Pages

Sunday, June 04, 2017

കടുവകളും അപചയം നേരിടുന്ന ആവാസ വ്യവസ്ഥയും

            ഒരു പ്രദേശത്തെ ജൈവ വസ്തുക്കളും (ചെടികള്‍, മൃഗങ്ങള്‍, സൂക്ഷ്മജീവികള്‍) അജൈവ വസ്തുക്കളും (മണ്ണ്. പ്രകാശം, കാലാവസ്ഥ) അടങ്ങിയ വ്യൂഹമാണ് ആവാസ വ്യവസ്ഥ എന്ന് വളരെ ലളിതമായി നിര്‍വചിക്കാം.ഒരു ആവാസ വ്യവസ്ഥയിലെ ജൈവ ഘടകങ്ങളും അജൈവ ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കും.  അതിനാല്‍ തന്നെ ഒരു ആവാസ വ്യവസ്ഥയില്‍ ജൈവ ഘടകങ്ങള്‍ക്കോ അജൈവ ഘടകങ്ങള്‍ക്കോ മാറ്റം സംഭവിച്ചാല്‍ ആവാസ വ്യവസ്ഥക്കും മാറ്റം സംഭവിക്കും.
          ഏതൊരു ആവാസ വ്യവസ്ഥയിലും ഒരു ഭക്ഷ്യശൃംഖല ഉണ്ടായിരിക്കും. ഉല്പാദകരും ഉപഭോക്താക്കളും സൂക്ഷ്മജീവികളും അടങ്ങിയ , ഒന്ന് മറ്റൊന്നിന്റെ ഭക്ഷണമായിത്തീരുന്ന ഒരു ശൃംഖലയാണ് ഭക്ഷ്യശൃംഖല എന്ന് പറയുന്നത്.ഉല്പാദകരായ സസ്യങ്ങള്‍ സസ്യഭുക്കുകളുടെ ആഹാരമാകുന്നു. സസ്യഭുക്കുകളെ മാംസഭുക്കുകള്‍ ഭക്ഷിക്കുന്നു. മാംസഭുക്കുകള്‍ ചത്തുപോകുമ്പോള്‍ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം മൂലം ചീഞ്ഞളിഞ്ഞ് മണ്ണോട് ചേര്‍ന്ന് സസ്യങ്ങള്‍ക്ക് വളമായി മാറുന്നു.ഈ ശൃംഖല ഇങ്ങനെ തുടരുന്നു.
                   മേല്‍ പറഞ്ഞ ഭക്ഷ്യശൃംഖലയിലെ ഉന്നതശ്രേണിയിലാണ് കടുവകളുടെ സ്ഥാനം. അതിനാല്‍ തന്നെ ആവാസ വ്യവസ്ഥയുടെ സംതുലനത്തില്‍ കടുവകള്‍ക്ക് ഗണനീയമായ ഒരു സ്ഥാനമുണ്ട്. സസ്യങ്ങളുടെ ക്രമാതീതമായ വളര്‍ച്ച മാന്‍, മുയല്‍ പോലെയുള്ള സസ്യഭുക്കുകള്‍ തടയുന്നു. സസ്യഭുക്കുകള്‍ ക്രമാതീതമായാല്‍ ഭൂമിയിലെ സസ്യവംശം നാശം നേരിടും.അതിനാല്‍ അവയെ നിയന്ത്രിക്കാന്‍ കടുവയും സിംഹവും പോലുള്ള ജന്തുക്കള്‍ അവയെ ഭക്ഷണമാക്കുന്നു. ഈ ജന്തുക്കളെ നിയന്ത്രിക്കാന്‍ അവ തന്നെ പരസ്പരം ഭക്ഷിക്കുന്നു. അങ്ങനെ ചത്ത് മണ്ണടിയുന്ന അവയ്ക്ക് മേല്‍ ബാക്ടീരിയയും വൈറസും പ്രവര്‍ത്തിച്ച് അതിനെ മണ്ണിനോട് അലിയിച്ച് ചേര്‍ക്കുന്നു. ഈ വിധം ഒരു ആവാസ വ്യവസ്ഥ ഭക്ഷ്യശൃംഖലയിലൂടെ നില നിന്ന് പോകുന്നു.
                   സാധാരണ ഗതിയില്‍ കടുവകള്‍ ഒറ്റക്ക് ജീവിക്കുന്നവരാണ്.ഓരോ കടുവയും സ്വന്തം അധീനപ്രദേശം കാത്ത് സൂക്ഷിക്കുന്നുണ്ട്.അതിനാല്‍ തന്നെ സ്വന്തം ആവാസ വ്യവസ്ഥയിലെ സംതുലനം അത് വഴി നടക്കുന്നു. ഒരു കടുവ ഒരു വര്‍ഷത്തില്‍ ഏകദേശം 50 മാനുകളുടെ വലുപ്പമുള്ള മൃഗങ്ങളെ ഭക്ഷണമാക്കുന്നു എന്നാണ് കണക്ക്.ഇത് ആ ആവാസ വ്യവസ്ഥയെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
                 കടുവയുള്ള ഒരു ആവാസ വ്യവസ്ഥ മനുഷ്യന് നിരവധി സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഉഷ്ണമേഖലാ മഴക്കാടുകളിലാണ് കടുവകളെ കൂടുതലായും കണ്ടുവരുന്നത്.അവയാകട്ടെ ജൈവ വൈവിധ്യം കൊണ്ട് സമ്പുഷ്ടമായതും.പ്രകൃതിയിലെ കാര്‍ബണിനെ നിയന്ത്രിക്കുന്നതും , ജലസംതുലനം നടത്തുന്നതും മണ്ണ് സംരക്ഷിച്ച് നിര്‍ത്തുന്നതും എന്തിനേറെ നിരവധി പ്രകൃതി ദുരന്തങ്ങള്‍ തടയുന്നതും ഇത്തരം മഴക്കാടുകളാണ്. അതിനാല്‍ തന്നെ ഈ ആവാസ വ്യവസ്ഥയുടെ അപചയം തടയേണ്ടതാണ്.
                ആവാസ വ്യവസ്ഥകളുടെ അപചയത്തിന് മുഖ്യകാരണക്കാരന്‍ മനുഷ്യന്‍ തന്നെയാണ്.പ്രകൃതി ഭക്ഷ്യശൃംഖല വഴി ആവാസ വ്യവസ്ഥയില്‍ സംതുലനം നടത്തുമ്പോള്‍ മനുഷ്യന്‍ തന്റെ ആര്‍ത്തി മൂത്ത പ്രവര്‍ത്തനങ്ങള്‍ കാരണം അതിന് കോട്ടം വരുത്തി വയ്ക്കുന്നു.
            വനവിഭവങ്ങളുടെ അമിതമായ ചൂഷണവും വനത്തിലെ കന്നുകാലി മേക്കലും മൃഗവേട്ടയും മനുഷ്യന്‍ സൃഷ്ടിക്കുന്ന കാട്ടു തീയും കാട്ടിലെ ആവാസ വ്യവസ്ഥയെ സാരമായി ബാധിക്കുന്നു.ഇന്ത്യയിലെ കടുവാ സങ്കേതങ്ങള്‍ക്കടുത്ത് നിന്നും മനുഷ്യരെ മാറ്റിപ്പാര്‍പ്പിച്ചപ്പോള്‍ കടുവകളുടെ എണ്ണത്തില്‍ വര്‍ധന കണ്ടു.ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ 1984 മുതല്‍ 2012 വരെയുള്ള കാലയളവില്‍ 52% വരെ കടുവകളുടെ എണ്ണത്തില്‍ വര്‍ധന , മനുഷ്യന്റെ മാറ്റിപ്പാര്‍പ്പിക്കലിലൂടെ സാധിച്ചു എന്ന് പഠനങ്ങള്‍ പറയുന്നു.
               ഇര ജന്തുക്കളും വെള്ളവും ധാരാളമുള്ള സ്ഥലങ്ങളിലാണ് സാധാരണ ഗതിയില്‍ കടുവകളെ കണ്ടുവരുന്നത്.അതിനാല്‍ തന്നെ കടുവാ സാന്നിദ്ധ്യം ഒരു ആവാസ വ്യവസ്ഥയുടെ ക്ഷേമത്തിന്റെയും സൌഖ്യത്തിന്റെയും കൊടിയടയാളം കൂടിയാണ്.ഒരു കാടിന്റെ വന്യതയും കടുവയുടെ ആവാസത്തിലൂടെ തെളിയിക്കപ്പെടുന്നു.അതിനാല്‍ തന്നെ കടുവകളുടെ കാടൊഴിഞ്ഞ് പോക്ക് ആവാസ വ്യവസ്ഥക്ക് അപചയം സംഭവിക്കുന്നതിന്റെ മുന്നറിയിപ്പ് കൂടിയാണ്.
                ഒരു രാജ്യത്തിന്റെ ഔന്നത്യം അതിലെ മൃഗങ്ങളോടുള്ള പെരുമാറ്റ രീതിയിലൂടെ മനസ്സിലാകും എന്ന് നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജി പറയുന്നു.മേല്പറഞ്ഞതില്‍ നിന്നും മനസ്സിലാകുന്നതും അതില്‍ നിന്ന് അല്പം കൂടി ഗൌരവമേറിയ ഒരു കാര്യമാണ്.ഈ ഭൂമി തന്നെ നിലനില്‍ക്കണോ എന്ന ചോദ്യത്തിനുള്ള ഉത്തരസൂചികയാണ് നമ്മുടെ കാട്ടിലെ കടുവകളുടെ സാന്നിദ്ധ്യം.അതിനാല്‍ ഭൂമി നിലനില്‍ക്കാന്‍ കടുവകളെ സംരക്ഷിക്കുക. കടുവകളെ സംരക്ഷിക്കാന്‍ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുക. 

10 comments:

Areekkodan | അരീക്കോടന്‍ said...

പരിസ്ഥിതി ദിനത്തില്‍ ഒരു കൊച്ചു ലേഖനം

സുധി അറയ്ക്കൽ said...

പരിസ്ഥിതി ലേഖനം നന്നായി.ദുര പിടിച്ച മനുഷ്യന്റെ അത്യാർത്തി സകലതും നശിപ്പിക്കും.വരും തലമുറയ്ക്കായി നമുക്ക്‌ കരുതിവെക്കാൻ ഒന്നും കാണില്ല.കുറേ മരങ്ങളും കുരങ്ങന്മാരുമാണോ കറന്റിനേക്കാളും വലുത്‌ എന്ന് ചോദിക്കുന്ന ഭരണാധികാരികളുള്ള നാടാണു നമ്മുടേത്‌.

Areekkodan | അരീക്കോടന്‍ said...

സുധീ...ഇന്ന് നട്ട കോടി മരങ്ങളില്‍ ഒരു ലക്ഷം എങ്കിലും നില നില്‍ക്കട്ടെ.

Mubi said...

എന്തായി തീരുമോയെന്തോ നമ്മുടെ ഈ പോക്ക്...

Areekkodan | അരീക്കോടന്‍ said...

Mubi...ദേശീയ മൃഗവും വംശനാശം നേരിടാൻ സാധ്യതയുണ്ട്.

Cv Thankappan said...
This comment has been removed by the author.
Cv Thankappan said...

"ആവാസ വ്യവസ്ഥകളുടെ അപചയത്തിന് മുഖ്യകാരണക്കാരന്‍ മനുഷ്യന്‍ തന്നെയാണ്.പ്രകൃതി ഭക്ഷ്യശൃംഖല വഴി ആവാസ വ്യവസ്ഥയില്‍ സംതുലനം നടത്തുമ്പോള്‍ മനുഷ്യന്‍ തന്റെ ആര്‍ത്തി മൂത്ത പ്രവര്‍ത്തനങ്ങള്‍ കാരണം അതിന് കോട്ടം വരുത്തി വയ്ക്കുന്നു."
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് എല്ലായിടത്തുനിന്നുമായി വിതരണംചെയ്ത വൃക്ഷത്തൈകളില്‍ മുപ്പതുശതമാനമെങ്കിലും വളര്‍ത്തി സംരക്ഷിക്കാന്‍ സന്മനസ്സുള്ളവരുണ്ടായിരുന്നാല്‍....
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

Thankappan Ji...Yes,നട്ട കോടി മരങ്ങളില്‍ ഒരു ലക്ഷം എങ്കിലും നില നില്‍ക്കട്ടെ.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു രാജ്യത്തിന്റെ ഔന്നത്യം അതിലെ
മൃഗങ്ങളോടുള്ള പെരുമാറ്റ രീതിയിലൂടെ മനസ്സിലാകും
എന്ന് നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജി പറയുന്നു.മേല്പറഞ്ഞതില്‍
നിന്നും മനസ്സിലാകുന്നതും അതില്‍ നിന്ന് അല്പം കൂടി ഗൌരവമേറിയ
ഒരു കാര്യമാണ്.ഈ ഭൂമി തന്നെ നിലനില്‍ക്കണോ എന്ന ചോദ്യത്തിനുള്ള
ഉത്തരസൂചികയാണ് നമ്മുടെ കാട്ടിലെ കടുവകളുടെ സാന്നിദ്ധ്യം.അതിനാല്‍ ഭൂമി നിലനില്‍ക്കാന്‍ കടുവകളെ സംരക്ഷിക്കുക. കടുവകളെ സംരക്ഷിക്കാന്‍ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുക.
പരിസ്ഥിതി ദിനത്തില്‍ ഒരു ബോധവൽക്കരണ ലേഖനം...

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...വായനക്ക് നന്ദി

Post a Comment

നന്ദി....വീണ്ടും വരിക