരു ഹര്‍ത്താലിലൂടെ പുതിയ ഒരു സംസ്കാരം കൂടി വളരാന്‍ തുടങ്ങുകയാണ്.രാഷ്ട്രീയ നേതാക്കളെ , അവരെന്ത് കേസില്‍ പ്രതിയായാലും അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്നും പോലീസും നിയമവും ജനങ്ങളുടെ കൂട്ടത്തിന് മുമ്പില്‍ കീഴടങ്ങണം എന്നുമല്ലേ ഈ ഹര്‍ത്താല്‍ പുതിയ തലമുറക്ക്  പകരുന്ന സന്ദേശം?പിന്നില്‍ നില്‍ക്കാന്‍ നാലാളുണ്ടെങ്കില്‍ തന്റെ നാവ് കൊണ്ട് എവിടെയും എന്തും വിളിച്ച് പറയാം എന്നല്ലേ ഇത് നല്‍കുന്ന പാഠം?

                    ചോദ്യം ചെയ്യലിന് വിളിക്കുമ്പോള്‍ ശാരീരിക അസ്വാസ്ഥ്യവും മുട്ടുവേദനയും ഒക്കെ വരുന്നത് സത്യം പുറത്ത്പറഞ്ഞ് പോകുമോ എന്ന പേടിയില്‍ നിന്നല്ലേ?നിരപരാധിയാണെങ്കില്‍ എന്തുകൊണ്ട് ധൈര്യസമേതം അന്വേഷണം നേരിട്ടു കൂട?

                   ഇന്നത്തെ ഹര്‍ത്താലിന്റെ വിജയം കേരളജനതക്കെതിരെയുള്ള കൊഞ്ഞനം കുത്തലായിട്ടേ കാണാന്‍ സാധിക്കൂ.ഇനി എന്തും ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചെയ്യാം എന്നതിന്റെ ഒരു സാമ്പിള്‍ വെടിക്കെട്ട് കൂടിയാണ് ഇത് എന്ന മുന്നറിയിപ്പ് കൂടി കേരള ജനതക്ക് ഈ ഹര്‍ത്താല്‍ നല്‍കുന്നു.


7 comments:

Areekkodan | അരീക്കോടന്‍ said...

എന്നാല്‍ ഇന്ന് അതേ കുട്ടികള്‍ തന്നെ ‘തല പൂക്കുലപോലെ ചിതറും’ , ‘കയ്യും കാലും വെട്ടി നുറുക്കും’ എന്നൊക്കെ പൊതുയോഗങ്ങളില്‍ വിളിച്ചുപറയാന്‍ വരെ ധൈര്യമുള്ള നേതാക്കളായി ‘വളര്‍ന്നിരിക്കുന്നു‘.

സഹയാത്രികന്‍ I majeedalloor said...

ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍ ..!!
http://sahayathrekan.blogspot.in/2012/05/blog-post_30.html

ajith said...

അയ്യോ, ഇത്തരം പോസ്റ്റിനൊക്കെ കമന്റെഴുതാന്‍ പോലും പേടിയാകുന്നു. അതാ കാലം

Areekkodan | അരീക്കോടന്‍ said...

സഹയാത്രികാ...അതെന്നെ

അജിത്ജീ...ശരിയാ.എന്തിന്റെ പേരിലാ അകത്താകുക എന്ന് പറയാന്‍ വയ്യാത്ത അവസ്ഥ.

c.v.thankappan said...

ഹാ!സുന്ദരകേരളം....!!!
ആശംസകള്‍

Feroze Bin Mohamed said...
This comment has been removed by a blog administrator.
Nena Sidheek said...

കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍ .
ഇതുകൊണ്ടായിരിക്കും ഇങ്ങനെയൊക്കെ.

Post a Comment

നന്ദി....വീണ്ടും വരിക