Pages

Thursday, December 27, 2018

പൊത്താം കല്ല്

ചാലിയാര്‍ ഇന്നത്തെപ്പോലെ ആവുന്നതിന് മുമ്പ് പലതരം കളികളും അതിന്റെ തീരത്തും വെള്ളത്തിലും അരങ്ങേറിയിരുന്നു. മാട് എന്നറിയപ്പെടുന്ന പുഴയുടെ തീരത്തെ മണലില്‍ പന്ത് കളിയും ക്രിക്കറ്റ് കളിയും കബഡിയും അരങ്ങേറിയിരുന്നു. വെള്ളത്തിലാകട്ടെ മുങ്ങാം കുഴിയും തൊട്ട്കളിയും പൊത്താം കല്ലും ആയിരുന്നു കളികള്‍.

പൊത്താം കല്ല് എന്ന കളിയില്‍ കയ്യില്‍ പിടിക്കാവുന്ന ഒരു കല്ല് ഒരാള്‍ പൊക്കി പിടിക്കും. ബാക്കിയുള്ളവര്‍ അയാള്‍ക്ക് ചുറ്റും നില്‍ക്കും. ശേഷം അയാള്‍ ഇങ്ങനെ പറയും.
“പോത്താം കല്ല്
ആരെടുക്കും?”

“ഞാനെടുക്കും” ചുറ്റും നില്‍ക്കുന്നവര്‍ ഒരുമിച്ച് പറയും.

“എങ്ങനെയെടുക്കും?”  കല്ലും കൊണ്ട് നില്‍ക്കുന്നയാള്‍ ചോദിക്കും

“മുങ്ങിയെടുക്കും” എല്ലാവരും ഒരുമിച്ച് പറയും.

അതോടെ അയാള്‍ കല്ല് അല്പം ദൂരേക്ക് പൊത്തോം എന്നെറിയും. അതുകൊണ്ടായിരിക്കും ഇതിന് പൊത്താം കല്ല് എന്ന പേര് വീണത്. ചുറ്റും നില്‍ക്കുന്നവര്‍ മുങ്ങാം കുഴിയിട്ട് ആ കല്ല് തപ്പി എടുക്കും. പലപ്പോഴും എറിഞ്ഞ കല്ലിന് പകരം മറ്റു കല്ലുമായി പലരും വെള്ളത്തില്‍ നിന്ന് പൊങ്ങി വരും!

ചില വിരുതന്മാര്‍ നിലയില്ലാ കയത്തിലേക്ക് കല്ലെറിയും. അത് വാക് തര്‍ക്കത്തിനും എറിഞ്ഞവനെ കളിയില്‍ നിന്ന് പുറത്താക്കാനും വരെ ഇടയാക്കും. കല്ല് മുങ്ങി എടുത്ത് കൊണ്ട് വരുന്നവന്‍ അടുത്ത ഏറുകാരനായി കളി തുടരും.

നല്ല മണലോട് കൂടിയ അടിത്തട്ടുള്ള പുഴകളിലേ ഈ കളി കളിക്കാവൂ. പാറ നിറഞ്ഞിടത്തും ചെളി നിറഞ്ഞിടത്തും കളിച്ചാല്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്.

8 comments:

Areekkodan | അരീക്കോടന്‍ said...

ചില വിരുതന്മാര്‍ നിലയില്ലാ കയത്തിലേക്ക് കല്ലെറിയും. അത് വാക് തര്‍ക്കത്തിനും എറിഞ്ഞവനെ കളിയില്‍ നിന്ന് പുറത്താക്കാനും വരെ ഇടയാക്കും.

Manikandan said...

നമ്മുടേ പുഴകളുടെ അടിത്തട്ടിൽ ഇപ്പോൾ മണലുണ്ടോ സംശയമാണ്. ചാലിയാറിന്റെ കരയിൽ സാറിന്റെ വീടിനടുത്തുള്ള ഒരു പമ്പ് ഹൗസിൽ പണ്ട് വന്നത് ഓർമ്മയുണ്ട്. ആ ചിത്രങ്ങൾ അന്ന് ബ്ലോഗിൽ പോസ്റ്റ് ചെയ്തിരുന്നു. അന്നും ചാലിയാർ ശാന്തയും സുന്ദരിയും ആയിരുന്നു :)

Muralee Mukundan , ബിലാത്തിപട്ടണം said...

പണ്ടത്തെ കളികളുടെ വിളയാട്ടങ്ങൾ ...

Areekkodan | അരീക്കോടന്‍ said...

Manikandanji ... ഞാൻ കണ്ടിരുന്നു ആ ഫോട്ടോസ്. എന്റെ അമ്മാവന്റെ വീടിനടുത്ത ആ പമ്പ് ഹൗസ്

മുരളിയേട്ടാ... നന്ദി

© Mubi said...

ഞാൻ കളിച്ചിട്ടില്ല... :(

Areekkodan | അരീക്കോടന്‍ said...

മുബീ... തൊട്ടടുത്ത് പുഴയുള്ളവർ മിക്കവരും കളിച്ചിട്ടുണ്ടാകും

Cv Thankappan said...

രസമുള്ളകളിയാണെങ്കിലും അപകടസാധ്യതയുള്ളത്..... ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...അപകടം ഉണ്ടായതായി അറിവില്ല.

Post a Comment

നന്ദി....വീണ്ടും വരിക