കാശ്മീർ ഫയൽസ് - 2 (Click & Read)
ഡോ. ശ്യാമപ്രസാദ് മുഖർജി ടണലിന് പുറത്തെത്തിയപ്പോൾ സമയം രണ്ട് മണിയോടടുത്തിരുന്നു.എല്ലാവരും രാവിലെ രണ്ട് ദോശയും കഴിച്ച് ടാക്സിയിൽ കയറിയതാണ്. തുരങ്കം കഴിഞ്ഞ് മല, മല കഴിഞ്ഞ് തുരങ്കം എന്നല്ലാതെ വഴിയിൽ ഒരു ഹോട്ടലോ ചായ മക്കാനിയോ ഒരു ചെറുപട്ടണം പോലുമോ കാണാൻ കഴിഞ്ഞിരുന്നില്ല.
"അരെ ജീ ....ഹം ഭൂഖ് ലഗ്താ ഹേ ..." വിശക്കുന്ന വിവരം ഞാൻ ഡ്രൈവറുടെ ശ്രദ്ധയിൽ പെടുത്തി.
"ഹാം ...മാലും ഹൈ, ലേകിൻ ക്യാ കർന??" ഒന്നും ചെയ്യാനില്ലെന്ന ഡ്രൈവറുടെ മറുപടി ഉള്ളിൽ ഒരു മിന്നായം ഉയർത്തി.
"അഗല സ്റ്റേഷൻ കിസ് ഹേ?" ഒരാശ്വാസത്തിനായി ഞാൻ ചോദിച്ചു.
"പട്ട്ണിടോപ്"
"ആഹാ ... ബെസ്റ്റ് പേര് ... ടോപ് പട്ടിണിയുമായി എത്താൻ പോകുന്നത് പട്ട്ണിടോപ്പിൽ !!"
"ലേകിൻ...??"
"ഇനി ഒരു ലേകിനും ഇല്ല, ചായ എങ്കിൽ ചായ ..." ഞാൻ തീർത്തു പറഞ്ഞു.
ഇതിനിടെ വണ്ടിയുടെ പുറത്തേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി.ചെങ്കുത്തായി വെട്ടി ഇറക്കിയ മലകളിൽ നിന്ന് കല്ലും മണ്ണും ഇപ്പോൾ താഴേക്ക് പതിക്കും എന്ന രൂപത്തിൽ നിൽക്കുന്നു.ചില സ്ഥലങ്ങളിൽ അവ റോഡിലേക്ക് പതിച്ചതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം.ഇടത് ഭാഗത്താണെങ്കിൽ അഗാധ ഗർത്തവും. വളവുകളിൽ മാത്രം ചില ബാരിക്കേടുകൾ ഉണ്ട്.
"ഐസ റോഡ് കിത്നീ തക് ഹോഗ ?" അറിഞ്ഞിട്ട് കാര്യമില്ലെങ്കിലും വെറുതെ ചോദിച്ചു.
"ബാനിഹാൾ തക്...."
മിക്ക വാഹനങ്ങളെയും ഒരു കൂസലുമില്ലാതെ മറികടന്നാണ് മലഞ്ചെരുവിലോടെയുള്ള നസീർഖാന്റെ പടയോട്ടം.അപകടത്തിൽ പെട്ട വാഹനങ്ങൾ അധികമെവിടെയും കാണാൻ സാധിച്ചില്ല. താഴേക്ക് വീണാൽ പിന്നെ ആരറിയാൻ എന്നതാണോ കാര്യം എന്നറിയില്ല. ഞങ്ങളുടെ വണ്ടിക്കകത്തുള്ളവർ ശ്വാസം പിടിച്ചിരിക്കുന്നതായി അവരുടെ നിശബ്ദതയിൽ നിന്നും എനിക്ക് മനസ്സിലായി.ഏതാനും സമയം കഴിഞ്ഞതും വാഹനം നിര നിരയായി ഹാൾട്ടായി.
"ക്യാ ഹുവ?" ഞാൻ ഡ്രൈവറോട് ചോദിച്ചു.
"കോൺവോയ് ആ രഹാ ഹേ ..." സൈന്യമാണ് സാധാരണ ഇത്തരം ബ്ലോക്കിന് കാരണം എന്ന ധാരണയിൽ നസീർഖാൻ പറഞ്ഞു.സൈനിക വ്യൂഹം കടന്നു പോകുമ്പോൾ മറ്റു വാഹനങ്ങൾ എല്ലാം ബ്ലോക്കാക്കുന്ന ഈ രീതി ഞങ്ങൾക്കത്ര പിടിച്ചില്ല.പക്ഷെ, കാശ്മീർ നിവാസികൾ അതുമായി പൊരുത്തപ്പെട്ട് കഴിഞ്ഞു എന്ന് നസീർഖാന്റെ മറുപടിയിൽ നിന്ന് ഞാൻ മനസ്സിലാക്കി.
"ബാരിശ് ഭീ ആത്താ ഹേ..."
കാർമേഘങ്ങളെ നോക്കിക്കൊണ്ട് ഡ്രൈവർ പറഞ്ഞു. ശക്തമായ കാറ്റിൽ തൊട്ടടുത്ത മലയിലെ കുഞ്ഞു കുഞ്ഞു കല്ലുകൾ ഉരുണ്ടിറങ്ങി മലയിടിച്ചിൽ ഉണ്ടാകുന്നത് ഞങ്ങൾ നേരിൽ കണ്ടു. ആ മലകളുടെ മുകളിലും താഴ്വാരങ്ങളിലും എല്ലാം യാതൊരു ഭയവും കൂടാതെ പടുത്തുയർത്തിയ കുറെ കുഞ്ഞു കുഞ്ഞു വീടുകളും കണ്ടു. ആടുകളെ മേയ്ക്കുന്ന 'ബക്കരീവാല'കളുടേതാണ് ആ വീടുകളെന്നും അവർ ആറുമാസം കുന്നിൻ മുകളിലും ആറുമാസം താഴ്വരകളിലും ആയിരിക്കും എന്നും നസീർഖാൻ പറഞ്ഞു.
"ബാരിശ് ഹോ തോ രാസ്ത ഫിർ ഭീ മുഷ്കിൽ ഹോഗാ..." വിശന്നു പൊരിഞ്ഞ് നിൽക്കുന്ന സമയത്ത്, മലയിടിച്ചിലിനുള്ള സാദ്ധ്യതയും കൂടി ഉണ്ടെന്ന നസീർഖാന്റെ സൂചന എന്റെ ഉള്ളിൽ വീണ്ടും ഒരു കൊള്ളിയാനായി മിന്നി .അപ്പോഴേക്കും രണ്ട് മൂന്ന് സൈനിക വാഹനങ്ങളും ആംബുലൻസുകളും ഞങ്ങളെ കടന്നു പോയി.
"കൽ ഏക് സുരംഗ ഗിർ ഗയ ധാ..." നിർമ്മാണത്തിലിരിക്കുന്ന ഒരു തുരങ്കം തലേ ദിവസം ഇടിഞ്ഞു വീണത് അപ്പോഴാണ് നസീർഖാൻ ഞങ്ങളെ അറിയിച്ചത്.
"കഹാം?"
"ധോടാ ആഗേ ..." അല്പം കൂടി മുന്നിലായി ഒരു ദുരന്തമുഖം ഉണ്ടെന്നും പത്ത് ജീവനുകൾ മണ്ണിനടിയിൽ പൊലിഞ്ഞുപോയെന്നും ഒരു ഞെട്ടലോടെ ഞങ്ങൾ ശ്രവിച്ചു.
ഇനിയും ഇടിഞ്ഞ് വീഴേക്കാവുന്ന മലയുടെ അടിവാരത്തിൽ, ജീവന് വേണ്ടി പിടയുന്ന ആ മനുഷ്യരെ മണ്ണിനടിയിൽ നിന്നും രക്ഷിക്കാൻ,സ്വന്തം ജീവൻ പണയം വച്ച് ശ്രമിക്കുന്നവരെ മനസാ അഭിനന്ദിച്ച് ഞങ്ങൾ ആ ബ്ലോക്കും കടന്ന് പോയി.ഏകദേശം നാല് മണിയോടെ ഞങ്ങൾ ഒരു കൊച്ചു പട്ടണത്തിൽ എത്തി.
(തുടരും...)
5 comments:
വിശന്നു പൊരിഞ്ഞ് നിൽക്കുന്ന സമയത്ത്, മലയിടിച്ചിലിനുള്ള സാദ്ധ്യതയും കൂടി ഉണ്ടെന്ന നസീർഖാന്റെ സൂചന എന്റെ ഉള്ളിൽ വീണ്ടും ഒരു കൊള്ളിയാനായി മിന്നി .
പേടിയാത്ര...
മുഹമ്മദ്ക്കാ... ഇപ്പോ തന്നെ പേടിക്കല്ലേ...
ഉയ്യോ.
ചേനനി -നഷ്രി തുരങ്കം തന്നെയാണോ ഇത്???
സുധീ...അല്ല.ഇത് ഇപ്പോൾ പണി നടന്നു കൊണ്ടിരിക്കുന്ന നിരവധി തുരങ്കങ്ങളിൽ ഒന്ന്
Post a Comment
നന്ദി....വീണ്ടും വരിക