Pages

Saturday, December 08, 2018

പ്രണയം പോലെ യാത്രകള്‍

            വായനയുടെ വസന്ത കാ‍ലത്ത് ആവേശത്തോടെ വായിച്ച ഒരു പുസ്തകമായിരുന്നു ശ്രീ.പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരകശിലകള്‍’. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഈ നോവലിനെപ്പറ്റി എഴുതണമെങ്കില്‍ അത് ഇനിയും ഒന്നുകൂടി വായിക്കണം. മുമ്പ് വായിച്ച ആരോ, ആ പുസ്തകത്തിലെ ചില വരികള്‍ക്കടിയില്‍ വരച്ച് വച്ചതും ഓര്‍മ്മയിലുണ്ട്. ‘കൂട്ടപ്രാര്‍ത്ഥന’ ക്കടിയിലായിരുന്നു കൂടുതല്‍ വരകള്‍!

           ഒരു മാസം മുമ്പ് മാതൃഭൂമി ബുക്സില്‍ പുസ്തകങ്ങള്‍ തിരയുന്നതിനിടയിലാണ് പുനത്തിലിന്റെ ‘പ്രണയം പോലെ യാത്രകള്‍’ ശ്രദ്ധയില്‍ പെട്ടത്. കൌ ബോയ് തൊപ്പിയും കൂളിംഗ് ഗ്ലാസ്സും വച്ച് ടീ ഷര്‍ട്ടും ബര്‍മുഡയും ഇട്ട് ചിരിച്ചു കൊണ്ട് ഒരു ബീച്ചില്‍ നില്‍ക്കുന്ന പുനത്തിലിന്റെ മുഖചിത്രത്തില്‍ ആണ് സത്യത്തില്‍ ഞാന്‍ വീണത്. യാത്രാവിവരണങ്ങള്‍ എഴുതുന്നതിനാല്‍ ഒരു സാഹിത്യകാരന്റെ ശൈലി അറിയാന്‍ കൂടിയായിരുന്നു ഈ പുസ്തകം ഞാന്‍ വാങ്ങിയത്.
                                       
               അവസാനത്തെ ദേവദാസി , കുറിപ്പുകള്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായിട്ടാണ് ഈ പുസ്തകം. ആന്ധ്രയിലെ ഗോദാവരി ജില്ലയിലെ പെദ്ദാപൂര്‍ എന്ന ഗ്രാമത്തിലേക്ക് ദേവദാസികളെ കാണാനും അവരുടെ ജീവിത ചരിത്രം അറിയാനും ആയിട്ടുള്ള യാത്രയുടെ വിവരണം അത്ര കണ്ട് ഭംഗിയില്ലെങ്കിലും ദേവദാസികളെപ്പറ്റി അറിയാന്‍ ഉപകാരപ്പെടും. സായി എന്ന ദേവദാസി സ്ത്രീയെ കാണുന്നതും ‘കണ്ണേരകം’ പോലുള്ള ചടങ്ങുകളെക്കുറിച്ച് ഉളുപ്പില്ലാതെ ചോദിക്കുന്നതും അതില്‍ വായിക്കാം. (ഒരു ദേവദാസി സ്ത്രീയുടെ കന്യകാത്വം നഷ്ടപ്പെടുത്തുന്ന ചടങ്ങാണ് കണ്ണേരകം)

           രണ്ടാം ഭാഗത്തിലാണ് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച കുറിപ്പുകള്‍ ഉള്ളത്. വാഗ അതിര്‍ത്തിയിലെ നൊമ്പരങ്ങള്‍ എന്ന അദ്ധ്യായത്തില്‍ “....കര്‍ഷകരുടെ വിയര്‍പ്പിന്റെ ഗന്ധം സന്ധ്യ മയങ്ങിയിട്ടും വയലുകളില്‍ തങ്ങി നിന്നു. ഞങ്ങള്‍ സുവര്‍ണ്ണ ക്ഷേത്രം ലക്ഷ്യം വച്ച് ചന്‍ഢീഗഡും ലുധിയാനയും മറികടന്ന് മുന്നേറുകയാണ്...” എന്ന് പറയുന്നു. വാഗയില്‍ നിന്ന് തൊട്ടടുത്ത പട്ടണമാണ് സുവര്‍ണ്ണക്ഷേത്രം സ്ഥിതി ചെയ്യുന്ന അമൃതസര്‍ !!   (215,166) അപ്പോള്‍ എങ്ങോട്ടാണാവോ ഈ യാത്ര?

           അതേപോലെ ഗോസായിക്കുന്നിനെപ്പറ്റിയുള്ള കുറിപ്പില്‍ ‘വിശുദ്ധ ഖുര്‍‌ആനില്‍ സാത്താന്‍ ഹിറാമല നക്കിനക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നപോലെ മാഫിയകള്‍ ഗോസായിക്കുന്ന് നക്കിനക്കിത്തീര്‍ത്തിരിക്കുന്നു’ എന്ന് പറയുന്നു. സാത്താന്‍ ഹിറാമല നക്കിത്തീര്‍ക്കുന്നത് ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. തഹജ്ജുദ് , തബ്‌ലീഗ് തുടങ്ങി മുസ്ലിങ്ങള്‍ സ്ഥിരം പ്രയോഗിക്കുന്ന പദങ്ങള്‍ തയജ്ജുദ് , തബ്‌ലീക് എന്നിങ്ങനെ ആക്കിയത്  ഗ്രന്ധകാരന് അവ ഒട്ടും പരിചയമില്ലാത്ത ധ്വനിയും ജനിപ്പിക്കുന്നു.

              അലീഗഡിലും ലക്‍നൌവിലും പോയിട്ടുള്ളതിനാല്‍ ആ തെരുവുകളെക്കുറിച്ചുള്ള വിവരണം എനിക്ക് ഇഷ്ടപ്പെട്ടു. ‘അലീഗര്‍ കി ഖട്മല്‍ രാം‌പൂര്‍ ക ചാക്കു ലഖ്‌നൌ കി കുര്‍ത്ത’  അന്ന് ഞാനും കേട്ടിരുന്നു. ലഖ്‌നൌവില്‍ നിന്ന് അന്ന് കുര്‍ത്ത വാങ്ങുകയും ചെയ്തിരുന്നു.

            ഈ പുസ്തകം വാങ്ങിയതിന്റെ ഉദ്ദേശം  മുകളില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. പക്ഷെ എന്റെ പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയര്‍ന്ന ഒരു യാത്രാവിവരണം അല്ല ഈ പുസ്തകം. നമ്മുടെ മുബിയും  മന്‍സൂറും ഒക്കെ എഴുതുന്ന യാത്രാവിവരണങ്ങള്‍ ഇതുക്കും എത്രയോ മേലെയാണ്.

പുസ്തകം : പ്രണയം പോലെ യാത്രകള്‍
രചയിതാവ് : പുനത്തില്‍ കുഞ്ഞബ്ദുള്ള
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
പേജ് : 127
വില : 150 രൂപ

12 comments:

Areekkodan | അരീക്കോടന്‍ said...

എന്റെ പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയര്‍ന്ന ഒരു യാത്രാവിവരണം അല്ല ഈ പുസ്തകം. നമ്മുടെ മുബിയും മന്‍സൂറും ഒക്കെ എഴുതുന്ന യാത്രാവിവരണങ്ങള്‍ ഇതുക്കും എത്രയോ മേലെയാണ്.

മഹേഷ് മേനോൻ said...

'സ്മാരകശിലകൾ' എന്റെ എവർടൈം ഫേവറൈറ്റുകളിൽ ഒന്നാണ്. ഈ പുസ്തകം പക്ഷേ വായിച്ചിട്ടില്ല..

© Mubi said...

മാഷേ... സ്നേഹം :)

Areekkodan | അരീക്കോടന്‍ said...

മഹേഷ്‌ജി...പുനത്തിലിന്റെ മറ്റു പുസ്തകങ്ങള്‍ വായിച്ചവര്‍ക്ക് ഇതത്ര കണ്ട് ഇഷ്ടപ്പെടില്ല.

മുബീ...സ്വീകരിച്ചു.

Joselet Joseph said...

മുബിയും മൻസൂറും നമ്മുടെ മുത്തുകളല്ലേ.

Areekkodan | അരീക്കോടന്‍ said...

ജോസ്...അതെ,അവരുടെ വിവരണം ഒന്ന് വേറെത്തന്നെ.

Geetha said...

എത്ര പ്രശസ്തർ ആയാലും അവരുടെ ചില എഴുത്തുകൾ എല്ലാവരും ഇഷ്ടപ്പെടണമെന്നില്ല. പിന്നെ നമ്മുടെ മുബിയുടെ യാത്രാവിവരണം ഗംഭീരമല്ലേ.

Areekkodan | അരീക്കോടന്‍ said...

ഗീതാജി...സത്യം.മുബിയും മന്‍സൂറും എഴുതുന്നത് ഒരു ഒന്നൊന്നര സംഭവം തന്നെ.

Cv Thankappan said...

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ രചനകളിൽ മികച്ചത് "സ്മരകശിലകൾ"ത്തന്നെ...
ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

Thankappanji...Thanks.

Muralee Mukundan , ബിലാത്തിപട്ടണം said...

'സ്മാരകശിലകൾ' എന്റെഇഷ്ട്ട പുസ്തകങ്ങളിൽ ഒന്നാണ് ...!

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...പുനത്തിലിന്റെ മാസ്റ്റർ ‘പീസ്’ അത് തന്നെ!

Post a Comment

നന്ദി....വീണ്ടും വരിക