Pages

Friday, September 04, 2020

പ്രണാമം പ്രണബ് ദാ

രാഷ്ട്രീയ നേതാക്കളുടെ മരണത്തിൽ അല്പമെങ്കിലും മനസിനെ വേദനിപ്പിച്ച മരണം രാജീവ് ഗാന്ധിയുടെ വധമായിരുന്നു. ചെറുപ്പക്കാരനായ ഒരു പ്രധാനമന്ത്രിയുടെ ദാരുണ അന്ത്യം എന്ന നിലക്കായിരുന്നു അത് മനസ്സിനെ വേദനിപ്പിച്ചത്. എന്നാൽ രണ്ട് ദിവസങ്ങൾക്ക് മുമ്പുണ്ടായ പ്രണബ്‌ജി യുടെ വിയോഗം എന്റെ കുടുംബത്തിൽ തന്നെ ഒരു നോവ് പടർത്തി. " ഉമ്മാ , നിങ്ങളുടെ പ്രസിഡണ്ട് മരിച്ചു " എന്നായിരുന്നു എന്റെ ഭാര്യാ സഹോദരി പുത്രൻ ഉമ്മയോട് പറഞ്ഞത്. വാട്സാപ്പിൽ സന്ദേശം കണ്ട ഉടനെ എന്റെ മോളും എന്റെ അടുത്തേക്ക് തിരക്കിട്ട്  വന്നു വിവരം തന്നു.

2013 ൽ രാജ്യത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരം അന്നത്തെ പ്രസിഡണ്ട്  പ്രണബ്‌ മുഖർജിയിൽ നിന്ന് രാഷ്ട്രപതി ഭവനിൽ വച്ച് ഞാൻ ഏറ്റുവാങ്ങുമ്പോൾ എന്റെ കുടുംബം ആ ചടങ്ങ് വീക്ഷിക്കാൻ അവിടെ ഉണ്ടായിരുന്നു എന്നതായിരുന്നു ഈ പ്രതികരണങ്ങളുടെയും വേദനയുടെയും പ്രഥമ കാരണം. 

ഒരു രാഷ്ട്രപതിയെ രാഷ്ട്രപതി ഭവനിൽ വച്ച് കാണാനും അദ്ദേഹത്തിന്റെ ചായ സൽക്കാരത്തിൽ പങ്കെടുക്കാനും ഭാഗ്യം ലഭിക്കുക എന്നത് ഒരു സാധാരണ കുടുംബത്തിന് സ്വപ്നം മാത്രമാണ് . അതിന്റെ സാക്ഷാല്ക്കാരത്തിന് കാരണമായത്  പ്രണബ്‌ജി യുടെ രണ്ട് പ്രധാന തീരുമാനങ്ങളാണ് .

1 . രാജ്യത്തെ മറ്റു പരമോന്നത അവാര്ഡുകളായ ഭാരത രത്ന , പദ്‌മ അവാര്ഡുകളെപ്പോലെ എൻ.എസ്.എസ് ദേശീയ അവാർഡും രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ വച്ച് നൽകാനുള്ള തീരുമാനം.

2 . ഇന്ത്യയിലെ ഏതൊരാൾക്കും രാഷ്ട്രപതി ഭവൻ സന്ദർശിക്കാനും അതിന്റെ ശില്പ ഭംഗിയും ചരിത്രവും അറിയാനും വേണ്ടി രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്ത തീരുമാനം.

ഈ രണ്ട് തീരുമാനങ്ങളും ഇല്ലായിരുന്നെങ്കിൽ ജീവിതത്തിലെ ആ അസുലഭ നിമിഷം ഓർമ്മയിൽ അധിക കാലം നിൽക്കാൻ സാധ്യതയില്ല.മാത്രമല്ല കുടുംബ സമേതം ആ ചടങ്ങ് കാണാൻ കേരളത്തിൽ നിന്നും ഡൽഹി വരെ പോകാനും മുതിരുകയില്ല. ഈ അർത്‌ഥത്തിൽ  പ്രണബ്‌ജിയോട് ഇന്ത്യയിലെ നിരവധി ജനങ്ങൾ കടപ്പെട്ടിരിക്കുന്നു. അങ്ങനെയുള്ള ഒരാൾ നിര്യാതനാകുമ്പോൾ സ്വാഭാവികമായും കുടുംബത്തിലെ ഒരു നഷ്ടമായി തന്നെ അത് അനുഭവപ്പെടും. 

നെഹ്‌റു യുവക് കേന്ദ്രയും തിരുവനന്തപുരത്തെ ആകാശപ്പറവകൾ എന്ന എൻ.ജി.ഓ യും സംയുക്തമായി സംഘടിപ്പിച്ച നെതര്ലാന്റിലെ ഇന്ത്യൻ അംബാസഡരടക്കം പങ്കെടുത്ത ഓൺലൈൻ അനുശോചന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കാനും ഈ പുരസ്‌കാര ലഭ്യത കാരണം എനിക്ക് അവസരം ലഭിച്ചു. സാധാരണ അനുശോചന യോഗങ്ങൾക്കതീതമായി ഒരു രാജ്യത്തിന്റെ പ്രസിഡന്റിന്റെ വിയോഗത്തിലുള്ള അനുശോചന യോഗത്തിൽ പങ്കെടുക്കാൻ സാധിക്കുന്നതും അപൂർവ്വ അവസരമാണ്. ഇതിനെല്ലാം അവസരമൊരുക്കിയ എൻ.എസ് .എസ് നും അന്ന് നേതൃത്വം നൽകിയ ഡോ. അബ്ദുൽ ജബ്ബാർ അഹമദ് സാറിനും ആകാശപ്പറവകൾക്കും  ഹൃദയം നിറഞ്ഞ നന്ദി. പ്രണാമം പ്രണബ് ദാ 

4 comments:

Areekkodan | അരീക്കോടന്‍ said...

013 ൽ രാജ്യത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരം അന്നത്തെ പ്രസിഡണ്ട് പ്രണബ്‌ മുഖർജിയിൽ നിന്ന് രാഷ്ട്രപതി ഭവനിൽ വച്ച് ഞാൻ ഏറ്റുവാങ്ങുമ്പോൾ എന്റെ കുടുംബം ആ ചടങ്ങ് വീക്ഷിക്കാൻ അവിടെ ഉണ്ടായിരുന്നു എന്നതായിരുന്നു ഈ പ്രതികരണങ്ങളുടെയും വേദനയുടെയും പ്രഥമ കാരണം.

Anilkumar P Y said...

Good writing

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇങ്ങിനെ ഒരു പോസ്റ്റ് പ്രതീക്ഷിച്ചതാണ്..
(മുമ്പ് ചിത്രം പോസ്റ്റ് ചെയ്തപ്പോൾ)
അഭിനന്ദനങ്ങൾ..

Muralee Mukundan , ബിലാത്തിപട്ടണം said...

സ്വപ്ന സഫലീകരണം
'ഒരു രാഷ്ട്രപതിയെ രാഷ്ട്രപതി ഭവനിൽ വച്ച് കാണാനും അദ്ദേഹത്തിന്റെ ചായ സൽക്കാരത്തിൽ പങ്കെടുക്കാനും ഭാഗ്യം ലഭിക്കുക എന്നത് ഒരു സാധാരണ കുടുംബത്തിന് സ്വപ്നം മാത്രമാണ് .'

Post a Comment

നന്ദി....വീണ്ടും വരിക