തെരഞ്ഞെടുപ്പിന്റെ ആരവങ്ങളില്‍
നിന്നും കേരളം അടുത്ത മന്ത്രിസഭാ അംഗങ്ങള്‍ ആരൊക്കെയാകും എന്ന ചര്‍ച്ചയിലേക്ക് നീങ്ങിക്കഴിഞ്ഞു.ഫിഡല്‍
കാസ്ട്രൊ എന്നൊരു പുതിയൊരു പോസ്റ്റും കേരളത്തിനായി ശ്രീ.സീതാറാം യെച്ചൂരി കനിഞ്ഞരുളി.
ഓര്‍മ്മയിലെ കണക്ക് പ്രകാരം
എന്റെ എട്ടാമത്തെ ഇലക്ഷന്‍ ഡ്യൂട്ടി ആയിരുന്നു ഇത്തവണ കല്പറ്റ മണ്ഡലത്തിലെ വെണ്ണിയോട്
സെര്‍വ് ഇന്ത്യ ആദിവാസി എല്‍.പി സ്കൂളില്‍ ഞാന്‍ നിര്‍വ്വഹിച്ചത്.പതിവിന് വിപരീതമായി
വീട്ടില്‍ നിന്നും പുറപ്പേടുമ്പോള്‍ തന്നെ,
ഭാര്യയോടും മക്കളോടും ഡ്യൂട്ടി എവിടെയാണെന്ന് പറയാന്‍ പറ്റുന്ന രൂപത്തില്‍
തലേ ദിവസം തന്നെ മെസേജ് വരും എന്നായിരുന്നു ഇലക്ഷന്‍ ട്രെയ്നിംഗ് സമയത്ത് അറിയിച്ചിരുന്നത്.
പറഞ്ഞപോലെ ബൂത്ത് നമ്പര്‍
18ല്‍ ആണ് ഡ്യൂട്ടി എന്ന അറിയിപ്പ് നല്‍കിക്കൊണ്ട് ഇലക്ഷന്‍ കമ്മീഷന്‍ വാക്ക് പാലിച്ചു.18ആം
നമ്പര്‍ ബൂത്ത് ഏതെന്ന് അറിയാന്‍ പിറ്റേന്ന്
കല്പറ്റയില്‍ എത്തണം എന്ന് മാത്രം! എന്തൊരു ശുശ്കാന്തി !!അടുത്ത തെരഞ്ഞെടുപ്പിലും ഇത്തരം
“ഓഫറുകള്‍” തരരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു.ഇന്‍ഷൂറന്‍സ് കവറേജ് , 25000 രൂപ
വരെയുള്ള സൌജന്യ ചികിത്സ തുടങ്ങീ പ്രലോഭനപരമായ ഓഫറുകള്‍ ഉണ്ടായിട്ടും ഒന്ന് തെന്നിവീഴാന്‍
പോലും പോളിംഗ് ഉദ്യോഗസ്ഥര്‍ ആരും മുതിര്‍ന്നില്ല.
ഇ-സമ്മതി എന്നൊരു മൊബൈല്‍
അപ്പ്ലിക്കേഷനിലൂടെ പ്രിസൈഡിംഗ് ഓഫീസറും കണ്‍ട്രോള്‍ റൂമും തമ്മില്‍ നിരന്തരം സമ്പര്‍ക്കം
പുലര്‍ത്താനുള്ള നിര്‍ദ്ദേശവും ഉണ്ടായിരുന്നു(ട്രൈനിംഗ് ക്ലാസ്സില്‍ ഇത് ഇ-സമാധി എന്നായിരുന്നു
ഇംഗ്ലീഷില്‍ കാണിച്ചത്).പ്രസ്തുത ആപ് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാനും അറിയിപ്പ്
കിട്ടിയിരുന്നു.എന്റെ ഫോണില്‍ ഈ വക ആപുകള്‍ ഒന്നും വര്‍ക്ക് ചെയ്യാത്തതിനാല്‍ ഞാന്‍
അത് മൈന്റ്റ് ചെയ്തില്ല.പകരം കഴിഞ്ഞ ഇലക്ഷനുകളില്‍ എല്ലാം ചെയ്ത പോലെ എസ്.എം.എസ് സംവിധാനം
ഉപയോഗപ്പെടുത്താം എന്ന് തീരുമാനിച്ചു.ഇതിലേക്ക് ലോഗ് ഇന്‍ ചെയ്യാനയുള്ള വണ്‍ ടൈം പാസ്‌വേഡ്
കളക്ഷന്‍ സെന്റര്‍ വിടുന്നതിന് മുമ്പെ മൊബൈലില്‍ എത്തും എന്നാണറിയിച്ചിരുന്നത്.അതാവശ്യമില്ലാത്ത
എനിക്ക് പോലും ഈ പാസ്‌വേഡ് ലഭിച്ചത് വൈകുന്നേരം അഞ്ച് മണിക്കായിരുന്നു.അതിനാല്‍ തന്നെ
ആപ് ഡൌണ്‍ലോഡ് ചെയ്തവരും ആദ്യ ദിവസം എസ്.എം.എസ്. സംവിധാനം തന്നെ ഉപയോഗിക്കേണ്ടി വന്നു.
ഇത്തവണയും പോളിംഗ് സാമഗ്രികളും
കൊണ്ട് ബൂത്തിലേക്ക് പുറപ്പെട്ടത് ബസ്സിലായിരുന്നു. അതോടെത്തന്നെ തിരിച്ചെത്തുന്ന സമയം
ഏകദേശം തീരുമാനമായിരുന്നു.ആറ് ബൂത്തിലേക്കുള്ള ഉദ്യോഗസ്ഥര്‍ ഒരു ബസ്സില്‍ പോകുമ്പോള്‍
ഏതെങ്കിലും ഒരു ബൂത്ത്കാര്‍ വൈകിയാല്‍ മതി എല്ലാവരും വൈകാന്‍ എന്നത് തന്നെ കാരണം.
ഗൃഹാതുരത്വം ഉണര്‍ത്തുന്ന
ഒരു കാഴ്ചയായിരുന്നു റോഡില്‍ നിന്നും കൃത്യം 18 പടി കയറിയാലു വെണ്ണിയോട് എസ്.എ.എല്‍.പി.സ്കൂളില്‍
ഞങ്ങളെ കാത്തിരുന്നത്. ഒരൊറ്റ ഹാള്‍ മാത്രമുള്ള സ്കൂളില്‍ ആകെ നാല് ക്ലാസ്സുകള്‍
മാത്രം.ക്ലാസ്സുകള്‍ തമ്മില്‍ വേര്‍തിരിച്ചിരുന്നത് പരമ്പ് കൊണ്ടുണ്ടാക്കിയ സ്റ്റാന്റുകള്‍
കൊണ്ട്.ഇരുന്നാല്‍ കാല്‍മുട്ട് നിലത്ത് തട്ടും എന്ന് തോന്നുന്ന അത്ര ഉയരത്തിലുള്ള ബെഞ്ചുകള്‍.നാലാം ക്ലാസിലേതാണെന്ന് തോന്നുന്നു നാലോ അഞ്ചോ മാത്രം ഡെസ്കുകള്‍.പിന്നെ
പഴയ മൂന്ന് നാല് മേശകളും മരത്തില്‍ തന്നെ ഉണ്ടാക്കിയ കസേരകളും. ഞാന്‍ പ്രൈമറി ക്ലാസ്സുകള്‍
പഠിച്ച് കയറിയ അരീക്കോട് ജി.എം.യു.പി സ്കൂളും ആ ദിനങ്ങളും പെട്ടെന്ന് എന്റെ ഓര്‍മ്മയിലൂടെ
മിന്നി മറഞ്ഞു. ഒരു ഫോട്ടോ എടുക്കാനായി ഞാന്‍ ബാഗില്‍ ക്യാമറ തപ്പി. പക്ഷെ അത് വീട്ടില്‍
തന്നെ മറ്റൊരു ബാഗിലായിരുന്നതിനാല്‍ ആ ശ്രമം പാളി.
അവശര്‍ക്കും അംഗപരിമിതര്‍ക്കും സൌകര്യമൊരുക്കാനായി എല്ലാ ബൂത്തുകളിലും ഇത്തവണ റാമ്പ് സൌകര്യം ഉണ്ടായിരിക്കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു.എല്ലാ
വര്‍ഷവും ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ചില തട്ടിപ്പ് സൂത്രങ്ങള്‍
ഒപ്പിച്ച് വയ്ക്കാറായിരുന്നു പതിവ്. എന്റെ ബൂത്തിലും പുതുതായി പണിത, ഇറങ്ങാന്‍ പേടി
തോന്നിക്കുന്ന ഒരു സ്ഥിരം റാമ്പ് കണ്ടു. പക്ഷെ ഈ സൌകര്യം ഉപയോഗപ്പെടുത്തണമെങ്കില്‍
ആദ്യം പറഞ്ഞ 18 പടിയും കയറിവരണം എന്ന് മാത്രം !! ഏതോ ഒരു സ്കൂളില്‍ ഇത്തരം ഒരു റാമ്പ്
നിര്‍മ്മിച്ച് നല്‍കിയതിന് നിര്‍മ്മിതി കേന്ദ്ര 42000 രൂപയുടെ ബില്‍ നല്‍കിയ കഥയും
ഒരു പോളിംഗ് ഉദ്യോഗസ്ഥന്‍ പങ്കുവച്ചു.തെരഞ്ഞെടുപ്പ് എന്നാല്‍ പലര്‍ക്കും ചാകരക്കാലമാണ്
എന്ന് അന്നേരം ഒന്ന് കൂടി ഉറപ്പായി.
5 comments:
പക്ഷെ ഈ സൌകര്യം ഉപയോഗപ്പെടുത്തണമെങ്കില്‍ ആദ്യം പറഞ്ഞ 18 പടിയും കയറിവരണം എന്ന് മാത്രം !!
'ദീപസ്തംഭം മഹാശ്ചര്യം
എനിക്കും കിട്ടണം പണം"
പരക്കെ ഇതല്ലേ സ്ഥിതി!
ആശംസകള്‍
പോളിങ്ങിനിടയില്‍ രസകരമായ കാര്യങ്ങളൊന്നും സംഭവിച്ചില്ലേ സര്‍?
തങ്കപ്പേട്ടാ...ശരിയാണ്.ഇനി ശരിയാവുമോ എന്ന് നോക്കാം!!
സുധീ...രസകരം തന്നെ ആവണമെന്നില്ലല്ലോ.പലതും നടന്നു,പിന്നാലെ വരുന്നു.
എന്താണ് നമുക്കിപ്പോൾ പണം കറന്നെടുക്കാനുള്ള മാർഗമല്ലാത്തത്? മരണം പോലും നമുക്ക് മറ്റുള്ളവരുടെ പോക്കറ്റിൽ നിന്ന് കാശ് ചോർത്താനുള്ള സന്ദർഭമായിത്തീർന്നു
Post a Comment
നന്ദി....വീണ്ടും വരിക