Pages

Tuesday, May 24, 2016

പണിമുടക്കികള്‍


           1400ല്‍ അധികം വോട്ടര്‍മാരുള്ള ബൂത്ത് ആയതിനാല്‍ പ്രിസൈഡിംഗ് ഓഫീസര്‍ അടക്കം ഞങ്ങള്‍ അഞ്ച് പേര്‍ ആയിരുന്നു പോളിംഗ് ഉദ്യോഗസ്ഥരായി ഉണ്ടായിരുന്നത്. ആദിവാസി എല്‍.പി.സ്കൂള്‍ എന്ന് കേട്ടപ്പോഴേ 2005ലെ എന്റെ ആദ്യ വയനാടന്‍  തെരഞ്ഞെടുപ്പ് അനുഭവമാണ് മനസ്സില്‍ വന്നത് (അന്നത്തെ ഫസ്റ്റ് പോളിംഗ് ഓഫീസറെ യാദ്ര്ശ്ചികമായി മറ്റൊരു ബൂത്തിലേക്കുള്ള ഉദ്യോഗസ്ഥനായി ഞങ്ങളുടെ അതേ ബസ്സില്‍ കണ്ടുമുട്ടി).  80 ശതമാനത്തിന് മുകളില്‍ പോളിംഗ് നടക്കാറുണ്ട് എന്ന് കേട്ടതോടെ ആശങ്ക അല്പം കൂടി.കാരണം ആദിവാസികള്‍ കൂടിയാല്‍ ഓപണ്‍ വോട്ടും കൂടും എന്നത് കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിലൂടെ മനസ്സിലാക്കിയിരുന്നു.

           തലേ ദിവസം അറിയിച്ച പ്രകാരം കൃത്യം ആറ് മണിക്ക് തന്നെ പോളിംഗ് ഏജന്റുമാര്‍ സ്ഥലത്തെത്തി.പത്ത് മിനുട്ടിനകം തന്നെ മോക്ക് പോള്‍ തുടങ്ങി , എല്ലാം ശരിയാണെന്ന് സ്വയം ഉറപ്പ് വരുത്തുകയും മറ്റുള്ളവര്‍ക്ക് ഉറപ്പാക്കിക്കൊടുക്കുകയും ചെയ്തു.മോക്ക് പോളിന്റെയും കണ്‍‌ട്രോള്‍  യൂണിറ്റ് സീല്‍ ചെയ്തതിന്റെയും എസ്.എം.എസ് അയക്കുകയും ചെയ്തു. അപ്പോഴേക്കും ബൂത്തിന് പുറത്ത് ഒരു ക്യൂ രൂപപ്പെട്ടിരുന്നു. ആദ്യത്തെ മൂന്ന് പുരുഷ-വനിതാ വോട്ടര്‍മാര്‍ക്ക് ജില്ലാ കളക്ടറും പ്രിസൈഡിംഗ് ഓഫീസറും കൂടി ഒപ്പിട്ട ഒരു അനുമോദന പത്രവും ഓര്‍മ്മ മരവും നല്‍കാനുള്ള സംവിധാനവും ഇത്തവണ വയനാട് ജില്ലയില്‍  സജ്ജീകരിച്ചിരുന്നു.

          കൃത്യം 7 മണിക്ക് വോട്ടിംഗ് ആരംഭിക്കുകയാണെന്ന് പറഞ്ഞതോടെ ബൂത്ത് ഏജന്റുമാരില്‍ ഒരാള്‍ ചാടി എണീറ്റ് ഫസ്റ്റ് പോളിംഗ് ഓഫീസറുടെ മുന്നിലെത്തി തന്റെ കയ്യിലെ സ്ലിപ് കാണിച്ചു.അത് പ്രകാരം അദ്ദേഹത്തിന്റെ പേര് വിളിച്ചതോടെ എതിര്‍ ചേരിയിലെ ഏജന്റ് ഉടക്കി.പുറത്ത് ഒരു വൃദ്ധനായ ആള്‍ ബൂത്തിലെ ആദ്യവോട്ട് രേഖപ്പെടുത്താനായി ആറ് മണിക്കേ വന്ന് നില്‍ക്കുന്നത് കാണിച്ച് കൊണ്ടായിരുന്നു അദ്ദേഹം ഉടക്കിയത്.തുടക്കത്തിലേ കല്ല് കടിച്ചതില്‍ എനിക്കല്പം നീരസം തോന്നിയെങ്കിലും ഈ ചീള് കേസില്‍ ഇടപെടേണ്ട എന്ന് തോന്നിയതിനാല്‍ ഞാന്‍ എന്റെ  മറ്റു ജോലികളില്‍ മുഴുകി.ഒന്നാമത്തെ വോട്ടറായി തന്റെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഐശ്വര്യമായി ആദ്യ വോട്ട് രേഖപ്പെടുത്തിയ ചാരിതാര്‍ത്ഥ്യത്തോടെ പ്രസ്തുത ഏജന്റ് സ്വന്തം സീറ്റില്‍ പോയിരുന്നു (അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തിന് തോറ്റു എന്നത് പിന്നീട് നടന്ന സംഭവം).

              പോളിംഗ് സുഗമമായി മുന്നേറിക്കൊണ്ടിരിക്കെ എട്ടേ മുക്കാലിന് ഒരു യുവാവ്  നിയമപ്രകാരം വോട്ട് ചെയ്യാന്‍ വോട്ടിംഗ് കമ്പാര്‍ട്ട്മെന്റില്‍ പ്രവേശിച്ചു.പ്രതീക്ഷിച്ചതിലും അധികം സമയം അയാള്‍ അവിടെ ചെലവാക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ കണ്‍‌ട്രോള്‍ യൂണിറ്റ് ഓപെറേറ്റ് ചെയ്യുന്ന പോളിംഗ് ഓഫീസറെ ഒന്ന് രൂക്ഷമായി നോക്കി.കാര്യം മനസ്സിലായ അദ്ദേഹം അത് ഓ.കെയാണെന്ന് അറിയിച്ചു.അല്പ സമയത്തിനകം ബീപ് ശബ്ദം കേട്ടതോടെ ആ യുവാവ് വോട്ട് ചെയ്തിറങ്ങി(യഥാര്‍ത്ഥത്തില്‍ ആ വോട്ട് അദ്ദേഹം ഉദ്ദേശിച്ച ആള്‍ക്ക് വീണില്ല എന്ന് മുഖഭാവം വ്യക്തമാക്കി).

               മാന്യമായി വേഷം ധരിച്ചെത്തിയ അടുത്ത ആളും വോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടി.നീല ബട്ടണിലാണ് അമര്‍ത്തേണ്ടത് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതെല്ലാം എനിക്കറിയാം , ഞാനും ഒരു പഴയ ഇലക്ട്രോണിക്സ് ഡിപ്ലോമക്കാരനാണ് എന്നായിരുന്നു മറുപടി.അല്പ നേരത്തെ പരിശ്രമത്തിന് ശേഷം ബീപ് ശബ്ദം കേട്ടതും അദ്ദേഹം പ്രതിഷേധ ശബ്ദം ഉയര്‍ത്തി –             “ മെഷീന്‍ തകരാര്‍ കാരണം ഞാന്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് അല്ല എന്റെ വോട്ട് ചെയ്യപ്പെട്ടത്, അതിനാല്‍ എനിക്ക് വീണ്ടും വോട്ട് ചെയ്യാന്‍ അവസരം തരണം!!”.ഇത്രയും കാലത്തെ ഇലക്ഷന്‍ ഡ്യൂട്ടിയില്‍ ഞാന്‍ ആദ്യമായാണ് ഇങ്ങനെ ഒരു വാദം കേട്ടത്.

                 അടുത്തതായി കയറിയ ആളും സാഹസപ്പെടുന്നത് കണ്ടതോടെ എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലായി.പോളിംഗ് ഏജന്റുമാര്‍ ആ വോട്ടറെ സഹായിക്കാന്‍ എനിക്ക് അനുവാദം തന്നു.നിയമപ്രകാരം പാടില്ലാത്ത സംഗതി ആയതിനാല്‍ അദ്ദേഹത്തോട് തന്നെ ബട്ടണിന്റെ പല ഭാഗത്തും മാറി മാറി പ്രെസ് ചെയ്യാന്‍ ഞാന്‍ പറഞ്ഞു.എത്ര അമര്‍ത്തിയിട്ടും അഞ്ചാം നമ്പറ് ബട്ടണ്‍ പ്രെസ് ആകുന്നില്ല എന്ന സത്യം ഒരു നടുക്കത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു.


                  ഉടന്‍ പ്രതിഷേധ സ്വരവുമായി പോളിംഗ് ഏജന്റുമാരും എണീറ്റു.നേരത്തെ ശബ്ദമുയര്‍ത്തിയ ആള്‍ “ഓഫീസര്‍ ഡൂ യൂ വാണ്ട് റിട്ടണ്‍ കമ്പ്ലൈന്റ്?” എന്ന ചോദ്യവുമായി എന്നെ പൊതിഞ്ഞു.ബൂത്ത് ശബ്ദമുഖരിതമായി.ആദ്യ വോട്ട് ചെയ്ത ഏജന്റിന്റെ കൈപുണ്യത്താല്‍ ആ ബാലറ്റ് യൂണിറ്റ് പണിമുടക്കിക്കഴിഞ്ഞിരുന്നു !!എട്ടാം വട്ടം ഇലക്ഷന്‍ ഡ്യൂട്ടി എടുക്കുന്ന എന്റെ ഈ ആദ്യാനുഭവത്തില്‍ ഞാന്‍ ഒരു നിമിഷം സ്തബ്ധനായി എങ്കിലും വീണ്ടും സമനില തിരിച്ചെടുത്തു.

6 comments:

Areekkodan | അരീക്കോടന്‍ said...

എട്ടാം വട്ടം ഇലക്ഷന്‍ ഡ്യൂട്ടി എടുക്കുന്ന എന്റെ ഈ ആദ്യാനുഭവത്തില്‍ ഞാന്‍ ഒരു നിമിഷം സ്തബ്ധനായി എങ്കിലും വീണ്ടും സമനില തിരിച്ചെടുത്തു.

ajith said...

അല്ലെങ്കിലും ഈ യന്ത്രങ്ങളെ നമ്പിക്കൂടാ

ഫൈസല്‍ ബാബു said...

പണികിട്ടിയോ മാഷേ ? അടുത്ത ഭാഗം വായിക്കട്ടെ ..

Areekkodan | അരീക്കോടന്‍ said...

Ajithji...ബാലറ്റ് പേപ്പര്‍ ഇതിലും കഷ്ടപ്പാടാ (പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക്)

ഫൈസല്‍...പണികിട്ടി എന്ന് പറയണോ?അടുത്ത പോസ്റ്റിലുണ്ട്.

Cv Thankappan said...

പെട്ടെന്ന്,ഞാനും വിചാരിച്ചു കംപ്യൂട്ടര്‍പണിമുടക്കിയോയെന്ന്.....
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

Thankappan ji...എന്റെ കമ്പ്യൂട്ട്റ്റര്‍ അല്ല, വോട്ടിംഗ് മെഷീനാ പണിമുടക്കിയത്.

Post a Comment

നന്ദി....വീണ്ടും വരിക