Pages

Monday, July 08, 2024

സുല്ലമിൻ്റെ സ്വന്തം എഴുത്ത്കാർ

മൂന്ന് സ്കൂളുകളിലായിട്ടാണ് ഞാൻ എൻ്റെ പത്താം ക്ലാസ് വരെയുള്ള പഠനം പൂർത്തിയാക്കിയത്. മൂത്താപ്പയും മൂത്തുമ്മയും അദ്ധ്യാപകരായി സേവനമനുഷ്ഠിച്ച അരീക്കോട് ജി.എം.യു.പി സ്കൂളിൽ ഒന്ന് മുതൽ ആറ് വരെയും രണ്ട് അമ്മാവന്മാരും സേവനമനുഷ്ഠിച്ച സുല്ലമുസ്സലാം ഓറിയൻ്റൽ ഹൈസ്കൂളിൽ ഏഴാം ക്ലാസും പൂർത്തിയാക്കിയ ശേഷം, മൂത്താപ്പയുടെ മൂത്ത മകൻ സേവനമനുഷ്ഠിച്ചിരുന്ന മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂളിൽ എട്ട് മുതൽ പത്ത് വരെയും പഠിച്ചു. എന്റെ ജ്യേഷ്ടത്തിക്കും അനിയന്മാർക്കും ഇത്തരം ഒരു ഭാഗ്യം ലഭിച്ചിരുന്നില്ല.    

ഞാൻ മലയാളത്തിൽ മോശമായത് കൊണ്ടോ അതല്ല ഉഷാറായത് കൊണ്ടോ എന്നറിയില്ല, മലയാളം ഒരു വിഷയമായി തന്നെ എന്നെ പഠിപ്പിക്കണം എന്ന എൻ്റെ പ്രിയപ്പെട്ട പിതാവിൻ്റെ നിർബന്ധം കാരണമാണ് മലയാളം ഒട്ടും പഠിപ്പിക്കാത്ത ഓറിയൻ്റൽ ഹൈസ്കൂളിൽ നിന്നും എന്നെ മറ്റൊരു സ്കൂളിലേക്ക് മാറ്റിച്ചേർത്തത് എന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. ആ മാറ്റം വിവിധ ജാതി-മത വിഭാഗത്തിൽ പെട്ട കുട്ടികളുമായി ഇടപഴകാനും എൻ്റെ സംസാര ഭാഷ ശുദ്ധീകരിക്കാനും സഹായിച്ചു. സർവ്വോപരി എൻ്റെ പിതാവ് ഒരു പക്ഷേ സ്വപ്നം കണ്ടിരുന്ന എൻ്റെ രചനാ വൈഭവം നന്നായി പരിപോഷിപ്പിക്കാനും ആ മാറ്റം സഹായകമായി. ദിനപത്രങ്ങളിൽ നിരവധി മിഡിൽ പീസുകളും സാമൂഹ്യ മാധ്യമങ്ങളിൽ അനേകം കഥകളും യാത്രാ വിവരണങ്ങളും മറ്റ് കുറിപ്പുകളും പ്രസിദ്ധീകരിക്കാൻ എനിക്ക് അടിത്തറ ഇട്ട് തന്നതും ആ സ്കൂളിലെ പഠനവും അനുഭവങ്ങളും തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. പിതാവിൻ്റെ കാലശേഷമാണെങ്കിലും രണ്ട് പുസ്തകങ്ങൾ മലയാള സാഹിത്യലോകത്തിന് സംഭാവന ചെയ്ത് കൊണ്ട് എൻ്റെ പിതാവിൻ്റെ അഭിലാഷം സഫലീകരിക്കാൻ സാധിച്ചതിൽ ഇപ്പോൾ സന്തോഷം തോന്നുന്നു.

ഞാൻ ഏഴാം ക്ലാസ് മാത്രം പഠിച്ച സുല്ലമുസ്സലാം ഓറിയൻ്റൽ ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിലാണ് എൻ്റെ മൂന്നാമത്തെ മകൾ ലൂന ഇപ്പോൾ പഠിക്കുന്നത്. ഞാൻ പഠിച്ചിരുന്ന കാലത്തിൽ നിന്നും എത്രയോ മുന്നോട്ട് പോയതിനാൽ ഇപ്പോൾ അവിടെ മലയാളം അഡീഷനൽ വിഷയമായി  പഠിപ്പിക്കുന്നുണ്ട്. മാത്രമല്ല കുട്ടികളുടെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബും ലിറ്റററി ക്ലബ്ബും വായനക്കൂട്ടവും എല്ലാം ഉണ്ട്. താല്പര്യമുള്ള നിരവധി കുട്ടികളും ഉണ്ടെന്ന് അവയുടെ പ്രവർത്തന ചരിത്രങ്ങൾ വിളിച്ചോതുന്നു.

ഈ വർഷത്തെ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ഈ ക്ലബുകളുടെ സംയുക്താഭിമുഖ്യത്തിൽ "സുല്ലമിൻ്റെ സ്വന്തം എഴുത്ത്കാർ" എന്ന വേറിട്ട ഒരു പരിപാടി കൂടി സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. കുട്ടികളുടെ രക്ഷിതാക്കളിലെ എഴുത്ത്കാരെ ആദരിക്കുകയും അവരുമായി കുട്ടികൾക്ക് സാഹിത്യ സംവാദത്തിന് അവസരം നൽകുകയും ചെയ്യുന്നതായിരുന്നു പ്രസ്തുത പരിപാടി.

സാഹിത്യത്തിലേക്ക് സജീവമായി തിരിഞ്ഞ ശേഷം നാലഞ്ച് പുരസ്കാരങ്ങൾ ലഭിച്ചെങ്കിലും എൻ്റെ നാട്ടിൽ വച്ച് സാഹിത്യ രംഗത്തെ നേട്ടത്തിന് എനിക്ക് ഒരു ആദരവ് ലഭിക്കുന്നത് ആദ്യമായിട്ടായിരുന്നു. കുട്ടികളുമായി സംവദിക്കാനും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും സാധിച്ചതിൽ വളരെ സന്തോഷം തോന്നി. 

ഇത്തരം ഒരാശയം മുന്നോട്ട് വച്ച കോർഡിനേറ്റർ ജസ്ന ടീച്ചർക്കും സഹപ്രവർത്തകർക്കും പിന്നണി പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇനിയും ഇത്തരം പരിപാടികൾ സംഘടിപ്പിച്ച് കുട്ടികളുടെ അഭിരുചികൾ പരിപോഷിപ്പിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.

1 comments:

Areekkodan | അരീക്കോടന്‍ said...

സാഹിത്യത്തിലേക്ക് സജീവമായി തിരിഞ്ഞ ശേഷം നാലഞ്ച് പുരസ്കാരങ്ങൾ ലഭിച്ചെങ്കിലും എൻ്റെ നാട്ടിൽ വച്ച് സാഹിത്യ രംഗത്തെ നേട്ടത്തിന് എനിക്ക് ഒരു ആദരവ് ലഭിക്കുന്നത് ആദ്യമായിട്ടായിരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക