Pages

Tuesday, July 21, 2020

ഇൻ്റർനെറ്റ് എന്ന വല

വീട്ടിലെ ഇൻ്റർനെറ്റ് സേവനം തടസ്സപ്പെടുന്നതും പുട്ടിൽ തേങ്ങ ഇടുന്നതും ഏകദേശം ഒരേ പോലെയായി മാറിയിരുന്നു. ഇൻ്റർനെറ്റ് ലഭ്യത തെങ്ങിൽ നിന്ന് തേങ്ങ ഇടുന്നതിന് തുല്യമായതും രണ്ട് മക്കൾക്ക് ഓൺലൈൻ ക്ലാസ് ആരംഭിച്ചതും ഒത്ത് വന്നപ്പോഴാണ് ഞാൻ കംപ്ലൈൻ്റ് ബുക്ക് ചെയ്തത്. നിങ്ങളുടെ ഡോക്കറ്റ് ഐഡി എന്നും പറഞ്ഞ് ട്രെയ്നിൻ്റെ നീളമുള്ള ഒരു നമ്പറും പറഞ്ഞതോടെ അതും തീരുമാനമായി എന്ന് കരുതി.

BSNL ജീവനക്കാർ ഏറെയും പുകയുന്ന പുരയുടെ കഴുക്കോൽ ഊരി രക്ഷപ്പെട്ടതിനാൽ വീട്ടിൽ ആളെത്തും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ബട്ട്, ആ അത്ഭുതം സംഭവിച്ചു. മൂന്നാംപക്കം രാവിലെ തന്നെ ഒരു സ്കൂബി ഡേ ബാഗുമായി എന്നെക്കാൾ പ്രായമുള്ള ഒരാൾ വീട്ടിൽ വന്നു. അന്ന് ആരുടെയോ സുകൃതം കാരണം ആമ വേഗത്തിൽ ഇൻ്റർനെറ്റ് സേവനം ലഭ്യമായിരുന്നു. രണ്ട് ദിവസത്തോളം നെറ്റ് ലഭിക്കാത്തതിനാലാണ് Complaint ചെയ്തത് എന്നും ഇന്ന് സ്പീഡ് കുറവാണെങ്കിലും നെറ്റ് കിട്ടുന്നുണ്ട് എന്നും ഞാൻ അറിയിച്ചു. എങ്കിലും ഡി ബി (ഫോൺ ലൈൻ വന്ന് ചുമരിൽ കയറുന്നിടത്തെ കറുത്ത വട്ടത്തിൻ്റെ പേര് അതാണ്) കാണിച്ച് തരാൻ പറഞ്ഞു. എൻ്റെയും അനിയൻ്റെയും സോ കാൾഡ് ഡി ബി ഒന്നായതിനാൽ ഞാൻ അദ്ദേഹത്തെ അങ്ങോട്ട് നയിച്ചു.

ഡി ബി കണ്ട അദ്ദേഹം എന്നോട് ചോദിച്ച ആദ്യ ചോദ്യം ലൈൻ അത് തന്നെയാണോ എന്നായിരുന്നു. ഡി ബി യിലെ മാറാല കാരണമാകും ചോദ്യം എന്ന കാരണത്താൽ ഞാൻ ലൈൻ ഒന്ന് കൃത്യമായി നോക്കി. രണ്ട് ലിമ്പിൽ ഒന്ന് ബന്ധം വിട്ടിട്ട് കാലങ്ങളായി എന്ന് അതിൻ്റെ അഗ്ര ഭാഗത്തെ ക്ലാവ് വിളിച്ച് പറയുന്നുണ്ടായിരുന്നു. പിന്നെ ഇന്ന് രാവിലെയും നെറ്റ് ലഭിച്ചത് എങ്ങനെ എന്ന് ഞാൻ ചോദിച്ചു. ഒരു ലിമ്പ് ഇല്ലെങ്കിലും ബാക്ക് ബോൺ ഉള്ളതിനാൽ ( ഇതൊക്കെ ആ കറുത്ത വയറിൻ്റെ ഉള്ളിലെ വെളുത്ത വയറിൻ്റെ പേരാണ് ട്ടോ) നെറ്റ് കിട്ടും പോലും.

വന്ന സ്ഥിതിക്ക് ക്ലാവ് മാറ്റി കണക്ട് ചെയ്യാം എന്ന ആഗതൻ്റെ സൗമനസ്യം എന്തിനാണെന്ന് മനസ്സിലായെങ്കിലും ഞാൻ സമ്മതിച്ചു. പരിചയപ്പെടാനായി ഞാൻ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് മാസങ്ങൾക്ക് മുമ്പ് VRS വാങ്ങി ഇപ്പോൾ അതേ പണി കോൺട്രാക്ടീൽ ചെയ്യുകയാണ് എന്നറിഞ്ഞത്. ക്ലാവ് തുടച്ച് , ചെക്ക് ചെയ്യാനായി ഫോൺ കണക്ട് ചെയ്തപ്പോഴാണ് ഫോൺ ലൈൻ ശരിയല്ല എന്നറിഞ്ഞത്. കാലങ്ങളായി റിസീവർ "കേടായതിനാൽ " ( നോട്ട് ദി പോയിൻ്റ് ) ലൈൻ ഉപയോഗിച്ചിരുന്നില്ല. അതിനാൽ ഫോൺ ലൈൻ തകരാറ് ഞാനറിഞ്ഞതുമില്ല. ഉപയോഗശൂന്യമായ റസീവർ മകൻ കളിപ്പാട്ടവുമാക്കി . ഒറ്റക്ക് ചെക്കിംഗ് സാധ്യമല്ലാത്തതിനാൽ അടുത്ത ദിവസം വരാമെന്ന് പറഞ്ഞ് അദ്ദേഹം സ്ഥലം കാലിയാക്കി.

ഇന്ന് അദ്ദേഹവും ഒരു ചെറുപ്പക്കാരനും ( മുൻ കോൺട്രാക്ട് ജീവനക്കാരൻ ആയിരുന്നു എന്ന് പരിചയപ്പെട്ടപ്പോൾ അറിഞ്ഞു) കൂടി വീണ്ടും വന്നു. ഡിപ്ലോമാറ്റിക് ബാഗു പോലെ കയ്യിൽ വലിയൊരു പെട്ടിയും ഉണ്ടായിരുന്നു. കേബിൾ ഫാൾട്ട് ഡിറ്റക്ടർ ആയിരുന്നു പെട്ടിയിൽ. അത് പറഞ്ഞത് പ്രകാരം ഒന്നാമത്തെ ജോയിൻ്റ് തുരന്ന് നോക്കാൻ തീരുമാനമായി. ചെങ്കല്ല് പാകിയ റോഡിൽ രണ്ട് കല്ലിളക്കി ജോയിൻ്റ് ടെസ്റ്റ് ചെയ്തെങ്കിലും കുറ്റം തെളിയിക്കാനായില്ല. മെയിൻ ofc യിൽ നിന്നുള്ള കണക്ഷൻ ചെക്ക് ചെയ്യാം എന്ന് പറഞ്ഞ് റോഡിന് കുറുകെയുള്ള ഒരു വരി കല്ല് മുഴുവൻ ഇളക്കി മാറ്റിയപ്പോൾ അതാ അടുത്ത ജോയിൻ്റ്. പ്രതീക്ഷയോടെ അതും വെട്ടിപ്പൊളിച്ചെങ്കിലും പ്രതി മണ്ണിനടിയിൽ തന്നെ കിടന്നു. ഇനി ടെയിൽ കൂടി ചെക്ക് ചെയ്യണം എന്നവർ പറഞ്ഞപ്പോൾ ഞാൻ Yes മൂളി. കാരണം കുടുംബ സമാധാനം നിലനിർത്താൻ ഇൻ്റർനെറ്റ് അത്യാവശ്യമായിരുന്നു.

അങ്ങനെ അവരുദ്ദേശിച്ച സ്ഥലം വരെ മാന്തി റോഡിൽ നല്ലൊരു കിടങ്ങായി. കർക്കടക വാവായിട്ടും മഴ ഇല്ലാഞ്ഞത് ഭാഗ്യം. പക്ഷെ ടെയിലിലും നോ രക്ഷ. എന്ന് വച്ചാൽ ഒരു ലിമ്പും ബാക്ക് ബോണും ഒക്കെ ഉണ്ടെങ്കിലും ഊര ഒടിഞ്ഞിട്ടുണ്ട് എന്ന് സാരം. അത് കണ്ടെത്തുക പ്രയാസകരമാണ് എന്നറിയിച്ചതോടെ എൻ്റെ ഉള്ളിൽ പ്രയാസം തോന്നി. കാരണം എൻ്റെ നാട്ടിൽ ഇൻ്റർനെറ്റ് സേവനം വന്ന ഉടൻ കണക്ഷൻ എടുത്തവരിൽ ഒരാളായിരുന്നു ഞാൻ. ഫൈനൽ സൊലൂഷൻ എന്നത് കണക്ഷൻ കട്ട് ചെയ്യുക എന്നതാണ്. എങ്കിലും തൊട്ടടുത്ത വീടുകളിൽ ഒഴിവാക്കിയ കണക്ഷനിൽ നിന്ന് വലിക്കാൻ പറ്റുമോ എന്ന മാർഗ്ഗം ആരായുന്നു.

ഇന്നത്തെ അനുഭവത്തിൽ നിന്നുള്ള രണ്ട് പാoങ്ങൾ.
1. നെറ്റ് സ്പീഡ് കുറയുമ്പോൾ ഫോൺ കിട്ടുന്നുണ്ടോ എന്ന് ഉടൻ ചെക്ക് ചെയ്യുക.
2. ഫോൺ കിട്ടാതാകുമ്പോൾ ലൈൻ ആണോ റിസീവർ ആണോ പ്രശ്നക്കാരൻ
എന്ന് തീരുമാനമാക്കുക (എൻ്റെ റിസീവർ നിരപരാധിയായിരുന്നു എന്ന് ഇപ്പോൾ ഞാൻ സംശയിക്കുന്നു.മോനും കൂട്ടുകാരും അതിൻ്റെ പരിപ്പെടുത്ത് കഴിഞ്ഞു).

4 comments:

Areekkodan | അരീക്കോടന്‍ said...

എന്ന് വച്ചാൽ ഒരു ലിമ്പും ബാക്ക് ബോണും ഒക്കെ ഉണ്ടെങ്കിലും ഊര ഒടിഞ്ഞിട്ടുണ്ട് എന്ന് സാരം.

Geetha said...

എന്നിട്ട് എല്ലാം ഓക്കേ ആയോ മാഷേ ...

Muralee Mukundan , ബിലാത്തിപട്ടണം said...

അനുഭവ പാഠങ്ങൾ ..

Areekkodan | അരീക്കോടന്‍ said...

Geethaji...Now it is OK

മുരളിയേട്ടാ .....അതെ.

Post a Comment

നന്ദി....വീണ്ടും വരിക