ഖത്തറിൽ വേൾഡ് കപ്പ് മത്സരങ്ങൾ തുടങ്ങുന്നതിന്റെ തലേ ദിവസം എന്റെ നാട്ടിൽ മീഡിയാ വൺ ചാനലിന്റെ ഒരു OB വാൻ വന്നു. വിവിധ നാടുകളിലെ ലോകകപ്പിന്റെ ആവേശം പ്രേക്ഷകരിൽ എത്തിക്കുക എന്നതായിരുന്നു Road Kick എന്ന ആ പരിപാടിയുടെ ഉദ്ദേശം. ഞാനും സുഹൃത്തുക്കളോടൊപ്പം അതൊന്ന് കാണാൻ പോയി(ഇവിടെ ക്ലിക്ക് ചെയ്താൽ കാണാം). അന്നവിടെ കൂടിയവരിൽ തൊണ്ണൂറ്റി ഒമ്പത് ശതമാനവും അർജന്റീന അല്ലെങ്കിൽ ബ്രസീലിന്റെ ഫാൻസ് ആയിരുന്നു. ബാക്കിയുള്ളവർ പോർച്ചുഗൽ,ജർമ്മനി, ഇംഗ്ലണ്ട്, ബെൽജിയം എന്നീ രാജ്യങ്ങളെ പിന്തുണക്കുന്നവരും.
കളി തുടങ്ങി മൂന്നാം ദിവസം തന്നെ അർജന്റീന ഫാൻസ് ഞെട്ടിത്തരിച്ചു പോയി. നിഷ്പ്രയാസം തോൽപിക്കാം എന്ന് കരുതിയ സൗദി അറേബ്യയോട് മെസ്സിയും കൂട്ടരും 2-1 ന്റെ തോൽവി ഏറ്റുവാങ്ങിയപ്പോൾ ഖത്തറിൽ പല തലകളും ഉരുളും എന്നതിന്റെ സൂചനയായി അത് മാറി. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ഈ തോൽവി എന്നത് കൂടുതൽ ഷോക്കിംഗ് ആയി. അന്ന് മുതൽ ഖത്തറിന്റെ മരുഭൂമിയിൽ നത്തോലികൾ നീന്താൻ തുടങ്ങി.
സൗദി അറേബ്യ നൽകിയ ഊർജ്ജം ആവാഹിച്ചെടുത്തത് ജപ്പാനായിരുന്നു. ലോകകപ്പിൽ മികച്ച പ്രകടനങ്ങളുടെ ചരിത്രമുള്ള ജർമ്മനി ആദ്യ കളിയിൽ തന്നെ ജപ്പാന് കീഴടങ്ങി (2-1). ലീഡെടുത്ത ശേഷമായിരുന്നു ജർമ്മനിയുടെയും തോൽവി.താമസിയാതെ പ്രഥമ റൗണ്ടിൽ തന്നെ ജർമ്മനി പുറത്താവുകയും ചെയ്തു.
അന്ന് തന്നെ ആരും ശ്രദ്ധിക്കാതെ പോയ ഒരു മത്സരത്തിൽ നിലവിലുള്ള റണ്ണേഴ് അപ്പായ ക്രൊയേഷ്യയെ ആഫ്രിക്കയിൽ നിന്നുള്ള മൊറോക്കോ ഗോൾ രഹിത സമനിലയിൽ കുരുക്കി , വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ ഒരു സൂചന നൽകി.മൂന്ന് ദിവസം കഴിഞ്ഞ് മൊറോക്കോ തകർത്തത് ഈ ലോകകപ്പിൽ മുത്തമിടും എന്ന് കരുതിയ ലോക രണ്ടാം നമ്പറുകാരായ ബെൽജിയത്തെയായിരുന്നു. നത്തോലികൾക്ക് സ്രാവിന്റെ ശക്തിയും ഉണ്ടാകാം എന്ന് അന്ന് തെളിഞ്ഞു.
മൂന്ന് ദിവസം കൂടി കഴിഞ്ഞ് ടുണീഷ്യ എന്ന നത്തോലി പുളഞ്ഞപ്പോൾ വഴി മാറിക്കൊടുത്തത് നിലവിലുളള ചാമ്പ്യന്മാരായിരുന്ന ഫ്രാൻസ് എന്ന കൊമ്പൻസ്രാവ് ആയിരുന്നു.രണ്ട് ദിവസം കഴിഞ്ഞ് ജപ്പാൻ സുനാമി ആർത്തിരമ്പിക്കയറിയത് സ്പെയിനിന് മുകളിലായിരുന്നു (2-1). അതേ സ്കോറിന് കൊറിയ, പറങ്കികളെയും കൊത്തി നുറുക്കിയപ്പോൾ യൂറോപ്യൻ ഫുട്ബാളിന്റെ അപ്പോസ്തലർ എല്ലാം ഏഷ്യൻ ഫുട്ബാളിന്റെ ശക്തി മനസ്സിലാക്കി.അതും കഴിഞ്ഞാണ് ലോകം വീണ്ടും ഞെട്ടിത്തരിച്ച് പോയത്. അവസാന നിമിഷത്തിലെ ഗോളിൽ കാമറൂണിന് മുന്നിൽ സാക്ഷാൽ നെയ്മറും സംഘവും നാണം കെട്ടു.
നോക്ക്ഔട്ട് റൗണ്ടിൽ മൊറോക്കോ വീണ്ടും ഞെട്ടിച്ചു. വീണത് മുൻചാമ്പ്യന്മാരായ സ്പെയിൻ ആയിരുന്നു.ക്വാർട്ടർ ഫൈനലിൽ പെനാൽട്ടി ഷൂട്ടൗട്ടിലൂടെ ക്രൊയേഷ്യ ബ്രസീലിനെ വിമാനം കയറ്റിയപ്പോൾ മൊറോക്കോ മറുപടിയില്ലാത്ത ഒരു ഗോളിന് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും സംഘത്തെയും മടക്കി അയച്ചുകൊണ്ട് ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മാറി.സെമിയിലും ഫൈനലിലും അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല.ആദ്യ കളി തോറ്റ അർജന്റീന കപ്പുമായി (Click & Read) മടങ്ങി.
ലാറ്റിനമേരിക്കക്കും യൂറോപ്പിനും പുറത്ത് നിന്ന് ഇതുവരെ ഒരു ലോകചാമ്പ്യൻ ഫുട്ബാളിൽ ഉയർന്ന് വന്നിട്ടില്ല. പക്ഷേ, ഖത്തർ വേൾഡ് കപ്പ് അവരെയെല്ലാം ഒരു പാഠം പഠിപ്പിച്ചു; ഈ രണ്ട് ഭൂഖണ്ഡങ്ങൾക്കും അപ്പുറവും ഫുട്ബാൾ ശക്തിപ്രാപിക്കുന്നുണ്ട്. സമീപ ഭാവിയിൽ ആ സ്വർണ്ണകപ്പിൽ മുത്തമിടാൻ , മരുഭൂമിയിൽ നീന്താൻ ആരംഭിച്ച ഈ നത്തോലികൾ കൊമ്പൻ സ്രാവുകളായി പരിണമിക്കും എന്ന് ഓർത്തിരിക്കുക.
NB:നത്തോലി ചെറിയ ഒരു മീനല്ല.
1 comments:
നത്തോലി ചെറിയ ഒരു മീനല്ല.
Post a Comment
നന്ദി....വീണ്ടും വരിക