Pages

Monday, May 30, 2016

കുഞിരാമന്‍റ്റെ ടെണ്ടേഡ് വോട്ട്


ഉച്ച കഴിഞ്ഞതോടെ അടുത്ത പൊല്ലാപ്പ് “കുഞിരാമന്‍റ്റെ” രൂപത്തില്‍ എത്തി.ബൂത്തിലെത്തിയ കുഞ്ഞിരാമന്‍ തന്റെ കയ്യിലുള്ള‍ സ്ലിപ് ഒന്നാം പോളിംഗ് ഓഫീസര്‍ക്ക് നല്‍കി.

” 112 കുഞ്ഞിരാമന്‍ ” ഒന്നാം പോളിംഗ് ഓഫീസര്‍ ഉറക്കെ വിളിച്ച് വോട്ടര്‍മാരുടെ മാര്‍ക്കഡ് കോപ്പി മറിച്ചു.ക്രമനമ്പര്‍ 112 ചുവന്ന മഷി കൊണ്ട് ക്രോസ് ചെയ്ത് കണ്ട ഒന്നാം പോളിംഗ് ഓഫീസര്‍ സ്ലിപ്പിലേക്ക് ഒരിക്കല്‍ കൂടി നോക്കി.പിന്നെ പോളിംഗ് ഏജന്റുമാരുടെ നേര്‍ക്ക് മെല്ലെ തിരിഞ്ഞു.

“അയാള്‍ വോട്ട് ചെയ്തതാ “ ഏജന്റുമാരില്‍ ആരോ പറഞ്ഞു.വാദവും പ്രതിവാദവും കാരണം ശബ്ദം ഉയര്‍ന്നെങ്കിലും ഞാന്‍ അത് ശ്രദ്ധിച്ചതേ ഇല്ല.പക്ഷെ കേസ് പെട്ടെന്ന് തന്നെ എന്റെ ടേബിളില്‍ എത്തി.

“സാറ്...ഞാനും ഭാര്യയും കൂടി ഇപ്പോളാ വോട്ട് ചെയ്യാന്‍ വന്നത്...”

“കൈ നോക്കട്ടെ...” ഞാന്‍ പറഞ്ഞു.

“സാര്‍...ഞാന്‍ രാവിലെ വിറക് കീറാന്‍ പോയിട്ട് പണി കഴിഞ്ഞ് ഇപ്പൊഴാ വരുന്നത്...”

“മറ്റെ കൈ കാണിക്കൂ...” ഞാന്‍ അയാളുടെ ഇരു കൈകളും  പരിശോധിച്ചെങ്കിലും വോട്ട് ചെയ്തതിന്റെ യാതൊരു അടയാളവും കാണാന്‍ സാധിച്ചില്ല.എങ്കിലും കള്ള‍ വോട്ട് ചെയ്യുന്നതിന്റെ അനന്തരഫലങ്ങള്‍ പറഞ്ഞ് പേടിപ്പിച്ചു.പക്ഷെ അയാള്‍ വോട്ട് ചെയ്തിട്ടില്ല എന്ന് തറപ്പിച്ച് പറഞ്ഞതോടെ അടുത്ത പ്രക്രിയയായ ടെണ്ടേഡ് വോട്ടിലേക്ക് നീങ്ങി.ബൂത്തിലേക്കനുവദിച്ച് തന്ന ഇരുപത് ബാലറ്റ് പേപ്പറില്‍ നിന്ന് ഒന്നെടുത്ത് അതില്‍ വോട്ട് ചെയ്യേണ്ട വിധവും അത് മടക്കേണ്ട വിധവും എല്ലാം പറഞ്ഞുകൊടുത്ത് ആരോ ക്രോസ്മാര്‍ക്കും നല്‍കി അയാളെ ഞാന്‍ വോട്ടിംഗ് കമ്പാര്‍ട്ട്മെന്റിലേക്ക് വിട്ടു.

കയ്യിലുള്ള‍ ബാലറ്റ് പേപ്പറില്‍ വോട്ട് മാര്‍ക്ക് ചെയ്തിട്ടും അയാള്‍ പുറത്ത് വരാതായതോടെ ചെറിയൊരു പന്തികേട് തോന്നി.വോട്ടിംഗ് മെഷീനില്‍ തന്റെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാനായി ബട്ടണില്‍ അമര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.വോട്ട് ചെയ്ത ബാലറ്റ് പേപ്പര്‍ ഞാന്‍ നിര്‍ദ്ദേശിച്ച പോലെ മടക്കി അയാള്‍ എന്നെത്തന്നെ ഏല്പിച്ച് ബൂത്തില്‍ നിന്നിറങ്ങി.പെട്ടെന്നാണ് അയാളുടെ വിരലില് മഷി പുരട്ടാത്തത് എനിക്കോര്‍മ്മ വന്നത്.വേഗം പുറത്തിറങ്ങി അയാളെ കയ്യോടെ പിടിച്ച് കൊണ്ട് വന്ന് വിരലില് മഷി പുരട്ടി പറഞ്ഞ് വിട്ടു.

ഇതേ രീതിയില്‍ ഒരാള്‍ക്ക് കൂടി അനുഭവമുണ്ടായി.അയാള്‍ക്കും ഞാന്‍ ടെണ്ടേഡ് വോട്ട് അനുവദിച്ചു.’ഇനി ഈ തെരഞ്ഞെടുപ്പില്‍ അനുഭവിക്കാനുള്ള്ത് ചാലഞ്ച്‌ഡ് വോട്ട് മാത്രമാണ്’– ഞാന്‍ മനസ്സില്‍ പറഞ്ഞു.പക്ഷെ അതും കൂടി വന്നാലുള്ള‍ ദുരിതങ്ങള്‍ ഓര്‍ത്ത് അത് ഉണ്ടാവരുതേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.

4 comments:

Areekkodan | അരീക്കോടന്‍ said...

ഞാന്‍ അയാളുടെ ഇരു കൈകളും പരിശോധിച്ചെങ്കിലും വോട്ട് ചെയ്തതിന്റെ യാതൊരു അടയാളവും കാണാന്‍ സാധിച്ചില്ല.

സുധി അറയ്ക്കൽ said...

പ്രാർത്ഥന ഫലിക്കുമോ ആവോ????

Cv Thankappan said...

കുഞ്ഞിരാമന്‍ മൂന്നാമനും വന്നാലുള്ള സ്ഥിഥിയോര്‍ത്താ.........
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

സുധീ...ഫലിക്കുമോ ആവോ????

തങ്കപ്പേട്ടാ...ങ്ങാ, എന്നാ പിന്നെ ഈ പണി അങ്ങ് നിര്ത്തുന്നതാ നല്ലത്.

Post a Comment

നന്ദി....വീണ്ടും വരിക