Pages

Thursday, March 14, 2013

നാട്ടിലേക്ക്…..(ലക്ഷദ്വീപ് യാത്ര - ഭാഗം 17)
ദ്വീപിൽ ഞങ്ങൾ എത്തിയിട്ട് വെറും മൂന്ന് ദിവസമേ ആയിട്ടുള്ളൂ.പക്ഷേ ആ നാട്ടിലെ ജനങ്ങളുമായി ഉണ്ടാക്കിയ സൌഹൃദം ഞങ്ങൾ വന്നിട്ട് കുറേ ദിവസങ്ങൾ ആയ പോലെ തോന്നിച്ചു.ദിവസവും രണ്ട് നേരം ജമാൽ ഞങ്ങളെ കാണാൻ വരുന്നതും വിശേഷങ്ങൾ ആരായുന്നതും എന്റെ സഹപ്രവർത്തകരിലും അത്ഭുതമുളവാക്കി. ഇന്ന് ദ്വീപിനോട് വിടപറയേണ്ട ദിവസമാണ്.പലരോടും യാത്ര പറയണം.അതിനിടക്ക് പലർക്കും ദ്വീപിലെ തെങ്ങിൻ തൈ കൊണ്ടു പോകാൻ ഒരാശ.സലീം മാഷ് ഒരു പരിചയക്കരന്റെ അടുത്തും അബൂബക്കർ മാഷ് മറ്റൊരു പരിചയക്കരന്റെ അടുത്തും പറഞ്ഞ് തൈകൾ ഒപ്പിച്ചു.ഡി.സി.പിയിൽ കൂട്ടിയിട്ട തേങ്ങകൾ പലതും മുളച്ച് വന്നിരുന്നു.ആവശ്യമുള്ളവർക്ക് അവിടെ നിന്നും എടുക്കാൻ മാനേജർ മുല്ല കിടാവും സമ്മതിച്ചു.

ഇതെല്ലാം കൂടി കപ്പലിൽ കയറ്റുമോ ആവോ?” എനിക്ക് ചെറിയ ഒരു സംശയം 
 
ജമാൽക്ക ഉള്ളപ്പോൾ നമ്മൾ എന്തിന് ഇതൊക്കെ പേടിക്കണം ?” ആരോ പറഞ്ഞു.


                                                        ജമാലും ഞാനും

ജമാൽ ക ദോസ്ത്’ എന്ന പദവി ഞങ്ങളുടെ ആത്മവിശ്വാസം എവിടെ എത്തിച്ചു എന്നതിന്റെ പ്രകടനമായിരുന്നു അത്.അല്പ സമയം കഴിഞ്ഞ് ജമാൽ അവിടെ എത്തി.എല്ലാവരുമായും കുശലപ്രശ്നം നടത്തുകയും ദ്വീപിലെ അനുഭവങ്ങളെ പറ്റി ചോദിക്കുകയും ചെയ്തു.ശേഷം എന്നെ രഹസ്യമായി വിളിച്ചു എനിക്കുള്ള റ്റ്യൂണ മത്സ്യപ്പൊതി തന്നു.കിട്ടാൻ അല്പം ബുദ്ധിമുട്ടായതിനാലും വലിയ വില ആയതിനാലും എല്ലാവർക്കും കൊടുക്കാൻ ഇല്ലാത്തതിലുള്ള ഖേദവും ജമാൽ പ്രകടിപ്പിച്ചു.നേരത്തെ ഏൽ‌പ്പിച്ച പ്രകാരം ജമാലിന്റെ അളിയൻ ദ്വീപുണ്ട എന്ന പലഹാരവും എത്തിച്ചു.

മടങ്ങിപ്പോകാനുള്ള ടിക്കറ്റ് ഞങ്ങൾ എടുത്തിട്ടില്ലായിരുന്നു.ജമാലിന്റെ നിർദ്ദേശപ്രകാരം അത് പോകുന്ന ദിവസം എടുക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്.ഞാനുമായി സംസാരിക്കുന്നതിനിടക്ക് തന്നെ ജമാൽ പല സ്ഥലത്തേക്കും ഫോൺ ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചു.

എന്താ പ്രശ്നം?” അവസാനം ഞാൻ ചോദിച്ചു.

ടിക്കറ്റ് കൺഫേം ആയിട്ടില്ലഅത് പ്രശ്നമില്ല..” ജമൽ സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു.

യാ കുദാ…“ തിരിച്ച് പോകാനൊരുങ്ങി നിൽക്കുമ്പോഴാണ് ടിക്കറ്റ് കൺഫേം അല്ല എന്ന് അറിയുന്നത്.പക്ഷേ ജമാലിന്റെ ആത്മവിശ്വാസം എന്നെ ആശ്വസിപ്പിച്ചു.കഴിഞ്ഞ ദിവസം ആർക്കോ അർജന്റ് ആയി കൊച്ചിയിൽ പോകാനായി വേറെ ഏതിലെയോ പോകുന്ന ഒരു കപ്പലിലേക്ക് വിളിക്കുന്നത് ഞാൻ നേരിട്ട് കണ്ടതിനാൽ ടിക്കറ്റില്ല എന്ന കാരണത്താൽ ഞങ്ങളുടെ യാത്ര മുടങ്ങില്ല എന്നുറപ്പായിരുന്നു.പക്ഷേ കൺഫേം ആയില്ലെങ്കിൽ സീറ്റ് കിട്ടില്ല എന്നതായിരുന്നു ജമാലിനെ ആശങ്കപ്പെടുത്തിയ വിഷയം.

ഞാൻ എല്ലാവരോടും ജമാലിന്റെ ഒപ്പം ഒന്ന് പോസ് ചെയ്യാൻ പറഞ്ഞു.അബൂബക്കർ മാഷ് ഒരു കയ്യിൽ പെട്ടിയും മറു കയ്യിൽ ഒരു ചാക്കുമായി മുന്നോട്ട് വന്നു.ചാക്കിൽ നിന്നും രണ്ട് തെങ്ങിൻ തൈകൾ പുറത്തേക്ക് തലനീട്ടിയിരുന്നു.

മാഷേഒക്കത്തെ ആ ചാക്കൊന്ന് മാറ്റ്വാ?” ഞാൻ നിർദ്ദേശിച്ചു.ജമാലും ഞങ്ങളെല്ലാവരും കൂടി നിൽക്കുന്ന ഫോട്ടോ ആരോ എടുത്തു.

അല്പ സമയത്തിനകം ടിക്കറ്റ് കൺഫേം ആയതായി ജമാൽ അറിയിച്ചു.പുറം കടലിൽ നങ്കൂരമിട്ട കപ്പൽ ഞങ്ങളെ മാടിവിളിച്ചു.എം.വി.മിനിക്കോയ് എന്ന ചെറിയകപ്പൽ ആയിരുന്നു അത്. യാത്രക്കാരെ കൊണ്ടു പോകാനായി ബോട്ടുകൾ കപ്പലിലേക്ക് പുറപ്പെടാൻ തുടങ്ങി.ജമാലിനെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.ആതിഥേയത്തിന്റെ എല്ലാ മര്യാദകളും നേരിൽ കാണിച്ചു തന്ന നല്ല ഒരു സുഹൃത്തിനോട് എന്റെ ഹൃദയത്തിൽ നിന്നും ഒരു പ്രാർഥന വന്നു – അസ്സലാമുഅലൈക്കും വറഹ്മതുല്ലാഹ് (താങ്കൾക്ക് അല്ലാഹുവിന്റെ രക്ഷയും അനുഗ്രഹവും ഉണ്ടാകട്ടെ).നീങ്ങാൻ തുടങ്ങിയ ബോട്ടിലേക്ക് ജമാൽ എന്നെ കൈപിടിച്ച് കയറ്റി.കൈ വീശി റ്റാറ്റ പറയുമ്പോൾ ജമാലിന്റെ കണ്ണും നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു.

അപ്പോൾ എന്റെ മനസ്സിൽ ഒരു എസ്.എം.എസ് ഓടി എത്തി –


Best relations are like beautiful street lamps. They may not make distance shorter. But they light your path and make the journey easier “ 


                                                      ( അവസാനിച്ചു )                                                  

2 comments:

Areekkodan | അരീക്കോടന്‍ said...

ജമാലിനെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.ആതിഥേയത്തിന്റെ എല്ലാ മര്യാദകളും നേരിൽ കാണിച്ചു തന്ന നല്ല ഒരു സുഹൃത്തിനോട് എന്റെ ഹൃദയത്തിൽ നിന്നും ഒരു പ്രാർഥന വന്നു – അസ്സലാമുഅലൈക്കും വറഹ്മതുല്ലാഹ് (താങ്കൾക്ക് അല്ലാഹുവിന്റെ രക്ഷയും അനുഗ്രഹവും ഉണ്ടാകട്ടെ).

ajith said...

മനോഹരമായി പറഞ്ഞവസാനിപ്പിച്ചു

Post a Comment

നന്ദി....വീണ്ടും വരിക