കാശ്മീരിൽ പോയപ്പോൾ മഞ്ഞിൽ കളിക്കാൻ വളരെ ചുരുങ്ങിയ സമയം മാത്രമേ ഞങ്ങൾക്ക് കിട്ടിയിരുന്നുള്ളു.അതുതന്നെ സോനാമാർഗ്ഗിൽ നിന്ന് ലഡാക്ക് പോകുന്ന വഴിയിലുള്ള സീറോ പോയിന്റിൽ എത്തിയപ്പോഴാണ് കിട്ടിയത്.അതിനാൽ തന്നെ മണാലിയിലേക്കുള്ള യാത്ര പുറപ്പെടുന്നതിന് മുമ്പേ ഞാൻ ചോദിച്ചുറപ്പിച്ച കാര്യം മഞ്ഞ് എവിടെ കാണാൻ പറ്റും എന്നത് മാത്രമായിരുന്നു. മഞ്ഞ് കാണുന്നത് വരെ വണ്ടി പോകും എന്നായിരുന്നു എനിക്ക് അതിന് കിട്ടിയ മറുപടി.
അടൽ ടണലും കടന്ന് മുന്നോട്ട് പോയ ഞങ്ങൾ നാഷണൽ ഹൈവേയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു. കോക്സ്ർ എന്ന ഗ്രാമത്തിൽ എത്തിയപ്പോൾ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു.റോഹ്താങ് പാസ് പെർമിറ്റ് ചെക്കിംഗ് ആയിരുന്നു കാരണം.മലിനീകരണവും ഗതാഗതവും നിയന്ത്രിക്കുന്നതിന് എല്ലാ വാഹനങ്ങൾക്കും റോഹ്താങ് പാസ് പെർമിറ്റ് നിർബന്ധമാണ്. പ്രതിദിനം 1,200 വാഹനങ്ങൾ മാത്രമേ അനുവദിക്കൂ.അതിനാൽ യാത്ര തീയ്യതി മുൻകൂട്ടി ആസൂത്രണം ചെയ്യണം.പെർമിറ്റ് ടാക്സിക്കാർ തന്നെ എടുക്കും.
കോക്സ്ർ കഴിഞ്ഞതോടെ തന്നെ മഞ്ഞ് കാണാൻ തുടങ്ങി.കടുത്ത ചുമയുമായി യാത്ര തുടങ്ങിയ എനിക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാനും തുടങ്ങി.റോഹ്താങ് പാസിൽ എത്തുന്ന സഞ്ചാരികൾക്ക് ശ്വാസ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സാധാരണമായതിനാൽ ഡ്രൈവർ രവി എന്നോട് ഇടക്കിടെ കാര്യങ്ങൾ തിരക്കിക്കൊണ്ടിരുന്നു. മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം രവി ഞങ്ങളെ സ്നോ പോയിന്റിൽ ഇറക്കി.
റോഡിന്റെ ഇരുവശവും മഞ്ഞു മതിലുകൾ രൂപപ്പെട്ടിരുന്നു.അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന വാഹനങ്ങളും പാർക്ക് ചെയ്ത വാഹനങ്ങളും കൂടി കടുത്ത ഗതാഗത തടസ്സവും സൃഷ്ടിച്ചു. മഞ്ഞു മതിലിനും വാഹനങ്ങൾക്കും ഇടയിലുള്ള ചെറിയ ഗ്യാപിലൂടെ നടന്ന് മതിലിൽ കണ്ട ഒരു വിടവിലൂടെ ഞങ്ങൾ ജനനിബിഡമായ ആക്ടിവിറ്റി ഗ്രൗണ്ടിലേക്ക് പ്രവേശിച്ചു.സ്കീയിങ്,ബൈക്ക് റൈഡിംഗ്,ജീപ്പ് റൈഡിംഗ് തുടങ്ങീ മഞ്ഞിലെ എല്ലാ തരം ആക്ടിവിറ്റീസും അവിടെ നടക്കുന്നുണ്ടായിരുന്നു.
കയ്യിൽ കരുതിയ ഭക്ഷണ സാമഗ്രികൾ ഒന്നും തന്നെ ഞങ്ങൾ കഴിച്ചിരുന്നില്ല.വിശപ്പ് അനുഭവപ്പെട്ടപ്പോഴാണ് അവ വണ്ടിയിൽ ആണെന്ന് ഓർമ്മ വന്നത്.വണ്ടി പാർക്കിംഗിനായി എങ്ങോ പോയി മറയുകയും ചെയ്തിരുന്നു.അതിനാൽ ഞങ്ങൾ നേരെ മുന്നിൽ കണ്ട നൂഡിൽസ് തയ്യാറാക്കി നൽകുന്ന ആളുടെ അടുത്തേക്ക് നീങ്ങി.അമ്പത് രൂപ നിരക്കിൽ എല്ലാവർക്കും ഓരോ പ്ലേറ്റ് നൂഡിൽസ് വാങ്ങി കഴിച്ചു.വീണ്ടും സോനാമാർഗ്ഗിലെ സീറോ പോയിന്റും അന്ന് നൂഡിൽസ് കഴിച്ച ടെന്റും ഓർമ്മയിലേക്ക് ഓടിയെത്തി.മഞ്ഞിൽ തണുത്ത് വിറക്കുമ്പോൾ ആവി പറക്കുന്ന നൂഡിൽസിന് പ്രത്യേക രുചിയാണെന്ന് ഞങ്ങൾ വീണ്ടും തിരിച്ചറിഞ്ഞു.
കഫക്കെട്ട് കാരണം കൂടുതൽ ദൂരം നടക്കാൻ പ്രയാസമനുഭവപ്പെട്ടതിനാൽ ഞാനൊരു പാറയിൽ ഇരുന്നു. ഭാര്യയും എൻ്റെ കൂടെ തന്നെ അവിടെ ഇരുന്നു.മക്കൾ മഞ്ഞിൽ കളിക്കാനായി എങ്ങോട്ടോ നീങ്ങി.ആദ്യമാദ്യം അവർ ഞങ്ങളുടെ കണ്ണെത്തും ദൂരത്ത് ആയിരുന്നെങ്കിലും നടന്ന് നടന്ന് അവർ എവിടെയോ മറഞ്ഞു.
അര മണിക്കൂറോളം ഞാനും ഭാര്യയും അവിടെ ഇരുന്നു. പെട്ടെന്ന് ശക്തമായ കാറ്റ് വീശാൻ തുടങ്ങി. എൻ്റെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാവാനും തുടങ്ങി. മക്കൾ തിരിച്ചു വരാത്തതിനാൽ ഭാര്യ അവരെത്തേടി പുറപ്പെട്ടു.നടന്ന് നടന്ന് അവൾ എവിടെയോ എത്തി. പിന്നെ അവൾക്ക് എന്നെയും കാണാതായി.അവസാനം ഒരു കുന്നിൻ്റെ മറുഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്ത സ്ഥലത്ത് എത്തി. ഒന്ന് ഫോൺ ചെയ്യാനായി ഏതോ ഒരു ഡ്രൈവറോട് അറിയാവുന്ന രീതിയിൽ പറഞ്ഞു. ഫോണിന് റേഞ്ച് ഇല്ല എന്നുള്ള സത്യം അപ്പോഴാണ് തിരിച്ചറിഞ്ഞത്.
വീണ്ടും കുന്ന് കയറി അവൾ തിരിച്ച് നടന്നു.വഴി തെറ്റിപ്പോയതിനാൽ എന്നെയും കാണാതായതോടെ അവൾ പരിഭ്രമത്തിലായി. പക്ഷേ, ദൂരെ അവളെ കണ്ടു കൊണ്ടിരുന്ന ഞാൻ കൈ പൊക്കി മാടി വിളിച്ചെങ്കിലും അവളുടെ ശ്രദ്ധയിൽപ്പെട്ടില്ല. എണീറ്റ് അവളുടെ അടുത്തേക്ക് പോകാൻ എൻ്റെ ആരോഗ്യസ്ഥിതി അനുവദിച്ചതുമില്ല. അവസാനം ഞാനിരുന്നതിൻ്റെ അടുത്തുണ്ടായിരുന്ന നൂഡിൽസ് കട തിരിച്ചറിഞ്ഞ് അവൾ എന്നെ കണ്ടെത്തി.അൽപം കഴിഞ്ഞ് മക്കളും തിരിച്ചെത്തിയപ്പോഴാണ് അവളുടെ ശ്വാസഗതി നേരെയായത്.
(തുടരും ....)
1 comments:
ശ്വാസം പോയ നിമിഷങ്ങൾ...
Post a Comment
നന്ദി....വീണ്ടും വരിക