Pages

Thursday, June 23, 2022

കാശ്മീർ ഫയൽസ് - 2

കാശ്മീർ ഫയൽസ് - 1 (Click & Read)

ജമ്മു താവിയിൽ രാവിലെ 7.30 ന് വണ്ടി ഞങ്ങൾ ഇറങ്ങുമ്പോൾ അതൊരു ചരിത്രത്തിലേക്കുള്ള കാൽവയ്പായിരുന്നു. പുസ്തകത്താളുകളിലൂടെയും പത്രങ്ങളിലൂടെയും മാത്രം അറിഞ്ഞ ഹിമാലയൻ സാനുക്കളിലെ ഒരു നഗരത്തിൽ അമ്പത് കാരനായ ഞാനും ആറ് വയസ്സുള്ള എന്റെ മകനും അന്ന് ഒരുമിച്ച് കാല് കുത്തി. എന്റെ കുട്ടിക്കാലത്ത് ഇന്ത്യയുടെ വടക്കേയറ്റത്തെ റെയിൽവേ സ്റ്റേഷൻ എന്ന് പൊതുവിജ്ഞാനത്തിൽ പഠിച്ച് വച്ചിരുന്ന സ്റ്റേഷൻ ആയിരുന്നു ജമ്മു താവി . മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ  എന്ന് പറയപ്പെട്ടിരുന്ന കന്യാകുമാരി ജമ്മു താവി എക്സ്പ്രസിന്റെ അവസാന സ്റ്റേഷനായിരുന്നു അത് (ഇപ്പോൾ ഈ രണ്ട് വിജ്ഞാനങ്ങളും മാറി) .

 ജമ്മുവിൽ പഠിക്കുന്ന എന്റെ മൂത്തമകൾ ലുലുവും കൂട്ടുകാരും സ്റ്റേഷനിൽ ഞങ്ങളെ സ്വാഗതം ചെയ്തു. സ്റ്റേഷനിൽ നിന്നും അരക്കിലോമീറ്റർ അകലെയുള്ള കേരള ഭോജനാലയത്തിൽ നിന്നും ഇഡ്ലിയും ദോശയും കഴിച്ചതോടെ എല്ലാവർക്കും ഉന്മേഷം തിരിച്ച് കിട്ടി. കശ്മീരിലെ എന്റെ ആതിഥേയനായ ഇഷ്ഫാഖ് എത്രയും പെട്ടെന്ന് ജമ്മുവിൽ നിന്നും വണ്ടി കയറണം എന്ന് നിർബന്ധിക്കുന്നുണ്ടായിരുന്നു.

 ശ്രീനഗറിലേക്ക് പോകാനായി ഒരേ ഒരു ടാക്സി മാത്രമേ അപ്പോൾ ടാക്സി സ്റ്റാന്റിൽ ഉണ്ടായിരുന്നുള്ളൂ.സാധാരണ നിലയിൽ 800 - 900 രൂപയാണ് ഒരാൾക്ക് ടാക്സി ചാർജ്ജ്. പക്ഷെ,  ഒരാൾക്ക് 1300 രൂപ എന്ന ഡ്രൈവറുടെ ഡിമാന്റ് അംഗീകരിക്കുകയല്ലാതെ ആ സമയത്ത് വേറെ നിവൃത്തിയില്ലാത്തതിനാൽ ഞങ്ങൾ അതിൽ കയറി. കുട്ടികൾക്കുള്ള ചാർജ്ജ് വിലപേശി ഒഴിവാക്കി.അങ്ങനെ 11 മണിയോടെ ഞങ്ങളുടെ ശ്രീനഗർ യാത്ര ആരംഭിച്ചു.

കാശ്മീർ യാത്രയുടെ ത്രില്ല് അനുഭവിക്കണമെങ്കിൽ ജമ്മുവിൽ നിന്ന് ബാനിഹാൾ വരെയോ ശ്രീനഗർ വരെയോ റോഡ് വഴി തന്നെ യാത്ര ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. ഏകദേശം 275 കിലോമീറ്റർ ആണ് ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കുള്ളത്. ഏഴ് മണിക്കൂർ കൊണ്ട് എത്തും എന്ന് ഗൂഗിളമ്മ പറയുമെങ്കിലും പത്തും പന്ത്രണ്ടും മണിക്കൂർ ഒക്കെ എടുക്കാറുണ്ട് എന്നാണ് ടാക്സിക്കാർ പറയുന്നത്. ഇപ്പോൾ പണി നടന്ന് കൊണ്ടിരിക്കുന്ന നാല് വരിപ്പാത പൂർത്തിയായാൽ നാല് മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കാം എന്നാണ് അവകാശവാദം. NH 44 ലൂടെ ഉദ്ദംപൂർ - റമ്പാൻ - ക്വാസിഗുണ്ട് - ലെത്തിപൊര വഴിയായിരുന്നു ഞങ്ങളുടെ യാത്ര.

ജമ്മുവിൽ നിന്ന് ഏകദേശം 30 കി.മീ യാത്ര ചെയ്താൽ കത്ര എന്ന സ്ഥലമെത്തും. പ്രസിദ്ധമായ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര ഇവിടെ നിന്നാണാരംഭിക്കുന്നത് എന്ന് ഡ്രൈവർ നസീർഖാൻ പറഞ്ഞു. നീണ്ട് നിവർന്ന് കിടക്കുന്ന നാഷണൽ ഹൈവേ ഏതൊരു ഡ്രൈവറുടെയും കാലിനെ അറിയാതെ ആക്സിലേറ്ററിൽ അമർത്തും. പെട്ടെന്ന് ഒരു മല മുമ്പിൽ പ്രത്യക്ഷപ്പെടും. മല തുരന്ന് പോകുന്ന ഒരു തുരങ്ക പാതയിലേക്ക് ഉടൻ പ്രവേശിക്കുകയും ചെയ്യും. 

കുതിരാൻ തുരങ്കം ഗതാഗതത്തിന്  തുറന്ന് കൊടുത്തു എന്ന വാർത്ത വന്നപ്പോൾ അതൊന്ന് കുടുംബ സമേതം കാണാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ജമ്മു- ശ്രീനഗർ യാത്രയോടെ അതിനി വേണ്ടന്ന് തീരുമാനിച്ചു. ഒന്നിനു പിറകെ ഒന്നായി തുരങ്കങ്ങളിലുടെ ഞങ്ങൾ കയറി ഇറങ്ങി. ചിലത് ഇരട്ട പാതകൾ ഉള്ളതാണെങ്കിൽ മറ്റ് ചിലത് ഇരട്ട തുരങ്കങ്ങൾ തന്നെയായിരുന്നു.

പെട്ടെന്നാണ് വളരെ മനോഹരമായി ദീപാലംകൃതമായ ഒരു ടണലിന്റെ മുമ്പിൽ ഞങ്ങളെത്തിയത്. ചെനാനി - നഷ്രി ടണൽ എന്ന് പുറത്തെ സൈൻ ബോർഡിൽ ഞാൻ വായിച്ചു.പെട്ടെന്നാണ്  ഡോ. ശ്യാമപ്രസാദ് മുഖർജി ടണൽ എന്ന് പ്രവേശന ദ്വാരത്തിൽ എഴുതി കണ്ടത്. വർഷങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ടണൽ  ഉത്‌ഘാടനം ചെയ്ത പത്ര വാർത്ത എന്റെ മനസ്സിൽ ഓടിയെത്തി.

"ഏഷ്യ ക സബ്സെ ബഡാ സുരങ്ക  ഹൈ .." ഡ്രൈവർ നസീർഖാൻ ഞങ്ങളോടായി പറഞ്ഞു.
ഒരു കിലോമീറ്റർ നീളം പോലും ഇല്ലാത്ത കുതിരാൻ തുരങ്കം കാണാൻ ആഗ്രഹിച്ച ഞാൻ കടന്നു പോകുന്നത് ഏഷ്യയിലെ ഏറ്റവും വലിയ തുരങ്കത്തിലൂടെയാണെന്ന് എനിക്ക് വിശ്വസിക്കാൻ പ്രയാസം തോന്നി.ഏകദേശം ഒമ്പതര കിലോമീറ്റർ ദൂരം അതിനകത്ത് കൂടെ പിന്നിട്ട ശേഷമാണ് ഞങ്ങൾക്ക്  വെള്ളി വെളിച്ചം വീണ്ടും കാണാനായത്. 
ജമ്മുവിനും കാശ്മീരിനും ഇടയിലുള്ള ദൂരം 30 കിലോമീറ്ററും സമയം രണ്ട് മണിക്കൂറും കുറക്കുന്ന ഈ തുരങ്കം ശൈത്യകാലത്തെ മഞ്ഞുവീഴ്ച കാരണമുള്ള ഗതാഗത കുരുക്കും ഇല്ലാതാക്കുന്നു. തുരങ്കത്തിന്റെ സാങ്കേതിക വൈദഗ്ദ്ധ്യവും അതിന് വേണ്ടി സ്വന്തം ജീവൻ പോലും അപകടപ്പെടുത്തി രാപ്പകൽ അദ്ധ്വാനിച്ച മനുഷ്യമക്കളും അതിനിടയിൽ ജീവൻ പൊലിഞ്ഞവരും എല്ലാം ആ നിമിഷം എന്റെ മനസ്സിലൂടെ കടന്നുപോയി.

(തുടരും...)

12 comments:

Areekkodan | അരീക്കോടന്‍ said...

"ഏഷ്യ ക സബ്സെ ബഡാ സുരങ്ക ഹൈ .." ഡ്രൈവർ നസീർഖാൻ ഞങ്ങളോടായി പറഞ്ഞു.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വാക്കുകളിലൂടെ ഒപ്പം...

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ്ക്കാ ....ഇനി മല കേറാൻ തൊടങ്ങാണ് ; ഒപ്പം തന്നെ കൂടിക്കോളി

അൻവർ തഴവാ said...

ഒപ്പമുണ്ട്

സുധി അറയ്ക്കൽ said...

ഔ!!!!🌹മോൾ അവിടെയുണ്ടോ?? എന്നതാ പഠിക്കുന്നത്??

Areekkodan | അരീക്കോടന്‍ said...

അൻവർജീ...... സന്തോഷം.

Areekkodan | അരീക്കോടന്‍ said...

അതെ, MSc Maths in Central University of Jammu .

മഹേഷ് മേനോൻ said...

ഇത്രയും പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും തുരങ്കം പൂർത്തിയാക്കിയ എഞ്ചിനീയർമാർ ഉണ്ടെന്ന് ആലോചിക്കുമ്പോൾ കുതിരാൻ പണിതവർ ഒക്കെ ഇത്രയുംകാലം എന്ത് ചെയ്യുകയായിരുന്നു ആവോ...

Areekkodan | അരീക്കോടന്‍ said...

മഹേഷ് ... ആർക്കറിയാം ?

Anonymous said...

തുരങ്കത്തിലൂടെ ഒപ്പം ഞാനും യാത്ര ചെയ്തേ പേലെ തോന്നുന്നു Sir

Anonymous said...

എത്ര ദിവസം ആണ് യാത്ര, very good

Areekkodan | അരീക്കോടന്‍ said...

OK.......സന്തോഷം

Post a Comment

നന്ദി....വീണ്ടും വരിക