Pages

Friday, June 02, 2017

ചട്ടിപ്പന്ത്

              ചട്ടിപ്പന്ത് എന്ന് പേരുള്ള ഒരു കളിയായിരുന്നു ഈ വേനലവധിയില്‍ കൂടുതലും എന്റെ മുറ്റത്ത്   അരങ്ങേറിയത്. ഗെയിം എന്നായിരുന്നു ഞങ്ങള്‍ കളിക്കുന്ന കാലത്ത് ഈ കളിയുടെ പേര്. കുട്ടികള്‍ രണ്ട് ടീമുകളായി തിരിഞ്ഞാണ് കളിക്കുന്നത്. മൊത്തം കളിക്കാരുടെ എണ്ണത്തിനനുസരിച്ച് ഒരു ടീമില്‍ നാലൊ അഞ്ചൊ പേരുണ്ടാവും.
              പൊട്ടിയ ചട്ടിയുടെയോ ഓടിന്റെയോ ടൈത്സിന്റെയോ 15 മുതല്‍ 20 വരെ എണ്ണം കഷ്ണങ്ങള്‍ അടുക്കി അടുക്കിവച്ച് ഒരു ഗോപുരം പോലെ വയ്ക്കും. ഒരു ടീം ഈ ഗോപുരത്തിന്റെ  പിന്നില്‍ നില്‍ക്കും.മറ്റേ ടീം ഒരു നിശ്ചിത അകലത്തില്‍ എതിര്‍ ഭാഗത്തും. ഈ ടീം ഗോപുരം എറിഞ്ഞ് ഉടക്കണം. ടീം അംഗങ്ങള്‍ക്ക് മൂന്ന് വീതം ഏറ് ഉണ്ട്. എല്ലാവരും എറിഞ്ഞിട്ടും ഉന്നത്തില്‍ കൊണ്ടില്ലെങ്കില്‍ എതിര്‍ ടീം എറിയാന്‍ തുടങ്ങും.ഒരു തരത്തില്‍ പറഞ്ഞാല്‍ ക്രിക്കറ്റിന്റെ ഗ്രാമീണ പ്രാകൃത രൂപം.

           ഗോപുരം ഉടഞ്ഞാല്‍ ആ ടീം അത് പുനര്‍നിര്‍മ്മിക്കണം. എതിര്‍ ടീം പന്തു കൊണ്ട് എറിഞ്ഞ് അവരെ പുറത്താക്കാന്‍ ശ്രമിക്കും. ഒരു ഏറും ദേഹത്തില്‍ കൊള്ളാതെ ഗോപുരം പുനര്‍ നിര്‍മ്മിച്ച് ‘ഗെയിം’ എന്ന് വിളിച്ചാല്‍ ഒരു പോയിന്റ് ആയി.
               ഞങ്ങള്‍ കളിക്കുന്ന കാലത്ത് എറിയാനുള്ള പന്ത് കടലാസും ചാക്കുനൂലും ഉപയോഗിച്ച് ഞങ്ങള്‍ തന്നെ ഉണ്ടാക്കാറായിരുന്നു പതിവ്. ഇന്ന് അത് മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്നു. ഗോപുരം ഉണ്ടാക്കിയിരുന്നത് ചട്ടിപ്പൊട്ടു കൊണ്ടായതിനാലാവാം ഈ കളിക്ക് ചട്ടിപ്പന്ത് കളി എന്ന് പേര് കിട്ടിയത്. അത് അടുക്കി വയ്ക്കാന്‍ പ്രയാസവുമായിരുന്നു. ഇന്ന് നല്ല പരന്ന ടൈത്സ് കഷ്ണങ്ങള്‍ കിട്ടുന്നതിനാല്‍ അടുക്കി വയ്ക്കാന്‍ പ്രയാസമില്ല, എണ്ണവും കുറവ്. ഞങ്ങളുടെ കാലത്തെ കളിയില്‍ പന്തുമായി പിന്നാലെ ഓടാന്‍ പറ്റില്ല,പകരം പാസ് ചെയ്യണം.എതിര്‍ ടീമിന് അതിനിടക്ക് കയറി തലകൊണ്ട് പന്ത് അടിച്ചകറ്റാം!നിലത്ത് വീണ പന്ത് കാലു കൊണ്ടും തട്ടിക്കൊണ്ടു പോകാം. ന്യൂ ജന്‍ കളിയില്‍ പന്തുമായി പിന്നാലെ ഓടാം എന്നായി മാറി. അതുപോലെ ഒരാള്‍ക്ക് ആറ് ഏറ് ഉണ്ട്. അതില്‍ മിക്കവാറും ഒന്നാമത്തെ ആള്‍ തന്നെ ഗോപുരം എറിഞ്ഞ് തകര്‍ക്കും. ന്യൂ ജന്‍ പന്ത് ഉരുട്ടി എറിഞ്ഞ് അത് തകര്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നത് കാണുമ്പോള്‍ അവരുടെ ഉന്നത്തിന്റെ കൃത്യത ബോധ്യമാകുന്നു.

                  ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് സ്കൂളിലും ഈ കളി കളിച്ചിരുന്നു.അന്ന് കളി തീരാതിരിക്കാന്‍ ഗോപുരത്തിന്റെ ഉയരം 30ല്‍ അധികം ഓടിന്റെ കഷ്ണങ്ങളായിരുന്നു!കല്ലിട്ട് കെട്ടുന്ന പന്തായതിനാല്‍ കിട്ടുന്ന ഏറിന്റെ ചൂട് സ്കൂള്‍ വിടും വരെപുറത്ത് അനുഭവപ്പെടുമായിരുന്നു. എങ്കിലും അടുത്ത ദിവസം വീണ്ടും ഈ കളിക്ക് ഇറങ്ങി പുറപ്പെടും.
                 ഗോപുരം ഇല്ലാതെയും ടീം ഇല്ലാതെയും കളിക്കുന്ന  “മേപ്പട്ടേറ്‌“ എന്ന മറ്റൊരു കളിയും ഇതേ പോലെ ഞങ്ങള്‍ കളിച്ചിരുന്നു. കെട്ടു പന്തോ ചെറിയ റബ്ബര്‍ പന്തോ ഉപയോഗിച്ച് ആയിരുന്നു ആ കളി.പന്ത് കിട്ടുന്നവന്‍ അടുത്തുള്ളവനെ എറിയുക എന്നതായിരുന്നു ആ കളി.യു.പി സ്കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ കളി കണ്ട ഹെഡ്മാസ്റ്റര്‍ വേലായുധന്‍ മാസ്റ്റര്‍ ഏറെ നേരം അത് നോക്കി നിന്നതും ഞങ്ങള്‍ക്കായി പന്ത് കെട്ടിത്തന്നതും ‘അബ്ദുള്ളയുടെ പുറത്ത് ഏറ് കിട്ടിയപ്പോള്‍ പഴംചക്ക വീഴുന്ന ശബ്ദം പോലെ’ എന്ന് അഭിപ്രായപ്പെട്ടതും ഇന്നും മനസ്സിലേക്ക് ഓടി വരുന്നു.
                കഴിഞ്ഞ വര്‍ഷം മക്കളുടെ പ്രധാന കളി ‘നടുവടി’ ആയിരുന്നു.അത് അടുത്ത പോസ്റ്റില്‍.

9 comments:

Areekkodan | അരീക്കോടന്‍ said...

അന്ന് കളി തീരാതിരിക്കാന്‍ ഗോപുരത്തിന്റെ ഉയരം 30ല്‍ അധികം ഓടിന്റെ കഷ്ണങ്ങളായിരുന്നു!കല്ലിട്ട് കെട്ടുന്ന പന്തായതിനാല്‍ കിട്ടുന്ന ഏറിന്റെ ചൂട് സ്കൂള്‍ വിടും വരെപുറത്ത് അനുഭവപ്പെടുമായിരുന്നു.

SREEJITH NP said...

ഈ കളി ഞാനും കളിച്ചിട്ടുണ്ട്.. ഇതൊക്കെ ഇപ്പൊ ഉണ്ടോ ആവോ.

Areekkodan | അരീക്കോടന്‍ said...

ശ്രീജിത്ത്...എന്റെ മക്കളും അവരുടെ കൂട്ടുകാരും ഈ വേനലവധിയില്‍ കളിച്ചതിന്റെ ചിത്രങ്ങളാണിത്.

സുധി അറയ്ക്കൽ said...

ഹോ.|||
സ്കൂൾജീവിതവും,അവധിക്കാലവും കൈമാടിവിളിക്കുന്നപോലെ .…………………

Areekkodan | അരീക്കോടന്‍ said...

സുധീ...ഇത്രേം ദിവസം ഞാന്‍ ആ ലോകത്തായിരുന്നു.

Cv Thankappan said...

ഏറുപന്തും,കിളിമാസും,പുള്ളിക്കുത്തും,,ചുട്ടിയുംക്കോലും, ഗോലിക്കളിയും,പമ്പരമേറും,റിംഗേറും,കശുവണ്ടിക്കൊത്തും...
ഓര്‍മ്മയില്‍.......
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ....ഒരു പാടുണ്ടല്ലോ സ്റ്റോക്കില്‍..പോരട്ടെ ഒരു വിവരണം.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത്തരം അന്യം നിന്നുപോയ കളികൽ ഞങ്ങളും കളിച്ചിട്ടുണ്ട്..
പുള്ളിക്കുത്ത് , കുഴി തപ്പി ,അമ്പസ്ഥാനി ,കിളിമാസ് ഇങ്ങിനെ എത്രയെത്ര കളികൾ
അല്ലെ ഭായ് ..ഇതൊക്കെ നാട്ടിൽ ഇപ്പൊഴും ഉണ്ടോ ...ആവോ ..?

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...പലതും ഇപ്പോഴും മനസ്സില്‍ ഉണ്ട്.ആരും കളിക്കാത്തതിനാലും കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കാത്തതിനാലും ഇല്ലാതാകുന്നു.

Post a Comment

നന്ദി....വീണ്ടും വരിക