Pages

Sunday, July 19, 2020

ജീവിതം സന്തോഷപ്രദമാക്കുന്നത് എങ്ങനെ?

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ചെയ്ത ഏറ്റവും നല്ല കർമ്മം എന്ത് എന്ന ചോദ്യത്തിന് പലർക്കും പല ഉത്തരമായിരിക്കും ഉണ്ടാവുക. ഇന്നെ വരെ ചെയ്തതിൽ ഏറ്റവും നല്ലത് നിർണ്ണയിക്കാനുള്ള പ്രയാസമായിരിക്കാം അതിന് ഒരു കാരണം. എന്നാൽ പലരുടെയും ഉത്തരമാകാൻ സാധ്യതയുള്ള ഒന്ന് ഞാൻ പറയാം. മറ്റുള്ളവർക്ക് സന്തോഷം പകരാൻ ചെയ്ത കർമ്മമാണ് ഞാൻ ചെയ്തതിൽ വച്ചേറ്റവും നല്ലത്.

മറ്റൊരാളുടെ മുഖത്ത് പുഞ്ചിരി സൃഷ്ടിക്കാൻ ഉതകുന്ന ഒരു കർമ്മം നമ്മൾ ചെയ്യുന്നുവെങ്കിൽ അത് തന്നെയാണ് ജീവിതത്തിൽ ചെയ്യുന്ന ഏറ്റവും നല്ല കർമ്മം എന്നാണ് എൻ്റെയും പക്ഷം. Smile increases your life miles എന്നാണ് പറയാറ്. അതായത് ഒരു പുഞ്ചിരി നിങ്ങളുടെ ജീവിതത്തെ മൈലുകളോളം വർദ്ധിപ്പിക്കുന്നു. നാം ഒരാൾക്കോ അയാളുടെ സമൂഹത്തിനോ സഹ ജീവികൾക്കോ ചെയ്ത ഉപകാരമായിരിക്കാം അയാളുടെ പുഞ്ചിരിക്ക് നിദാനം. നമ്മുടെ കർമ്മത്തിലൂടെ അയാളും ബന്ധപ്പെട്ടവരും നമ്മെയും നമ്മുടെ കുടുംബത്തെയും കാലങ്ങളോളം നന്ദിയോടെ ഓർത്ത് വയ്ക്കുന്നു. അത് തന്നെയാണ് നമ്മുടെ ജീവിതം മൈലുകളോളം വർദ്ധിക്കുന്നു എന്ന് പറഞ്ഞതിൻ്റെ സാരം.

തിയോസഫിക്കൽ സൊസൈറ്റി സ്ഥാപക മാഡം ബ്ലവസ്കി യാത്ര ചെയ്യുമ്പോൾ കയ്യിൽ ഒരു കുഞ്ഞു സഞ്ചി കരുതാറുണ്ടായിരുന്നു. പൂച്ചെടികളുടെ വിത്തുകളായിരുന്നു ആ സഞ്ചിയിൽ ഉണ്ടായിരുന്നത്. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ആ സഞ്ചിയിൽ നിന്നും വിത്തുകളെടുത്ത് വഴിയിലുടനീളം വിതറുന്നത് മാഡത്തിൻ്റെ ഹോബിയായിരുന്നു. ഇത് കണ്ട് ഒരിക്കൽ ഒരു സഹയാത്രികൻ ചോദിച്ചു.
" മാഡം, നിങ്ങൾ എന്താണീ ചെയ്യുന്നത്?"

"ഞാൻ പൂച്ചെടികളുടെ വിത്തുകൾ വിതറുകയാണ് "

"നിങ്ങൾ ഇതുവഴി ഇനി കടന്നു പോകാൻ സാധ്യതയില്ലല്ലോ ... പിന്നെ എന്തിന് ഇത് ചെയുന്നു?"

" അതെ ... ഒരിക്കലും ഞാനിതുവഴി ഇനി വരാൻ സാധ്യതയില്ല. പക്ഷെ, ഈ വിത്തുകൾ മുളച്ച് വളർന്ന് വലുതായി അതിൽ പൂക്കൾ വിടരുമ്പോൾ അത് കാണുന്നവരിൽ സന്തോഷം ഉണ്ടാക്കും. പൂക്കളുടെ പൊടിയും തേനും നുകരാൻ വരുന്ന ജീവജാലങ്ങൾക്കും അത് സന്തോഷം പകരും. ഇങ്ങനെ മറ്റുള്ളവർക്ക് സന്തോഷം പകരാൻ വേണ്ടിയാണ് ഞാൻ ഈ കർമ്മം ചെയ്യുന്നത് "

ഒന്നാലോചിച്ച് നോക്കൂ... ഇങ്ങനെയുള്ള കുഞ്ഞു കർമ്മങ്ങളിലൂടെ എത്രയെത്ര സന്തോഷമുള്ള മുഖങ്ങൾ നമുക്ക് സൃഷ്ടിക്കാൻ സാധിക്കും? മനുഷ്യർക്ക് എന്നല്ല സർവ്വ ജീവജാലങ്ങൾക്കും ഉപകാരപ്രദമായ എന്തൊക്കെ നമുക്ക് ചെയ്യാം?

ഒരുദാഹരണത്തിന് വീടിൻ്റെ സമീപത്ത് ഒരു പാത്രത്തിൽ അൽപം വെള്ളം വച്ചാൽ പക്ഷികളും മൃഗങ്ങളും മറ്റ് ജീവജാലങ്ങളും അത് കുടിക്കാൻ വരും. വെള്ളം ലഭ്യമായ സ്ഥലം,  മറ്റ് ജീവികളോട് അവ സംവദിക്കും. അവരുടേതായ ഭാഷയിൽ നന്ദിയും അർപ്പിക്കുന്നുണ്ടാകും. നമുക്കത് തിരിച്ചറിയാൻ സാധിക്കുന്നില്ല എന്ന് മാത്രം.

ഇത്തരം കുഞ്ഞു കുഞ്ഞു കാര്യങ്ങളിലൂടെ നാം മറ്റുള്ളവരെ സന്തോഷിപ്പിക്കുമ്പോൾ അത് നമ്മുടെ മനസ്സിനെയും സന്തോഷഭരിതമാക്കും. അങ്ങനെ സന്തോഷപ്രദമായ ഒരു മനസ്സ് ഉള്ളവരായി എല്ലാവർക്കും മാറാൻ സാധിക്കട്ടെ.

( വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക )

7 comments:

Areekkodan | അരീക്കോടന്‍ said...

മറ്റുള്ളവർക്ക് സന്തോഷം പകരാൻ ഞാൻ ചെയ്ത കർമ്മമാണ് ഞാൻ ചെയ്തതിൽ വച്ചേറ്റവും നല്ലത്.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മറ്റുള്ളവർക്ക് നന്മ ചെയ്യുക എന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. തിന്മ ചെയ്യാതിരിക്കൽ തന്നെയാണ് ഏറ്റവും വലിയ നന്മ..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മറ്റുള്ളവർക്ക് നന്മ ചെയ്യുക എന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. തിന്മ ചെയ്യാതിരിക്കൽ തന്നെയാണ് ഏറ്റവും വലിയ നന്മ..

Muralee Mukundan , ബിലാത്തിപട്ടണം said...

മറ്റൊരാളുടെ മുഖത്ത് പുഞ്ചിരി സൃഷ്ടിക്കാൻ ഉതകുന്ന ഒരു കർമ്മം നമ്മൾ ചെയ്യുന്നുവെങ്കിൽ അത് തന്നെയാണ് ജീവിതത്തിൽ ചെയ്യുന്ന ഏറ്റവും നല്ല കർമ്മം ...

Geetha said...

നല്ലൊരു സന്ദേശം മാഷേ .. ആശംസകൾ

കല്ലോലിനി said...

So true !!!

Devi Nediyoottam said...

മറ്റുള്ളവരുടെ മുഖത്തെ സന്തോഷംതന്നെയാണ് എന്റെയും ഏറ്റവും വലിയ സന്തോഷം

Post a Comment

നന്ദി....വീണ്ടും വരിക