Pages

Thursday, August 18, 2011

അതാണ് സഖാവെ ,മാനുഷിക ബന്ധം

“എനിക്ക് മലര്‍വാടി വായിക്കാന്‍ തന്നില്ലെങ്കില്‍, നീ മിഠായി വാങ്ങിയത് ഞാന്‍ ബാപ്പയോട്‌ പറഞ്ഞു കൊടുക്കും”

“എന്നെ പറഞ്ഞു കൊടുത്താല്‍ നിനക്ക് ടീച്ചറോട് തല്ല് കിട്ടിയത് ഞാനും പറയും...”

പണ്ട് പണ്ട് സ്കൂളീല്‍ പഠിക്കുമ്പോള്‍ ഞാനും എന്റെ അനിയനും തമ്മില്‍ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പരസ്പരം കാച്ചുന്ന ഡയലോഗുകള്‍ ആണിവ.ബാപ്പയെ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പേടിയായിരുന്നു.ആ പേടി പരസ്പരം മുതലെടുക്കുക എന്ന മിനിമം പരിപാടി ആയിരുന്നു ഇവിടെ പ്രയോഗിച്ചു കൊണ്ടിരുന്നത്.

ഏകദേശം അതിന് സമാനമായ ചില കാര്യങ്ങളാണ് ഇന്ന് സി.പി.എം ന്റെ രണ്ട് തല മൂത്ത നേതാക്കള്‍ക്കിടക്ക് നടക്കുന്ന സംഭാഷണങ്ങള്‍.പാര്‍ട്ടിയുടെ വിലക്ക് പുല്ലു പോലെ തള്ളി വി.എസ് അച്ചുതാനന്ദന്‍, ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി സന്ദര്‍ശിച്ചത് പിണറായിക്ക് ഒട്ടും ദഹിച്ചില്ല.പാര്‍ട്ടിയും വി.എസ് ന്റെ ഈ അസാധാരണ നടപടിയില്‍ പകച്ചു പോയി എന്നതാണ് പിണറായിയുടെ പ്രതികരണം വ്യക്തമാക്കുന്നത്.അവസാനം, സന്ദര്‍ശനം ആകാം , ഭക്ഷണം കഴിക്കാന്‍ പാടില്ല എന്ന ഒരു വിലക്ക് പയറ്റി പാര്‍ട്ടി മുഖം രക്ഷിച്ചു.വി.എസ് അതും തള്ളും എന്ന് മനസ്സിലാക്കി ഭക്ഷണത്തിന്റെ കൂട്ടത്തില്‍ നിന്ന് തേങ്ങാവെള്ളത്തെ സൌകര്യപൂര്‍‌വ്വം ഒഴിവാക്കുകയും ചെയ്തു.അല്ലെങ്കിലും നിരാഹാരം എന്നാല്‍ നീരാഹാരം കൂടി ആണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണല്ലോ നമ്മെ പഠിപ്പിച്ചത്.എന്ന് വച്ചാല്‍ നിരാഹാരത്തില്‍ ആഹാരം കഴിക്കാന്‍ പാടില്ല, നീര് കഴിക്കാം.എന്ന് പറഞ്ഞാല്‍ നീര് അഥവാ വെള്ളം എന്ന ഗണത്തില്‍ പെടുന്നതൊന്നും ആഹാരമല്ല.ഭാവിയില്‍ ആഹാരമല്ലാതാകുന്നതെന്തൊക്കെ എന്ന് ലിസ്റ്റ് പുറപ്പെടുവിക്കുമായിരിക്കും.

ഏതായാലും പിണറായിയുടെ പ്രസ്താവന കേട്ട് വി.എസ്, ഞാന്‍ ആദ്യം പറഞ്ഞ അടവ് പ്രയോഗിച്ചു.പിണറായി സ്വന്തം മകളുടെ കല്യാണത്തിന് പാര്‍ട്ടിയുടെ അന്തകനും ആജന്മ ശത്രുവുമായ സാക്ഷാല്‍ എം.വി.രാഘവനെ ക്ഷണിച്ചതും എം.വി.ആര്‍ ആ വിവാഹത്തില്‍ പങ്കെടുത്തതും വി.എസ് പൊടി തട്ടി എടുത്തു.കൂത്തുപറമ്പില്‍ പാര്‍ട്ടിയുടെ അഞ്ച് ചുറുചുറുക്കുള്ള യുവാക്കള്‍ വെടിയേറ്റ് മരിച്ചതിന് ഉത്തരവാദിയായ എം.വി.രാഘവനെ സ്വന്തം വീട്ടില്‍ ക്ഷണിച്ചു വരുത്തി ഭക്ഷണം കൊടുക്കാമെങ്കില്‍ പാര്‍ട്ടിയെ വളരെക്കാലം സേവിച്ച , ഇപ്പോഴും പാര്‍ട്ടി മനസ്സുള്ള ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സുഖമില്ലാതെ കിടക്കുമ്പോള്‍ മനുഷ്യത്വത്തിന്റെ പേരില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതില്‍ എന്ത് തെറ്റ് എന്ന് വി.എസ് ചോദിക്കുന്നു.

ഈ ചോദ്യം കേട്ട് ഞാനും വി.എസിന് കൈ അടിച്ചു.പക്ഷേ ദിവസങ്ങള്‍ക്കകം അതേ വി.എസ്, ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ തള്ളി പറഞ്ഞപ്പോള്‍ അത് എന്തിന്റെ സമ്മര്‍ദ്ദത്താല്‍ ആയിരുന്നു എന്ന് മനസ്സിലായില്ല.പാര്‍ട്ടി വിലക്ക് സൌകര്യപൂര്‍വ്വം ലംഘിക്കുകയും പിന്നീട് ചില പൊടിക്കൈകളിലൂടെ രക്ഷപ്പെടുകയും ചെയ്യുക എന്ന വിലകുറഞ്ഞ തന്ത്രം വി.എസിനെപ്പോലുള്ള ഒരു ഉന്നത നേതാവിന് ചേര്‍ന്നതല്ല.ആശയവും ആദര്‍ശവും ഒക്കെ നിലനിര്‍ത്തികൊണ്ട് എതിര്‍ ചേരിക്കാരനായാലും മനുഷ്യന്‍ എന്ന നിലക്കുള്ള സമീപനവും പാര്‍ട്ടിക്കാര്‍ക്ക് പാടില്ല എന്നോ?എങ്കില്‍ ഇതിന് പാര്‍ട്ടി രാഷ്ട്രീയം എന്നതിനെക്കാളും നല്ലൊരു പേര് പട്ടി രാഷ്ട്രീയം എന്നല്ലേ?

വാല്‍:മുസ്ലീംലീഗ് ചിന്താഗതിക്കാരനായ റഹ്മത്തുള്ള ഖാസിമിയുടെ റമദാന്‍ പ്രഭാഷണത്തില്‍ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.എസ്.ശ്രീധരന്‍ പിള്ള സ്റ്റേജില്‍!അതാണ് സഖാവെ മാനുഷിക ബന്ധം.

8 comments:

Areekkodan | അരീക്കോടന്‍ said...

ആശയവും ആദര്‍ശവും ഒക്കെ നിലനിര്‍ത്തികൊണ്ട് എതിര്‍ ചേരിക്കാരനായാലും മനുഷ്യന്‍ എന്ന നിലക്കുള്ള സമീപനവും പാര്‍ട്ടിക്കാര്‍ക്ക് പാടില്ല എന്നോ?എങ്കില്‍ ഇതിന് പാര്‍ട്ടി രാഷ്ട്രീയം എന്നതിനെക്കാളും നല്ലൊരു പേര് പട്ടി രാഷ്ട്രീയം എന്നല്ലേ?

karimeen/കരിമീന്‍ said...

യൂണിവേര്‍സിറ്റി കോളേജിലെ ഒരു പഴയ എസ്.എഫ്.ഐ.നേതാവ് അസുഖമായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ കിടക്കുന്നുണ്ട്. പേര് ബാലകൃഷ്ണപിള്ള . മാനുഷിക പരമായ കാരണങ്ങളാല്‍ സഖാവ് വി.എസ്. അദ്ദേഹത്തെ സന്ദര്‍ശിക്കുമോ

ponmalakkaran | പൊന്മളക്കാരന്‍ said...

ലച്യം മാർഗ്ഗത്തെ ന്യായീ കരിക്കും.. മാഷെ

അനില്‍@ബ്ലോഗ് // anil said...

മുസ്ലീംലീഗ് ചിന്താഗതിക്കാരനായ റഹ്മത്തുള്ള ഖാസിമിയുടെ റമദാന്‍ പ്രഭാഷണത്തില്‍ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.എസ്.ശ്രീധരന്‍ പിള്ള സ്റ്റേജില്‍!അതാണ് സഖാവെ മാനുഷിക ബന്ധം.

ഇതിനു ഞങ്ങളൊക്കെ കൂട്ടു കച്ചവടം എന്നാണു പറയുക.

Areekkodan | അരീക്കോടന്‍ said...

കരിമീന്‍....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വി.എസ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിച്ചത് ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ സ:ബാലകൃഷ്ണനേയും സന്ദര്‍ശിക്കുമായിരിക്കും

പൊന്മളക്കാരാ...ശരിയാണ്

അനില്‍ജീ...രാഷ്ട്രീയപരമായി അതിന് എന്തൊക്കെ വിശദീകരണങ്ങള്‍ നല്‍കും എന്നെനിക്കറിയില്ല.

മണി said...

സ: ബാലകൃഷ്ണപിള്ളക്കെന്തിന്റെ -സോറി, എന്താണസുഖം?

Anonymous said...

അതിനു വി എസ് കുഞ്ഞനന്തനെയല്ലല്ലോ തള്ളിപ്പറഞ്ഞത്. പാര്‍ട്ടി സിക്രട്ടറിക്കെതിരെ നടത്തിയ പ്രസ്ഥാവനെയെയല്ലേ...നിങ്ങളാരും നിങ്ങളുടെ ഇപ്പോളുല്ല സുഹ്രുത്തുക്കളുറ്റെ ഒരു നിലപാടിനെയും ഒരിക്കലും തള്‍ലിപ്പറഞ്ഞിട്ടില്ല.

അല്ല ഈ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ രാഷ്ട്രീയം കളിക്കുന്നത് ശരിയാണൊ?? (;()

Anees Hassan said...

മാനുഷിക ബന്ധം...എന്താണ് വില ?

Post a Comment

നന്ദി....വീണ്ടും വരിക