കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍....
മുമ്പ് പഠിച്ച സ്കൂളിലോ കലാലയത്തിലോ ഒരു വട്ടം കൂടി എത്തുമ്പോഴാണ് "കാരണവർ" എന്ന സിനിമയിലെ ഈ ഗാനം പലപ്പോഴും ഓർമ്മ വരാറ്. ഇന്നലെ എൻ്റെ നാട്ടിലെ പ്രഥമ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എത്തിയപ്പോൾ എൻ്റെ മനസ്സിലൂടെ ആരോ ഈ ഗാനം മൂളി.
ഞാൻ ഒരു വിദ്യാർത്ഥിയായി പഠിച്ചില്ല എങ്കിലും എനിക്ക് ഏറെ ഹൃദയ ബന്ധമുള്ള ഒരു സ്കൂളാണ് അരീക്കോട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. എൻ്റെ വന്ദ്യപിതാവ് വളരെക്കാലം അദ്ധ്യാപകനായും പിന്നീട് ഹെഡ് മാസ്റ്ററായും സേവനമനുഷ്ഠിച്ച സ്കൂൾ,ഹയർ സെക്കൻഡറി ആയി ഉയർത്തിയപ്പോൾ ഞാൻ ഫിസിക്സ് അതിഥി അദ്ധ്യാപകനായി സേവനം ചെയ്ത സ്കൂൾ,എൻ്റെ മൂത്ത മകൾ ലുലു പ്ലസ് ടുവിന് പഠിച്ച സ്കൂൾ എന്നിവയാണ് ഇതിൽ എനിക്ക് പ്രത്യക്ഷത്തിലുള്ള ബന്ധം. പക്ഷേ, അതിലുപരി എൻ്റെ കുട്ടിക്കാലത്തെ പുഷ്കലമാക്കിയ ഒരു ബന്ധം കൂടി ഈ സ്കൂളുമായി എനിക്കുണ്ട്.
ഞാനും അനിയനും യു പി സ്കൂളിൽ പഠിക്കുന്ന കാലത്ത്, മദ്ധ്യവേനലവധി ആരംഭിച്ചാൽ ഞങ്ങളുടെ പിതാവ് ഞങ്ങളെ ഈ സ്കൂളിലേക്ക് അയക്കും.അവധിക്കാലത്ത് വായിക്കാനായി സ്കൂളിലെ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുക്കാനാണ് ഇങ്ങനെ അയക്കുന്നത്. ജീവിതത്തിൽ ആദ്യമായി ലൈബ്രറി കണ്ടത് അന്നാണ്. കുറെ കഥാ പുസ്തകങ്ങളുമായി വീട്ടിൽ തിരിച്ചെത്തുന്ന ഞങ്ങൾ പിറ്റേന്ന് മുതൽ വായനയും തുടങ്ങും. ഞങ്ങൾ രണ്ട് പേരും ജ്യേഷ്ഠത്തിയും എല്ലാ പുസ്തകവും വായിച്ച് കഴിഞ്ഞാൽ അതെല്ലാം തിരിച്ച് കൊടുക്കും. വീണ്ടും പുതിയ പുസ്തകങ്ങൾ എടുക്കും. എൻ്റെ വായനയെയും എഴുത്തിനെയും രൂപപ്പെടുത്തിയത് ഈ കാലഘട്ടമാണ് എന്ന് ഞാൻ കരുതുന്നു.
ഇന്നലെ ഈ സ്കൂളിലെ യു.പി വിഭാഗത്തിലെ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനമായിരുന്നു. പൂർവ്വ വിദ്യാർത്ഥികളും പൂർവ്വ അദ്ധ്യാപകരും പി.ടി.എയും ഒരുമിച്ച് പ്രയത്നിച്ചാണ് പന്ത്രണ്ട് റൂമുകൾ സ്മാർട്ട് ക്ലാസ് റൂമുകളാക്കി മാറ്റിയത്. അതിനാൽ തന്നെ ഇതിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കേണ്ടതും അവരിൽപ്പെട്ട ഒരാളാകണം എന്ന് സംഘാടകർ തീരുമാനിച്ചു. ബാപ്പയുടെ സ്മരണകൾ നിറഞ്ഞ് നിൽക്കുന്ന സ്കൂളായതിനാൽ ഒരു ക്ലാസ് റൂം സ്മാർട്ടാക്കാനുള്ള പ്രഥമ ദൗത്യം ഞങ്ങളുടെ കുടുംബമായിരുന്നു ഏറ്റെടുത്തിരുന്നത്. അതിനാൽ സ്നേഹനിധിയായ എൻ്റെ ഉമ്മ കൊല്ലത്തൊടി ആയിഷാബി ടീച്ചറെ ആയിരുന്നു ഉദ്ഘാടകയായി തെരഞ്ഞെടുത്തത്.
സ്കൂളിൽ വച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഷരീഫ ടീച്ചറുടെ സാന്നിദ്ധ്യത്തിൽ ഉമ്മ ആ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പഠനക്കാലത്തെപ്പറ്റി ഓർത്തെടുത്തും, ലഹരിയിൽ നിന്നും വിട്ടു നിൽക്കാൻ പുതിയ തലമുറയെ ഓർമ്മപ്പെടുത്തിയും, എൺപത്തിമൂന്ന് വയസ്സ് കഴിഞ്ഞ ഉമ്മ നല്ലൊരു പ്രസംഗം നടത്തി. ഉമ്മാക്ക് അകമ്പടി പോയ ഞാനും കുമ്പിടിയായി ചടങ്ങിൽ പങ്കെടുത്തു. പഴയ ലൈബ്രറി ഓർമ്മകൾ തിര തല്ലി വന്നതിനാൽ ഞാൻ എഴുതിയ മൂന്ന് പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് നൽകിക്കൊണ്ട് പഴയ കടപ്പാടിൻ്റെ വളരെ ചെറിയ ഒരംശം കൂടി ഞാൻ നിറവേറ്റി.
വാൽ: വൈകിട്ട്, എൻ്റെ പഴയ സ്കൂളിൽ അപ്പുണ്ണി എന്ന കലാകാരൻ്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ഒരു കൊച്ചു കുട്ടി എൻ്റെ അടുത്തേക്ക് ഓടി വന്ന് ചോദിച്ചു - "സാർ ഇന്ന് ഞങ്ങളുടെ സ്കൂളിൽ പുസ്തകം തന്ന സാറല്ലേ?". സന്തോഷം കൊണ്ട് ഞാനവനെ എന്നോട് ചേർത്ത് പിടിച്ച് തലയിൽ തലോടി.
1 comments:
"സാർ ഇന്ന് ഞങ്ങളുടെ സ്കൂളിൽ പുസ്തകം തന്ന സാറല്ലേ?"
Post a Comment
നന്ദി....വീണ്ടും വരിക