Pages

Tuesday, September 04, 2012

ഡോളറില്‍ ചവിട്ടി നടക്കുന്ന പോലെ....

              ഡോളറില്‍ ചവിട്ടി നടക്കണമെങ്കില്‍ അമേരിക്കയില്‍ തന്നെ പോകേണ്ടിവരും (ഡോളര്‍ കീശയില്‍ നിന്ന് വീണുപോകാന്‍ സാധ്യതയുള്ളത് അവിടെ മാത്രമാണ്).പക്ഷേ ഡോളറില്‍ ചവിട്ടി നടക്കുന്ന പോലെ നടക്കണമെങ്കില്‍ പ്രോവിഡന്‍സ് വിമന്‍സ് കോളേജില്‍ പോയാല്‍ മതിയെന്ന് ഇന്നലെ എനിക്ക് മനസ്സിലായി.

             മലാപറമ്പ് ജംഗ്ഷനില്‍ ബസ് ട്രാഫിക് സിഗ്നലില്‍ കുടുങ്ങിയ ഉടനെ ഞാന്‍ ചാടിയിറങ്ങി.കാരണം ജംഗ്‌ഷന്‍ ക്രോസ് ചെയ്ത് രണ്ടടി മുന്നോട്ട് വച്ചാല്‍ ഇടത്ത് കാണുന്ന റോഡിന് വിമന്‍സ് പോളിയുടെ മുന്നിലൂടെയുള്ള സ്ട്രൈറ്റ് റോഡിന്റെ  സ്വാഭാവിക വളവും തിരിവും അനുസരിച്ച് കുറച്ചധികം നടന്നാല്‍ പ്രോവിഡന്‍സ് വിമന്‍സ് കോളേജിലേക്കുള്ള റോഡിലേക്ക് എത്താം എന്ന ഒരു സങ്കല്പം എന്റെ മനസ്സില്‍ ഉണ്ടായിരുന്നു.(ആരും ഇത് ബൈഹാര്‍ട്ട് ആക്കണ്ട, ഇപ്പോള്‍ അതിലും നല്ല വഴി ഉണ്ട്).

              അങ്ങനെ ഒരു ഏമാനോടും ഒരു പൂമോനോടും ചോദിക്കാതെ പത്ത് മണിക്ക് തന്നെ ഞാന്‍ ആ റോഡിലൂടെ ഉലാത്തി മുന്നോട്ട് നീങ്ങി.കുറേ നടന്നപ്പോള്‍ എന്റെ തലയുടെ മുകളില്‍ ഒരു ഓവര്‍ ബ്രിഡ്ജ് പ്രത്യക്ഷപ്പെട്ടു.തലയുടെ മുകളില്‍ ആണെങ്കില്‍ ഓവര്‍ ബ്രിഡ്‌ജും കാലിന് താഴെ ആണെങ്കില്‍ ഓവ് ബ്രിഡ്‌ജും ആയിരിക്കും എന്നത് പണ്ടേ എന്റെ കണ്‍‌സപ്റ്റാണ്.തലയുടെ മുകളില്‍ രണ്ടാള്‍ പൊക്കത്തില്‍ പോകുന്ന പാലമായതിനാല്‍ ഞാന്‍ അത് ഏതോ പാലമായിരിക്കും എന്ന് കരുതി വീണ്ടും മുന്നോട്ട് നടന്നു.പാലത്തിന്റെ അരികിലൂടെ നല്ലൊരു നടപ്പാത ഉണ്ടായിരുന്നെങ്കിലും എനിക്ക് പാലത്തിന്റെ മുകളില്‍ എത്തേണ്ട ആവശ്യം ഇല്ല എന്നതിനാല്‍ ഞാന്‍ അത് മൈന്റ് ചെയ്തില്ല.അല്പം കൂടി മുന്നോട്ട് എത്തിയപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ച പോലെ വലത്തോട്ട് ഒരു റോഡ് ഇറക്കമിറങ്ങി വരുന്നത് കണ്ടു(അരീക്കോടാ നിന്റെ ഓര്‍മ്മ ശക്തിയെ ഞാന്‍ നീണാള്‍ വാഴ്ത്തുന്നു...എന്റെ മനസ്സില്‍ നിന്നും പൊങ്ങിയ ഒരശരീരി ഞാന്‍ മാത്രം കേട്ടു).

             പ്രോവിഡന്‍സ് വിമന്‍സ് കോളേജ് എന്ന ജാംബവാന്റെ കാലത്തെ ഒരു നാനോടൈപ് ബോഡ് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും വഴി തൈറ്റിയില്ല എന്നുറപ്പിച്ച് ഞാന്‍ ഐശ്വര്യമായി  ഇടത് കാല്‍ വച്ച് വലതു റോഡിലേക്ക് കയറി.20 മീറ്റര്‍ നടന്നതും വാഹനങ്ങള്‍ ചീറിപ്പായുന്ന ഒരു റോഡിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നു!
“ങേ!!!ഇതേതാ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു റോഡ്...!!” 
തൊട്ടടുത്ത നിമിഷം ഞാന്‍ താഴേക്ക് നോക്കി.ഞാന്‍ മൈന്റ് ചെയ്യാതെ വിട്ട പാലത്തിന്റെ അരികിലൂടെയുള്ള നടപ്പാത ഞാന്‍ നില്‍ക്കുന്നിടത്ത് അവസാനിക്കുന്നു!വെറുതെ കുറേ കൂടി മുന്നോട്ട് പോയത് മിച്ചം.പക്ഷേ അതിലും വലിയ ഒരു കാഴ്ച പിന്നീട് ആണ് ഞാന്‍ കണ്ടത്.എന്റെ കണ്ണെത്തും ദൂരത്ത് ഞാന്‍ ബസ്സിറങ്ങിയ സ്ഥലം!!!!എന്നു വച്ചാല്‍ സാക്ഷാല്‍ ഡോളര്‍ സിമ്പലിന്റെ  'S'ലൂടെ നടന്നതിന് ശേഷം അതിന്റെ നടുവിലൂടെയുള്ള പാലം കണ്ട പ്രതീതി!

             അതേ സുഹൃത്തുക്കളേ മലാപറമ്പ് - പൂളാടിക്കുന്ന് ബൈപാസ് തുറന്നതോടെ പ്രോവിഡന്‍സ് വിമന്‍സ് കോളേജിലേക്ക് എത്താന്‍ വളരെ എളുപ്പമാണ്.ഇനി ആര്‍ക്കും എന്റെ ബുദ്ധി തോന്നരുത് എന്ന് മാത്രം.
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: സിറ്റി പോലീസ് കമ്മീഷണറുടെ ക്യാമ്പ് ഓഫീസും കോളേജിനടുത്തായതിനാല്‍ അല്പം ശ്രദ്ധ ആരോഗ്യത്തിന് നല്ലതാണ്.

7 comments:

Areekkodan | അരീക്കോടന്‍ said...

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: സിറ്റി പോലീസ് കമ്മീഷണറുടെ ക്യാമ്പ് ഓഫീസും കോളേജിനടുത്തായതിനാല്‍ അല്പം ശ്രദ്ധ ആരോഗ്യത്തിന് നല്ലതാണ്.

ajith said...

ഞാന്‍ ആ നാട്ടുകാരനേയല്ല

അഷ്‌റഫ്‌ സല്‍വ said...


നന്ദി ..
വഴി പറഞ്ഞു തന്നതിന് മാത്രമല്ല ,മുന്നറിയിപ്പ് തന്നതിനും :)))

kochumol(കുങ്കുമം) said...

>>അരീക്കോടാ നിന്റെ ഓര്‍മ്മ ശക്തിയെ ഞാന്‍ നീണാള്‍ വാഴ്ത്തുന്നു...എന്റെ മനസ്സില്‍ നിന്നും പൊങ്ങിയ ഒരശരീരി ഞാന്‍ മാത്രം കേട്ടു<< ഹി ഹി...:)
ഞാനും ആ നാട്ടുകാരിയല്ലാ

Prabhan Krishnan said...

എന്താ മാഷേ വിമന്‍സ് കോളേജിനു മുന്നിലൂടെ ഒരു കറക്കം?
ഈ സരസമായ എഴുത്തിന് ആശംസകള്‍..!
സസ്നേഹം..പുലരി

Echmukutty said...

ഞാന്‍ ആ വഴിക്ക് വരില്ല..... ഒരുപാട് വഴി അകലെയാണു താമസിക്കുന്നത്.

Unknown said...

Very interesting post. iniyum itu pole....,

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum
Keralaa

Post a Comment

നന്ദി....വീണ്ടും വരിക