പിറ്റേ ദിവസം നേരത്തെ തന്നെ ഞങ്ങളുടെ ടാക്സി ഹോട്ടലിലെത്തി. എട്ട് മണിക്ക് പുറപ്പെടാം എന്ന എൻ്റെ പ്ലാൻ ആറ് മണിക്ക് പുറപ്പെടണം എന്നാക്കി ഡ്രൈവർ മഹേഷ് മാറ്റി. കാരണം അപ്പോൾ മനസ്സിലായില്ലെങ്കിലും യാത്രയിൽ മനസ്സിലായി. ഭക്ഷണമായി പഴങ്ങളും ബ്രഡും ഞങ്ങൾ കയ്യിൽ കരുതി. കാരണം മുകളിലേക്ക് എത്തിയാൽ ഭക്ഷണത്തിന് ബുദ്ധിമുട്ടില്ല എങ്കിലും വില കേട്ടാൽ ശ്വാസം മുട്ടും എന്ന് മഹേഷ് പറഞ്ഞിരുന്നു.
ടാക്സിക്കടുത്ത് എത്തിയപ്പോഴാണ് ഡ്രൈവർ മാറിയത് അറിഞ്ഞത്. രവി ചൗഹാൻ എന്നായിരുന്നു പുതിയ ഡ്രൈവറുടെ പേര്.നഗരം വാഹനത്തിരക്കിൽ അമരുന്നതിന് മുമ്പ് തന്നെ ഞങ്ങൾ നഗരാതിർത്തി പിന്നിട്ടു. ബിയാസ് നദിയിൽ നിന്നുള്ള തണുത്ത കാറ്റ് ഞങ്ങളെ തലോടാൻ തുടങ്ങി. നദിയുടെ പുലർകാല കാഴ്ച വളരെ മനോഹരമായിരുന്നു. വണ്ടി ഒന്ന് നിർത്തി പുറത്തിറങ്ങി ആസ്വദിക്കാൻ മനസ്സ് കൊതിച്ചു. എൻ്റെ മനസ്സ് വായിച്ച പോലെ രവി വണ്ടി സൈഡാക്കി!
"ക്യാ ഹുവ ?" ഞാൻ ചോദിച്ചു.
"യഹാം സെ ജാക്കറ്റ് ഓർ ഷൂ റെൻ്റ് ലേന ഹെ... സബ് മേരെ സാഥ് ആവൊ..." മഞ്ഞിൽ കളിക്കാനുള്ള വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്ന ഷോപ്പ് റോഡിൻ്റെ മറുഭാഗത്ത് ഞങ്ങൾ കണ്ടു. രവിക്കൊപ്പം ഞങ്ങൾ അങ്ങോട്ട് നടന്നു.
കാശ്മീരിൽ നിന്നും വ്യത്യസ്തമായി വിവിധ വർണ്ണങ്ങളിലുള്ള കോട്ടുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഒരു സ്ത്രീയായിരുന്നു കടയുടമ. ഓരോരുത്തർക്കും പാകമായ കോട്ടും ഷൂസും തന്നെ കിട്ടി. സെറ്റ് ഒന്നിന് മുന്നൂറ് രൂപയായിരുന്നു വാടക. ഓരോ സെറ്റ് ഗ്ലൗസും തെർമൽ സോക്സും നൂറ് രൂപക്ക് ഇതിൻ്റെ കൂടെ മൂപ്പത്തി കച്ചവടമാക്കി.പുറത്തിറങ്ങിയപ്പോൾ ഒരു ചായക്കാരൻ കൃത്യ സമയത്ത് വന്നതിനാൽ നല്ലൊരു ചായയും കുടിച്ച ശേഷം പുതിയ വേഷത്തിൽ ഞങ്ങൾ യാത്ര തുടർന്നു.
"സർ, പഹ്ല ഹം സോളാങ്ങ് വാലി ദേഖേഗ" രവി പറഞ്ഞു.
"ആയിക്കോട്ടെ" ഞാൻ സമ്മതിച്ചു.
സോളാങ്ങ് വാലിയെപ്പറ്റി പലരും പറഞ്ഞു കേട്ട അറിവും ഫോട്ടോകളിൽ കണ്ട അറിവും മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.മണാലിയിൽ പോകുന്നവർ എല്ലാവരും സോളാങ്ങ് വാലിയിൽ കൂടി പോകണം എന്ന് പണ്ടാരോ പറഞ്ഞുവച്ചത് പോലെയാണ് പല ടൂർ ഓപ്പറേറ്റർമാരുടെയും വിവരണം കേൾക്കാറുള്ളത്.അതിനാൽ തന്നെ വളരെ പ്രതീക്ഷയോടെയാണ് ഞാൻ സോളാങ്ങ് വാലിയിലേക്ക് യാത്ര തുടർന്നത്.പൽചൻ പാലം കടന്ന് ഏതാനും നിമിഷങ്ങൾ പിന്നിട്ടപ്പോഴേക്കും രവി വാഹനം നിർത്തി.
"സർ, യെഹ് ഹേ സോളാങ്ങ് വാലി" ആളൊഴിഞ്ഞ, മൈതാനം പോലെയുള്ള ഒരു സ്ഥലം കാണിച്ചുകൊണ്ട് രവി പറഞ്ഞു.
"യെഹ്??"വിശ്വാസം വരാതെ ഞാൻ ചോദിച്ചു.
"ഹാം, യെഹ് ഹേ... മാർച്ച് തക് യഹാം സ്നോ ഹോത്താ ഹേ... തബ് പാരാഗ്ലൈഡിങ്,സ്കീയിങ് വഗെയ്‌രഹ് ചൽത്ത ഹെ"
"ചുരുക്കിപ്പറഞ്ഞാൽ മഞ്ഞുകാല സോളാങ് വാലി ബഹുത്ത് ഖുബ്‌സൂരത്ത് ഹെ" ഞാൻ പറഞ്ഞു.
"ഹാം" ഞാൻ പറഞ്ഞതിലെ ഹിന്ദി മാത്രം മനസ്സിലായ രവി തലയാട്ടി.
സമയം അപ്പോൾ രാവിലെ ഏഴ് മണി കഴിഞ്ഞ് പതിനഞ്ച് മിനുട്ട് മാത്രമേ ആയിരുന്നുള്ളൂ.വാലിയിൽ മനുഷ്യർ ആരും ഉണ്ടായിരുന്നില്ല.പ്രത്യേകിച്ച് ഒരു ആകർഷണവും തോന്നാത്തതിനാൽ ഏതാനും ഫോട്ടോകൾ എടുത്ത് ഞങ്ങൾ വേഗം സ്ഥലം വിട്ടു.പത്തിരുപത് മിനുട്ട് സഞ്ചരിച്ചപ്പോഴേക്കും ഞങ്ങൾ അടൽ ടണലിന്റെ മുന്നിലെത്തി.
ലേ - മണാലി ഹൈവേയിലെ തുരങ്കമായ അടൽ ടണൽ, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഏറ്റവും നീളമേറിയ ടണലാണ്.പതിനായിരം അടി ഉയരത്തിലുള്ള ടണലിന്റെ നീളം ഒമ്പത് കിലോമീറ്റർ ആണ്.2020 ലാണ് ഇതിന്റെ ഉത്‌ഘാടനം നടന്നത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ബഹുമാനാർത്ഥമാണ് ഈ പേര് നൽകിയത്.
ഞങ്ങൾ ആവശ്യപ്പെടാതെ തന്നെ ടണലിന്റെ കവാടത്തിൽ രവി കാർ സൈഡാക്കി.ശേഷം എല്ലാവരെയും ഇറക്കി നിരവധി ഫോട്ടോകൾ എടുത്തു.
എല്ലാവരെയും തിരിച്ച് വീണ്ടും കാറിൽ കയറ്റി രവി യാത്ര തുടർന്നു.കാശ്‍മീർ സന്ദർശന വേളയിൽ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് തുരങ്കമായ ശ്യാമപ്രസാദ് മുഖർജി ടണലിലൂടെ കടന്നു പോയ ഓർമ്മകൾ ഞങ്ങളുടെ മനസ്സിൽ തിരതല്ലി. ടണലിനുള്ളിൽ എവിടെയും ഇറങ്ങാനോ വണ്ടി നിർത്തി ഫോട്ടോ എടുക്കാനോ അനുവാദമില്ല.ഒമ്പത് കിലോമീറ്റർ സഞ്ചരിച്ച ശേഷം ഞങ്ങൾ വീണ്ടും സൂര്യപ്രകാശത്തിൽ എത്തി.
(തുടരും...)
1 comments:
ഒമ്പത് കിലോമീറ്റർ സഞ്ചരിച്ച ശേഷം ഞങ്ങൾ വീണ്ടും സൂര്യപ്രകാശത്തിൽ എത്തി.
Post a Comment
നന്ദി....വീണ്ടും വരിക